ദിലീപ് അഥവാ ഗോപാലകൃഷ്ണ പിള്ള എന്ന കേരള അരക്ഷിത – ആണത്തവാദികളുടെ ആരാധനാപാത്രത്തെ, തെളിവില്ലാത്തതുകൊണ്ട് വിട്ടയച്ച കോടതി വിധിയുടെ പശ്ചാത്തത്തിൽ ആൽത്തിയാ, മലയാളി ഫെമിനിസത്തിന് ഒഴിവാക്കാനാകാത്ത സാംസ്കാരിക ഉത്തരവാദിത്വം നിർവഹിക്കണമെന്ന് കരുതുന്നു.
ഇപ്പറഞ്ഞ വിധിന്യായത്തെ സൂക്ഷ്മമായി പരിശോധിക്കാനും മലയാളി അരക്ഷിത ആണത്ത അവബോധത്തെ വളർത്തുന്നതിൽ ദിലീപ് സിനിമകൾ വഹിച്ച പങ്കിനെ ഫെമിനിസ്റ്റ് വിമർശനത്തിൻ്റെ കണ്ണിലൂടെ വിലയിരുത്താനും ഞങ്ങൾ ശ്രമിക്കുന്നു.
മലയാളികൾക്കിടയിൽ സർവസാധാരണയായിമാറിക്കഴിഞ്ഞ, തികച്ചും നിരുപദ്രവകരം എന്ന് നമ്മൾ കരുതുന്ന, ദിലീപിൻ്റെ തമാശപ്പടങ്ങൾ വിഷമയമെങ്കിലും നിരുപദ്രവം, സാധാരണം, എന്ന പ്രതീതി ജനിപ്പിക്കുന്നതെങ്ങനെ എന്ന് തുറന്നുകാട്ടേണ്ടതുണ്ട്. പൊതു പ്രതിഷേധത്തിനും അതിജീവിതയോടുള്ള ഐക്യദാർഢ്യത്തിനും ഒപ്പം നിർവഹിക്കേണ്ട രാഷ്ട്രീയ ദൗത്യമാണിത്.
അൽത്തിയ അംഗമായ ഗായത്രീദേവി ആണ് ഈ എഴുത്തുകൾക്ക് തുടക്കം കുറിക്കുന്നത്.*ദിലീപിന്റെ സിനിമകളും, ഗൂഢാലോചനയും, “കൊട്ടേഷൻ റേപ്പും,” റേപ്പ് കൾച്ചറും”
*ദിലീപിന്റെ സിനിമകളും, ഗൂഢാലോചനയും, “കൊട്ടേഷൻ റേപ്പും,” റേപ്പ് കൾച്ചറും”
നടൻ ദിലീപിന്റെ സിനിമകൾ കണ്ടിട്ടില്ലാത്തവരിൽ പെടുന്നയാളാണ് ഞാൻ. എന്നാൽ മലയാളത്തിലെ ഒരു നടിയെ തന്റെ ജോലിക്കാവശ്യത്തിനായി യാത്ര ചെയ്യുന്നതിനിടയിൽ സ്റ്റുഡിയോ അയച്ച SUV – യിൽ വെച്ച് തന്നെ അവശതപ്പെടുത്തി, തട്ടിക്കൊണ്ടു പോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസിലെ എട്ടാം പ്രതി, അതിലെ ഗൂഢാലോചനയുടെ ഉറവിടം, എന്നിങ്ങനെയുള്ള കുപ്രസിദ്ധി ഇയാൾക്കുള്ളത് കൊണ്ട് ഇപ്പോൾ ഇയാളുടെ സിനിമകൾ കാണാമെന്ന് വിചാരിച്ചു. ഈ കഴിഞ്ഞ ഡിസംബർ 8 – ആം തീയതി എറണാകുളത്തെ പ്രിൻസിപ്പൽ സെഷൻസ് വിചാരണ കോടതി ഇയാളെ കുറ്റക്കാരനല്ല എന്ന് പ്രഖ്യാപിച്ചു താൽക്കാലികമായി കുറ്റവിമുക്തനാക്കി. കേരള സംസ്ഥാന സ്‌പെഷ്യൽ പ്രോസിക്യൂട്ടർ വിചാരണ കോടതിയുടെ വിധിക്കെതിരെ ഹൈ കോർട്ടിൽ അപ്പീൽ പോകുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ വാർത്ത വളരെ സ്വാഗതാർഹമാണ്.
സിനിമാ വാർത്തകൾ അനുസരിച്ച് മലയാളം സിനിമയിൽ പ്രവർത്തിക്കുന്നവരൊക്കെ തന്നെ ദിലീപിനെ സംരക്ഷിക്കുന്നതായി കാണാം. ഇയാളോട് ഇവർക്ക് അനുകമ്പയാണോ, കൂട്ടുകെട്ടാണോ, കടപ്പാടാണോ, സ്നേഹമാണോ, ബഹുമാനമാണോ, ഭയമാണോ എന്ന് മാധ്യമങ്ങൾ വായിച്ചാൽ തിരിച്ചറിയാൻ സാധിക്കുകയില്ല. (ഇയാളും മോഹൻലാലും കൂടി ഇപ്പോൾ “ഭ ഭ ബ” എന്നൊരു സിനിമ ഇറക്കുന്നുണ്ട്. ഭയം, ഭക്തി, ബഹുമാനം: ഇതാണ് “ഭ ഭ ബ”. ഇവരുടെയൊക്കെ ജീവിതത്തിനെ പറ്റി തന്നെയായിരിക്കണം ഈ സിനിമ.) ഇയാളോട് ഇടഞ്ഞവർ മലയാളം സിനിമയിൽ വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് പല വാർത്താ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തന്നെ 2008 – ഇലെ MACTA യുടെ പിളർപ്പിനെ പറ്റിയും, പിന്നീട് സിനിമയിലെ പല ടെക്‌നിഷ്യൻസിനും AMMA – യുടെ അടുത്ത് നിന്നും, FEFKA യുടെ അടുത്ത് നിന്നും നേരിടേണ്ടി വന്ന കഷ്ടതകൾ വിവരിക്കുന്നതിൽ, പേര് പറയാതെ നടൻ ദിലീപും, ഡയറക്ടർമാരായ തുളസിദാസ്, വിനയൻ എന്നിവരുടെയും സംഘർഷത്തെ പറ്റി എടുത്തു പറഞ്ഞിട്ടുണ്ട്. അത് കൊണ്ട് ആകെ മൊത്തം ഇയാൾ സഹപ്രവർത്തകാർക്കെതിരെ വാശിയും പ്രതികാരവും സ്വീകരിക്കുന്ന ഒരു വ്യക്തിത്വമായിട്ടാണ് ഇയാളെ പറ്റിയുള്ള വാർത്തകൾ വായിച്ചാൽ മനസ്സിലാകുക.
എന്നാൽ ഇയാളുടെ സിനിമകളിൽ ഇയാൾ ഒരു കൊമിഡിയൻ ആയിട്ടാണ് അറിയപ്പെടുന്നത്. പല പല ശബ്ദത്തിൽ സംസാരിക്കുക, പലരെയും അനുകരിച്ച് അഭിനയിക്കുക, പെൺവേഷം കെട്ടുക, തമാശ എന്നുള്ള ഭാവേന തെമ്മാടിത്തരം ഡയലോഗ് ആയി പറയുക മുതലായവയാണ് ഇയാളുടെ കോമഡി. സ്ത്രീകളെ അപഹസിക്കുന്ന അശ്ലീലച്ചുവയുള്ള സംഭാഷണങ്ങൾ നിറഞ്ഞതാണ് ഇയാളുടെ സിനിമകൾ എന്ന് പല വിമർശകരും ചൂണ്ടി കാണിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ഇയാളെ വലിയ നടനാക്കിയ 2002- ഇലെ മീശ മാധവൻ എന്ന സിനിമയിൽ ഉറങ്ങി കിടക്കുന്ന നായികയുടെ അടുത്ത് വന്നു നിന്ന് ഇയാൾ പറയുന്ന “റേപ്പ് തമാശ” എല്ലാവര്ക്കും അറിയാവുന്നതാണ്: “കെടക്കുന്ന കെടപ്പിലൊരു റേപ്പ് അങ്ങോട്ട് വെച്ച് തന്നാലോണ്ടല്ലാ!!!” ഈ ഡയലോഗ് പറഞ്ഞിട്ട് അയാൾ ഒരു പൂർണ്ണ ഗർഭിണി നടക്കുന്നത് അനുകരിച്ചു വയറു മുൻപോട്ടു തള്ളി പിടിച്ചു നടന്നു കൊണ്ട് പറയുന്നു: “പത്ത് മാസം വയറും തള്ളി അമ്മേ അമ്മേ-ന്ന് …” ഈ വയറു തള്ളി നടക്കലാണ് ഇവിടുത്തെ കോമഡി. സിനിമാ തീയറ്ററിൽ ഇത് 2002 – ഇൽ പ്രദർശിപ്പിച്ചപ്പോൾ കൂവി വിളിച്ച്, അട്ടഹസിച്ച്, കൈയ്യടിച്ച് ആനന്ദിച്ചാണ് നമ്മുടെ നാട്ടുകാർ ഈ രംഗം ആസ്വദിച്ചത് എന്നാണ് അറിയാൻ സാധിക്കുന്നത്. 2002 – ഇലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റ് പടമായിരുന്നു മീശ മാധവൻ. നമ്മുടെ നാട്ടുകാർക്ക് റേപ്പ് തമാശകൾ ഇഷ്ടമാണ്. Rape Culture എന്ന് ഇംഗ്ലീഷിൽ പറയുന്നതാണ് കേരളത്തിലെ പൊതു സംസ്കാരം എന്ന് ഈ റേപ്പ് തമാശയും അതുളവാക്കിയ കൂട്ടച്ചിരിയും വ്യക്തമാക്കുന്നുമുണ്ട്. എന്നാലും, ഇയാൾ ഒരു പൈശാചികമായ കൂട്ട ബലാത്സംഗത്തിൽ എട്ടാം പ്രതിയായിട്ട് കുറ്റവിമുക്തനായെങ്കിലും, 2025 – ഇൽ ഇയാളുടെ ഈ റേപ്പ് തമാശ ഇത്രയും കൈയ്യടി വാങ്ങിക്കുമോ എന്നൊരു സംശയം ഇല്ലാതില്ല.
പക്ഷെ ഇയാളുടെ കച്ചവട സിനിമകൾ കാണുന്നതിന് മുൻപ് അങ്ങ് മുകളിൽ തുടങ്ങാമെന്ന് വിചാരിച്ചു അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത പിന്നെയും (2016) എന്ന സിനിമയിലാണ് ഞാൻ ദിലീപിന്റെ ഫിലിമോഗ്രഫി കാണാൻ തുടങ്ങിയത്. കേരളത്തിൽ എല്ലാവര്ക്കും അറിയാവുന്ന കഥയാണ് സുകുമാര കുറുപ്പിന്റേത്. 50 ലക്ഷം രൂപ ഇൻഷുറൻസ് payout അടിച്ചു മാറ്റാൻ വേണ്ടി സ്വന്തം മരണം സ്വന്തം ആൾക്കാരുടെ കൂടെ ആസൂത്രണം ചെയ്ത ക്രിമിനൽ ആണ് സുകുമാര കുറുപ്പ്. 1984 – ഇൽ കരുവാറ്റയ്ക്കടുത്ത് വെറുതെ വഴിയിൽ ഒരു ലിഫ്റ്റ് ചോദിച്ച ചാക്കോ എന്ന ഒരു പാവം മനുഷ്യനെ കഴുത്തു ഞെരിച്ചു കൊന്ന് പിന്നീട് അയാളുടെ മൃതശരീരം സ്വന്തം കാറിൽ വെച്ച് കത്തിച്ച് സ്വയം മരിച്ചുവെന്ന് വരുത്തി തീർക്കാൻ ശ്രമിച്ച ഒരു ഭീകരനായ കുറ്റവാളി. ഈ സാമൂഹികദ്രോഹിയുടെ, കൊടും കള്ളന്റെ കഥയാണ് അടൂർ ഗോപാലകൃഷ്ണൻ ഒരു ഭയങ്കര പ്രേമ കഥയായി ഈ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. അടൂർ ഗോപാലകൃഷ്ണന്റെ സിനിമകൾ വെച്ച് നോക്കുമ്പോൾ കണ്ടു കൊണ്ടിരിക്കാൻ കഴിയാത്ത ഭയങ്കര ചീത്ത സിനിമയാണ് പിന്നെയും. ഇതിലെ ഡയലോഗ് കേട്ടാൽ ഇത്രയും ചീത്തയായിട്ട് ഒരു തിരക്കഥ, കേട്ടാൽ തൊലിയുരിയുന്ന പോലെയുള്ള ഡയലോഗുകൾ, അടൂർ ഗോപാലകൃഷ്ണന് എഴുതാൻ കഴിയുമോ എന്ന് വാസ്തവത്തിൽ അതിശയിച്ചു പോകും. സാധാരണ ഇയാളുടെ സിനിമകളിൽ കാണുന്നത് പോലെ സ്ത്രീകൾ വെച്ച് വിളമ്പുകയും വകയ്ക്ക് കൊള്ളരുതാത്ത ആണുങ്ങൾ ഇരുന്നു ഉണ്ണുന്നതും മിനിറ്റുകളോളം കാണുന്നത് പിന്നെയും ഭേദം എന്ന് തോന്നിപോകും. ഇങ്ങനെ പറയുമ്പോൾ, അടൂർ ഗോപാലകൃഷ്ണൻ എന്റെ നേരെ “ഈ സ്ത്രീ ആര്? വഴിയേ പോകുന്ന സ്ത്രീകൾക്ക് വലിഞ്ഞു കേറി സംസാരിക്കാനുള്ള ചന്തയൊന്നുമല്ല ഫിലിം കോൺക്ലേവ്” എന്ന് ഈ വർഷമാദ്യം നടന്ന ഫിലിം കോൺക്ലേവിൽ സംഗീതജ്ഞയും കേരള സംഗീത നാടക അക്കാദമിയുടെ വൈസ് ചെയർ പേഴ്സണുമായ പുഷ്പവതി പൊയ്‌പാടത്തിനോട് അലറിയതു പോലെ എന്നോടും അലറുമോ എന്നൊരു സംശയം എനിക്കുണ്ട്. പക്ഷെ ഭാഗ്യം കൊണ്ട് ഞാൻ അഡ്രസ്സില്ലാത്ത ഒരു “വെറും സ്ത്രീ” ആയത് കൊണ്ട് അടൂർ ഗോപാലകൃഷ്ണന്റെ രോഷത്തിന് പാത്രമാകാൻ വഴിയില്ല.
അടൂർ ഗോപാലകൃഷ്ണന് ചന്തകളെ പറ്റി വലിയ അഭിപ്രായമൊന്നുമില്ലെങ്കിലും, അദ്ദേഹം മലയാളത്തിലെ കച്ചവട സിനിമയുടെ ചുക്കാൻ വലിക്കുന്ന ദിലീപിന്റെ പക്ഷക്കാരനാണ്. സിനിമയുടെ ലോകം മനുഷ്യരെ തന്നെ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ഒരു വലിയ കൂടിയ ചന്ത തന്നെയാണല്ലോ. 2017 – ഇൽ ദിലീപിനെതിരെ ഗൂഢാലോചന കേസ് വന്നപ്പോൾ ദിലീപ് നിരപരാധിയാണെന്ന് താൻ വിശ്വസിക്കുന്നു എന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു അടൂർ ഗോപാലകൃഷ്ണൻ. ഇതിന് തൊട്ടു മുൻപത്തെ വർഷമാണ് ഇദ്ദേഹം പിന്നെയും ഡയറക്റ്റ് ചെയ്തത് , അതായത് 2016 – ഇൽ. ഈ സിനിമയിൽ സുകുമാര കുറുപ്പായിട്ട് അഭിനയിക്കുന്നത് ദിലീപാണ്. സുകുമാര കുറുപ്പിന്റെ ശരിക്കുള്ള പേര് ഗോപാലകൃഷ്ണ കുറുപ്പെന്നും, ദിലീപിന്റെ പേര് ഗോപാലകൃഷ്ണ പിള്ളയെന്നും ആണെന്നുള്ളത് തികച്ചും യാദൃശ്ചികം. മൂന്നു ഗോപാലകൃഷ്ണന്മാരുടെ സിനിമ. ഭാര്യ ദേവിയായിട്ട് അഭിനയിക്കുന്നത് ഇയാളുടെ ഇപ്പോഴത്തെ ഭാര്യ കാവ്യാ മാധവൻ. ഇതാണ് കാവ്യാ മാധവന്റെ അവസാനത്തെ സിനിമ. ഇതിനു ശേഷം നവംബറിൽ കാവ്യാ മാധവൻ ദിലീപിനെ കല്യാണം കഴിക്കുന്നു, സിനിമയിൽ നിന്നും വിരമിക്കുന്നു. ഈ സിനിമയും ഇവരുടെ കല്യാണവും കഴിഞ്ഞു അടുത്ത വർഷമാണ്, 2017 ഫെബ്രുവരിയിലാണ് നടിയെ ജോലിയ്ക്കുള്ള യാത്രക്കിടയിൽ പൾസർ സുനിയും ബാക്കി ആഭാസന്മാരും ചേർന്ന് ആക്രമിച്ചത്. അതായത് കാവ്യാ മാധവന്റെ അവസാനത്തെ സിനിമാ റോൾ സുകുമാര കുറുപ്പെന്ന ക്രിമിനലിന്റെ ഭാര്യ ആയിട്ടാണ്. വെറും മാസങ്ങൾക്കുള്ളിൽ ഇവരുടെ ഭർത്താവ് ദിലീപിന്റെ പേരിൽ ഒരു കൂട്ട ബലാത്സംഗക്കേസിൽ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തപ്പെടുന്നു. എത്ര യാദൃശ്ചികം. അല്ലെങ്കിൽ തലേലെഴുത്തായിരിക്കും.
ദിലീപിനെതിരെയുള്ള കേസിൽ പറഞ്ഞിരിക്കുന്ന ഗൂഢാലോചന കുറ്റം കോടതി തള്ളിക്കളഞ്ഞെങ്കിലും ഗൂഢാലോചനയും ദിലീപും തമ്മിൽ ഈ സിനിമയിൽ അടുത്ത ബന്ധമുണ്ട്. സുകുമാര കുറുപ്പും ഭാര്യ ദേവിയും, അതായത് ദിലീപും ഭാര്യ കാവ്യാ മാധവനും, പിന്നെ അവരുടെ സ്വന്ത ബന്ധുക്കളും ഒത്തു കൂടിയിരുന്ന് ഏതെങ്കിലുമൊരു ശവശരീരം കണ്ടു പിടിച്ച് കാറിലിട്ടു കത്തിക്കാൻ ആസൂത്രണം ചെയ്യുന്ന ദൃശ്യങ്ങൾ ഇനിയങ്ങോട്ട് ആര് കണ്ടാലും ദിലീപിന്റെ 2017 – ലെ ഗൂഢാലോചന കുറ്റം ഓർക്കും. ഈ സിനിമയിൽ ചാക്കോയുടെ കഥാപാത്രത്തെ ഇവർ കാറിലിട്ടു കഴുത്തു ഞെരിച്ചു കൊല്ലുന്നതും മൃതശരീരം കച്ചി കൂട്ടി തീ കത്തിച്ചു കൊല്ലുന്നതുമായ ദൃശ്യങ്ങൾ കാണുമ്പോൾ നടിയെ അവരുടെ കാറിലിട്ട് ആറ് ആഭാസന്മാർ ബലാത്സംഗം ചെയ്തത് ഇനി മുതൽ ഓർക്കും. ദിലീപിന്റെ പേര് ഇനി മുതൽ ഓർക്കും. [പലരും മലയാളത്തിലെ നടിയുടെ കേസ് ഡൽഹിയിൽ നടന്ന 2012 – ലെ “നിർഭയ” കേസുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് — ചലിക്കുന്ന വാഹനത്തിൽ വെച്ച് നടന്ന ക്രൈം ആയതു കൊണ്ട്. പക്ഷെ നടിയുടെ കേസ് വളരെ വ്യത്യാസമുള്ളതാണ് “നിർഭയ”യുടെ കേസിൽ നിന്ന്. ആ പാവം പെൺകുട്ടി DTC ബസ്സാണെന്ന് തെറ്റിദ്ധരിച്ച് ഒരു ഓഫ് – ഡ്യുട്ടി പ്രൈവറ്റ് ബസ്സിൽ കേറുകയാണുണ്ടായത്. മലയാളത്തിലെ നടിയാകട്ടെ ഒരു പ്രൊഡക്ഷൻ സ്റ്റുഡിയോ അവർക്ക് ഒരു റിക്കോർഡിങ്ങിന് വരാനായി അയച്ചു കൊടുത്ത കാറിലാണ് യാത്ര ചെയ്തത്. രണ്ടും തികച്ചും വ്യത്യസ്തമായ ക്രൈമുകളാണ്. നടിയെ ജോലിയ്ക്ക് പോകുന്ന വഴിയിലാണ് അതിക്രമിച്ചത്. It is a workplace crime.] മരിച്ചു പോയ സംവിധായകൻ ബാലചന്ദ്രകുമാർ മൊഴി കൊടുത്ത ദിലീപിന്റെ വീട്ടിലെ സദസ്സിൽ നടിയുടെ ബലാത്സംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ — “പൾസർ സുനിയുടെ ക്രൂരകൃത്യങ്ങൾ” എന്ന് ദിലീപ് വിശേഷിപ്പിച്ചുവെന്ന് ബാലചന്ദ്ര കുമാർ മൊഴി കൊടുത്ത ദൃശ്യങ്ങൾ — കുടുംബസമേതം അവരിരുന്ന് കണ്ടത് ഇനി മുതൽ എല്ലാവരും ഓർക്കും. ദിലീപിന്റെ കുടുംബ ചിത്രങ്ങൾക്ക് പുതിയൊരു അർത്ഥം ഇനി മുതൽ അങ്ങോട്ടുണ്ടാകും.
അല്ലെങ്കിലും ഇയാളുടെ “കുടുംബ ചിത്രങ്ങൾ” എന്ന് വിശേഷിപ്പിക്കുന്ന സിനിമകൾ വാസ്തവത്തിൽ കുടുംബത്തിൽ കാണിക്കാൻ കൊള്ളാവുന്ന സിനിമകൾ ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുകളിൽ പറഞ്ഞ റേപ്പ് തമാശകളും അശ്ലീലച്ചുവയുള്ള ഡയലോഗുകളും മാത്രമല്ല ഇയാളുടെ സിനിമകളിൽ കണ്ടു വരുന്നത്. ഇയാൾ വാസ്തവത്തിൽ ബാധ കേറിയത് പോലെ റേപ്പിനെ പറ്റി തുടരെ ചിന്തിക്കുന്നയാളാണ് എന്ന് തോന്നും ഇയാളുടെ സിനിമകൾ കണ്ടാൽ. അടൂർ ഗോപാലകൃഷ്ണന്റെ പിന്നെയും കണ്ടതിന് ശേഷം ഞാൻ ഇയാളുടെ മിസ്റ്റർ മരുമകൻ എന്ന സിനിമയും കൂടി കണ്ടു. “നിർഭയ” കേസ് നടന്ന അതെ വര്ഷം – 2012 – റിലീസ് ചെയ്ത സിനിമയാണിത്.
ഈ സിനിമയിൽ ദിലീപിന്റെ കഥാപാത്രത്തിനോടുള്ള വൈരാഗ്യം തീർക്കാൻ ഇതിലെ വില്ലൻ (ബാബുരാജ്) ഒരു ഗുണ്ടയെ (സുരാജ് വെഞ്ഞാറമ്മൂട്) വിലക്കെടുക്കുന്നു — ദിലീപിന്റെ കഥാപാത്രത്തിന്റെ സഹോദരിയെ ബലാത്സംഗം ചെയ്യാൻ. “കൊട്ടേഷൻ റേപ്പ്” എന്നാണ് ഈ സിനിമയിൽ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ബാബുരാജിന്റെ കൈയ്യിൽ നിന്നും കണ്ണ് തൊട്ടു തൊഴുതാണ് സുരാജ് വെഞ്ഞാറമ്മൂടിന്റെ “ചന്ത ഹംസ” എന്ന ഗുണ്ട കഥാപാത്രം നോട്ടുകൾ എണ്ണി വാങ്ങിക്കുന്നത്. “ഇത് വരെ പൈസ അങ്ങോട്ട് കൊടുത്തേ ഇത് ചെയ്തിട്ടുള്ളൂ ഇതാദ്യമായിട്ടാണ് പൈസ വാങ്ങിച്ചിട്ടു ചെയ്യുന്നത്” മുതലായ തറ ഡയലോഗുകൾ ഈ സീനുകളിൽ നിറഞ്ഞു നിൽക്കുന്നു. ഇവരുടെ പ്ലാൻ ദിലീപിന്റെ സഹോദരിയെ എന്തെങ്കിലും തരത്തിൽ ഒരു ലോഡ്ജിൽ വിളിച്ചു വരുത്തി അവിടെ വെച്ച് ബലാത്സംഗം ചെയ്യാനാണ്. എന്നിട്ട് അത് പോലീസ് സ്റ്റേഷനിൽ വിളിച്ചു അനാശാസ്യ ബന്ധം നടക്കുന്നുവെന്ന് പറഞ്ഞു പത്രക്കാരെ വിളിച്ചു കൂട്ടി ദിലീപിന്റെയും കുടുംബത്തിന്റെയും പേര് നശിപ്പിക്കാനാണ് ഇവരുടെ പ്ലാൻ.
ഇതിന് വേണ്ടി വില്ലന്റെ സഹോദരി ദിലീപിന്റെ കഥാപാത്രത്തിന്റെ പെങ്ങളെ അച്ഛനമ്മമാരെ പരിചയപ്പെടുത്താൻ എന്ന വ്യാജേന ലോഡ്ജിൽ കൊണ്ട് വരുന്നു. മുറിയിൽ ഇട്ടടയ്ക്കാൻ തുടങ്ങുന്നു. എന്നാൽ തക്ക സമയത്ത് ദിലീപിന്റെ കഥാപാത്രം ലോഡ്ജിൽ എത്തി സ്വന്തം അനിയത്തിയെ ബലാത്സംഗത്തിൽ നിന്നും രക്ഷിക്കുന്നു. എന്നിട്ടു പ്രതികാരത്തിനായി വില്ലൻ ബാബുരാജിന്റെ കഥാപാത്രത്തിന്റെ പെങ്ങളെ — ഈ പെങ്ങളാണ് ദിലീപിന്റെ കഥാപാത്രത്തിന്റെ പെങ്ങളെ അവിടെ വിളിച്ചോണ്ട് വരുന്നത് — ആ ലോഡ്ജിലെ മുറിയിൽ റേപ്പിസ്റ്റ് ചന്ത ഹംസ വരുമ്പോൾ ബലാത്സംഗത്തിനായി അടച്ചിടുന്നു. മുറി പൂട്ടി ഇറങ്ങി പോകുന്നതിന് മുൻപ് സ്വന്തം പെങ്ങളോട് വില്ലന്റെ പെങ്ങളുടെ മുഖത്ത് ശക്തമായിട്ടു ആഞ്ഞടിക്കാൻ പറയുന്നു. ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ വളരെ വികൃതമായ രീതിയിൽ ഉപദ്രവിക്കുന്നത് നോക്കി ദിലീപിന്റെ കഥാപാത്രം പുഞ്ചിരിക്കുന്നു. എന്നിട്ട് ദിലീപിന്റെ “ഹീറോ” ബാബുരാജ് എന്ന വില്ലനെയും പോലീസിനെയും മഞ്ഞപത്രക്കാരെയും ലോഡ്ജ് മുറിയിൽ കൊണ്ട് പോകുന്നു അവിഹിതം നടക്കുന്നത് കാണിച്ചു കൊടുക്കാൻ. ദിലീപിന്റെ പെങ്ങളുടെ അവിഹിത വേഴ്ച കാണാൻ തിടുക്കപ്പെട്ടു വരുന്ന വില്ലൻ, ചന്ത ഹംസയും സ്വന്തം പെങ്ങളും കട്ടിലിൽ പുതപ്പിനടിയിൽ ഒളിക്കാൻ ശ്രമിക്കുന്നത് കണ്ടു ഞെട്ടുന്നു. ആകപ്പാടെ കോമഡി. കുറേപ്പേർ ഒളിക്കുന്നു. കുറേപ്പേർ പടം പിടിക്കുന്നു. ഒരു പെൺകുട്ടി കരഞ്ഞും കൊണ്ട് മാറ് മറയ്ക്കുന്നു .
എങ്ങനൊണ്ട് കുടുംബ ചിത്രം? ഈയടുത്ത കാലത്തു കേരളത്തിൽ നടന്ന വേറെ ഏതെങ്കിലും “കൊട്ടേഷൻ റേപ്പ്” നിങ്ങൾക്കോർമ്മ വരുന്നുണ്ടോ?
സിനിമയിൽ അപ്പിടി ചിരിയാണ് റേപിസ്റ്റ് സുരാജ് വെഞ്ഞാറമ്മൂട് വരുമ്പോൾ. റേപ്പിസ്റ്റുകൾ തമാശക്കാരാണല്ലോ, പൊതുവെ. മിസ്റ്റർ മരുമകൻ ബംപർ സിനിമയായിരുന്നു കേരളത്തിൽ 2012- ഇൽ. “നിർഭയ”യുടെ കുടൽമാല വരെ വലിച്ചു കീറിയ റേപ്പിസ്റ്റുകളും ദിലീപിന്റെ മിസ്റ്റർ മരുമകൻ സിനിമയും തമ്മിൽ വളരെ പ്രകടമായ ഒരു ബന്ധമുണ്ട്. ഇതാണ് Rape Culture എന്ന് പറയുന്ന പ്രതിഭാസം. കഥകളിലൂടെയും, കഥാപാത്രങ്ങളിലൂടെയും , ആഖ്യാനശൈലികളിലൂടെയും ലൈംഗിക അതിക്രമങ്ങളെ സമൂഹത്തിന്റെ കണ്ണിൽ സാധാരണവൽക്കരിക്കുകയും, നിസ്സാരവൽക്കരിക്കുകയും, സംവേദനക്ഷമമാക്കുകയും ചെയ്യുന്നതിനെയാണ് Rape Culture എന്ന് പറയുന്നത്. ഇതിന്റെ വക്താവാണ് ഈ നടന്റെ സിനിമകൾ.
എന്തായാലം ഈ രണ്ടു സിനിമകളും കണ്ടു കഴിഞ്ഞപ്പോൾ ദിലീപിന്റെ സിനിമ എന്താണെന്ന് ഒരു വിധം മനസ്സിലായി തുടങ്ങി. ഇയാൾ എത്തരത്തിലുള്ള നടനാണെന്ന് മനസ്സിലാകുന്നുണ്ട്. ദിലീപിന്റെ സിനിമകളും, ഗൂഢാലോചനയും, “കൊട്ടേഷൻ റേപ്പും” ഒരേ ശ്വാസത്തിൽ പറയാവുന്ന വാക്കുകളാണ്. ഇയാൾക്ക് നല്ല പരിചയമുള്ള കാര്യങ്ങളാണ് ഇവയെല്ലാം, ഇയാളുടെ സിനിമയിൽ. ഇജ്‌ജാതി “കോമഡികൾ” ചെയ്താണ് ഇയാൾ കാശുണ്ടാക്കിയിരിക്കുന്നത്, പേരുണ്ടാക്കിയിരിക്കുന്നത്. ഇനിയും ബാക്കി സിനിമകൾ കാണുന്നത് രണ്ടു ദിവസം കഴിഞ്ഞാകാം എന്ന് കരുതുന്നു. ഇതിന്റെ ദുസ്വാദ് മാറട്ടെ.