സ്ത്രീ കാമനയുടെ കുപ്പിവളപ്പൊട്ടുകൾ: “ദെച്ചോമയും മാഹീലെ പെണ്ണുങ്ങളും” എന്ന നോവലിന്റെ ഒരു ലക്കാനിയൻ വായന

സ്ത്രീ കാമനയുടെ കുപ്പിവളപ്പൊട്ടുകൾ: ദെച്ചോമയും മാഹീലെ പെണ്ണുങ്ങളും എന്ന നോവലിന്റെ ഒരു ലക്കാനിയൻ വായന

1.ഫ്രോയിഡും, ലക്കാനും, സ്ത്രീകാമനയും

പ്രശസ്ത ഓസ്ട്രിയൻ ന്യൂറോളജിസ്റ്റും സൈക്കോഅനാലിസിസ്/ മനോവിശ്ലേഷണത്തിന്റെ സ്ഥാപകനുമായ സിഗ്മണ്ട് ഫ്രോയിഡ് (1856–1939) ഒരിക്കൽ തന്റെ സുഹൃത്തും, പേഷ്യന്റും, സഹ മനോവിശ്ലേഷകയുമായിരുന്ന മാറീ ബോണപാർട്ടിനോട് പറഞ്ഞു: ‘സ്ത്രീകളുടെ ആത്മാവിനെക്കുറിച്ചുള്ള എന്റെ മുപ്പത് വർഷത്തെ ഗവേഷണത്തിനുശേഷവും എനിക്ക് ഇതുവരെ ഉത്തരം ലഭിക്കാത്തതും ഇതുവരെ ഉത്തരം നൽകാൻ കഴിയാത്തതുമായ വലിയ ചോദ്യം ഇതാണ്: ‘സ്ത്രീകൾക്ക് എന്താണ് വേണ്ടത്?” (Nelson, 2021). ബോണപാർട്ട് ഫ്രോയിഡുമായിട്ടുള്ള ഒരു മനോവിശ്ലേഷണ സെഷനിൽ സ്വന്തം ഗവേഷണം, ലൈംഗികത, സ്ത്രീ വിമോചനത്തിനായുള്ള ആഗ്രഹം എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുകയായിരുന്നപ്പോഴാണ് ഫ്രോയിഡ് ലോകം മുഴുവനും മുഴങ്ങിക്കേട്ട ഈ ചോദ്യം ചോദിച്ചത്. “Was will das Weib?” “What do women want?”

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനകാലത്തെയും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയുടെയും ശാസ്ത്രീയ ചരിത്ര സിദ്ധാന്തങ്ങളുടെ പശ്ചാത്തലത്തിൽ, ഫ്രോയിഡിന്റെ സ്ത്രീലൈംഗികതയെക്കുറിച്ചും സ്ത്രീയുടെ മനഃശാസ്ത്രത്തെ കുറിച്ചുമുള്ള ആശയങ്ങളിൽ കാണാൻ കഴിയുന്നത് ഫ്രോയിഡ് ആൺകുട്ടികളുടെയും പുരുഷൻമാരുടെയും കാഴ്ചപ്പാടിൽ നിന്നും അനുഭവങ്ങളിൽ നിന്നും രൂപം കൊടുത്ത സിദ്ധാന്തങ്ങളാണ് ഇവ എന്നാണ് (Sharpe & Faulkner, 2008). പ്രത്യേകിച്ചും “ലിംഗ അസൂയ” (penis envy) എന്ന ആശയം, ഈഡിപ്പൽ സമുച്ചയത്തിലെ ഒരു പ്രത്യേക പാതയാണ് സ്ത്രീത്വം എന്ന വാദം, മാനസികാപഗ്രഥനത്തിന്റെ യന്ത്രമായി ശരീരശാസ്ത്രത്തിന്റെ നിർവ്വചനം, പെൺകുട്ടിയിൽ നിന്ന് സ്ത്രീത്വത്തിലേക്കുള്ള മാറ്റം, അതിൽ അമ്മയോടുള്ള മൂലബന്ധത്തിൽ നിന്നും അച്ഛനിലേക്കുള്ള പലായനത്തിന്റെ പ്രാധാന്യം, എന്നിവയിൽ കാണാൻ കഴിയുന്നത്, സ്ത്രീകളെ ഫ്രോയിഡിന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല എന്നുള്ളതിന്റെ തെളിവാണ്. സ്ത്രീ ലൈംഗികതയെ ഫ്രോയിഡ് “ഇരുണ്ട ഭൂഖണ്ഡം” എന്ന് വിശേഷിപ്പിച്ചു എന്ന വസ്തുത (Strouse,1974). തീർച്ചയായും 2026 – ഇൽ, ‘സ്ത്രീകൾക്ക് എന്താണ് വേണ്ടത്?” എന്ന ചോദ്യത്തിൽ കേൾക്കുന്ന പ്രതിധ്വനി സ്ത്രീകളുടെ യാഥാർത്ഥ്യങ്ങളും ആഗ്രഹങ്ങളും പൂർണ്ണമായി ഗ്രഹിക്കാൻ തന്റെ പരമ്പരാഗത മനോവിശ്ലേഷണ ചട്ടക്കൂട് അപര്യാപ്തമാണെന്ന് ഫലപ്രദമായി ഫ്രോയിടിയൻ സിദ്ധാന്തം സമ്മതിക്കുന്നു എന്നതാണ്.

എന്നിരുന്നാലും ഫ്രോയിടിയൻ സിദ്ധാന്തങ്ങൾ ലൈംഗികതയെയും (sexuality) ആത്മനിഷ്ഠതയെയും (subjectivity) പരസ്പരം അബോധമായി ബന്ധിപ്പിക്കുന്ന ഒരു സിദ്ധാന്തം വികസിപ്പിച്ചെടുത്ത് അത് സാധാരണവും സൈദ്ധാന്തികവുമായ ഒരു ഭാഷയിൽ നമുക്ക് സംവദിക്കാൻ തന്നു എന്നുള്ളത് മനുഷ്യജാതിയുടെ പ്രധാനപ്പെട്ട ബൗദ്ധികസംഭാവനകളിൽ ഒന്നാണെന്ന് തന്നെ പറയാം. നമ്മുടെ ആത്മബോധം (selfhood/identity), രാഷ്ട്രീയ വഴക്കങ്ങൾ, പരസ്പര ബന്ധങ്ങൾ, മാനസിക അടുപ്പങ്ങൾ എന്നിവ അബോധാവസ്ഥയിലുള്ള പ്രേരണകളാൽ എങ്ങനെ സ്വാധീനിക്കപ്പെടുകയും വ്യക്തിഗതമായ പ്രവർത്തനശക്തിയുടെ പരിധിക്കപ്പുറമുള്ള പ്രതീകാത്മക ഘടനകളാൽ ക്രമീകരിക്കപ്പെടുകയും ചെയ്യുന്നുവെന്ന് മനസ്സിലാക്കിത്തരാൻ ഫ്രോയിഡിന്റെ സിദ്ധാന്തത്തിന് കഴിയുന്നു (Psychoanalytic Feminism, 2025).

ഫെമിനിസവും മനോവിശ്ലേഷണവും തമ്മിലുള്ള ബന്ധം ഒരേ സമയത്ത് ഉപയോഗകരവും പ്രശ്നകാരവുമാണെന്ന് കാണാവുന്നതാണ്. സിമോൺ ദേ ബൊവ്വാർ, ഹെലീൻ ടോയിച്ച്, കാരെൻ ഹോർണി, മെലനി ക്ലയിൻ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ പലപ്പോഴും ഫ്രോയിഡിന്റെ മൗലികമായ രൂപീകരണങ്ങളെ വെല്ലുവിളിക്കുകയോ പുനർനിർമ്മിക്കുകയോ ചെയ്തു കൊണ്ട് സ്ത്രീ ലൈംഗികത, മാതൃത്വ ശേഷി, പെൺകുട്ടികളുടെ ആദ്യകാല മാനസിക ജീവിതം എന്നിവയെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ മുന്നോട്ടുവച്ചു. 1960-കൾ മുതൽ, ഫെമിനിസ്റ്റ് ഗവേഷകരായ ജൂലിയറ്റ് മിച്ചൽ, നാൻസി ചോഡോറോവ്, ലൂസ് ഇരിഗാരെ, ലോറ മൾവി തുടങ്ങിയവർ ഉൾപ്പെടെയുള്ള രണ്ടാം തരംഗ സ്ത്രീവാദവുമായി ബന്ധപ്പെട്ട ചിന്തകരും, ക്വിയർ സിദ്ധാന്തത്തിന്റെ പ്രതിനിധികളും, ലിംഗ ചരിത്രകാരും, ഫ്രോയിഡിന്റെ സിദ്ധാന്തങ്ങളെ പുനർനിർവചിച്ചിട്ടുണ്ട്.
ഫ്രോയിഡിന്റെ സ്ത്രീലിംഗ കേന്ദ്രീകൃത വീക്ഷണങ്ങളെ വിമർശിക്കുമ്പോൾ തന്നെ, “ശരീരഘടനയാണ് വിധി” എന്ന ഫ്രോയിഡിയൻ ആശയം പൊളിച്ചുമാറ്റാൻ ഫെമിനിസ്റ്റ് സൈദ്ധാന്തികർ മനോവിശ്ലേഷണ സാങ്കേതിക വിദ്യകൾ വീണ്ടും ഉപയോഗപ്പെടുത്തി സ്ത്രീത്വത്തിന്റെ സാമൂഹിക അല്ലെങ്കിൽ “സിംബോളിക്” നിർമ്മിതിക്ക് വേണ്ടി വാദിക്കുന്നതായി കാണാം. സ്ത്രീത്വത്തിന്റെ ആത്മനിഷ്ഠത, സ്ത്രീ കാമനകൾ, എന്നിവയുടെ ആവിഷ്കാരം, സാമൂഹ്യസാംസ്കാരിക രൂപകാമനകൾ സ്ത്രീകളെ എങ്ങനെ പ്രതിനിധീകരിക്കുന്നു (ഉദാഹരണത്തിന്, സിനിമ പോലുള്ള സാങ്കേതിക ബഹുജനമാധ്യമങ്ങളിൽ പ്രേക്ഷകരും ഛായാബിംബങ്ങളും തമ്മിൽ നടക്കുന്ന അവബോധം) എന്നിവ വിശകലനം ചെയ്യുന്നതിന് പൂർണ്ണമായും രാഷ്ട്രീയമോ സാമ്പത്തികമോ ആയ വിശകലനത്തിനപ്പുറം മനഃശാസ്ത്ര സിദ്ധാന്തം, മനോവിശ്ലേഷണ സിദ്ധാന്തം എന്നിവ ഉപയോഗപ്രദമാണെന്ന് കാണാം (Mulvey, 1975; Kaplan, 1983; Doane, 1987).

എടുത്തു പറയുമ്പോൾ, സ്ത്രീ കാമനയുടെ വിഷയത്തിൽ, ഫ്രോയിഡിന്റെ സിദ്ധാന്തം പറയുന്നത്, പക്വതയുള്ള സ്ത്രീലൈംഗികതയ്ക്ക്, ക്ലിറ്റോറൽ, അഥവാ, സക്രിയമായ “പുരുഷ” പ്രവർത്തനത്തിൽ നിന്ന് മാറി, യോനിയെ കേന്ദ്രീകരിച്ചുള്ള “സ്ത്രീ” നിഷ്ക്രിയത്വത്തിലേക്ക് മാറേണ്ടതുണ്ട് എന്നാണ് (Freud,1953). ഇത് സ്ത്രീയുടെ ലൈംഗിക ആനന്ദത്തെ പ്രത്യുൽപാദനത്തിലേക്കും നിർബന്ധിത ഭിന്നലിംഗ ലൈംഗികതയിലേക്കും (compulsory heterosexuality) നേരിട്ട് ബന്ധിപ്പിക്കുന്നു. ലൂസ് ഇരിഗാരെ പോലുള്ള ഫെമിനിസ്റ്റ് ചിന്തകർ വാദിക്കുന്നത് ഇത് സ്ത്രീയുടെ ലൈംഗിക ആനന്ദത്തിൽ പുരുഷ മാനദണ്ഡങ്ങൾ അടിച്ചേൽപ്പിക്കുന്നുവെന്നാണ് (1985). സ്ത്രീയുടെ ലൈംഗികത, അതിന്റെ അനുഭവം, ആനന്ദം, സ്ത്രീയുടെ ശാരീരികമായ കാമനകൾ എന്നിവയുടെ വൈവിധ്യം, പുരുഷ മാനദണ്ഡത്തിൽ നിന്ന് പൂർണ്ണമായും സ്വതന്ത്രമാക്കി, ഫെമിനിസ്റ്റ് സിദ്ധാന്തം, സ്ത്രീയുടെ ലൈംഗിക “നിഷ്ക്രിയത്വം” എന്ന ലേബലിനെ നിരസിക്കുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാമത്തെ പകുതിയിൽ ഫ്രോയിഡിനെ വളരെ ശക്തമായ രീതിയിൽ യൂറോപിയൻ ബൗദ്ധികമണ്ഡലത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത് ഫ്രഞ്ച് മനഃശാസ്ത്രജ്ഞനും മനോവിശ്ലേഷകനുമായ ഷാക് ലക്കാൻ (1908-1981) ആണ്. 1950 കളിലും 1960 കളിലും ലക്കാൻ തന്റെ ലോകപ്രശസ്തമായ സെമിനാറുകളിലൂടെ, ഫ്രോയിഡിന്റെ കൃതികൾ, ഫ്രഞ്ച് സ്ട്രക്ച്ചറലിസം, പോസ്റ്റ് സ്ട്രക്ച്ചറലിസം, ഭാഷാശാസ്ത്രത്തിലെ നവീകരണ സിദ്ധാന്തങ്ങൾ, ഹേഗൽ, അലക്‌സാണ്ടർ കോഷേവ്, ഇമ്മാനുവേൽ കാന്റ് തുടങ്ങിയ തത്വചിന്തകരുടെ ദാർശനിക ചിന്തകൾ എന്നിവ ചേർത്ത് വായിച്ചാണ് ഫ്രോയിഡിലേയ്ക്കുള്ള ആ തിരിച്ചു വരവ് നടത്തിയത്. ലക്കാനിന്റെ “ഓങ്കോർ” (“Encore”) എന്ന പേരിലറിയപ്പെടുന്ന “സെമിനാർ 20” സ്ത്രീകളുടെ ആത്മനിഷ്ഠയെപ്പറ്റിയും ലൈംഗികതയെപ്പറ്റിയും, സ്ത്രീ-പുരുഷ ബന്ധ(മില്ലായ്മ)-യെപ്പറ്റിയുമാണ്. ഈ സെമിനാറിൽ പുരുഷാധിപത്യപരമായ ലിംഗാധിഷ്ഠിതമായ പ്രതീകാത്മക മണ്ഡലത്തെ വെല്ലുവിളിക്കുന്ന, വ്യത്യസ്തമായ ഒരു തരം ആനന്ദത്തിന്റെയും അറിവിന്റെയും സംഭവ സ്ഥലമായി “സ്ത്രീ” അല്ലെങ്കിൽ “മറ്റൊരാൾ” (“the Other”) പര്യവേക്ഷണം ചെയ്യുന്നു. ശരീരഘടനയെക്കാൾ സ്ത്രീകളുടെ ആനന്ദത്തെ (ആസ്വാദനം) അനുഭവിക്കാനുള്ള കഴിവിനെ അടിസ്ഥാനമാക്കി ലൈംഗിക വ്യത്യാസത്തെ പുനർനിർവചിക്കുന്നു.

സ്ത്രീ ലൈംഗികതയെ വിവരിക്കാൻ ലക്കാൻ “മറ്റൊരു ആനന്ദം” (“ഫാലിക്,” അല്ലെങ്കിൽ ലിംഗാധിഷ്ഠിതമല്ലാത്ത “മിസ്റ്റിക്,” അല്ലെങ്കിൽ ഗോപ്യമായ, അനന്തമായ ആനന്ദം) എന്ന ആശയം അവതരിപ്പിക്കുന്നു (Lacan, 1998). പുരുഷന്മാർ പൂർണ്ണമായും “ഫാലിക്” അല്ലെങ്കിൽ ലിംഗാധിഷ്ഠിതമായ അനുഭവത്തിന്റെ കീഴിലാണെങ്കിലും (ഇവിടെ ഫ്രോയിഡിൽ നിന്നും വ്യത്യസ്തമായി “ലിംഗം” എന്നത് ഒരു ശരീരാവയവമല്ല; ലക്കാൻ “ലിംഗം” കൊണ്ടുദ്ദേശിക്കുന്നത് ഒരു പ്രതീകാത്മകമായ ശക്തിയെയാണ്, ഭാഷയിലും, സമൂഹത്തിലും, സംസ്കാരത്തിലും കലർന്നിരിക്കുന്ന, ഇവയെ നിയന്ത്രിക്കുന്ന ശക്തി) , സ്ത്രീകൾ “എല്ലാവരുമല്ല”ത്തതിനാൽ, ഈ ശക്തിയാൽ പരിമിതപ്പെടുത്തപ്പെട്ടിട്ടില്ലെന്ന് ലക്കാൻ വാദിക്കുന്നു. ഈ വാദമാണ് പിന്നീട് ലക്കാനിന്റെ “സ്ത്രീ നിലനിൽക്കുന്നില്ല” എന്ന വാക്യത്തിലേക്ക് നയിക്കുന്നത്. അതായത് “ഒരൊറ്റ” അല്ലെങ്കിൽ “പല” സ്ത്രീകൾ എന്നൊരു വിഭാഗമില്ല. “സ്ത്രീ” – യെ വിഭാഗപ്പെടുത്താനാവില്ല (Lacan, 1998). ലക്കാനിന്റെ വീക്ഷണത്തിൽ “സ്ത്രീ”യ്ക്കും “പുരുഷനും” ഒരുപോലെ അനുഭവിച്ചറിയാവുന്ന ലിംഗാധിഷ്ഠിതമല്ലാത്ത ആനന്ദമാണിത്. ലക്കാനിന്റെ ലൈംഗികതയുടെ ഗ്രാഫിൽ ഒരു ജൈവിക പുരുഷന് “സ്ത്രീലിംഗ” ഘടനാപരമായ സ്ഥാനം വഹിക്കാൻ കഴിയും. ഈ അവസ്ഥയിൽ, ഒരു ജൈവിക പുരുഷന് “മറ്റ്” ആനന്ദങ്ങൾ അനുഭവിക്കാൻ കഴിയും. കൂടാതെ, ലക്കാനിയൻ സിദ്ധാന്തത്തിൽ, യഥാർത്ഥ പ്രണയത്തിന്റെ നിമിഷങ്ങളോ, നിഗൂഢാനുഭവങ്ങളോ ഇടയ്ക്കിടെ ജൈവ പുരുഷലിംഗ ലൈംഗികതയുള്ള പുരുഷന്മാർക്ക് പോലും ഈ ഫാലിക് അല്ലാത്ത ആനന്ദത്തിന്റെ ഹ്രസ്വമായ അനുഭൂതി നൽകും (Lacan, 1998).

ഈ വാദങ്ങൾ സ്വാഭാവികമായും വന്നു നിൽക്കുന്നത്, ഇവിടെ ഈ ലേഖനത്തിന് പ്രസക്തമായിട്ടുള്ളത്, ലക്കാനിന്റെ “ഒബ്‌ഷേ പെറ്റി അ” (“objet petit a”) എന്ന ആശയത്തിലാണ് (Lacan, 2014). ഫ്രഞ്ചിൽ നിന്നും ഇംഗ്ലീഷിലേയ്ക്ക് തർജ്ജമ ചെയ്യാത്ത പ്രയോഗമാണിത്; അത് കൊണ്ട് ഇവിടെയും ലക്കാൻ ഉദ്ദേശിച്ച ഫ്രഞ്ച് തന്നെ ഉപയോഗിക്കുന്നതാണ് ചേർച്ച.

എന്താണ് ലക്കാനിന്റെ “ഒബ്‌ഷേ പെറ്റി അ”? നിങ്ങൾക്ക് എന്തെങ്കിലും ഒരു കാര്യം, ഒരു സാധനം, അല്ലെങ്കിൽ, ഒരു കാമന ഉണ്ടെന്ന് വെയ്ക്കുക. ഉദാഹരണത്തിന്, ഈ ലേഖനത്തിന് തുടക്കം കുറിച്ച ഫ്രോയിഡിന്റെ ചോദ്യം ഇവിടെ ഓർമ്മിക്കുന്നത് ഉചിതമാണ്: ” സ്ത്രീകൾക്ക് എന്താണ് വേണ്ടത്?” പല തലമുറകളിൽ, പല ദശകങ്ങളിൽ, പല ദേശങ്ങളിൽ, പല കാലങ്ങളിൽ പല രീതിയിലാണ് സ്ത്രീകൾ ഈ ചോദ്യത്തിനുത്തരം പറഞ്ഞിരിക്കുന്നത്. സ്നേഹം, ബഹുമാനം, സന്തോഷം, ധൈര്യം, ഏകാന്തത, സ്വാതന്ത്ര്യം, സ്വന്തമായിട്ടൊരു മുറി, ഇഷ്ടമുള്ള പുരുഷനെയോ സ്ത്രീയെയോ ജീവിത പങ്കാളിയാക്കാനുള്ള കഴിവ്, സ്വന്തം വീട്, ജോലി, വാഹനം, കുഞ്ഞുങ്ങൾ വേണ്ടവർ, കുഞ്ഞുങ്ങൾ വേണ്ടാത്തവർ, ഗർഭം ധരിക്കേണ്ടവർ, ധരിക്കേണ്ടാത്തവർ, പാട്ടു പാടേണ്ടവർ, ആട്ടം ആടേണ്ടവർ, പഠിക്കാൻ ത്വരയുള്ളവർ, യാത്ര ചെയ്യാൻ ആഗ്രഹമുള്ളവർ, മാറ് മറക്കേണ്ടവർ, മാറ് മറക്കേണ്ടാത്തവർ. വീട്ടിൽ ഇരിക്കാൻ ആശിക്കുന്നവർ, നിറച്ചു കഴിക്കാൻ ആഗ്രഹിക്കുന്നവർ, എല്ലാം മറന്നുറങ്ങാൻ ആശിക്കുന്നവർ–സ്ത്രീകൾക്ക് പലതാണ് ആവശ്യങ്ങൾ. മലയാളത്തിലെ എന്ന് തന്നെയല്ല, ലോകത്തിലെ തന്നെ സ്ത്രീ കാമനയുടെ നിഘണ്ടുവിൽ, ഇവ ഓരോന്നും അനേകായിരം തവണ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞതായി കാണാം.

സാധാരണയായി ആഗ്രഹങ്ങൾ സാധിച്ചു കിട്ടിയാൽ പിന്നീട് നമ്മൾ സന്തുഷ്ടരാണ് . തൃപ്തരാണ്. എന്നാൽ ഈ സംപൃപ്തിക്കുമപ്പുറം ഉള്ള ഒരു അലൗകികമായ ആനന്ദമാണ് ജീവിതത്തിന്റെ മുഖ്യ പ്രചോദനമായി ലക്കാൻ വിസ്തരിക്കുന്നത്. തന്റെ സെമിനാർ 10, 11 എന്നിവയിൽ ലക്കാൻ “ഒബ്‌ഷേ പെറ്റി അ” സൈക്കോഅനാലിസിസിന്റെ സുപ്രധാന ഘടകമായി വിസ്തരിക്കുന്നുണ്ട്. ഫ്രോയിഡിന്റെ ഈഗോ, സൂപ്പർ ഈഗോ, ഇഡ്ഡ് എന്ന ത്രിമാന ക്രമം പോലെയുള്ള മനുഷ്യമനസ്സിന്റെ ത്രിമാന ക്രമമാണ് ലക്കാനിന്റെ “സിംബോളിക്,” “ഇമാജിനറി,” “റിയൽ” എന്നീ തലങ്ങൾ ( Lacan, 1988). രണ്ടും മനുഷ്യമനസ്സിനെ ത്രിമാന സംവിധാനങ്ങളായി വ്യാഖ്യാനിക്കുമ്പോൾ, ഫ്രോയിഡിന്റെ ഘടനാ മാതൃക, ആന്തരിക മനഃശാസ്ത്ര സംഘർഷങ്ങളെ വിലയിരുത്തുന്നു. അതേസമയം ലക്കാനിന്റെ “രജിസ്റ്ററുകൾ” മനുഷ്യ യാഥാർത്ഥ്യത്തിന്റെ ഭവശാസ്ത്രപരമായ (ontological) ഇന്ദ്രിയാവബോധം, ആത്മബോധം, ഭാഷ, അസ്തിത്വത്തിന്റെ പേരിടാനാവാത്ത വശങ്ങൾ എന്നിവയിലൂടെ മനുഷ്യ മനസ്സ് എങ്ങനെ രൂപപ്പെടുന്നുവെന്ന് പര്യവേക്ഷണം ചെയ്യുന്നു. മുഖ്യധാരാ ഫ്രോയിഡിയൻ മനഃശാസ്ത്രത്തിൽ നിന്നും വ്യതിചലിച്ച് ഭാഷാശാസ്ത്രത്തിനും ആത്മനിഷ്ഠതയ്ക്കും ലക്കാൻ മുൻഗണന നൽകുന്നതായി കാണാം. “സിംബോളിക്” ഭാഷയുടെയും സാമൂഹിക നിയമത്തിന്റെയും ഇടമാണ്. നമ്മൾ നമ്മളായി ജീവിക്കുന്നതാണ് സിംബോളിക് ക്രമം. “ഇമാജിനറി” എന്നത് നമ്മൾ സിംബോളിക്കിൽ ഇരുന്നു കൊണ്ട് കാണുന്ന ദൃശ്യങ്ങൾ, ചിത്രങ്ങൾ, ചിലപ്പോൾ നമ്മളെ ചതിക്കുന്ന ഇമേജുകളുടെ മേഖലയാണ്. ഒരു ഫാന്റസി എന്ന് പറയാം. “റിയൽ” എന്നത് പ്രതീകവൽക്കരണത്തെ ചെറുക്കുന്ന പ്രതിനിധീകരിക്കാനാവാത്ത “അസാധ്യമായ” കാമ്പാണ്. “ഒബ്‌ഷേ പെറ്റി അ” ഈ “റിയലിന്റെ” അംശമാണ്.
ഭാഷക്കതീതമായ, നമ്മൾക്ക് അടക്കാനാവാത്ത, തടുക്കാനാവാത്ത, തികട്ടി തികട്ടി വരുന്ന, അന്വേഷിച്ചു അന്വേഷിച്ചു നടക്കുന്ന, നമ്മൾക്ക് പേടിയും ആസക്തിയും ഒരുമിച്ചു തരുന്ന, ഒരിക്കൽ കിട്ടിയാലും വീണ്ടും തിരയുന്ന ഒന്നാണ് “ഒബ്‌ഷേ പെറ്റി അ” ( Lacan, 1977). മനുഷ്യന്റെ ആഗ്രഹത്തെ തൃപ്തിപ്പെടുത്തുന്നതിനുപകരം നിർത്താതെ മുൻപോട്ടു നയിക്കുന്ന “ശൂന്യത” അല്ലെങ്കിൽ “അവശിഷ്ടം” എന്ന അപ്രാപ്യമായ “ആഗ്രഹത്തിന്റെ വസ്തു-കാരണത്തെ” (object -cause of desire) പ്രതിനിധീകരിക്കുന്നതിനാണ് ലക്കാൻ “ഒബ്‌ഷേ പെറ്റി അ” വികസിപ്പിച്ചെടുത്തത്. നമ്മുടെ ആഗ്രഹങ്ങൾ, അതീവ ഗോപ്യമായ കാമനകൾ ശാരീരിക അല്ലെങ്കിൽ മാനസിക ആവശ്യങ്ങൾക്കപ്പുറം നിലനിൽക്കുന്നത് എന്തുകൊണ്ടാണെന്നും, അസാധ്യമായ ഒരു ആനന്ദത്തെ പിന്തുടരാൻ നമ്മെ നിർബന്ധിക്കുന്ന ഒരു ഫാന്റസി നിറഞ്ഞ “അഭാവം”മായി (lack) പ്രവർത്തിക്കുന്നത് എന്തുകൊണ്ടാണെന്നും “ഒബ്‌ഷേ പെറ്റി അ” വിശദീകരിക്കുന്നു.

ലക്കാൻ പറയുന്നതനുസരിച്ച്, ആത്മനിഷ്ഠത (subjectivity) എന്നത് ഈ കിട്ടാത്ത വസ്തുവിനെ തേടിയുള്ള വിഫലമായ, ആവർത്തിച്ചുള്ള വരവാണ്, പോക്കാണ്, അറിവാണ്, ഓർമ്മയാണ്, പലായനമാണ്. അതേസമയം ഈ പ്രേരണയുടെ നിരർത്ഥകതയെയും അസാധ്യതയെയും കുറിച്ച് പൂർണ്ണമായി ബോധവാന്മാരായിരിക്കുകയും ഈ പരാജയപ്പെടുന്ന അഭാവത്തിന്റെ പിന്തുടരലിൽ നിന്നും വേദന നിറഞ്ഞ അധികമായ ആനന്ദം (jouissance) നേടുകയും ചെയ്ത് സ്വയം ജീവിക്കാൻ ഒരു കാരണം സ്ഥാപിക്കുകയും ചെയ്യുന്നതാകുന്നു (Lacan, 1998). ഫ്രോയിഡിന്റെ “ജീവചോദന”(“libido”) നയ്ക്ക് പകരം ലക്കാൻ ഈ അധികമായ വേദന കലർന്ന അഭാവത്തിന്റെ ആനന്ദമാണ് ജീവ പ്രചോദനത്തിന്റെ ഊർജ്ജത്തിന്റെ വലിയ സംഭരണി ആയി വിവരിക്കുന്നത്.

എഴുത്തും കലയും പലപ്പോഴും “ഒബ്‌ഷേ പെറ്റി അ”- യുമായി ബന്ധപ്പെട്ടിരിക്കുന്നു. കാമനയും സർഗ്ഗാത്മകതയും ഭാഷയും ബിംബങ്ങളും കെട്ടു പിണഞ്ഞു കിടക്കുന്ന അവ്യക്തമായ ഒരു “ശൂന്യതയിൽ” നിന്നാണ് ഒരു “നഷ്ടപ്പെട്ട വസ്തു” പോലെ വീണ്ടും വീണ്ടും ഉയരുന്നത്. ശൂന്യതയോ പ്രതിബന്ധമോ ആയി പ്രവർത്തിച്ചുകൊണ്ടു അത് സ്രഷ്ടാവിനെ ബോധപൂർവമായ ഒരു ലക്ഷ്യത്തിനുപകരം സൃഷ്ടിപരമായ കാമനയ്ക്ക് പിന്നിലെ “റിമോട്ട് കൺട്രോൾ” പോലെ പ്രവർത്തിക്കുന്നു. ഘടനാപരമായ പോരായ്മയായി, ആ ഇല്ലായ്മയുടെ ആനന്ദമായി, പ്രവർത്തിക്കുന്നു. സർഗ്ഗാത്മകത എന്നത് ഒരിക്കലും പൂർണ്ണമായി പ്രതിനിധീകരിക്കാനോ നിലനിർത്താനോ കഴിയാത്ത ഒന്നിനെ പിന്തുടരുന്നതിനുള്ള ഒരു തുടർച്ചയായ പ്രക്രിയയാണെന്ന് ഉറപ്പാക്കുന്നു.

ലക്കാനിന്റെ മനോവിശ്ലേഷണത്തിന്റെ ധാർമ്മികത “ഒബ്‌ഷേ പെറ്റി അ”-യുമായി കേന്ദ്രീകൃതമായി ബന്ധപ്പെട്ടിരിക്കുന്നു, സാങ്കൽപ്പിക ഫാന്റസികൾക്കപ്പുറത്തേക്ക് നീങ്ങി, സ്വന്തം കാമനകളുടെ വസ്തു-കാരണവും ഘടനാപരവുമായ അഭാവം അനുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെടുന്നു. ആഗ്രഹങ്ങൾ പൂർത്തീകരിച്ചതിന്റെ സുഖകരമായ മിഥ്യാധാരണകളെ പിന്തുടരുന്നതിനുപകരം, അത്തരത്തിലുള്ള ഒരു “ഫാന്റസിയിൽ” തൃപ്തിപ്പെടുന്നതിന് പകരം, സ്വത്വത്തിന്റെ കാമനകളെ നയിക്കുന്ന അസ്വസ്ഥവും വർണ്ണിക്കാൻ കഴിയാത്തതുമായ ആനന്ദത്തിന്റെ യാഥാർത്ഥ്യത്തെ നേരിടുക എന്ന നൈതികമായ, ധാർമ്മികവുമായ ആവശ്യമാണിത്. ഫ്രോയിഡിന്റെ “പ്ലെഷർ പ്രിൻസിപ്പിൾ” – ന് വെളിയിൽ — അത് തരുന്ന താൽക്കാലികമായ ആശ്വാസത്തിനും സ്ഥിരതയ്ക്കും സുരക്ഷയ്ക്കും അപ്പുറത്തുള്ള, കൂടുതൽ തീവ്രവും ചിലപ്പോൾ വിനാശകരവുമായ ഒരു ആനന്ദത്തിലേക്ക് നയിക്കുന്നു. ഭാഷയാൽ പൂർണ്ണമായും പ്രതീകപ്പെടുത്താൻ കഴിയാത്ത യാഥാർത്ഥ്യത്തിന്റെ ഒരു കാമ്പായി പ്രവർത്തിക്കുന്നു. ആത്യന്തികമായി പറഞ്ഞാൽ, ലക്കാനിന്റെ മനോവിശ്ലേഷണത്തിലെ ധാർമ്മികത, ആത്മനിഷ്ഠയുള്ള സ്വത്വകാമനകൾ ഈ ശൂന്യതയിൽ നിന്നും മുഖം തിരിക്കാതെ അതിനെ തിരിച്ചറിയണമെന്ന് ആവശ്യപ്പെടുന്നു. സ്ത്രീകളുടെ കാമനകളെ വിലയിരുത്തുമ്പോൾ ഈ അവബോധം വളരെ പ്രധാനമാണെന്ന് കാണാം.


ഈയടുത്ത കാലത്തിറങ്ങിയ ഫാത്തി സലീമിന്റെ “ദെച്ചോമയും മാഹീലെ പെണ്ണുങ്ങളും” (2022) എന്ന നോവൽ സ്ത്രീ കാമനയുടെ വിദഗ്ധമായ അവതരണമാണ്. ഈ നോവലിൽ സ്ത്രീ കാമനകളുടെ ഗോപ്യമായ വസ്തു-കാരണത്തിനെ തേടിയുള്ള ആവർത്തിച്ചുള്ള പുറപ്പാടിൽ ഈ ബീജ ഹേതുക്കളുടെ സ്വാഭാവികമായ സ്ഥാനചലനം ഒടുവിൽ അവയെ ആഴത്തിലുള്ള ഒരു ധാർമ്മിക നഷ്ടമായി വികസിപ്പിക്കുന്നതായി കാണാം. ലക്കാൻ നിരീക്ഷിച്ചത് പോലെയുള്ള സ്ത്രീകാമനയുടെ തെന്നിമാറിക്കൊണ്ടിരിക്കുന്ന, അപ്രാപ്യമായ, ഒരേ സമയം അദമ്യമായ അഭിവാഞ്ഛയും ആശങ്കയുളവാക്കുന്ന ഭയവും നിറഞ്ഞ ഒരനുഭൂതിയായിട്ട് സ്ത്രീത്വത്തിനെ ഈ നോവലിൽ ഫാത്തി സലിം പ്രതിനിധീകരിച്ചിരിക്കുന്നു.

  1. ദെച്ചോമയും ഉമൈബയുടെ കുപ്പി വളകളും

“ദീനും ദുനിയാവും” (സലിം, 2022, 30) ഒരു പോലെ അടുത്തറിയാൻ ശ്രമിക്കുന്ന ഉമൈബ എന്ന കൗമാരപ്രായത്തിലുള്ള പെൺകുട്ടിയാണ് “ദെച്ചോമയും മാഹീലെ പെണ്ണുങ്ങളും” എന്ന നോവലിലെ പ്രധാന കഥാപാത്രം. നാലങ്ങളമാരുടെ ഒരേ ഒരു പെങ്ങൾ, മകൾ, ബെല്ലുമ്മാന്റെ പേരക്കുട്ടി, എന്നിങ്ങനെ ഒരു വലിയ കുടുംബത്തിലെ പല പല ബന്ധങ്ങളുടെ ഇടയ്ക്കുള്ള ഒരു കണ്ണിയാണ് ഉമൈബ. 120 പേജിൽ വളരെ വ്യക്തവും വിപുലവുമായി ചിത്രീകരിച്ചിരിക്കുന്ന മാഹിയിലെ മുസ്ലിം സമുദായത്തിലെ ഒരു അയൽവക്കത്തിലെ പെണ്ണുങ്ങളുടെ ലോകമാണ് ഉമൈബയെ വളർത്തിക്കൊണ്ടു വരുന്നത്. മാഹിയിലെ പ്രാദേശിക മുസ്ലിം മലയാളത്തിൽ എഴുതിയിരിക്കുന്ന ഈ നോവൽ ആത്യന്തികമായി ലക്കാനിന്റെ “സിംബോളിക്” മേഖലയുടെ മൂർത്ത പ്രതീകമാണ്. മാഹിയിലെ ഭാഷ പോലെ തന്നെ, കഥയിലെ പെണ്ണുങ്ങൾ നിറഞ്ഞ ജീവനോടെ തുളുമ്പി നിൽക്കുന്നു, ചിത്രകാരി അഫ്രിൻ ബദാറുടെ രേഖാചിത്രങ്ങളിൽ.

ബാക്കി ഏതു സമുദായത്തിന്റേതു പോലെയും, തികച്ചും “യാഥാർത്ഥ്യമെന്ന്” — ലക്കാനിന്റെ “റിയൽ” എന്ന മേഖല — ഉമൈബയെ തെറ്റിദ്ധരിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള വളരെ ശക്തിയുള്ള “ഇമാജിനറി” ഫാന്റസികളാണ് ഈ സമുദായത്തിന്റേതും. വെള്ളത്തുണി, സാരി, നൈറ്റി, പർദ്ദ, തട്ടം, സ്കാർഫ് എന്നിവയിട്ട ഈ സ്ത്രീകളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഉമൈബ ഇവരിൽ നിന്നുമാണ് ജീവിതത്തിനെപ്പറ്റിയും, പെണ്ണുങ്ങളുടെ ജീവിതത്തിനെ പറ്റിയുമുള്ള “യാഥാർത്ഥ്യങ്ങൾ” — അതായത് ലക്കാനിന്റെ “ഫാന്റസികൾ”– പഠിക്കുന്നത്. ഉമൈബ ഉമൈബയെ പറ്റി പഠിക്കുന്നതും ഒരറ്റം വരെ മാഹിയിലെ പെണ്ണുങ്ങളിൽ നിന്നുമാണ്. അവരുടെ കണ്ണിലൂടെയാണ് ഉമൈബ ഉമൈബയെ കാണുന്നത്. മദ്രസയിൽ ഇംഗ്ലീഷിൽ പ്രസംഗിച്ചത് കൊണ്ടാണ് ഉമൈബയ്ക്ക് “കണ്ണ്” വീണത്, മുഖത്ത് മുഴുവൻ മുഖക്കുരു വന്നത് എന്നാണ് ഉമൈബയുടെ ഉമ്മ പറയുന്നത് (സലിം,12). ഉമൈബ ഇത് വിശ്വസിക്കാൻ ശ്രമിക്കുന്നതായി–എന്നാൽ വിശ്വാസമില്ലാതെയുമായിട്ട് –കാണാം. ഉമൈബയുടെ ഉമ്മയിൽ നിന്നും എല്ലാ “യാഥാർത്ഥ്യങ്ങളും” ഉമൈബയ്ക്ക് പഠിക്കാൻ കഴിയുന്നില്ല. കൗമാരത്തിന്റെ അസ്വാസ്ഥ്യങ്ങൾ ഉമൈബയുടെ ഉണർന്നു വരുന്ന കാമനകളുടെ വിധിയിരുത്തലും കൂടിയാണ്.

ദെച്ചോമ ഇതിലെ ഒരു ഹിന്ദു കഥാപാത്രമാണ്; ലക്ഷ്മിയമ്മ എന്നോ മറ്റോ ആയിരിക്കണം ദെച്ചോമയുടെ പ്രാദേശിക പേരിന്റെ മലയാള മൂലരൂപം. ഉമൈബയുടെ വീട്ടിലെ അകം ജോലിയും പുറം ജോലിയും ചെയ്യുന്ന ദെച്ചോമ ഉമൈബയുടെ ബാക്കി സ്ത്രീ വിവരദാതാക്കളിൽ നിന്നും വ്യത്യസ്തയാണ്. പതിന്നാല് അദ്ധ്യായങ്ങളിൽ പറഞ്ഞിരിക്കുന്ന ഈ കഥ തുടങ്ങുന്നത് “ദെച്ചോമ” എന്ന അദ്ധ്യായവും അവസാനിക്കുന്നത് “ഉമൈബ” എന്ന അദ്ധ്യായത്തിലുമാണ്. ഈ രണ്ടു കഥാപാത്രങ്ങളും തമ്മിൽ അഭേദ്യമായൊരു ബന്ധമുണ്ട്. സലിം ഇവർ തമ്മിലുള്ള ബന്ധം പുറമെയുള്ള ഇടപാടുകൾക്കും അതീതമായി ഉമൈബയുടെ ഉള്ളിന്റെയുള്ളിൽ പൂഴ്ത്തിവെച്ചിരിക്കുന്ന ഗോപ്യമായൊരു കാമനയുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഒരേ സമയം ആകർഷിക്കുകയും പേടിപ്പിക്കുകയും ചെയ്യുന്ന സ്ത്രീത്വത്തിന്റെ രഹസ്യങ്ങൾ–സ്ത്രീ ശരീരത്തിന്റെ രഹസ്യങ്ങൾ, പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധത്തിന്റെ രഹസ്യങ്ങൾ — ഇവയുടെ ഉത്തരങ്ങൾ ഉമൈബ പ്രതീക്ഷിക്കുന്നത് ദെച്ചോമയിൽ നിന്നുമാണ്. സ്വന്തം സമുദായത്തിനും, കുടുംബത്തിനും, വർഗ്ഗത്തിനും പുറത്തുള്ള ഒരു കഥാപാത്രത്തിൽ നിന്നുമാണ്. ഈ രഹസ്യങ്ങൾ ഈ നോവലിൽ പ്രതിഫലിപ്പിച്ചിരിക്കുന്നത് “കുപ്പിവളകൾ” എന്ന ബിംബത്തിലൂടെയാണ്. ലക്കാനിന്റെ “ഒബ്‌ഷേ പെറ്റി അ” ആണീ രഹസ്യങ്ങൾ. അവയെ മൂടി വെച്ചിരിക്കുന്ന സുന്ദരമായ പുറംചട്ടയാണ് കുപ്പിവളകൾ. ഉമൈബ തന്റെ സ്വന്തം ശരീരത്തിൽ അണിയാൻ ആഗ്രഹിക്കുന്ന, എന്നാൽ എന്തോ തരത്തിൽ പേടിക്കുന്ന, സ്ത്രീത്വത്തിന്റെ ഗോപ്യമായ കാമനയുടെ നിറമാണ് ഈ കുപ്പിവളകൾ.

ഫ്രോയിഡിന്റെ ചോദ്യം നമ്മൾ ഉമൈബയോടു ചോദിച്ചാൽ — എന്താണ് ഉമൈബയ്ക്ക് വേണ്ടത്? — ഉമൈബയുടെ ഉത്തരം തീർച്ചയായും “കുപ്പിവളകൾ” എന്നായിരിക്കും. നമ്മൾ ആദ്യം ഉമൈബയെ കാണുമ്പോൾ അവൾ പൊട്ടിയ കുപ്പിവളത്തുണ്ടുകൾ പല്ലിന്റെയിടയിൽ വെച്ച് ഞെരിച്ചു പൊടിച്ചു ആ പൊടി കൈയ്യിൽ തേച്ച് തൊട്ടു നക്കി അതിന്റെ സ്വാദ് എങ്ങനിരിക്കുമെന്ന് തിരക്കിക്കൊണ്ടാണ്. “ഉമൈബാക്ക് കുപ്പിവളകളോട് അന്തമില്ലാത്ത മുഹബ്ബത്താണ്. പല നിറങ്ങളിലുള്ള കുപ്പിവളകൾ അവളെ എന്നും ത്രസിപ്പിച്ചിരുന്നു. മനസ്സിൽ വളകൾകൊണ്ടൊരു കൊട്ടാരം കെട്ടി അവൾ” (സലിം, 9). ഉമൈബയുടെ പ്രധാന “ഫാന്റസി” കുപ്പിവളകൾ ആണ്; ഇവിടെ “ഫാന്റസി” ലക്കാൻ ചൂണ്ടിക്കാണിച്ച ഭ്രമകല്പനയാണ്. വേറെയെന്തോ ഒരു “യാഥാർത്ഥ്യത്തെ,” സ്ത്രീകാമനയുടെ “യാഥാർത്ഥ്യത്തെ,” താൽക്കാലികമായി സ്ഥാനഭ്രുഷ്ടു കൽപ്പിച്ച വസ്തുവാണ് ഈ കുപ്പിവളകൾ:

“മോന്തിക്ക് ബെല്ലുമ്മാന്റെ മുറിയിൽ കിടക്കുമ്പോൾ ഉമൈബ ആലോചിച്ചു. വെല്തായാല് പലപല നിറങ്ങളിൽ, ചിത്രപ്പണികളിൽ ഒക്കെ കുപ്പിവളകൾ ഉണ്ടാക്കണം, ഇതുവരെ ആരും കാണാത്ത നിറങ്ങളിൽ. മനസ്സിൽ അവൾ ഒരുക്കങ്ങൾ കൂട്ടി. ഏതൊക്കെ നിറങ്ങൾ? മീൻകാരൻ നാസർക്ക സൈക്കിളിമ്മ വെക്ക്ന്ന ഐസ്‌പെട്ടിന്റെ നീലനിറം, ബെല്ലുമ്മാന്റെ കസവ് തട്ടത്തിന്റെ പൊന്ന് കലർന്ന റോസ് നിറം, ദെച്ചോമന്റെ തോർത്തിലെ വെള്ളനിറം ബിരിയാണി ചെമ്പ് തേച്ച് കഴുകുമ്പോൾ ഓരോ തോർത്തെടുത്ത് സാരിന്റെ മോളിൽ ചുറ്റും. അതിന് ഒരു ചോപ്പ്കരയുണ്ട്. അതും ഞാൻ വെള്ള നിറത്തിലുള്ള വളയിൽ വരക്കും. . . .ഉമൈബ മുറിയിലാകെ നോക്കി. മഞ്ഞയും നീലയും, ചോപ്പും, വെള്ളയും നിറങ്ങളിൽ കുപ്പിവളകൾ. സ്വർണ്ണപ്പുള്ളികളുള്ള വളകൾ മുറിയിലാകെ തൂങ്ങിയാടുന്നു. പരസ്പരം തൊട്ടുരുമ്മി കിലുകിലെ ശബ്ദമുണ്ടാക്കുന്നു. ഉച്ചുക്ക ദുബൈന്ന് കൊണ്ടുവന്ന ചോപ്പ് പിടിയുള്ള ലൈറ്റിന്റെ വെളിച്ചത്തില് കുപ്പിവളകൾക്കെന്തൊരു ബറകത്ത്! (സലിം, 17).

നോവലിന്റെ രണ്ടാമത്തെ അദ്ധ്യായത്തിൽ തന്നെ കുപ്പിവളകൾ ആരുടെ സ്ഥാനത്താണിരിക്കുന്നത് എന്ന് നമ്മൾ മനസ്സിലാക്കുന്നു. ഉമൈബയുടെ ലോകത്തിൽ കുപ്പിവളകൾ ഷാഹിത്ത എന്ന കഥാപാത്രവുമായി കൂട്ടിമുറുക്കിയിരിക്കുന്നു. ഷാഹിത്ത സ്ഥലത്തെ പ്രധാന സുന്ദരിയാണ്. 120 പേജിനുള്ളിൽ ഷാഹിത്തയുടെ കല്യാണവും പ്രസവവും കഴിയുന്നുണ്ട്. പത്താം ക്ലാസ്സ് പാസാകാൻ താല്പര്യം കാണിക്കാത്ത ഷാഹിത്ത ആണുങ്ങൾക്ക് വേണ്ടി, കുടുംബത്തിന് വേണ്ടി, സമുദായത്തിന് വേണ്ടി അണിയിച്ചൊരുക്കിയ യൗവ്വനത്തിന്റെ പടിവാതിലിന്റെ തൊട്ടു പിന്നിൽ നിൽക്കുന്ന സുന്ദരിയായ വധുവാണ്. ഷാഹിത്ത കൈകൾ അനക്കുമ്പോൾ കുലുങ്ങുന്ന കുപ്പിവളകൾ സ്ത്രീത്വത്തിന്റെ ഗോപ്യമായ സുഖങ്ങൾ ഉമൈബയ്ക്ക് കാണിച്ചു കൊടുക്കുന്നു. ഷാഹിത്തയെ ഒരു ഗവേഷകയുടെ പരിപ്രേക്ഷ്യത്തോടെയാണ് ഉമൈബ നോക്കിക്കാണുന്നത്. തലമുടിയിൽ ചൂടിയിരുന്ന മുല്ലപ്പൂമാല ഷാഹിത്ത നിലത്തേക്ക് ഇടുമ്പോൾ ഉമൈബ കുപ്പിവളകളുടെ അർത്ഥം സ്വയം മനസ്സിലാക്കുന്നു: “ഓളത് അറിഞ്ഞോണ്ടിട്ടതാ. അപ്പോ കൈയിലെ കുപ്പിവള നല്ലോണം കിലുങ്ങൂലോ. എത്ര ശ്രമിച്ചിട്ടും ഭംഗിയുള്ള ആ കൈകളിലെ കുപ്പിവളകളിൽനിന്ന് കണ്ണെടുക്കാൻ ഉമൈബാക്ക് കഴിഞ്ഞില്ല” (സലിം, 16).

ആദ്യം തോന്നിയ അസൂയയിൽ താനുണ്ടാക്കുന്ന കുപ്പിവളകൾ ഷാഹിത്തയ്ക്ക് കൊടുക്കുകയില്ല എന്ന് ഉമൈബ നിശ്ചയിക്കുന്നുണ്ടെങ്കിലും, ഉടനെ തന്നെ മനം മാറി ഉമൈബ ദെച്ചോമയോട് പറയുന്നുണ്ട് ഷാഹിത്തയ്ക്കും കുപ്പിവളകൾ കൊടുക്കുമെന്ന്. കുപ്പിവളകളുടെ ലോകത്തിൽ, സ്ത്രീകാമനയുടെ അനുഭവത്തിൽ ഉമൈബായ്ക്കും പങ്കു ചേരണം. ഈ സത്യം അവൾ തുറന്നു പറയുന്നത് ദെച്ചോമയോടാണ്. സ്ത്രീത്വത്തിനെ പറ്റിയുള്ള ഉമൈബയുടെ ഗ്രാഹ്യത്തിന്റെ ഒരു വശത്ത് ഷാഹിത്തയുടെ യൗവ്വനവും, സൗന്ദര്യവും, ലൈംഗികാകർഷത്വവും ആണ്. കൂടെ മാഹിയിലെ മുതിർന്ന പെണ്ണുങ്ങളുടെ വിവാഹിതരുടെ ലൈംഗികതയെപ്പറ്റിയുള്ള ഉദാരമായ തുറന്ന ചർച്ചകളുമാണ്. ഉമൈബ ഒളിച്ചു കേൾക്കുന്ന ഷാഹിത്താന്റെ വിവാഹരാത്രിയിലെ അമ്മമാരുടെ അടക്കം പറച്ചിലുകൾ ഇത്തരത്തിലുള്ളൊരു ലൈംഗികതയുടെ ആഘോഷമാണ്: “‘ഇന്ന് നല്ല കോളാ ഓക്ക്. കൊറച്ച് കയീമ്പോ കൂക്കീം ഒച്ചപ്പാടും കേക്ക.’ എല്ലാരും അടക്കിച്ചിരിച്ചു. സമീറത്ത ഈറ്റിച്ചി സുബൈത്താനോടു പറഞ്ഞു: ‘നാള നേരം ബെള്ക്കുമ്പോ ഓക്ക് കുളിക്കാൻ കാത്ള്ള ചെമ്പില് നല്ല ചൂടും ബെള്ളം ആക്കി ബെച്ചേക്ക് ഷാഹിദാക്ക് മേലും കയ്യും നല്ല ബേദന ഇണ്ടാഉം” (സലിം, 52).

മറു വശത്ത് ദുബായിലെ ആങ്ങളയുടെ കണ്മഷിയെ പറ്റിയുള്ള പാഠം പഠിപ്പിക്കൽ:
‘കണ്ണെഴുതുന്നതും ചുണ്ടില് കളർ തേക്കുന്നതും എല്ലാം മറ്റുള്ളോരെ, ആണ്ങ്ങളെ ആകർഷിക്കാനാ!’
‘ഇനിക്ക് ആണ്ങ്ങളെ ആകർഷിക്കണാ?’
ഉമൈബാന്റെ കണ്ണ് നിറഞ്ഞു.
‘വേണ്ട.’
‘എന്നാ പോയി കൺമഷിന്റെ ഡബ്ബ എടുത്തിട്ട് വാ…’
ഉമൈബ ഓടിപ്പോയി. കൺമഷി എടുത്തു കൊണ്ടുവന്ന് മൂത്താങ്ങളന്റെ കൈയിൽ കൊടുത്തു. പിന്നീടങ്ങോട്ട് ഒരു തരത്തിലുള്ള ഒരുക്കങ്ങളും അവൾ നടത്തിയില്ല. അങ്ങനെയിപ്പോ എനിക്കൊരാണ്ങ്ങളെയും ആകർഷിക്കണ്ട കാര്യയില്ല. (സലിം, 37)

ഇവ രണ്ടും ലക്കാനിന്റെ ഭാഷയിൽ പറഞ്ഞാൽ ഫാന്റസികളാണ്. അത് കൊണ്ടാണ് സ്ത്രീകളുടെ ജീവിതത്തിൽ ലൈംഗികതയ്ക്കുള്ള പങ്കിനെപ്പറ്റിയുള്ള ചോദ്യങ്ങൾ ഉമൈബ രഹസ്യമായി ദെച്ചോമയോട് ചോദിക്കുന്നത്. ദെച്ചോമയക്ക് ഉത്തരമില്ല താനും. “‘മണിയറന്റെ ആത്ത് കൂട്ടിയാ പുതിയാപ്ലയും പുയിറ്റാറും മുത്തം വെക്കുഓ?’ തിരിമ്പ്ന്ന കല്ലിന്റാട്ന്ന് പൈപ്പിലെ വെള്ളത്തില് കാല് കഴുകുന്ന ദെച്ചോമ പൊട്ടിച്ചിരിച്ചു. ‘ഇനിക്കിതെല്ലാം ഇന്റെ ചങ്ങായിച്ചിമാറോട് ചോയിച്ചൂടേ. ഒണങ്ങി ചുളിഞ്ഞ ഞമ്മളോടാ ഈ കിസയെല്ലാം. പോരാത്തയിന് ഞമ്മളെ മണിയറേല് കൂട്ടിക്കൂയില്ല” (സലിം, 52). ദെച്ചോമ ബാക്കി സ്ത്രീകൾ പറയുന്നത് പോലെയുള്ള ലൈംഗികതയെ പറ്റിയുള്ള ഒരു “ഫാന്റസിയും” ഉമൈബയോടു പറയുന്നില്ല. ഒരേ സമയം ഭീതിയും കൗതുകവും വെറുപ്പും ഉളവാക്കുന്ന ഒരു അനുഭൂതിയാണ് സ്ത്രീയുടെ ലൈംഗികത ഉമൈബയുടെ മനസ്സിൽ, പൊട്ടിയ കുപ്പിവളപൊട്ടു പോലെ. നോവലിന്റെ പതിമൂന്നാമത്തെ അദ്ധ്യായത്തിൽ ഉമൈബ ആദ്യമായി മെൻസ്ട്രുവെയ്റ്റ് ചെയ്യുമ്പോൾ ഉള്ള പ്രതികരണം “പേടിയാണ്” (സലിം, 104).

കുപ്പിവളയും സ്ത്രീയുടെ കാമനയും ലൈംഗികതയും തമ്മിലുള്ള സമാനത തെളിഞ്ഞു കാണുന്നത്, ഷാഹിത്തയുടെ വിവാഹപിറ്റേന്നാണ്. രാവിലെ എഴുന്നേറ്റ് കുളി കഴിഞ്ഞു വരുന്ന ഷാഹിത്തയെ ഉമൈബ കാണുന്നു:

“ജോർജെറ്റിന്റെ മഞ്ഞ സാരിയും മുക്കാക്കൈ ബ്ലൗസുമിട്ട്, മുന്താണി കഴുത്തിനു മുകളിലൂടെ ചുറ്റി പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ പമ്മി നിന്നു. നനവ് മാറാത്ത മുടി ഇല്ലിയെടുത്ത് മെടഞ്ഞു വിടർത്തിയിട്ടതിൽനിന്ന് വെള്ളത്തുള്ളികൾ ഇറ്റുവീണ് സാരിയുടെ താഴ്ഭാഗം അൽപ്പം നനച്ചു. വെളുത്തുരുണ്ട കൈയില് നേരിയ സ്വർണ്ണവളകൾ, കഴുത്തില് മുല്ലമൊട്ട് ഡിസൈനിലുള്ള മാല, പിന്നെ മഹറായി പടത്തിലു വെച്ച പേരെഴുതിയ മാല. കവിളും ചുണ്ടും ചുവന്നു തിളർത്ത് നിൽക്കുന്നു. ഇന്നലെ എഴുതിയ കൺമഷി നനഞ്ഞ കൺപീലികളെ മൊഞ്ചായി തൊട്ടുനിൽക്കുന്നു. ഉമൈബ നോക്കി നിന്നുപോയി. ‘ഇനി ഓൾക്ക് കുപ്പിവള ഇടാൻ കയ്യൂന്ന് തോന്ന്ന്നില്ല. മങ്ങലം കയ്‌ഞ്ഞോര് കുപ്പിവള ഇട്ടാല് പിയാപ്ലന്റാട്‌ത്തോരിക്ക് കൊറവാ പോലും. സമീറ്ത്തയാ പറഞ്ഞേ. അയിനെക്കൊണ്ട് കടപ്പറത്തെ പാവപ്പെട്ടോരെല്ലാം പൊന്നില്ലെങ്കില് പൊന്നിന്റെ നെറത്തില്ള്ളത്, മുക്കിന്റെയെങ്കിലും മേടിച്ചിടുംന്ന്’ ‘അപ്പൊ പിന്നെ അന്ന പോളെ ഓളിനി കുപ്പിവള കിനാവില് ഇട്ട് നടക്കട്ടെ.” (സലിം, 55)

സ്ത്രീയുടെ ലൈംഗിക കാമനകൾ, ശാരീരിക ബന്ധങ്ങളുടെ മൂർത്തസത്യങ്ങൾ എന്നിവയുടെ യാഥാർത്ഥ്യം — ലക്കാനിന്റെ യാഥാർത്ഥ്യം — ഇവിടെ കേൾക്കാം. പൊട്ടുന്ന കുപ്പിവള പൊട്ടാത്ത സ്വർണ്ണവളയായി മാറുന്നു. എന്നാൽ കുപ്പിവള സ്വപ്നത്തിന്റെ — അതായത് ഇല്ലായ്മയുടെ — ഭാഗമായി മാറുന്നു. സ്ത്രീ കാമന ഒരേ സമയം അസ്തിത്വവും അഭാവവുമാണ്. അതിനെ ഇനി പിന്തുടരാൻ പാടുള്ളതല്ല. അതിനെ വീണ്ടും പുതിയ ഉത്സാഹത്തോടെ ആസ്വദിക്കാൻ അടുക്കുമ്പോൾ അത് തെന്നി മാറും കൈയ്യിൽ നിന്നും. പിന്നെയും അതിനെ പിന്തുടർന്നാൽ സമൂഹം വിലക്കും. അതിനാൽ സ്വർണ്ണവളകൾ ധരിച്ച് ജൈവിക ക്ഷേമത്തിനായി പ്രവർത്തിക്കാൻ സ്ത്രീകൾ പ്രേരിതരാകുന്നു. എന്നാൽ ഈ കുപ്പിവളകൾ “ഒബ്‌ഷേ പെറ്റി അ” ആയ കാമനയുടെ സ്വപ്നമായി രൂപാന്തരപ്പെടുന്നു. ഉമൈബയെ പിന്തുടരുന്നു. ഉമൈബ വളകളെയും.

അവസാനമായി ഉമൈബയുടെ കുപ്പിവളകൾ നമ്മൾ കാണുന്നത് ദെച്ചോമയുടെ രോഗകിടക്കയിലാണ്. ദെച്ചോമയുടെ ശോഷിച്ചു, വരണ്ട, കറുത്ത കൈകളിൽ, സ്ത്രൈണതയുടെ യാതൊരു ആനന്ദവും അനുഭവിക്കാത്ത ശരീരത്തിൽ, ഉമൈബ താൻ കൈവശം രഹസ്യമായി കൊണ്ട് വന്ന നാല് കറുത്ത കുപ്പിവളകൾ ഇടീപ്പിക്കുന്നു. എല്ലാ നിറങ്ങളും അടങ്ങുന്ന, എന്നാൽ നിറങ്ങൾ മറച്ചു വെയ്ക്കുന്ന കറുത്ത നിറമുള്ള വളകൾ. തിരികെ പോകുന്ന വഴിയിൽ, ഉമ്മയോട് പറയാതെ, ഉമൈബ തിരികെ ഓടി പോയി തന്റെ കൈയ്യിൽ കിടന്ന സ്വർണ്ണ വളയും കൂടി ഊരി മാറ്റി ദെച്ചോമയെ ധരിപ്പിക്കുന്നു. തന്റെ ശരീരത്തിൽ നിന്നും കാമനയുടെ ആകർഷണം പറിച്ചു മാറ്റുന്ന പ്രക്രിയ പോലെയാണിത്. എല്ലാ കാമനകളുടെയും, എല്ലാ പ്രയാണങ്ങളുടെയും അന്തിമ ലക്ഷ്യസ്ഥാനം മരണത്തിന്റെ നിശ്ചലതയാണ്. ദെച്ചോമയുടെ മരണത്തിനോടുള്ള ഉമൈബയുടെ പ്രതികരണം ലക്കാനിന്റെ death -drive-നെ ഓർമ്മപ്പെടുത്തുന്നു: മരണമെന്ന നഷ്ടത്തിന് വളരെ വിലപിടിപ്പുള്ള ഒരു ദാനം ചെയ്തത് പോലെ. വേദനയുടെയും ആനന്ദത്തിന്റെയും സമാഗമം. ധാർമ്മികമായ ഒരു നഷ്ടബോധം. ഈ നഷ്ടബോധം പൂർത്തീകരിക്കുന്നത് ദെച്ചോമയുടെ മരണത്തിനെ തുടർന്നുള്ള ഉമൈബയുടെ ശരീരം പൊള്ളുന്ന പനിയിലൂടെയാണ്. ദെച്ചോമയെ പോലെ പനിപിടിച്ച് രോഗക്കിടക്കയിൽ ഉമൈബ കിടക്കുന്നു ദെച്ചോമയുടെ ആത്മാവിനെ ഓർത്തുകൊണ്ട് (സലിം 116). മാഹിയിലെ മറ്റു പല പെൺകുട്ടികൾക്കും കിട്ടാത്ത സ്ത്രീയുടെ അസ്തിത്വത്തിന്റെ യാഥാർത്ഥ്യം ഉമൈബ തിരിച്ചറിയുന്നുണ്ട്.

കൗരമാരപ്രായത്തിൽ സ്ത്രീയുടെ അസ്തിത്വരൂപീകരണത്തിൽ കാമനയുടെ നിർണ്ണായകമായ മധ്യസ്ഥത ഫാത്തി സലീമിന്റെ നോവൽ വ്യക്തമാക്കുന്നു. ശാരീരിക ആവശ്യങ്ങളുടെ സംതൃപ്തിക്കപ്പുറം, മനുഷ്യരിൽ അന്തർലീനമായിരിക്കുന്ന അഭാവത്തിന്റെയും അപൂർണ്ണതയുടെയും അവബോധം, അവയുടെ പൂർത്തീകരണത്തിനായുള്ള പ്രയാണം — ഇവയാണ് ധാർമ്മികമായൊരു അസ്തിത്വത്തിന് അടിത്തറ കുറിക്കുന്നത്. ഉമൈബ എന്ന പെൺകുട്ടിയും ദെച്ചോമയെന്ന മുതിർന്ന സ്ത്രീയും തമ്മിലുള്ള ബന്ധത്തിൽ ഈ ധാർമ്മികമായ ആത്മനിഷ്ഠ രണ്ടു കഥാപാത്രങ്ങളിലും നമ്മൾ കാണുന്നു. ഉമൈബയുടെ പ്രകാശം പരത്തുന്ന കുപ്പിവളപ്പൊട്ടുകൾ ലോലമായ സ്ത്രീകാമനയുടെ ആകർഷണത്തിന്റെയും അരക്ഷിതത്വത്തിന്റെയും മൂർത്ത ബിംബങ്ങളാണ്.

References

Doane, Mary Ann. (1987). The Desire to Desire: The Woman’s Film of the 1940s. Indiana University Press.
Freud, S. (1953). “Three essays on the theory of sexuality.” In J. Strachey (Ed. & Trans.), The standard edition of the complete psychological works of Sigmund Freud (Vol. 7). Hogarth Press. (Original work published 1905)
Irigaray, L. (1985). Speculum of the Other Woman (G. C. Gill, Trans.). Cornell University Press. (Original work published 1974).
Kaplan, E. A. (1983). Women and film: Both sides of the camera. Methuen.
Lacan, J. (1977). The seminar of Jacques Lacan, Book XI: The four fundamental concepts of psychoanalysis (J.-A. Miller, Ed.; A. Sheridan, Trans.). W. W. Norton & Company.
Lacan, J. (1988). The seminar of Jacques Lacan, Book I: Freud’s papers on technique, 1953–1954 (J.-A. Miller, Ed.; J. Forrester, Trans.). W. W. Norton & Company. (Original work published 1953–1954)
Lacan, J. (1998). On feminine sexuality, the limits of love and knowledge, 1972–1973: The seminar of Jacques Lacan, Book XX: Encore (J.-A. Miller, Ed.; B. Fink, Trans.). W. W. Norton & Company.
Lacan, J. (2014). The seminar of Jacques Lacan, Book X: Anxiety (A. R. Price, Trans.). Polity Press. (Original work published 2004)
Mulvey, L. (1975). “Visual pleasure and narrative cinema.” Screen, 16(3), 6–18. https://doi.org/10.1093/screen/16.3.6
Nelson, E. (2021). “What does a Woman Want?” Feminism and Religion. https://feminismandreligion.com/2021/05/14/what-does-a-woman-want-by-esther-nelson/
“Psychoanalytic Feminism.” (2025). Stanford Encyclopedia of Philosophy. (Original work published 2011)
സലിം, ഫാത്തി. (2022). ദെച്ചോമയും മാഹീലെ പെണ്ണുങ്ങളും. മാതൃഭൂമി ബുക്ക്സ്.
Sharpe, M. & J. Faulkner (2008). Understanding Psychoanalysis. Taylor & Francis Group.
Strouse, J. et al. (1974). “An Exchange on Freud and Women.” The New York Review, Dec. 12. https://www.nybooks.com/articles/1974/12/12/an-exchange-on-freud-and-women/

പ്രമീളാ നായരുടെ “എ പാക്കെറ്റ് ഒഫ് പീനട്ട്സ്”

എന്റെ കൂട്ടുകാരി ഉഷ പ്രമീളാ നായരുടെ ഒരു ചെറിയ ലേഖനം എനിക്കയച്ചു തന്നു. “എ പാക്കെറ്റ് ഒഫ് പീനട്ട്സ്” (A Packet of Peanuts) എന്നാണ് ലേഖനത്തിന്റെ പേര്. കലാകൗമുദിയിൽ പ്രസിദ്ധീകരിച്ചു വന്ന ലേഖനമാണ്. 1980 – കളിൽ മറ്റോ ആയിരിക്കണം. ഇഷ്യു നമ്പർ കാണാം, വർഷം തെളിഞ്ഞു കാണാൻ സാധിക്കുന്നില്ല. ഇംഗ്ലീഷിൽ “It’s peanuts!” എന്നൊരു ശൈലിയുണ്ട്. വലിയ ചിലവില്ലാതെ, ചുളുവിന് എന്തെങ്കിലും ചെയ്തു കിട്ടുന്നതിനെയാണ് “പീനട്ട്സ്” എന്ന് വിശേഷിപ്പിക്കുക. ഉദാഹരണത്തിന് വീട്ടിലെ എയർ കണ്ടീഷണർ കേടു വന്നിട്ട് നന്നാക്കേണ്ടി വന്നുവെന്നിരിക്കട്ടെ. ആയിരക്കണക്കിന് ഡോളറാവുമെന്ന് നമ്മൾ പേടിച്ചിരിക്കുമ്പോൾ, ഒരു ടെക്നിഷ്യൻ 100 ഡോളറിന് എയർ കണ്ടീഷണർ നന്നാക്കി തരുന്നു. ഈ ചുളുവിൽ കിട്ടിയ സൽക്കർമ്മം നമ്മൾ വിശേഷിപ്പിക്കുന്നത് He fixed it for peanuts really! എന്നായിരിക്കും. ഈ ശൈലിയ്ക്ക് വേറെയൊരു, അത്ര നല്ലതല്ലാത്ത അർത്ഥവുമുണ്ട്: വർഷങ്ങളോളം, ചെയ്യുന്ന ജോലിക്ക് വേണ്ടുന്ന പ്രതിഫലം കിട്ടാതെ ജോലി ചെയ്യേണ്ടി വരുന്ന അവസ്ഥ — ഇതിനെ working for peanuts എന്നാണ് വിശേഷിപ്പിക്കുക. മലയാളത്തിൽ “നക്കാപ്പിച്ച,” “പിച്ചക്കാശിന് ജോലി ചെയ്യുക” എന്നൊക്കെ പറയുന്നതിന് തുല്യം. എന്നാൽ മിക്കവാറും, കപ്പലണ്ടി പോലെ സർവ്വസാധാരണമായ, അല്ലെങ്കിൽ ഒന്നും തന്നെയല്ലാത്ത എന്തോ ഒന്ന് പ്രതീക്ഷിക്കാതെ എന്തെങ്കിലും തരുന്നതിനെയാണ് “പീനട്ട്സ്” എന്ന് വിശേഷിപ്പിക്കുന്നത്.

എനിക്കീ പ്രയോഗം ഓർമ്മ വന്നു ഈ ലേഖനം വായിച്ചപ്പോൾ. ലേഖികയുടെ ജീവിതത്തിൽ നടന്ന ഒരു ചെറിയ സംഭവം. ഒന്നുമല്ലാത്തത് പോലെയുള്ള ഒരു സംഭവം. “ഓ ഇതാണോ ഇത്ര വലിയ കാര്യം” എന്ന് വേണമെങ്കിൽ പറയാവുന്ന സംഭവം. പക്ഷെ ലേഖികയുടെ മനസ്സിൽ വലിയ ഓർമ്മകൾ വാരി വിതറിയിട്ടിട്ടാണ് ഇതിലെ ബാക്കി രണ്ടു കഥാപാത്രങ്ങളും ഓർമ്മയുടെ ആവാസസ്ഥലത്തേയ്ക്ക് മടങ്ങുന്നത്.

അമേരിക്കയിലെ സഹോദരനെ കണ്ടിട്ട് ലേഖിക തിരികെ കേരളത്തിലേയ്ക്ക് വരുന്ന യാത്രയാണ് കഥാവസ്തുവിന്റെ പശ്ചാത്തലം. ഇവിടുത്തെ മഞ്ഞുകാലം ലേഖിക വിവരിക്കുന്നതിങ്ങനെയാണ്:

“മഞ്ഞുകാലത്തെ വിറങ്ങലിച്ചു നിൽക്കുന്ന പ്രകൃതി. ജനലിൽ കൂടി പുറത്തേക്ക് നോക്കുമ്പോൾ പക്ഷികളില്ല, മൃഗങ്ങളില്ല. ഓടുന്ന നായ്ക്കളില്ല. കമ്പിളിയുടുപ്പുകളിട്ട വെളുത്ത മനുഷ്യർ കാറുകളിൽ ചലിക്കുന്നു. പടിക്കൽ കാർ നിർത്തുവാൻ തക്കം പാർത്തു നിൽക്കുന്ന പൂച്ചകൾ, കാറിന്റെ ചൂടായ ബോണറ്റിൽ കയറിക്കിടക്കുന്നു. ഇവിടുത്തെ ജനങ്ങളെയെല്ലാം ആരാണ് കാറുകളിലടച്ചിട്ടത്?”

മഞ്ഞു കാലം, പ്രകൃതിയുടെ ഭാവം, പലർക്കും പലതാണ്. ലേഖികയ്ക്ക് അത് ഒറ്റപ്പെടലിന്റെ മൂർത്തമായ അനുഭവമാണ്. പുറത്തെ തണുപ്പിൽ നിന്നും കാറിലേക്കും, കാറിൽ നിന്നും വീട്ടിലേക്കും ഓടിക്കയറുന്ന മനുഷ്യർ വിരുന്നുകാർക്ക് വിചിത്രമായി തോന്നുന്നതിൽ അത്‍ഭുതപ്പെടാനൊന്നുമില്ല. അനിയനെയും കുടുംബത്തിനെയും, പ്രത്യേകിച്ചും അനിയന്റെ പുതിയ കൈക്കുഞ്ഞിനെയും പിരിയുന്നതിന്റെ വിഷമത്തിന്റെ മൂർത്തമായ അനുഭവമാണ് മഞ്ഞുകാലം ലേഖികയ്ക്ക്. ഈ ഒറ്റപ്പെടലിന്റെ വിഷമം ലേഖികയെ പ്ലെയ്നിന്റെ ഉള്ളിലേയ്ക്കും പിന്തുടരുന്നു. ഒരു കഥാപാത്രത്തിന്റെയെന്നോണം ലേഖിക തന്റെ മനോവ്യഥ വിവരിക്കുന്നു: “കണ്ണടയഴിച്ചു കണ്ണ് തുടച്ചു. വിതുമ്പി. മൂക്കു ചീറ്റലും വിതുമ്പലും നിർത്തുവാൻ കഴിഞ്ഞില്ല.”

ലേഖനത്തിന്റെ അടുത്ത ഭാഗങ്ങൾ ലളിതസുന്ദരമാണ്. തൊട്ടടുത്ത സീറ്റിലിരുന്ന ഒരു അമേരിക്കൻ യാത്രക്കാരി ലേഖികയെ ആശ്വസിപ്പിക്കുന്നു. അവർ സുന്ദരിയും അന്ധയുമാണ്. മെല്ലെ പ്രമീളയുടെ നെറ്റിയും തലയും തലോടിക്കൊണ്ട് അവർ പറയുന്നു: “ഡോൺട് ക്രൈ. ഓൾ ഒഫ് അസ് ഫീൽ സോറി ടു ലീവ് ഔർ ഫോക്സ്! ടേക്ക് ഇറ്റ് ഈസി!”

ലിറ്റിൽ റോക്കിൽ നിന്നും സെന്റ് ലൂയിസിലേക്കുള്ള സമയം അവർ പരസ്പരം പരിചയപ്പെടുന്നു. ആ അമേരിക്കൻ സഹയാത്രിക ലേഖികയ്ക്ക് ഒരു പാക്കെറ്റ് പീനട്ട്സ് കൊടുക്കുന്നു: “ഇന്ത്യയിലെത്തിയാൽ നിങ്ങളുടെ മകൾക്ക് കൊടുക്കൂ. എന്റെ ചെറിയ ഗിഫ്റ്റ്.” ഇവിടെ എനിക്കേറ്റവും ഹൃദ്യമായി തോന്നിയത് പ്രമീള നായരുടെ ആത്മപരിശോധനയാണ്. മൂടിക്കെട്ടിയ പ്ലെയിനുള്ളിൽ കണ്ടെത്തിയ ചെറിയ കൂട്ടുകെട്ടിന്റെ പ്രാധാന്യം ലേഖിക ഇപ്രകാരം വാക്കുകളിലൊതുക്കുന്നു:

“എന്റെ മനസ്സ് ക്രമേണ ശാന്തമാവുകയാണ്. ഞാൻ എന്റെ നാട്ടിലേയ്ക്ക്, വീട്ടിലേയ്ക്ക്, സ്നേഹിക്കുന്നവരുടെയരികിലേയ്ക്ക് പോവുകയാണ്. കണ്ണുനീർ കുറയുന്നു.”

അഗാധവും, പരിപൂർണ്ണവുമായ തിരിച്ചറിവ് അടങ്ങിയിരിക്കുന്ന വാക്കുകൾ.

സെന്റ് ലൂയിസ് ട്രാൻസിറ്റ് എയർപോർട്ടാണ് . ഇന്ത്യയിലേക്കുള്ള വിമാനം ന്യു യോർക്കിൽ നിന്നുമാണ്. ന്യു യോർക്കിലേക്കുള്ള യാത്രയിൽ ലേഖിക അടുത്ത സീറ്റിലിരുന്ന ആറടി പൊക്കമുള്ള ഒരു ചെറുപ്പക്കാരനെ പരിചയപ്പെടുന്നു. വർത്തമാനത്തിനിടയിൽ അയാൾ ലേഖികയോട് പറയുന്നു അയാൾ അന്നത്തെ ദിവസം യാതൊന്നും തന്നെ കഴിച്ചിട്ടില്ല എന്നും എന്തെങ്കിലും പ്ലെയ്നിൽ കഴിക്കാൻ കിട്ടിയില്ലെങ്കിൽ –(ഇവിടെ സാധാരണ ട്രാൻസിറ്റ് ഫ്‌ളൈറ്റ്‌സിൽ മീൽ സെർവിസ്സ് ഉണ്ടാവാറില്ല) — മരിച്ചു പോകുമെന്നും പറയുന്നു. ലേഖിക മുൻപത്തെ സഹയാത്രിക കൊടുത്ത പീനട്ട്സും അനിയന്റെ ഭാര്യ കൊടുത്ത ഓറഞ്ച് ജ്യുസും അയാൾക്ക് കൊടുക്കുന്നു. അവർ പരസ്പരം പരിചയപ്പെടുന്നു. സെന്റ് ലൂയിസിൽ നിന്നും ന്യു യോർക്കിലേക്ക് വളരെ വൈകിയാണ് വിമാനം എത്തുന്നത്. ആകെ പത്തു മിനിട്ടു സമയമേയുള്ളൂ ബോംബയിലേക്കുള്ള പ്ലെയ്ൻ കിട്ടാൻ. ടി. ഡബ്യു. എയിൽ (TWA) നിന്നും പാൻ ആമിലേയ്ക്ക് (Pan Am) എത്താൻ തന്നെ പത്തു മിനിറ്റെടുക്കും. തനിക്ക് ബോംബെയിലോട്ടുള്ള വിമാനം കിട്ടുമോ എന്ന് ലേഖിക പരിഭ്രമിക്കുന്നു.

“പത്തു മിനിറ്റ് സമയമുണ്ടെങ്കിൽ ഞാൻ നിങ്ങളെ ആ വിമാനത്തിൽ തന്നെ അയയ്ക്കും. അഥവാ അത് കിട്ടിയില്ലെങ്കിൽ വിഷമിക്കേണ്ട. ന്യു യോർക്കിലെ എന്റെ അപ്പാർട്മെന്റിൽ ഞാൻ ഒറ്റയ്ക്കാണ്. ഐ വിൽ ടെയ്ക്ക് യു ഹോം വിത്ത് മി. നാളെ ബോംബേയ്ക്കുള്ള വിമാനത്തിൽ കയറ്റി വിടാം. വിഷമിക്കേണ്ട. നിങ്ങളുടെ പീനട്ട്സ് ഞാനൊരിക്കലും മറക്കില്ല.”

നമ്മളോട് ആരെങ്കിലും ദയവോടെ പെരുമാറിയാൽ നമ്മൾക്ക് അതിന്റെ കൃതജ്ഞത പലപ്പോഴും മൂന്നാമതൊരാളോടാവും പ്രത്യക്ഷമായോ പരോക്ഷമായോ നിറവേറ്റാൻ സാധിക്കുക എന്നുള്ളത് എത്ര ശരിയാണ്!

നന്മ നിറഞ്ഞ സ്നേഹത്തിന്റെ ഒരു ശൃംഖല ഈ ചെറിയ ലേഖനത്തിലുണ്ട് — അനിയൻ, അനിയന്റെ ഭാര്യ, അവരുടെ കുഞ്ഞു, അന്ധയായ സഹയാത്രിക, വിശപ്പ് സഹിക്കാൻ വയ്യാതിരുന്ന സ്‌കോട്ട് എന്ന ചെറുപ്പക്കാരൻ, പിന്നെ പ്രമീള നായർ. സ്നേഹത്തിന്റെ, കൃതജ്ഞതയോടെ ഈടുറ്റ ഒരു നാട ഇവരിലൂടെ കടന്നു പോകുന്നു. ജീവിതാനുഭവങ്ങളെ വിദഗ്ദ്ധമായി കഥയുടെ ആഖ്യാനത്തിന്റെ ചട്ടക്കൂടിലൂടെ ആവിഷ്കരിക്കുന്ന ആർദ്രത നിറഞ്ഞ ഒരു ലേഖനം. ഇതിലെ പ്രധാന കഥാപാത്രമായ, തുറന്ന മനസ്സുള്ള, കൃതജ്ഞതയുടെ പ്രതീകമായ പ്രമീള നായരേ പരിചയപ്പെടാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. Thank you, Usha.

Book Review:എംറ്റി സ്പെയ്സ് ബാഷ്‌പീകൃതയുടെ ആറാം വിരൽ

പ്രത്യേകിച്ച് ഒരു ചായ്‌വും ചെരിവും ഇല്ലാതെയാണ് ഞാൻ ദീദി ദാമോദരനും എച്ച്മുക്കുട്ടിയും ചേർന്ന് എഴുതിയ എംറ്റി സ്പെയ്സ് ബാഷ്‌പീകൃതയുടെ ആറാം വിരൽ എന്ന പുസ്തകം വായിക്കാൻ തുടങ്ങിയത്. അത് മുഴുവനും ശരിയല്ല. ഒരു ചെറിയ ചായ്‌വുണ്ടായിരുന്നു എന്ന് പറയട്ടെ: ഈ പുസ്തകം ആദ്യം പുറത്തു വന്നപ്പോൾ ഉണ്ടായ വിവാദങ്ങൾ വായിച്ചറിഞ്ഞപ്പോൾ, ഇതുപോലെയൊരു പുസ്തകം പ്രസിദ്ധീകരിക്കുന്നത് നന്നായിരിക്കും എന്നായിരുന്നു എന്റെ നിലപാട്. അത് പ്രധാനമായിട്ടും പണ്ഡിറ്റ് രവിശങ്കർ അന്നപൂർണ ദേവിയെ ഇരുട്ടിലടച്ച ചരിത്രം അറിയാവുന്നത് കൊണ്ടാണ്. പ്രഗത്ഭന്മാരായ ഭർത്താക്കന്മാർ, കാമുകന്മാർ എന്നിവർ അവരെ സഹായിച്ച സ്ത്രീകളുടെ വായടച്ചു മൂടിക്കെട്ടി വെയ്ക്കുന്ന ചരിത്രം നല്ലവണ്ണം അറിയാവുന്നത് കൊണ്ട് ഇത്തരമൊരു പുസ്തകം എനിക്ക് സ്വാഗതാർഹമായിട്ടാണ് തോന്നിയത്.

ഇപ്പോഴും ഈ പുസ്തകം പ്രസിദ്ധീകരിച്ചത് നന്നായി എന്ന് തന്നെയാണ് എന്റെ നിലപാട്. എന്നാൽ പുസ്തകം മുഴുവനും വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക് പ്രമീളനായരെ പറ്റി കൂടുതലൊന്നും തന്നെ അറിയാൻ കഴിഞ്ഞിട്ടില്ല എന്ന തോന്നൽ ബാക്കി നിൽക്കുന്നു. “എഡിറ്റിംഗ്” എന്ന പ്രക്രിയയെ പറ്റി ദീദി ദാമോദരൻ വളരെയധികം സൂക്ഷ്മമായി ഈ പുസ്തകത്തിൽ ചർച്ച ചെയ്തിട്ടുണ്ട്. എന്ത്, എങ്ങനെ, എവിടെ, എപ്പോൾ ഉൾപ്പെടുത്തണം എന്ത്, എങ്ങനെ etc. തള്ളിക്കളയണം എന്നുള്ളതിന്റെ പേരാണ് എഡിറ്റിംഗ്. ഈ പുസ്തകത്തിനും എഡിറ്റിംഗിന്റെ സ്വാധീനശക്തിയുടെ പ്രശ്നമുണ്ട്. എം. ടി. വാസുദേവൻ നായരെ പറ്റിയും, കേരളസമൂഹത്തിലെ പിതൃഭക്തിയെ പറ്റിയും, ആണ്കോയ്മയെ പറ്റിയും, പ്രത്യേകിച്ചും, മലയാള സാഹിത്യ-സിനിമ-സാംസ്കാരിക രംഗങ്ങളിലെ തലതൊട്ടപ്പന്മാരെ ചുറ്റിപ്പറ്റിയുള്ള ഭക്തിപ്രസ്ഥാനത്തെ പറ്റിയും, നന്നായിട്ട് ഈ പുസ്തകത്തിലൂടെ എനിക്ക് മനസ്സിലായിട്ടുണ്ട്. ദീദി ദാമോദരനെ പറ്റിയും, അവരുടെ കുട്ടിക്കാലത്തെ പറ്റിയും, അച്ഛനെ പറ്റിയും, അമ്മയെ പറ്റിയും, എച്ച്മുക്കുട്ടിയെ പറ്റിയും, സംഘടിതയെ പറ്റിയും, പിന്നെ മലയാള സാഹിത്യത്തിലേയും പ്രസിദ്ധീകരണരംഗത്തിലെയും കുറെയേറെ നായന്മാരെയും അല്ലാത്തവരെയും പറ്റിയും ഒക്കെ മനസ്സിലാക്കാൻ കഴിഞ്ഞു.

പക്ഷെ പ്രമീള നായരെ പറ്റി വലുതായിട്ടൊന്നും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. “എം . ടി. വാസുദേവൻ നായരുടെ ആദ്യത്തെ ഭാര്യ” എന്നതിലപ്പുറം അവർക്ക് തീർച്ചയായും ഒരു ജീവിതമുണ്ടായിരുന്നുവെന്നുള്ളത് വ്യക്തമാണ്. അവരുടെ ഉള്ള ഫോട്ടോകളിൽ കാണാൻ കഴിയുന്ന തിളങ്ങുന്ന ചിരിച്ച മുഖം, അവരുടെ ദീർഘകാല സൗഹൃദങ്ങൾ, അവരുടെ ശിഷ്യർ, അവരുടെ കൂടെ ജോലി ചെയ്തവർ, അവരുടെ സഹോദരങ്ങൾ, അവരുടെ മകൾ, പേരക്കുട്ടി എന്നിവരെയൊക്കെ ഉൾപ്പെടുത്തിയുള്ള ഒരു പുസ്തകമായിരുന്നുവെങ്കിൽ പ്രമീള നായർ ബഹുമുഖിയായ, വൈവിധ്യമുള്ള ഒരു വ്യക്തിത്വമായിട്ട് നമുക്ക് മനസ്സിലായേനെ എന്ന് തോന്നിപോയി.

“എം. ടി വാസുദേവൻ നായരുടെ ആദ്യ ഭാര്യ” എന്ന മുറിയിൽ അവരെ പൂട്ടിയിട്ട പോലെയുള്ള ഒരു വീർപ്പുമുട്ട് എനിക്കനുഭവപ്പെട്ടു എന്ന് ആദ്യം തന്നെ പറഞ്ഞു കൊള്ളട്ടെ. പ്രത്യേകിച്ചും ദീദി ദാമോദരൻ “ഇലെയ്‌ൻ ഷൊവോൾട്ടർ” “ഗൈനോക്രിട്ടിസിസം” മുതലായ ഫെമിനിസ്റ്റ് ചിന്തകരെയും, ഫെമിനിസ്റ്റ് പ്രത്യയശാസ്ത്രത്തെയും പലപ്പോഴും പരാമർശിക്കുന്നുണ്ട് താനും. ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വലിയ സംഭവം അവരുടെ കല്യാണമാണെന്ന് താൽക്കാലികമായിട്ട് അംഗീകരിക്കുന്നുവെന്ന് തന്നെ വെയ്ക്കട്ടെ. പക്ഷെ അത്തരമൊരു സമീപനം വിമര്ശനയുക്തിയോടെ എടുക്കേണ്ട ഒന്നാണെന്ന് തോന്നുന്നു. വിവാഹമാണോ ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വലിയ സംഭവം? പ്രമീളനായർ അവരാൽ കഴിയുന്ന രീതിയിൽ ഒരു നല്ല ജീവിതം ജീവിച്ച വ്യക്തിയാണെന്നാണ് ഈ പുസ്തകം വായിച്ചാൽ തോന്നുക.

മുൻപിൽ നിന്നും പുറകിൽ നിന്നും വായിക്കാവുന്ന ഒരു പുസ്തകമാണിത്. ഒരു വശം ദീദി ദാമോദരന്റെ ലേഖനങ്ങൾ. മറു വശത്ത് എച്ച്മുകുട്ടിയുടെയും. ബാഷ്‌പീകൃതയുടെ ആറാം വിരൽ എന്ന തലക്കെട്ടിനെക്കാൾ എനിക്കിഷ്ടപ്പെട്ടത് എംറ്റി സ്പെയ്സ് എന്നുള്ള ശീർഷകമാണ്. എന്ത് കൊണ്ടെന്നാൽ പണ്ട് മുതൽക്കേ തന്നെ എന്റെ ഒരമ്മാവൻ എം. ടി. വാസുദേവൻ നായരെ “എംപ്റ്റി വാസുദേവൻ നായർ” എന്ന് ചുമ്മാ ഒരു തമാശയ്ക്ക് വിശേഷിപ്പിച്ചിരുന്നു. തകർന്ന നായർ തറവാടുകളും സദാ സമയം കണ്ണ് തുടയ്ക്കുന്ന അമ്മമാരും മറ്റും കൊണ്ട് നിറഞ്ഞിരിക്കുന്ന എം. ടി വാസുദേവൻ നായരുടെ കഥകളുമായി, ആ ലോകവുമായി, ഒരല്പം പോലും താദാത്മ്യം ഒരിക്കലും തോന്നിയിട്ടില്ലാത്ത വായനക്കാരിയാണ് ഞാൻ. അത് കൊണ്ടായിരിക്കണം “ബാഷ്‌പീകൃത” എന്ന പ്രയോഗം എനിക്ക് ഒട്ടും സ്വാഭാവികമായി തോന്നിയില്ല. സുതാര്യമല്ലാത്ത, ദുർഗ്രഹമായ ഒരു ഭാവാവിഷ്കാരമായി തോന്നി എനിക്കീ വാക്ക്. പുരാണങ്ങളിലും മറ്റുമുള്ള മഹർഷിമാർ അവരുടെ തികച്ചും യുക്തിഹീനമായ കോപത്തിന് വശമായവരെ ശപിച്ച് കത്തി ചാമ്പലാക്കുന്ന പ്രക്രിയയാണിത് എന്ന് ദീദി ദാമോദരൻ വ്യക്തമാക്കുന്നു:

“അനിഷ്ടം തോന്നിയതിനെ ഭസ്മമാക്കൽ മുനിവര്യന്മാരിൽ നിന്നും തുടങ്ങിയതാണ്. അതാണ് ബാഷ്പീകരണം. ജീവിച്ചിരിക്കെത്തന്നെ ആരെയും അങ്ങിനെ ഇല്ലാതാക്കുന്ന വിദ്യയാണിത്. പൊതു ഇടത്തിൽ നിന്നും ഇല്ലാതാക്കി അദൃശ്യതയുടെ ഇരുട്ടിൽ കുഴിച്ചു മൂടൽ. ഇഷ്ടവിഗ്രഹത്തിന്റെ ആരാധകർ കൂട്ടമായി ചേർന്ന് നടത്തുന്ന ഒരു തരാം ആഭിചാരപ്രയോഗമാണിത്. അത്തരമൊരു നിശ്ശബ്ദഹിംസയ്ക്ക് വിധേയമാക്കപ്പെട്ട് നമ്മുടെയൊക്കെ ഓർമ്മയിൽ നിന്നും മാഞ്ഞുപോയ അസംഖ്യം സ്ത്രീകളിൽ ഒരാളുടെ പേരാണ് പ്രമീളാ നായർ. “(“ആമുഖം,എംറ്റി സ്പെയ്സ് ബാഷ്‌പീകൃതയുടെ ആറാം വിരൽ)

ഇവിടെ ദീദി ദാമോദരൻ പറഞ്ഞിരിക്കുന്നത് പോലെ “നമ്മുടെയൊക്കെ ഓർമ്മയിൽ നിന്നും മാഞ്ഞുപോയ അസംഖ്യം സ്ത്രീകളിൽ ഒരാളുടെ പേരാണ് പ്രമീളാ നായർ” എന്നതിനോട് യോജിക്കാൻ വിഷമം തോന്നുന്നു. തീർച്ചയായും പ്രമീളാ നായർ എന്ന “സ്ത്രീയെ” അവരുടെ മകൾ തൊട്ട് ബാക്കി അനേകം മനുഷ്യർ തീർച്ചയായും ഓർക്കുന്നുണ്ട്. അതിന്റെ തെളിവ് ഈ പുസ്തകത്തിൽ തന്നെയുണ്ട്. പ്രമീളാ നായരെ മറന്നിരിക്കുന്നത് മലയാളികൾ വിധേയാസക്തിയോടെ പൂജിക്കുന്ന “സാഹിത്യ-സിനിമ-സാംസ്കാരിക” ലോകത്തിൽ മാത്രമാണ്. ഒരു മനുഷ്യജീവിതത്തിന്റെ നിറവ് കൽപ്പിക്കുന്നത് എഴുത്തുകാരും എഡിറ്റർമാരും പ്രസിദ്ധീകരണശാലകളും മാത്രമല്ലല്ലോ. കുടുംബവും, മക്കളും, കൂട്ടുകാരും, ശിഷ്യരും ഒക്കെയാണ്. ഭർത്താവോ എഡിറ്ററോ മാത്രമല്ല. എന്ത് കൊണ്ടോ എനിക്ക് പ്രമീളാ നായരുടെ മകളെ ഓർക്കുമ്പോൾ അവർ ഒരിക്കലും ഒരു “ബാഷ്‌പീകൃത” ആണെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല.

ദീദി ദാമോദരന്റെ ഭാഗം പത്ത് അദ്ധ്യായങ്ങളിലാണ്. (പുസ്തകത്തിന് അദ്ധ്യായസൂചിക ഇല്ല. അടുത്ത പതിപ്പിൽ അതും കൂടെ ഉൾപ്പെടുത്തണം.)

1.ആമുഖം: തിരസ്കൃതമായ ആറാം വിരൽ
2.ചരിത്രത്തിൽ ഇല്ലാത്ത കാലം
3.തല കുനിക്കാത്ത സൗന്ദര്യം
4.ആത്മഹത്യ രാജലക്ഷ്മിയിലും പ്രമീളയിലും
5.തന്റേടിയായ ഭാര്യയ്ക്കുള്ള സിനിമാമറുപടികൾ
6.അന്ത്യനിമിഷം കരുതിവെച്ചത്
7.ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും
8.മരണാനന്തരനീതി
9.ദേശാടനക്കിളി കരയാറുണ്ട്
10.ഉപസംഹാരം

ദീദി ദാമോദരൻ ഇവിടെ പറയുന്ന കഥ നമ്മളിൽ പലർക്കും പരിചിതമായ കഥയാണ്. ഒരു കുടുംബം — ഭാര്യ, ഭർത്താവ്, കുഞ്ഞുങ്ങൾ– നമ്മുടെ സുഹൃദ്‌വലയത്തിന്റെ ഉറച്ച ഭാഗമായി തീരുന്നു. കുറച്ചു നാൾ കഴിയുമ്പോൾ അവർ വിവാഹബന്ധം വേർപെടുത്തുന്നു. നമ്മൾക്കും അപ്പോൾ ഒരു തീരുമാനം എടുക്കേണ്ടതുണ്ട്‌ : നമ്മൾ ആരുടെ കൂടെയാണ് നിൽക്കാൻ പോകുന്നത്? ഭാര്യയുടെ കൂടെയോ? ഭർത്താവിന്റെ കൂടെയോ? (എനിക്കിപ്പോഴും ഓർമ്മയുണ്ട് — എന്റെ കല്യാണസമയത്ത് എന്നെ വളരെ വർഷങ്ങളായി അറിയാമായിരുന്ന, എന്റെ ഭർത്താവിനെ ഒന്നോ രണ്ടോ ദിവസം മാത്രം പരിചയമുണ്ടായിരുന്ന, എന്റെ ഒരു ഗുരുനാഥ എന്നോട് പറഞ്ഞത് — “Gayatri, if you get divorced, I am taking Krish’s side.” സൗമ്യശീലനായ എന്റെ ഭർത്താവും ഞാനും ഇപ്പോഴും ഒരുമിച്ചാണ്. പക്ഷെ വിക്റ്റോറിയ പറഞ്ഞതിന്റെ സത്യം എനിക്ക് നല്ലവണ്ണം ബോധ്യമുണ്ട്.)

ഈ നിർണ്ണായകമായ തീരുമാനം ദീദി ദാമോദരൻ ഇങ്ങനെയാണ് വിശദീകരിക്കുന്നത്:

“പ്രമീള ടീച്ചറുമായുള്ള പിരിയലിൽ അച്ഛൻ എംടിയോടൊപ്പമാണ് നിന്നിരുന്നത്. എന്നാൽ അമ്മയും വല്യാന്റിയും ടീച്ചർക്കൊപ്പം ഉറച്ചുനിന്നതോടെ പിന്നീട് എംടിയ്ക്ക് ഞങ്ങളുടെ വീട്ടിലേയ്ക്ക് പഴയതുപോലെ വരാനാവില്ലായിരുന്നു. വീട്ടിൽ ഏറ്റവും അസ്വീകാര്യനായ മനുഷ്യനായി എംടി മാറി. അദ്ദേഹം വീട്ടിൽ വരുന്നത് അമ്മയ്ക്ക് പ്രയാസമായിരുന്നു. അതിന്റെ ഭാഷ മഹാസാഹിത്യകാരനായ എംടിയ്ക്ക് മനസ്സിലായിട്ടുമുണ്ടാകും. അതിനദ്ദേഹം അമ്മയോട് ഒരിക്കലും പൊറുത്തിട്ടില്ല. അച്ഛൻ പക്ഷെ ആ സൗഹൃദം തുടർന്നും നിലനിർത്തിയിരുന്നു.” (49)

പ്രശസ്ത മലയാള തിരക്കഥാകൃത്തായിരുന്ന ടി. ദാമോദരന്റെ മകളായ ദീദി ദാമോദരനും കുടുംബവും ഒരു തലമുറയിലെ കേരളത്തിലെ സാഹിത്യ-സാംസ്കാരിക-സിനിമാ രംഗത്തെ “first family” എന്ന് തന്നെ വിശേഷിപ്പിക്കാവുന്നവർ ആണ് . അത് കൊണ്ട് തന്നെ കേരളത്തിലെ പല പ്രഗത്ഭന്മാരും ഈ അദ്ധ്യായങ്ങളിൽ കൂടി കടന്ന് പോകുന്നുണ്ട്. ഇവരിൽ എല്ലാവരും തന്നെ ദീദി ദാമോദരന്റെ അച്ഛൻ എംടിയുടെ കൂടെ നിന്നത് പോലെ എംടി – പ്രമീളാ നായർ വിവാഹമോചനത്തിൽ എംടിയുടെ വശത്ത് നിന്നവരാണ്. പിരിഞ്ഞ ഭാര്യയും ഭർത്താവും രണ്ടു പേരും എഴുത്തു മേഖലയിൽ പ്രവർത്തിക്കുന്നവർ ആയിരുന്നപ്പോൾ ഇവരിൽ പലരും എംടിയെ പിണക്കാതിരിക്കാൻ പ്രമീളാ നായരുടെ എഴുത്തുജീവിതം അവരാൽ കഴിയുന്ന രീതിയിൽ അടച്ചു പൂട്ടിയവരുമാണ്.

ഇവരുടെ ഭീരുത്വം വിളിച്ചു പറയുന്ന പ്രവർത്തികൾ ദീദി ദാമോദരൻ വ്യക്തമായി വിശദീകരിക്കുന്നുണ്ട്. ഇവയിൽ പലതും നമ്മൾ കേട്ടിട്ടുണ്ട്. മലയാളനാടിൽ പ്രസിദ്ധീകരണം ചെയ്തിരുന്ന പ്രമീള നായരുടെ നോവലിന്റെ പകുതിവെച്ചുള്ള നിർത്തിവെയ്ക്കാൻ. എംടി എഡിറ്റർക്കയച്ച പ്രസ്തുത കത്ത്, എംടി മകൾക്ക് വേണ്ടിയെഴുതാത്ത കത്ത്, പ്രമീളാ നായരുടെ മരണസമയത്ത് എംടി പോകാതിരുന്നത് — ഇവയാണ് ഈ ശൃംഖലയിലെ പ്രധാന കണ്ണികൾ. ദീദി ദാമോദരൻ വേറെയും ചില ഗൂഡാലോചന എന്ന് തോന്നിപ്പിക്കുമാറുള്ള വസ്തുതകൾ ചർച്ച ചെയ്യുന്നുണ്ട്, ആദ്യത്തെ അദ്ധ്യായങ്ങളിൽ : പ്രമീളാ നായരുടെയും എംടിയുടെയും വിവാഹ തീയതി, വിവാഹമോചനത്തിന്റെ വര്ഷം, മകൾ സിതാരയുടെ ജനനത്തീയതി, ആ കുട്ടി SSLC പാസ്സായ വർഷം എന്നിങ്ങനെ — സ്വന്തം കളക്ഷനിലുള്ളവയും ബന്ധുക്കളുടെയും കൂട്ടുകാരുടെയും മറ്റും ശേഖരത്തിൽ നിന്നും എടുത്തവയും ആയിട്ടുള്ള ഫോട്ടോകളുടെയും മറ്റ് ആന്തരിക തെളിവുകളുടെയും ബലത്തിൽ ഡോ. കെ. ശ്രീകുമാർ രചിച്ച എംടിയുടെ സമഗ്ര ജീവിതചരിത്രത്തിലും വിക്കിപീഡിയയിലും ഉള്ള വസ്തുതകൾ തെറ്റെന്ന് തോന്നിപ്പിക്കുമാറുള്ള ചില വിശദാംശങ്ങൾ ഈ അദ്ധ്യായങ്ങളിൽ കാണപ്പെടുന്നുണ്ട്. ഇതിൽ ചില വ്യതിയാനങ്ങൾ ഗൗരവാർഹമാണെന്ന് തോന്നുന്നു. പ്രത്യേകിച്ചും മകൾ സിതാരയുടെ ജനനത്തീയതിയും SSLC പാസ്സായ തീയതിയും ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ. പക്ഷെ അലക്ഷ്യമായ ഗവേഷണത്തിന്റെ പരിണതഫലം എന്നതിലുപരി ഇവയ്ക്ക് വേറെ പ്രസക്തിയുണ്ടോ എന്ന് സംശയമുണ്ട്.

ഇത് പോലെ വേറെയും ചില ചർച്ചകൾ പൊതുവെ ഗൗരവമുള്ള ഒരു വിഷയത്തിന് — പ്രമീളാ നായരുടെ സാംസ്കാരികവേദിയിലെ അടിച്ചേല്പിക്കപ്പെട്ട തിരോധാനം എന്ന വിഷയം — അല്പം മങ്ങൽ ഏൽപ്പിക്കുന്നുണ്ട്. അതിൽ ഏറ്റവും എടുത്തു പറയണമെന്ന് തോന്നുന്നത് സ്ത്രീകൾ സ്ത്രീകളെ അവമതിയോടെ പരാമര്ശിക്കുന്നതാണ്. കേരളത്തിലെ മുഖ്യധാരാ ഫെമിനിസ്റ്റുകൾ — സംഘടിതയിലെ അജിതയും സാറ ജോസെഫും ഉൾപ്പടെ — പ്രമീളാ നായരേ തിരസ്കരിച്ചതായി ദീദി ദാമോദരൻ വിവരിച്ചിട്ടുണ്ട്. എന്നാൽ ആദ്യ ഭാര്യയുടെ കൂട്ടുകാർക്ക് രണ്ടാമത്തെ ഭാര്യയോടുള്ള അതൃപ്തി ദീദി ദാമോദരന്റെ ഭാഷയിലും ഉണ്ട്. ഈ പുസ്തകത്തിൽ എം ടി വാസുദേവൻ നായരുടെ രണ്ടാമത്തെ ഭാര്യയായ കലാമണ്ഡലം സരസ്വതിയെ പരാമര്ശിക്കുമ്പോഴൊക്കെ അവരെ “സിതാരയെ നൃത്തം പഠിപ്പിക്കാൻ വീട്ടിൽ വന്നിരുന്ന ഡാൻസ് ടീച്ചർ” എന്നാണ് എടുത്തു പറഞ്ഞിരിക്കുന്നത്. അവരിപ്പോഴും ജീവിച്ചിരിപ്പുണ്ടല്ലോ. കുറഞ്ഞത് ഇപ്പോൾ എഴുപതോ എഴുപത്തഞ്ചോ വയസ്സും ഉണ്ടായിരിക്കേണ്ടതാണ്. മാത്രമല്ല അവർ പൊതു വ്യക്തിത്വം ഉള്ള സ്ത്രീയുമാണ്. എംടി വാസുദേവൻ നായരുടെ ഭാര്യ മാത്രമല്ല. പ്രമീളാ നായർ അവരെ എങ്ങിനെയാണ് കണ്ടിരുന്നത് എന്ന് ഈ പുസ്തകത്തിൽ ചർച്ച ചെയ്തിട്ടില്ല. പക്ഷെ മകൾ സിതാരയുടെ വാക്കുകൾ ഉദ്ധരിച്ചിട്ടുമുണ്ട്; തന്റെ “അച്ഛനും അവരും തമ്മിലുള്ള ബന്ധം ഞെട്ടലോടെയാണ് ഞങ്ങളറിഞ്ഞത്” (31) എന്ന് സിതാരയുടെ ഇമെയിൽ പരാമർശം സമഗ്ര ജീവചരിത്രത്തിൽ നിന്നും ദീദി ദാമോദരൻ ഉദ്ധരിച്ചിട്ടുണ്ട്. ഒരു ഭാര്യക്കോ, മക്കൾക്കോ ഉള്ള അനുഭവമല്ലല്ലോ നമ്മൾ എഴുത്തുകാരിൽ നിന്നും പ്രതീക്ഷിക്കുന്നത്. തന്റെ വിഷയവുമായി — പ്രമീളാ നായരുമായി — ദീദി ദാമോദരൻ വൈകാരികമായി കുഴഞ്ഞു മറിഞ്ഞു പോകുന്നതായി തോന്നി ഈ പ്രസ്തുത ഭാഗങ്ങൾ വായിച്ചപ്പോൾ.

“എംടിയാകട്ടെ, സിതാരയെ നൃത്തം പഠിപ്പിക്കാൻ വീട്ടിൽ വന്നിരുന്ന ഡാൻസ് ടീച്ചറെ വിവാഹം കഴിച്ച് അതിലൊരു കുഞ്ഞും പിറന്നിരുന്നു.” (73)

“1976 – ഇൽ എംടി വാസുദേവൻ നായർ വിവാഹമോചിതനായി എന്നും മകൾ സിതാരയുടെ നൃത്താധ്യാപികയെ തൊട്ടടുത്ത വര്ഷം അദ്ദേഹം ജീവിതപങ്കാളിയാക്കി എന്നുമാണ് ജീവചരിത്രത്തിൽ ആഖ്യാനം. 1977 ഒക്ടോബർ 30 ഞായറാഴ്ച, മലയാളമാസം തുലാം പതിനാലിന് കുടുംബദേവതയായ കൊടിക്കുന്നത്തമ്മയുടെ സന്നിധിയിൽ വെച്ച് താലികെട്ടി എന്നും. പ്രമീളാ നായരേ ജീവിതപങ്കാളിയാക്കിയ കാലത്ത് അമ്പലത്തിനും പള്ളിക്കും കൊടുക്കാത്ത വിശുദ്ധി രജിസ്ട്രാർക്ക് കൊടുക്കാൻ തനിക്ക് താത്പര്യമുണ്ടായിരുന്നില്ല. അത് കൊണ്ട് രജിസ്റ്റർ കച്ചേരിയിൽ പോയില്ല എന്നായിരുന്നു എംടിയുടെ മതം. എന്നാൽ 1977 – ഇൽ വീണ്ടും വിവാഹം കഴിക്കുന്ന വേളയിൽ ആ മതം മാറി എന്ന് മാത്രം. അമ്പലവും താലികെട്ടും ഒക്കെ സ്വീകാര്യമായി.” (91)

എനിക്കും നിങ്ങൾക്കും ഉള്ളത് പോലെ തന്നെ, എംടി വാസുദേവൻ നായർക്കും തന്റെ മതം മാറ്റാൻ സ്വാതന്ത്ര്യമുണ്ട്. അതിവിടെ ഇങ്ങനെ പറഞ്ഞത് വായിച്ചപ്പോൾ അത് വേണ്ടിയിരുന്നില്ല എന്ന് തോന്നി പോയി.

മുൻപ് സൂചിപ്പിച്ചതു പോലെ, “എഡിറ്റിംഗ്” എന്ന സർഗ്ഗ ക്രിയ ഈ പുസ്തകത്തിന്റെ സുപ്രധാനമായ ഒരു ചട്ടക്കൂടാണ്. പ്രമീളാ നായരുടെ ജീവിതത്തിലെ പ്രധാന വില്ലന്മാർ ഒരു പിടി എഡിറ്റർമാരാണ് എന്ന് ദീദി ദാമോദരൻ സൂചിപ്പിക്കുന്നുണ്ട്: “ഏതൊക്കെ ദൃശ്യങ്ങൾ കൂട്ടിച്ചേർക്കുമ്പോഴും ഏതൊക്കെ ഒഴിവാക്കുമ്പോഴുമാണ് സിനിമയിലെ ഒരു ദൃശ്യത്തിന് ആവശ്യമായ ഉദ്ദേശിച്ച അർത്ഥങ്ങൾ കിട്ടുക എന്നതിന്റെ പല സാധ്യതകൾ പരീക്ഷിച്ചാണ് എഡിറ്ററും സംവിധായകനും അവസാനം ഒരു തീരുമാനത്തിലേക്ക് എത്തുന്നത്, എഴുത്തിന്റെ ചിട്ടപ്പെടുത്താലും അങ്ങിനെത്തന്നെയാണ് . . . അതാണ് എഴുത്തിലെ അധികാരത്തിന്റെ മുഖം. രചനയുടെ വേളയിൽ അറിഞ്ഞും അറിയാതെയും അത് സംഭവിക്കുന്നു: ഉൾപ്പെടുത്തലും ഒഴിവാക്കലും” (54). “ഒരു എഴുത്തുകാരി എന്ന നിലയിൽ പ്രമീളാനായരെ ഒരിക്കൽ പോലും എംടി പരിഗണിച്ചിട്ടേ ഇല്ല” എന്ന് ദീദി ദാമോദരൻ പറയുന്നുണ്ട് (55). മാതൃഭൂമിയുടെ എഡിറ്റർ ആയിരുന്ന എംടി വാസുദേവൻ നായരും ബാക്കി പല പല പ്രസിദ്ധീകരണങ്ങളുടെ എഡിറ്റര്മാരും പത്രാധിപരും ഒത്തു ചേർന്ന് പ്രമീളാ നായരേ മലയാളസാഹിത്യത്തിൽ ഉയർന്നു വരാൻ അനുവദിച്ചില്ല എന്നതിന് ധാരാളം തെളിവുകൾ ദീദി ദാമോദരൻ സമർത്ഥിച്ചിട്ടുണ്ട്. ഇതൊക്കെ തികച്ചും അതിദുഷ്ടകരമായ പ്രവർത്തികളുമാണ്.

എന്നാൽ, ഇവരുടെ കുൽസിത പ്രവർത്തികളുടെ കെണിയിൽ വീഴാതെ അന്നത്തെ കാലത്ത്, 1981 – ഇൽ, മലയാളനാട് നഷ്ടബോധം എന്ന നോവലിന്റെ പ്രസിദ്ധീകരണം നിർത്തി വെച്ചപ്പോൾ — എംടി വാസുദേവൻ നായരുടെ നിർദ്ദേശത്തിൽ എന്ന് പൊതുസമ്മതം — പ്രമീളാ നായർ “സ്വന്തം കൈയ്യിൽ നിന്നും കാശെടുത്ത്” അച്ചടിപ്പിച്ച് ഈ നോവൽ പ്രസിദ്ധീകരിച്ചു. അത് പോലെ 1992 – ഇൽ ഗൗതമി എന്ന പെൺകുട്ടി യും കോഴിക്കോട്ടെ പൂർണ്ണ പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ചു (“ആമുഖം”). ഈ കാര്യങ്ങളും നല്ലവണ്ണം ഊന്നിപ്പറയേണ്ട കാര്യങ്ങളാണ്. മാതൃഭൂമിയിൽ പ്രമീളാ നായരേ പ്രസിദ്ധീകരിച്ചില്ല എന്ന് പലവട്ടം ദീദി ദാമോദരൻ പറയുന്നുണ്ട്. അത് ശരിയുമാണ്. പക്ഷെ പ്രമീളാ നായരെന്ന എഴുത്തുകാരിക്ക് ഇങ്ങനെയും ഒരു മുഖമുണ്ടായിരുന്നു എന്നത് വളരെ പ്രാധാന്യമുള്ള വസ്തുതയാണ് എന്നാണെനിക്ക് തോന്നുന്നത്. പ്രമീളാ നായരുടെ ഈ മുഖത്തിനെ കുറിച്ച് ഈ പുസ്തകത്തിൽ കുറച്ചു കൂടി വസ്തുതകൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോകുന്നു. എഡിറ്റിംഗ് ഉൾപ്പെടുത്താലും ഒഴിവാക്കലും മാത്രമല്ല; എന്ത് ഊന്നി പറയണം എന്ത് തെന്നി നീങ്ങണം എന്നുള്ളതും കൂടി ചേർന്നതാണ്.

വാസ്തവത്തിൽ ഈ പുസ്തകത്തിന് കുറച്ചും കൂടി ശക്തി കിട്ടിയേനെ ഇതിലെ ചില ഭാഗങ്ങൾ മുഴുവനോടെ എടുത്ത് മാറ്റിയിരുന്നെങ്കിൽ. അതായത് പ്രമീളാ നായരേ കുറച്ചും കൂടി അടുത്തറിയാൻ സഹായകമായേനെ. 1922 – ഇൽ റ്റി എസ് എലിയറ്റ് തന്റെ കവിത The Wasteland തന്റെ കൂട്ടുകാരനായ എസ്ര പൗണ്ടിനാണ് സമർപ്പണം ചെയ്തത് — “Il miglior fabbro” (“To the Better Craftsman”) എന്ന വാക്യത്തോടെ. പൗണ്ട് 800 വരികളിൽ നിന്നും 433 വരികളായിട്ട് എലിയറ്റിന്റെ കവിത വെട്ടിച്ചുരുക്കി. ആരെന്ത് പറഞ്ഞാലും പൗണ്ടിന്റെ എഡിറ്റിംഗ് എലിയറ്റിന്റെ കവിതയെ വായിക്കാൻ സുഖമുള്ളതായി മാറ്റി. ദീദി ദാമോദരന്റെ പുസ്തക ഭാഗത്തിൽ നിന്നും ഇതിലെ “ആത്മഹത്യ രാജലക്ഷ്മിയിലും പ്രമീളയിലും” എന്ന അദ്ധ്യായവും, “തന്റേടിയായ ഭാര്യയ്ക്കുള്ള സിനിമാമറുപടികൾ” എന്ന അദ്ധ്യായവും വാസ്തവത്തിൽ ഈ പുസ്തകത്തിന് ആവശ്യമുണ്ടോ എന്നെനിക്ക് തീർച്ചയില്ല.

“ആത്മഹത്യ രാജലക്ഷ്മിയിലും പ്രമീളയിലും” വളരെ ഊഹാപോഹപരമായ അദ്ധ്യായമാണ്. 34 – മത്തെ വയസ്സിൽ ആത്മഹത്യ ചെയ്ത എഴുത്തുകാരി രാജലക്ഷ്മിയുടെ ജീവിത-മരണ തീരുമാനങ്ങളും പ്രമീളാ നായരുടെ ജീവിതവും തമ്മിൽ വളരെയധികം സാമ്യങ്ങൾ ഉണ്ടെന്ന് ദീദി ദാമോദരൻ വാദിക്കുന്നു. പരോക്ഷമായി എൻ വി കൃഷ്ണവാര്യരും എം ടി വാസുദേവൻ നായരും മറ്റും രാജലക്ഷ്മിയുടെ ആത്മഹത്യയെപ്പറ്റി പറഞ്ഞത് “”പ്രമീളാനായരുടെ ജീവിതത്തിനും ബാധകമല്ലേ”? (59) എന്ന് ദീദി ദാമോദരൻ ചോദിക്കുന്നു. “ഒരു പെൺകുട്ടിയെ പ്രസവിച്ചുപോയത് കൊണ്ട് മാത്രമാണ് പ്രമീളാ നായർ ആത്മഹത്യ ചെയ്യാതിരുന്നത്” (60) എന്നും ദീദി ദാമോദരൻ പ്രസ്താവിക്കുന്നുണ്ട്. എന്താണ് ഇതിന്റെ തെളിവ്? പ്രമീളാനായരുടെ നോവലായ നഷ്ടബോധത്തിലെ നായിക മൂന്നിടത്തെങ്കിലും ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നുണ്ട് എന്നുള്ളതാണ്. “മൂന്നും മകൾ ഉണ്ടായത് കൊണ്ട് മാത്രം തട്ടി നീക്കിയ മരണങ്ങളാണ്” (60).

ഇതൊരു തെളിവാണോ?

ഇത് ഗൈനോക്രിട്ടിസിസം അല്ല. ബയോഗ്രഫിക്കൽ ക്രിട്ടിസിസം ആണ് എന്നാണ് എനിക്ക് തോന്നുന്നത്. അല്ലെങ്കിൽ ജീവചരിത്ര നിരൂപണം. ഒരു എഴുത്തുകാരിയുടെ ജീവിതം, അനുഭവങ്ങൾ, വ്യക്തിപരമായ ചരിത്രം, ബന്ധങ്ങൾ, വിശ്വാസങ്ങൾ, ശാശ്വതവും ആഘാതകരവുമായ സംഭവങ്ങൾ — ഇവയൊക്കെ അവരുടെ കൃതികളെ അതുപോലെ തന്നെ രൂപപ്പെടുത്തുന്നു എന്ന് വാദിക്കുന്നതാണ് ഇത്തരത്തിലുള്ള നിരൂപണം. ഈ സമീപനം ഊഹാപോഹമല്ലാത്ത ഒരു തലത്തിലേക്ക് വായനയെ ഉയർത്തുന്നുണ്ടോ എന്ന് സംശയമുണ്ട്. ഒരു തരത്തിൽ കഥ പറയുന്നവരൊക്കെ സ്വന്തം ജീവിതത്തിൽ നിന്നും എന്തെങ്കിലുമൊക്കെ എടുക്കുന്നവരാണ്. പക്ഷെ അത് ജീവിതം തന്നെയാണ് എന്ന് വായിക്കുന്നത് ഒരു തരം circular argument ആണെന്ന് തോന്നുന്നു. ഒരു എഴുത്തുകാരിയുടെ എഴുത്തുപയോഗിച്ച് അവരുടെ ജീവിതം വിശദീകരിക്കുക. എന്നിട്ട് അവരുടെ ജീവിതം ഉപയോഗിച്ച് അവരുടെ എഴുത്തിനെ വിശദീകരിക്കുക. വസ്തുനിഷ്ഠമായതും, കാല്പനികമായതും, സർഗാത്മകമായതുമായ ഒരു വായനയല്ല ഇതെന്ന് തോന്നുന്നു. ഈ അദ്ധ്യായം എനിക്ക് വളരെ അപര്യാപ്തമായി തോന്നി.

അത് പോലെ തന്നെ ആവശ്യമില്ലാത്ത ഒരു ചർച്ചയായി തോന്നി “തന്റേടിയായ ഭാര്യയ്ക്കുള്ള സിനിമാമറുപടികൾ” എന്ന അദ്ധ്യായവും. ഞാൻ ഈ പുസ്തകം വായിച്ചു കൊണ്ടിരുന്നപ്പോൾ മുഴുവനും ആഗ്രഹിച്ചത്, പ്രതീക്ഷിച്ചത്, പ്രമീളാനായർ എന്ന എഴുത്തുകാരിയുടെ, തമസ്കരിക്കപ്പെട്ട എഴുത്തുകാരിയുടെ, എഴുത്തിന്റെ ഉയർത്തെഴുന്നേൽപ്പാണ്. ഒരു വായനയാണ്. അവരുടെ നോവലിന്റെ, അവരുടെ കഥകളുടെ. പക്ഷെ അതിവിടെ ഇല്ല. അതിന് പകരം എനിക്ക് വലിയ അങ്കലാപ്പുണ്ടാക്കുന്നത് പോലെ എം ടിയുടെ സിനിമാക്കഥകളെ പറ്റി ഒരു ലേഖനം ദീദി ദാമോദരൻ ചേർത്തിട്ടുണ്ട്. പ്രമീളാനായരേ പറ്റിയുള്ള ഈ പുസ്തകത്തിൽ ഈ മനുഷ്യനെ വീണ്ടും ആവാഹിക്കുന്നതെന്തിനാണ് എന്ന് മനസ്സിലാകുന്നില്ല. ദീദി ദാമോദരൻ ആമുഖത്തിൽ പറയുന്നുണ്ട് അവർ നഷ്ടബോധം എന്ന നോവലും ഗൗതമി എന്ന പെൺകുട്ടി എന്ന ചെറുകഥാസമാഹാരവും അടുത്തടുത്ത് വായിച്ചുവെന്ന്. ഈ രണ്ട് പുസ്തകങ്ങളുടെയും ഒരു വായന പ്രമീളാനായരെ പറ്റിയുള്ള ഈ പുസ്തകത്തിൽ തീർച്ചയായും ഞാൻ പ്രതീക്ഷിച്ചിരുന്നു. അല്ലാതെ വീണ്ടും എം ടി വാസുദേവൻ നായരുടെ സിനിമകളെ പറ്റി വായിക്കാൻ എനിക്ക് ഒരു താല്പര്യവുമില്ലായിരുന്നു. ആ തലമുറ മാറിക്കൊണ്ടിരിക്കുന്നു. മാറിക്കഴിഞ്ഞിരിക്കുന്നു. ദീദി ദാമോദരന്റെ 7.”ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും,” 8. “മരണാനന്തരനീതി,” 9.”ദേശാടനക്കിളി കരയാറുണ്ട്,” 10.”ഉപസംഹാരം” എന്നീ അദ്ധ്യായങ്ങൾ പ്രമീളാനായരെക്കാളുപരി ദീദി ദാമോദരനെ കേരളത്തിലെ അധികാരിഗണങ്ങൾ — പുരുഷന്മാരും സ്ത്രീകളും — തള്ളിക്കളഞ്ഞതിന്റെ സാക്ഷിപത്രമാണ്.

ദീദി ദാമോദരൻ 142 പേജും എച്ച്മുകുട്ടി 47 പേജുമാണ് ഈ പുസ്തകത്തിന് സംഭാവന ചെയ്തിരിക്കുന്നത്. എച്ച്മുക്കുട്ടിയുടെ ഭാഗത്തിൽ നഷ്ടബോധം എന്ന നോവലിന്റെ ഒരു കഥാസംഗ്രഹം ഉണ്ട്. നിരൂപണം അല്ല. വായനയും അല്ല. വിമർശനം അല്ല. നോവലിന്റെ ഒരു plot summary പോലെയുള്ള എഴുത്താണ് . ദീദി ദാമോദരന്റെ ഭാഗത്തിൽ ഉള്ളത് പോലെയുള്ള ഒരു ജീവചരിത്ര നിരൂപണത്തിനുള്ള പരിശ്രമം ഇവിടെയും കാണാം. ദീദി ദാമോദരനുള്ളത് പോലെ എച്ച്മുകുട്ടിയ്ക്ക് പ്രമീളാനായരെ നേരിട്ടറിയുമായിരുന്നില്ല എന്നാണ് ഞാൻ മനസ്സിലാക്കിയത്. എച്ച്മുകുട്ടിയുടെ ഭാഗത്തിൽ അത് കൊണ്ട് നഷ്ടബോധത്തിന്റെ സംക്ഷിപ്ത രൂപത്തിന് പുറമെ, സ്വന്തം ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളെ പറ്റിയും, ചരിത്രത്തിൽ ഉള്ള ചില സ്ത്രീവിദ്വേഷികൾ അവരുടെ ഭാര്യമാരെ തമസ്കരിച്ചതിനെ പറ്റിയുള്ള ചർച്ചയും ഉൾപ്പെടുത്തിയിട്ടുണ്ട്. ടോൾസ്റ്റോയ്, ചാൾസ് ഡിക്കെൻസ്, എന്നിവർ. വായനക്കാർക്ക് അസ്വസ്ഥത ഉളവാക്കുന്നത് പോലെ എച്ച്മുകുട്ടി തന്റെ മനനം ഉപസംഹരിക്കുന്നത് ഇപ്രകാരമാണ്:

“എത്രതന്നെ അടുത്ത ബന്ധം മക്കൾ തമ്മിലുണ്ടെന്നും മറ്റും സ്തുതിപാഠകരെല്ലാം ഒന്നിച്ചുചേർന്നു ഉച്ചത്തിൽ പറഞ്ഞാലും സിതാരയ്ക്ക് എംടിയുടേതായി യാതൊന്നുമില്ല. സിതാര എല്ലാറ്റിൽ നിന്നും വളരെ അകലെയാണ്.” (47)

ഇത് സിതാര മാത്രം പറയേണ്ടതല്ലേ?

ഇത് പറയാൻ നമ്മൾക്കാർക്കെങ്കിലും അധികാരമുണ്ടോ?

ഈ പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ പൊതുവായി എനിക്ക് തോന്നിയ ഒരു കാര്യം കൂടി പറഞ്ഞു കൊണ്ട് ഈ റിവ്യൂ അവസാനിപ്പിക്കാം.

പ്രമീളാനായരുടെ പുസ്തകങ്ങൾ വായിച്ചിട്ടുള്ളവർ അവയുടെ നല്ല സാഹിത്യ നിരൂപണങ്ങൾ എഴുതിയാൽ നന്നായിരുന്നു.
അത് മലയാളത്തിലെ ഈ പേര് കേട്ട മാസികകളിൽ പ്രസിദ്ധീകരിക്കണമെന്ന് ഒരു നിർബന്ധവുമില്ല. നല്ലയൊരു website പ്രമീളാനായർക്ക് വേണ്ടി design ചെയ്ത് അവിടെ പ്രസിദ്ധീകരിക്കുക. മാതൃഭൂമിയും, ഭാഷാപോഷിണിയും, സംഘടിതയും ഒന്നുമില്ലെങ്കിലും വായനക്കാർക്ക് പ്രമീളാനായരുടെ എഴുത്തറിയാൻ ഇപ്പോൾ വേറെ പല ഉപാധികളുമുണ്ട്. അവ ആത്മാർത്ഥമായും പരിശോധിക്കണം എന്ന് ദീദി ദാമോദരനോടും എച്ച്മുകുട്ടിയോടും അഭ്യർത്ഥിക്കുന്നു.


*ദിലീപിന്റെ സിനിമകളും, ഗൂഢാലോചനയും, “കൊട്ടേഷൻ റേപ്പും,” റേപ്പ് കൾച്ചറും”

ദിലീപ് അഥവാ ഗോപാലകൃഷ്ണ പിള്ള എന്ന കേരള അരക്ഷിത – ആണത്തവാദികളുടെ ആരാധനാപാത്രത്തെ, തെളിവില്ലാത്തതുകൊണ്ട് വിട്ടയച്ച കോടതി വിധിയുടെ പശ്ചാത്തത്തിൽ ആൽത്തിയാ, മലയാളി ഫെമിനിസത്തിന് ഒഴിവാക്കാനാകാത്ത സാംസ്കാരിക ഉത്തരവാദിത്വം നിർവഹിക്കണമെന്ന് കരുതുന്നു.

ഇപ്പറഞ്ഞ വിധിന്യായത്തെ സൂക്ഷ്മമായി പരിശോധിക്കാനും മലയാളി അരക്ഷിത ആണത്ത അവബോധത്തെ വളർത്തുന്നതിൽ ദിലീപ് സിനിമകൾ വഹിച്ച പങ്കിനെ ഫെമിനിസ്റ്റ് വിമർശനത്തിൻ്റെ കണ്ണിലൂടെ വിലയിരുത്താനും ഞങ്ങൾ ശ്രമിക്കുന്നു.

മലയാളികൾക്കിടയിൽ സർവസാധാരണയായിമാറിക്കഴിഞ്ഞ, തികച്ചും നിരുപദ്രവകരം എന്ന് നമ്മൾ കരുതുന്ന, ദിലീപിൻ്റെ തമാശപ്പടങ്ങൾ വിഷമയമെങ്കിലും നിരുപദ്രവം, സാധാരണം, എന്ന പ്രതീതി ജനിപ്പിക്കുന്നതെങ്ങനെ എന്ന് തുറന്നുകാട്ടേണ്ടതുണ്ട്. പൊതു പ്രതിഷേധത്തിനും അതിജീവിതയോടുള്ള ഐക്യദാർഢ്യത്തിനും ഒപ്പം നിർവഹിക്കേണ്ട രാഷ്ട്രീയ ദൗത്യമാണിത്.

അൽത്തിയ അംഗമായ ഗായത്രീദേവി ആണ് ഈ എഴുത്തുകൾക്ക് തുടക്കം കുറിക്കുന്നത്.*ദിലീപിന്റെ സിനിമകളും, ഗൂഢാലോചനയും, “കൊട്ടേഷൻ റേപ്പും,” റേപ്പ് കൾച്ചറും”

*ദിലീപിന്റെ സിനിമകളും, ഗൂഢാലോചനയും, “കൊട്ടേഷൻ റേപ്പും,” റേപ്പ് കൾച്ചറും”

നടൻ ദിലീപിന്റെ സിനിമകൾ കണ്ടിട്ടില്ലാത്തവരിൽ പെടുന്നയാളാണ് ഞാൻ. എന്നാൽ മലയാളത്തിലെ ഒരു നടിയെ തന്റെ ജോലിക്കാവശ്യത്തിനായി യാത്ര ചെയ്യുന്നതിനിടയിൽ സ്റ്റുഡിയോ അയച്ച SUV – യിൽ വെച്ച് തന്നെ അവശതപ്പെടുത്തി, തട്ടിക്കൊണ്ടു പോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസിലെ എട്ടാം പ്രതി, അതിലെ ഗൂഢാലോചനയുടെ ഉറവിടം, എന്നിങ്ങനെയുള്ള കുപ്രസിദ്ധി ഇയാൾക്കുള്ളത് കൊണ്ട് ഇപ്പോൾ ഇയാളുടെ സിനിമകൾ കാണാമെന്ന് വിചാരിച്ചു. ഈ കഴിഞ്ഞ ഡിസംബർ 8 – ആം തീയതി എറണാകുളത്തെ പ്രിൻസിപ്പൽ സെഷൻസ് വിചാരണ കോടതി ഇയാളെ കുറ്റക്കാരനല്ല എന്ന് പ്രഖ്യാപിച്ചു താൽക്കാലികമായി കുറ്റവിമുക്തനാക്കി. കേരള സംസ്ഥാന സ്‌പെഷ്യൽ പ്രോസിക്യൂട്ടർ വിചാരണ കോടതിയുടെ വിധിക്കെതിരെ ഹൈ കോർട്ടിൽ അപ്പീൽ പോകുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ വാർത്ത വളരെ സ്വാഗതാർഹമാണ്.

സിനിമാ വാർത്തകൾ അനുസരിച്ച് മലയാളം സിനിമയിൽ പ്രവർത്തിക്കുന്നവരൊക്കെ തന്നെ ദിലീപിനെ സംരക്ഷിക്കുന്നതായി കാണാം. ഇയാളോട് ഇവർക്ക് അനുകമ്പയാണോ, കൂട്ടുകെട്ടാണോ, കടപ്പാടാണോ, സ്നേഹമാണോ, ബഹുമാനമാണോ, ഭയമാണോ എന്ന് മാധ്യമങ്ങൾ വായിച്ചാൽ തിരിച്ചറിയാൻ സാധിക്കുകയില്ല. (ഇയാളും മോഹൻലാലും കൂടി ഇപ്പോൾ “ഭ ഭ ബ” എന്നൊരു സിനിമ ഇറക്കുന്നുണ്ട്. ഭയം, ഭക്തി, ബഹുമാനം: ഇതാണ് “ഭ ഭ ബ”. ഇവരുടെയൊക്കെ ജീവിതത്തിനെ പറ്റി തന്നെയായിരിക്കണം ഈ സിനിമ.) ഇയാളോട് ഇടഞ്ഞവർ മലയാളം സിനിമയിൽ വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് പല വാർത്താ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തന്നെ 2008 – ഇലെ MACTA യുടെ പിളർപ്പിനെ പറ്റിയും, പിന്നീട് സിനിമയിലെ പല ടെക്‌നിഷ്യൻസിനും AMMA – യുടെ അടുത്ത് നിന്നും, FEFKA യുടെ അടുത്ത് നിന്നും നേരിടേണ്ടി വന്ന കഷ്ടതകൾ വിവരിക്കുന്നതിൽ, പേര് പറയാതെ നടൻ ദിലീപും, ഡയറക്ടർമാരായ തുളസിദാസ്‌, വിനയൻ എന്നിവരുടെയും സംഘർഷത്തെ പറ്റി എടുത്തു പറഞ്ഞിട്ടുണ്ട്. അത് കൊണ്ട് ആകെ മൊത്തം ഇയാൾ സഹപ്രവർത്തകാർക്കെതിരെ വാശിയും പ്രതികാരവും സ്വീകരിക്കുന്ന ഒരു വ്യക്തിത്വമായിട്ടാണ് ഇയാളെ പറ്റിയുള്ള വാർത്തകൾ വായിച്ചാൽ മനസ്സിലാകുക.

എന്നാൽ ഇയാളുടെ സിനിമകളിൽ ഇയാൾ ഒരു കൊമിഡിയൻ ആയിട്ടാണ് അറിയപ്പെടുന്നത്. പല പല ശബ്ദത്തിൽ സംസാരിക്കുക, പലരെയും അനുകരിച്ച് അഭിനയിക്കുക, പെൺവേഷം കെട്ടുക, തമാശ എന്നുള്ള ഭാവേന തെമ്മാടിത്തരം ഡയലോഗ് ആയി പറയുക മുതലായവയാണ് ഇയാളുടെ കോമഡി. സ്ത്രീകളെ അപഹസിക്കുന്ന അശ്ലീലച്ചുവയുള്ള സംഭാഷണങ്ങൾ നിറഞ്ഞതാണ് ഇയാളുടെ സിനിമകൾ എന്ന് പല വിമർശകരും ചൂണ്ടി കാണിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ഇയാളെ വലിയ നടനാക്കിയ 2002- ഇലെ മീശ മാധവൻ എന്ന സിനിമയിൽ ഉറങ്ങി കിടക്കുന്ന നായികയുടെ അടുത്ത് വന്നു നിന്ന് ഇയാൾ പറയുന്ന “റേപ്പ് തമാശ” എല്ലാവര്ക്കും അറിയാവുന്നതാണ്: “കെടക്കുന്ന കെടപ്പിലൊരു റേപ്പ് അങ്ങോട്ട് വെച്ച് തന്നാലോണ്ടല്ലാ!!!” ഈ ഡയലോഗ് പറഞ്ഞിട്ട് അയാൾ ഒരു പൂർണ്ണ ഗർഭിണി നടക്കുന്നത് അനുകരിച്ചു വയറു മുൻപോട്ടു തള്ളി പിടിച്ചു നടന്നു കൊണ്ട് പറയുന്നു: “പത്ത് മാസം വയറും തള്ളി അമ്മേ അമ്മേ-ന്ന് …” ഈ വയറു തള്ളി നടക്കലാണ് ഇവിടുത്തെ കോമഡി. സിനിമാ തീയറ്ററിൽ ഇത് 2002 – ഇൽ പ്രദർശിപ്പിച്ചപ്പോൾ കൂവി വിളിച്ച്, അട്ടഹസിച്ച്, കൈയ്യടിച്ച് ആനന്ദിച്ചാണ് നമ്മുടെ നാട്ടുകാർ ഈ രംഗം ആസ്വദിച്ചത് എന്നാണ് അറിയാൻ സാധിക്കുന്നത്. 2002 – ഇലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റ് പടമായിരുന്നു മീശ മാധവൻ. നമ്മുടെ നാട്ടുകാർക്ക് റേപ്പ് തമാശകൾ ഇഷ്ടമാണ്. Rape Culture എന്ന് ഇംഗ്ലീഷിൽ പറയുന്നതാണ് കേരളത്തിലെ പൊതു സംസ്കാരം എന്ന് ഈ റേപ്പ് തമാശയും അതുളവാക്കിയ കൂട്ടച്ചിരിയും വ്യക്തമാക്കുന്നുമുണ്ട്. എന്നാലും, ഇയാൾ ഒരു പൈശാചികമായ കൂട്ട ബലാത്സംഗത്തിൽ എട്ടാം പ്രതിയായിട്ട് കുറ്റവിമുക്തനായെങ്കിലും, 2025 – ഇൽ ഇയാളുടെ ഈ റേപ്പ് തമാശ ഇത്രയും കൈയ്യടി വാങ്ങിക്കുമോ എന്നൊരു സംശയം ഇല്ലാതില്ല.

പക്ഷെ ഇയാളുടെ കച്ചവട സിനിമകൾ കാണുന്നതിന് മുൻപ് അങ്ങ് മുകളിൽ തുടങ്ങാമെന്ന് വിചാരിച്ചു അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത പിന്നെയും (2016) എന്ന സിനിമയിലാണ് ഞാൻ ദിലീപിന്റെ ഫിലിമോഗ്രഫി കാണാൻ തുടങ്ങിയത്. കേരളത്തിൽ എല്ലാവര്ക്കും അറിയാവുന്ന കഥയാണ് സുകുമാര കുറുപ്പിന്റേത്. 50 ലക്ഷം രൂപ ഇൻഷുറൻസ് payout അടിച്ചു മാറ്റാൻ വേണ്ടി സ്വന്തം മരണം സ്വന്തം ആൾക്കാരുടെ കൂടെ ആസൂത്രണം ചെയ്ത ക്രിമിനൽ ആണ് സുകുമാര കുറുപ്പ്. 1984 – ഇൽ കരുവാറ്റയ്ക്കടുത്ത് വെറുതെ വഴിയിൽ ഒരു ലിഫ്റ്റ് ചോദിച്ച ചാക്കോ എന്ന ഒരു പാവം മനുഷ്യനെ കഴുത്തു ഞെരിച്ചു കൊന്ന് പിന്നീട് അയാളുടെ മൃതശരീരം സ്വന്തം കാറിൽ വെച്ച് കത്തിച്ച് സ്വയം മരിച്ചുവെന്ന് വരുത്തി തീർക്കാൻ ശ്രമിച്ച ഒരു ഭീകരനായ കുറ്റവാളി. ഈ സാമൂഹികദ്രോഹിയുടെ, കൊടും കള്ളന്റെ കഥയാണ് അടൂർ ഗോപാലകൃഷ്ണൻ ഒരു ഭയങ്കര പ്രേമ കഥയായി ഈ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. അടൂർ ഗോപാലകൃഷ്ണന്റെ സിനിമകൾ വെച്ച് നോക്കുമ്പോൾ കണ്ടു കൊണ്ടിരിക്കാൻ കഴിയാത്ത ഭയങ്കര ചീത്ത സിനിമയാണ് പിന്നെയും. ഇതിലെ ഡയലോഗ് കേട്ടാൽ ഇത്രയും ചീത്തയായിട്ട് ഒരു തിരക്കഥ, കേട്ടാൽ തൊലിയുരിയുന്ന പോലെയുള്ള ഡയലോഗുകൾ, അടൂർ ഗോപാലകൃഷ്ണന് എഴുതാൻ കഴിയുമോ എന്ന് വാസ്തവത്തിൽ അതിശയിച്ചു പോകും. സാധാരണ ഇയാളുടെ സിനിമകളിൽ കാണുന്നത് പോലെ സ്ത്രീകൾ വെച്ച് വിളമ്പുകയും വകയ്ക്ക് കൊള്ളരുതാത്ത ആണുങ്ങൾ ഇരുന്നു ഉണ്ണുന്നതും മിനിറ്റുകളോളം കാണുന്നത് പിന്നെയും ഭേദം എന്ന് തോന്നിപോകും. ഇങ്ങനെ പറയുമ്പോൾ, അടൂർ ഗോപാലകൃഷ്ണൻ എന്റെ നേരെ “ഈ സ്ത്രീ ആര്? വഴിയേ പോകുന്ന സ്ത്രീകൾക്ക് വലിഞ്ഞു കേറി സംസാരിക്കാനുള്ള ചന്തയൊന്നുമല്ല ഫിലിം കോൺക്ലേവ്” എന്ന് ഈ വർഷമാദ്യം നടന്ന ഫിലിം കോൺക്ലേവിൽ സംഗീതജ്ഞയും കേരള സംഗീത നാടക അക്കാദമിയുടെ വൈസ് ചെയർ പേഴ്സണുമായ പുഷ്പവതി പൊയ്‌പാടത്തിനോട് അലറിയതു പോലെ എന്നോടും അലറുമോ എന്നൊരു സംശയം എനിക്കുണ്ട്. പക്ഷെ ഭാഗ്യം കൊണ്ട് ഞാൻ അഡ്രസ്സില്ലാത്ത ഒരു “വെറും സ്ത്രീ” ആയത് കൊണ്ട് അടൂർ ഗോപാലകൃഷ്ണന്റെ രോഷത്തിന് പാത്രമാകാൻ വഴിയില്ല.

അടൂർ ഗോപാലകൃഷ്ണന് ചന്തകളെ പറ്റി വലിയ അഭിപ്രായമൊന്നുമില്ലെങ്കിലും, അദ്ദേഹം മലയാളത്തിലെ കച്ചവട സിനിമയുടെ ചുക്കാൻ വലിക്കുന്ന ദിലീപിന്റെ പക്ഷക്കാരനാണ്. സിനിമയുടെ ലോകം മനുഷ്യരെ തന്നെ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ഒരു വലിയ കൂടിയ ചന്ത തന്നെയാണല്ലോ. 2017 – ഇൽ ദിലീപിനെതിരെ ഗൂഢാലോചന കേസ് വന്നപ്പോൾ ദിലീപ് നിരപരാധിയാണെന്ന് താൻ വിശ്വസിക്കുന്നു എന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു അടൂർ ഗോപാലകൃഷ്ണൻ. ഇതിന് തൊട്ടു മുൻപത്തെ വർഷമാണ് ഇദ്ദേഹം പിന്നെയും ഡയറക്റ്റ് ചെയ്തത് , അതായത് 2016 – ഇൽ. ഈ സിനിമയിൽ സുകുമാര കുറുപ്പായിട്ട് അഭിനയിക്കുന്നത് ദിലീപാണ്. സുകുമാര കുറുപ്പിന്റെ ശരിക്കുള്ള പേര് ഗോപാലകൃഷ്ണ കുറുപ്പെന്നും, ദിലീപിന്റെ പേര് ഗോപാലകൃഷ്ണ പിള്ളയെന്നും ആണെന്നുള്ളത് തികച്ചും യാദൃശ്ചികം. മൂന്നു ഗോപാലകൃഷ്ണന്മാരുടെ സിനിമ. ഭാര്യ ദേവിയായിട്ട് അഭിനയിക്കുന്നത് ഇയാളുടെ ഇപ്പോഴത്തെ ഭാര്യ കാവ്യാ മാധവൻ. ഇതാണ് കാവ്യാ മാധവന്റെ അവസാനത്തെ സിനിമ. ഇതിനു ശേഷം നവംബറിൽ കാവ്യാ മാധവൻ ദിലീപിനെ കല്യാണം കഴിക്കുന്നു, സിനിമയിൽ നിന്നും വിരമിക്കുന്നു. ഈ സിനിമയും ഇവരുടെ കല്യാണവും കഴിഞ്ഞു അടുത്ത വർഷമാണ്, 2017 ഫെബ്രുവരിയിലാണ് നടിയെ ജോലിയ്ക്കുള്ള യാത്രക്കിടയിൽ പൾസർ സുനിയും ബാക്കി ആഭാസന്മാരും ചേർന്ന് ആക്രമിച്ചത്. അതായത് കാവ്യാ മാധവന്റെ അവസാനത്തെ സിനിമാ റോൾ സുകുമാര കുറുപ്പെന്ന ക്രിമിനലിന്റെ ഭാര്യ ആയിട്ടാണ്. വെറും മാസങ്ങൾക്കുള്ളിൽ ഇവരുടെ ഭർത്താവ് ദിലീപിന്റെ പേരിൽ ഒരു കൂട്ട ബലാത്സംഗക്കേസിൽ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തപ്പെടുന്നു. എത്ര യാദൃശ്ചികം. അല്ലെങ്കിൽ തലേലെഴുത്തായിരിക്കും.

ദിലീപിനെതിരെയുള്ള കേസിൽ പറഞ്ഞിരിക്കുന്ന ഗൂഢാലോചന കുറ്റം കോടതി തള്ളിക്കളഞ്ഞെങ്കിലും ഗൂഢാലോചനയും ദിലീപും തമ്മിൽ ഈ സിനിമയിൽ അടുത്ത ബന്ധമുണ്ട്. സുകുമാര കുറുപ്പും ഭാര്യ ദേവിയും, അതായത് ദിലീപും ഭാര്യ കാവ്യാ മാധവനും, പിന്നെ അവരുടെ സ്വന്ത ബന്ധുക്കളും ഒത്തു കൂടിയിരുന്ന് ഏതെങ്കിലുമൊരു ശവശരീരം കണ്ടു പിടിച്ച് കാറിലിട്ടു കത്തിക്കാൻ ആസൂത്രണം ചെയ്യുന്ന ദൃശ്യങ്ങൾ ഇനിയങ്ങോട്ട് ആര് കണ്ടാലും ദിലീപിന്റെ 2017 – ലെ ഗൂഢാലോചന കുറ്റം ഓർക്കും. ഈ സിനിമയിൽ ചാക്കോയുടെ കഥാപാത്രത്തെ ഇവർ കാറിലിട്ടു കഴുത്തു ഞെരിച്ചു കൊല്ലുന്നതും മൃതശരീരം കച്ചി കൂട്ടി തീ കത്തിച്ചു കൊല്ലുന്നതുമായ ദൃശ്യങ്ങൾ കാണുമ്പോൾ നടിയെ അവരുടെ കാറിലിട്ട് ആറ് ആഭാസന്മാർ ബലാത്സംഗം ചെയ്തത് ഇനി മുതൽ ഓർക്കും. ദിലീപിന്റെ പേര് ഇനി മുതൽ ഓർക്കും. [പലരും മലയാളത്തിലെ നടിയുടെ കേസ് ഡൽഹിയിൽ നടന്ന 2012 – ലെ “നിർഭയ” കേസുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് — ചലിക്കുന്ന വാഹനത്തിൽ വെച്ച് നടന്ന ക്രൈം ആയതു കൊണ്ട്. പക്ഷെ നടിയുടെ കേസ് വളരെ വ്യത്യാസമുള്ളതാണ് “നിർഭയ”യുടെ കേസിൽ നിന്ന്. ആ പാവം പെൺകുട്ടി DTC ബസ്സാണെന്ന് തെറ്റിദ്ധരിച്ച് ഒരു ഓഫ്‌ – ഡ്യുട്ടി പ്രൈവറ്റ് ബസ്സിൽ കേറുകയാണുണ്ടായത്. മലയാളത്തിലെ നടിയാകട്ടെ ഒരു പ്രൊഡക്ഷൻ സ്റ്റുഡിയോ അവർക്ക് ഒരു റിക്കോർഡിങ്ങിന് വരാനായി അയച്ചു കൊടുത്ത കാറിലാണ് യാത്ര ചെയ്തത്. രണ്ടും തികച്ചും വ്യത്യസ്തമായ ക്രൈമുകളാണ്. നടിയെ ജോലിയ്ക്ക് പോകുന്ന വഴിയിലാണ് അതിക്രമിച്ചത്. It is a workplace crime.] മരിച്ചു പോയ സംവിധായകൻ ബാലചന്ദ്രകുമാർ മൊഴി കൊടുത്ത ദിലീപിന്റെ വീട്ടിലെ സദസ്സിൽ നടിയുടെ ബലാത്സംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ — “പൾസർ സുനിയുടെ ക്രൂരകൃത്യങ്ങൾ” എന്ന് ദിലീപ് വിശേഷിപ്പിച്ചുവെന്ന് ബാലചന്ദ്ര കുമാർ മൊഴി കൊടുത്ത ദൃശ്യങ്ങൾ — കുടുംബസമേതം അവരിരുന്ന് കണ്ടത് ഇനി മുതൽ എല്ലാവരും ഓർക്കും. ദിലീപിന്റെ കുടുംബ ചിത്രങ്ങൾക്ക് പുതിയൊരു അർത്ഥം ഇനി മുതൽ അങ്ങോട്ടുണ്ടാകും.

അല്ലെങ്കിലും ഇയാളുടെ “കുടുംബ ചിത്രങ്ങൾ” എന്ന് വിശേഷിപ്പിക്കുന്ന സിനിമകൾ വാസ്തവത്തിൽ കുടുംബത്തിൽ കാണിക്കാൻ കൊള്ളാവുന്ന സിനിമകൾ ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുകളിൽ പറഞ്ഞ റേപ്പ് തമാശകളും അശ്ലീലച്ചുവയുള്ള ഡയലോഗുകളും മാത്രമല്ല ഇയാളുടെ സിനിമകളിൽ കണ്ടു വരുന്നത്. ഇയാൾ വാസ്തവത്തിൽ ബാധ കേറിയത് പോലെ റേപ്പിനെ പറ്റി തുടരെ ചിന്തിക്കുന്നയാളാണ് എന്ന് തോന്നും ഇയാളുടെ സിനിമകൾ കണ്ടാൽ. അടൂർ ഗോപാലകൃഷ്ണന്റെ പിന്നെയും കണ്ടതിന് ശേഷം ഞാൻ ഇയാളുടെ മിസ്റ്റർ മരുമകൻ എന്ന സിനിമയും കൂടി കണ്ടു. “നിർഭയ” കേസ് നടന്ന അതെ വര്ഷം – 2012 – റിലീസ് ചെയ്ത സിനിമയാണിത്.

ഈ സിനിമയിൽ ദിലീപിന്റെ കഥാപാത്രത്തിനോടുള്ള വൈരാഗ്യം തീർക്കാൻ ഇതിലെ വില്ലൻ (ബാബുരാജ്) ഒരു ഗുണ്ടയെ (സുരാജ് വെഞ്ഞാറമ്മൂട്) വിലക്കെടുക്കുന്നു — ദിലീപിന്റെ കഥാപാത്രത്തിന്റെ സഹോദരിയെ ബലാത്സംഗം ചെയ്യാൻ. “കൊട്ടേഷൻ റേപ്പ്” എന്നാണ് ഈ സിനിമയിൽ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ബാബുരാജിന്റെ കൈയ്യിൽ നിന്നും കണ്ണ് തൊട്ടു തൊഴുതാണ് സുരാജ് വെഞ്ഞാറമ്മൂടിന്റെ “ചന്ത ഹംസ” എന്ന ഗുണ്ട കഥാപാത്രം നോട്ടുകൾ എണ്ണി വാങ്ങിക്കുന്നത്. “ഇത് വരെ പൈസ അങ്ങോട്ട് കൊടുത്തേ ഇത് ചെയ്തിട്ടുള്ളൂ ഇതാദ്യമായിട്ടാണ് പൈസ വാങ്ങിച്ചിട്ടു ചെയ്യുന്നത്” മുതലായ തറ ഡയലോഗുകൾ ഈ സീനുകളിൽ നിറഞ്ഞു നിൽക്കുന്നു. ഇവരുടെ പ്ലാൻ ദിലീപിന്റെ സഹോദരിയെ എന്തെങ്കിലും തരത്തിൽ ഒരു ലോഡ്ജിൽ വിളിച്ചു വരുത്തി അവിടെ വെച്ച് ബലാത്സംഗം ചെയ്യാനാണ്. എന്നിട്ട് അത് പോലീസ് സ്റ്റേഷനിൽ വിളിച്ചു അനാശാസ്യ ബന്ധം നടക്കുന്നുവെന്ന് പറഞ്ഞു പത്രക്കാരെ വിളിച്ചു കൂട്ടി ദിലീപിന്റെയും കുടുംബത്തിന്റെയും പേര് നശിപ്പിക്കാനാണ് ഇവരുടെ പ്ലാൻ.

ഇതിന് വേണ്ടി വില്ലന്റെ സഹോദരി ദിലീപിന്റെ കഥാപാത്രത്തിന്റെ പെങ്ങളെ അച്ഛനമ്മമാരെ പരിചയപ്പെടുത്താൻ എന്ന വ്യാജേന ലോഡ്ജിൽ കൊണ്ട് വരുന്നു. മുറിയിൽ ഇട്ടടയ്ക്കാൻ തുടങ്ങുന്നു. എന്നാൽ തക്ക സമയത്ത് ദിലീപിന്റെ കഥാപാത്രം ലോഡ്ജിൽ എത്തി സ്വന്തം അനിയത്തിയെ ബലാത്സംഗത്തിൽ നിന്നും രക്ഷിക്കുന്നു. എന്നിട്ടു പ്രതികാരത്തിനായി വില്ലൻ ബാബുരാജിന്റെ കഥാപാത്രത്തിന്റെ പെങ്ങളെ — ഈ പെങ്ങളാണ് ദിലീപിന്റെ കഥാപാത്രത്തിന്റെ പെങ്ങളെ അവിടെ വിളിച്ചോണ്ട് വരുന്നത് — ആ ലോഡ്ജിലെ മുറിയിൽ റേപ്പിസ്റ്റ് ചന്ത ഹംസ വരുമ്പോൾ ബലാത്സംഗത്തിനായി അടച്ചിടുന്നു. മുറി പൂട്ടി ഇറങ്ങി പോകുന്നതിന് മുൻപ് സ്വന്തം പെങ്ങളോട് വില്ലന്റെ പെങ്ങളുടെ മുഖത്ത് ശക്തമായിട്ടു ആഞ്ഞടിക്കാൻ പറയുന്നു. ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ വളരെ വികൃതമായ രീതിയിൽ ഉപദ്രവിക്കുന്നത് നോക്കി ദിലീപിന്റെ കഥാപാത്രം പുഞ്ചിരിക്കുന്നു. എന്നിട്ട് ദിലീപിന്റെ “ഹീറോ” ബാബുരാജ് എന്ന വില്ലനെയും പോലീസിനെയും മഞ്ഞപത്രക്കാരെയും ലോഡ്ജ് മുറിയിൽ കൊണ്ട് പോകുന്നു അവിഹിതം നടക്കുന്നത് കാണിച്ചു കൊടുക്കാൻ. ദിലീപിന്റെ പെങ്ങളുടെ അവിഹിത വേഴ്ച കാണാൻ തിടുക്കപ്പെട്ടു വരുന്ന വില്ലൻ, ചന്ത ഹംസയും സ്വന്തം പെങ്ങളും കട്ടിലിൽ പുതപ്പിനടിയിൽ ഒളിക്കാൻ ശ്രമിക്കുന്നത് കണ്ടു ഞെട്ടുന്നു. ആകപ്പാടെ കോമഡി. കുറേപ്പേർ ഒളിക്കുന്നു. കുറേപ്പേർ പടം പിടിക്കുന്നു. ഒരു പെൺകുട്ടി കരഞ്ഞും കൊണ്ട് മാറ് മറയ്ക്കുന്നു .

എങ്ങനൊണ്ട് കുടുംബ ചിത്രം? ഈയടുത്ത കാലത്തു കേരളത്തിൽ നടന്ന വേറെ ഏതെങ്കിലും “കൊട്ടേഷൻ റേപ്പ്” നിങ്ങൾക്കോർമ്മ വരുന്നുണ്ടോ?

സിനിമയിൽ അപ്പിടി ചിരിയാണ് റേപിസ്റ്റ് സുരാജ് വെഞ്ഞാറമ്മൂട് വരുമ്പോൾ. റേപ്പിസ്റ്റുകൾ തമാശക്കാരാണല്ലോ, പൊതുവെ. മിസ്റ്റർ മരുമകൻ ബംപർ സിനിമയായിരുന്നു കേരളത്തിൽ 2012- ഇൽ. “നിർഭയ”യുടെ കുടൽമാല വരെ വലിച്ചു കീറിയ റേപ്പിസ്റ്റുകളും ദിലീപിന്റെ മിസ്റ്റർ മരുമകൻ സിനിമയും തമ്മിൽ വളരെ പ്രകടമായ ഒരു ബന്ധമുണ്ട്. ഇതാണ് Rape Culture എന്ന് പറയുന്ന പ്രതിഭാസം. കഥകളിലൂടെയും, കഥാപാത്രങ്ങളിലൂടെയും , ആഖ്യാനശൈലികളിലൂടെയും ലൈംഗിക അതിക്രമങ്ങളെ സമൂഹത്തിന്റെ കണ്ണിൽ സാധാരണവൽക്കരിക്കുകയും, നിസ്സാരവൽക്കരിക്കുകയും, സംവേദനക്ഷമമാക്കുകയും ചെയ്യുന്നതിനെയാണ് Rape Culture എന്ന് പറയുന്നത്. ഇതിന്റെ വക്താവാണ് ഈ നടന്റെ സിനിമകൾ.

എന്തായാലം ഈ രണ്ടു സിനിമകളും കണ്ടു കഴിഞ്ഞപ്പോൾ ദിലീപിന്റെ സിനിമ എന്താണെന്ന് ഒരു വിധം മനസ്സിലായി തുടങ്ങി. ഇയാൾ എത്തരത്തിലുള്ള നടനാണെന്ന് മനസ്സിലാകുന്നുണ്ട്. ദിലീപിന്റെ സിനിമകളും, ഗൂഢാലോചനയും, “കൊട്ടേഷൻ റേപ്പും” ഒരേ ശ്വാസത്തിൽ പറയാവുന്ന വാക്കുകളാണ്. ഇയാൾക്ക് നല്ല പരിചയമുള്ള കാര്യങ്ങളാണ് ഇവയെല്ലാം, ഇയാളുടെ സിനിമയിൽ. ഇജ്‌ജാതി “കോമഡികൾ” ചെയ്താണ് ഇയാൾ കാശുണ്ടാക്കിയിരിക്കുന്നത്, പേരുണ്ടാക്കിയിരിക്കുന്നത്. ഇനിയും ബാക്കി സിനിമകൾ കാണുന്നത് രണ്ടു ദിവസം കഴിഞ്ഞാകാം എന്ന് കരുതുന്നു. ഇതിന്റെ ദുസ്വാദ് മാറട്ടെ.

Review: Darshana Sreedhar Mini, Rated A: Soft-Porn Cinema and Mediations of Desire in India, Asian Journal of Women’s Studies

https://www.tandfonline.com/doi/full/10.1080/12259276.2025.2551847

My review of Darshana’s fantastic book in the Asian Journal of Women’s Studies. Congratulations, Darshana!

മറ്റൊരു ‘പെണ്ണുകേസ്’ ആകാതിരിക്കാൻ — രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള പരാതികളെ സംബന്ധിച്ച പൊതുചർചയെക്കുറിച്ച് ആൽത്തിയാ സഹോദരീസംഘത്തിൻറെ പ്രസ്താവന

മറ്റൊരു ‘പെണ്ണുകേസ്’ ആകാതിരിക്കാൻ — രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള പരാതികളെ സംബന്ധിച്ച പൊതുചർചയെക്കുറിച്ച് ആൽത്തിയാ സഹോദരീസംഘത്തിൻറെ പ്രസ്താവന

പി ഇ ഉഷ, ഗായത്രീദേവി, മാഗ്ലിൻ ഫിലോമെന, അനാമികാ അജയ്, അനു ജോയ്, ജെ ദേവിക, മുംതാസ് ബീഗം ടി എൽ, ദിവ്യ ജി എസ്, എസ് മിനി, മിനി മോഹൻ

രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ടുണ്ടായിരിക്കുന്ന പരാതികളെ കേരളത്തിലെ രാഷ്ട്രീയകക്ഷികളും മുഖ്യധാരാമാദ്ധ്യമങ്ങളും കൈകാര്യം ചെയ്യുന്ന രീതി സ്ത്രീകളെ തുല്യാവകാശങ്ങളും തുല്യ അന്തസ്സുമുള്ള പൌരജനങ്ങളായി കാണാൻ ആഗ്രഹിക്കുന്നവരെയും, കുട്ടികളുടെ നൽവാഴ്വിനോട് പ്രതിബദ്ധതയുള്ളവരെയും ശരിക്കും ഞെട്ടിക്കുന്നു.

സ്ത്രീസംരക്ഷണനിയമങ്ങൾ തെരെഞ്ഞെടുപ്പ് ആസന്നമായ വേളയിൽ രാഷ്ട്രീയകക്ഷികൾ തമ്മിലുള്ള മത്സരത്തിൽ ആയുധങ്ങളായി പ്രയോഗിക്കപ്പെടുന്ന ഈ കാഴ്ച വാസ്തവത്തിൽ ആ നിയമങ്ങൾക്കുള്ള പൊതുസമ്മതത്തെ മൊത്തത്തിൽ ഇല്ലാതാക്കുന്നതിനെ ആശങ്കയോടു കൂടി മാത്രമേ ഞങ്ങൾക്ക് കാണാനാകുന്നുള്ളൂ. ഇപ്പോൾത്തന്നെ ചാനലുകളിൽ നടക്കുന്ന തീർത്തും നിരുത്തരവാദപരമായ റിപ്പോർട്ടിങിനും ചർച്ചകൾക്കും താഴെ പ്രത്യക്ഷപ്പെടുന്ന കമൻറുകളിൽ സ്ത്രീകളോടുള്ള കടുത്ത അവജ്ഞയും അവിശ്വാസവും കുമിഞ്ഞുകൂടുന്നത് കാണാം. പരാതിക്കാരിയായ ട്രാൻസ് വനിതയുടെ രാഷ്ട്രീയകക്ഷിൽ പെട്ട ഒരു ചാനൽചർച്ചക്കാരൻ തന്നെ ട്രാൻസ് സ്ത്രീകളോട് ലൈംഗികാഭിലാഷമുണ്ടാകുന്നതുപോലും എന്തോ ലൈംഗികവൈകൃതമാണെന്ന മട്ടിൽ പറഞ്ഞുചിരിക്കുന്നു. ഗർഭത്തെപ്പറ്റിയുള്ള ചർച്ചയുടെ ഭാഷയിൽ കടുത്ത വലതുപക്ഷ അബോർഷൻവിരുദ്ധ നിലപാടുകൾ കയറിപ്പറ്റുന്നത് അങ്ങേയറ്റം ആശങ്കയോടുകൂടി മാത്രമേ കാണാൻ കഴിയുന്നുള്ളൂ. ഉദാഹണത്തിന് ‘ഭ്രൂണഹത്യ’ എന്ന് വാക്ക് ഭ്രൂണത്തിന് മനുഷ്യക്കുഞ്ഞിൻറെയത്ര ജീവൻ കല്പിക്കുന്നു. ‘ഗർഭഛിദ്രം’ എന്ന വാക്ക് ഭയങ്കരഹിംസയെയാണ് മനസ്സിലുയർത്തുന്നത്.

ആ ശബ്ദസന്ദേശത്തിൽ കേൾക്കുന്ന പുരുഷശബ്ദം നേരിട്ട് നിഷേധിക്കുന്നത് ആ സ്ത്രീയുടെ പ്രജനനസ്വയംനിർണയാവകാശത്തെയാണ്. ആ അവകാശത്തിൽ പ്രസവിക്കാനുള്ള അവകാശം മാത്രമല്ല, ഗർഭം അവസാനിപ്പിക്കാനുള്ള അവകാശവും ഉണ്ട്. ഗർഭം അവസാനിപ്പിക്കാനായിരുന്നു അവർ തീരുമാനിച്ചതെങ്കിൽ അവരെ ‘ഭ്രൂണഹത്യക്കാരി’യെന്നോ ‘ഛിദ്രക്കാരി’യെന്നോ നാം വിശേഷിപ്പിക്കുമോ?? ഈ കേസിലെ നില എന്തുതന്നെയായാലും ലോകത്തിൽ പൊതുവെ ഗർഭം അവസാനിപ്പിക്കാനുള്ള അവകാശം സ്ത്രീകൾ സമരം ചെയ്തു നേടിയതാണെന്നും, ‘ഭ്രൂണഹത്യ’ അല്ല, ഗർഭം അവസാനിപ്പിക്കൽ മാത്രമാണെന്നും ഉറപ്പിച്ചു പറഞ്ഞത് ഫെമിനിസ്റ്റുകളാണെന്നും മറക്കാനാവില്ല.
കേരള ഫെമിനിസ്റ്റ് ഫോറം തങ്ങളുടെ പ്രസ്താവനയിൽ ഉപയോഗിച്ച ഭാഷയും, ഈ പ്രശ്നത്തിലുയർന്നു വരുന്ന പിതൃമേധാവിത്വധ്വനികളെപ്പറ്റിയുള്ള അവരുടെ ശുഷ്കധാരണകളും ഞങ്ങളെ ശരിക്കും നിരാശപ്പെടുത്തുന്നു. പരാതിക്കാരികളായ സ്ത്രീകളോടോ പൊതുജീവിതത്തിനെ ജനാധിപത്യവത്ക്കരിക്കുന്ന മൂല്യങ്ങളോടോ അല്പം പോലും നീതിപുലർത്താത്ത മാദ്ധ്യമങ്ങളും, ലിംഗനീതിയെ തങ്ങളുടെ കടിപിടികളിൽ തട്ടുപന്താക്കാൻ മാത്രം ഉത്സാഹിക്കുന്ന രാഷ്ട്രീയക്കാരും നിർണയിക്കുന്ന ചർചാവ്യവസ്ഥകൾക്കുള്ളിൽ, അവരുടെ ഭാഷ പങ്കുവച്ചുകൊണ്ടുള്ള ഈ പ്രതികരണം മുഖ്യധാരാഫെമിനിസത്തിന് ചേർന്നതല്ലെന്നു പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

മേൽപ്പറഞ്ഞ വാക്കുകൾ മാദ്ധ്യമപ്രവർത്തകരായ സ്ത്രീകൾ തന്നെ മുദ്രാവാക്യങ്ങൾ പോലെ വിളിച്ചുപറയുമ്പോഴുണ്ടാകുന്ന സാംസ്കാരിക വലതുപക്ഷവത്ക്കരണം ചില്ലറയല്ല. കേരളത്തിലെ ദൃശ്യമാദ്ധ്യമങ്ങളിൽ ധാരാളം സ്ത്രീകളുണ്ടെങ്കിലും, കേരളത്തിൽ ഒരു ഫെമിനിസ്റ്റ് മുഖ്യധാരയുണ്ടെങ്കിലും അത് ഫെമിനിസ്റ്റ് മാദ്ധ്യമസംസ്കാരമായി എളുപ്പം പരിഭാഷപ്പെടില്ലെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. എന്നാൽ മാങ്കൂട്ടത്തിനെതിരെ ഉയർന്ന പരാതികളെ നിസ്സാരമായി തള്ളിക്കളയാൻ വിസമ്മതിക്കാത്ത കോൺഗ്രസ് വനിതാനേതാക്കളെയും കെ കെ രമയെയും ഞങ്ങൾ ഹൃദയപൂർവം അഭിനന്ദിക്കുന്നു.
ഇത്തരത്തിൽ കുറ്റാരോപിതനായ ഒരാൾ അധികാരത്തിൽ തുടരണമോ എന്ന ചോദ്യം ഉയരുന്നുണ്ട്. പരാതിക്കാരികൾ പ്രത്യക്ഷപ്പെട്ടിട്ടില്ല എന്ന ഏകകാരണത്താൽ ചർച അവസാനിപ്പിക്കണമെന്ന ആവശ്യത്തോട് യോജിക്കാനാവുന്നില്ല – ഭരണകൂടത്തോടു പരാതിപ്പെട്ടാൽ മാത്രമേ പരാതിയാകൂ എന്നു ഞങ്ങൾ വിചാരിക്കുന്നില്ല. അതുകൊണ്ട് അദൃശ്യരായതുകൊണ്ടുമാത്രം പരാതിക്കാരികളിൽ നിന്ന് പൊതുശ്രദ്ധ തിരിയുകയും, അത് ഒറ്റയടിക്ക് കുറ്റാരോപിതനിലേക്കും രാഷ്ട്രീയകക്ഷികളുടെ പിടിവലിയിലേക്കും നീങ്ങുകയും ചെയ്യുന്നതിനെ അനുകൂലിക്കാനാകുന്നില്ല.

ഗുരുതരമായ കുറ്റങ്ങൾ — അതായത്, ഭരണഘടനാപരമായ തുല്യമാന്യതയെ ഹനിക്കുന്ന കുറ്റങ്ങൾ — സംബന്ധിച്ച ആരോപണങ്ങളെ നേരിടുന്നവരായ പുരുഷന്മാർ (അതായത്, സ്ത്രീപീഡനം കൂടാതെ ജാതിപീഡനം, ആദിവാസിപീഡനം, മുതലായ കുറ്റങ്ങൾ ആരോപിക്കപ്പെട്ടവർ) അധികാരസ്ഥാനത്ത് തുടർന്നുകൂടാ എന്നുതന്നെയാണ് ഞങ്ങളുടെയും അഭിപ്രായം. അതാണ് പിതൃമേധാവിത്വത്തോടൊപ്പം ജാതിയേയും വർഗത്തെയും സുപ്രധാന അധികാര-അച്ചുതണ്ടുകളായി കണക്കാക്കുന്ന ഫെമിനിസ്റ്റ് ധാർമ്മികത ആവശ്യപ്പെടുന്നതും. സ്വാഭാവികമായും, ഈ വിഷയത്തിലും ഇതു പ്രയോഗിക്കേണ്ടതാണ്. പക്ഷേ ഈ മാനദണ്ഡം എല്ലാ രാഷ്ട്രീയകക്ഷികളിലും ഒരുപോലെ പ്രാവർത്തികമാണമെന്നും, അങ്ങനെയല്ലാത്തപക്ഷം സ്ത്രീസുരക്ഷാനിയമങ്ങൾ അധികാരത്തിലിരിക്കുന്ന കക്ഷിക്കാർക്ക് തങ്ങളുടെ എതിരാളികളെ വീഴ്ത്താനുള്ള കല്ലുകൾ മാത്രമായി അധഃപതിക്കും. കേരളത്തിൽ ഇത്തരത്തിലുള്ള ആരോപണങ്ങൾ നേരിട്ടിട്ടുള്ള എല്ലാ അധികാരിപുരുഷന്മാർക്കെതിരെയും പ്രതിഷേധമുയർത്തുന്ന വലിയൊരു സമരപരിപാടിയായി ഇത് ഉയരുകയാണ് വേണ്ടത്. അങ്ങനെയെങ്കിൽ പൊതുവെ രാഷ്ട്രീയരംഗത്തെ പ്രബലർ തമ്മിൽ സ്ത്രീകളുടെ രണ്ടാംനിലയെപ്പറ്റി ഇന്നു നിലനിൽക്കുന്ന രഹസ്യസമ്മതം പരസ്യമാകും, അതിനെ തകർക്കാൻ നമുക്കു കഴിയും.

ഈ ബഹളത്തിനിടയിൽ ഞങ്ങൾക്ക് ഏറ്റവും ആശങ്കയുണ്ടാക്കുന്നത്, ഇനിയും പുറത്തുവരാത്ത ഒരു സ്ത്രീ മാങ്കൂട്ടവുമായി തനിക്കുണ്ടായ ഗർഭാവസ്ഥയെപ്പറ്റി സംസാരിക്കുന്ന ശബ്ദസന്ദേശമാണ്. ഏതു സാഹചര്യത്തിലുണ്ടായതെന്ന സൂചന തീരെയില്ലാത്തതും, എന്നാൽ ഗുരുതരവുമായ വിഷയമാണ് അതിൽ ഉന്നയിക്കപ്പെടുന്നത്. ആ കുഞ്ഞ് ജനിച്ചോ, എങ്കിൽ അതിപ്പോൾ എവിടെയുണ്ട്, ആരുടെ സംരക്ഷണത്തിൽ, ആരാണ് അതിൻറെ രക്ഷകർ, അതിൻറെ നില എന്ത്, അതിൻറെ സുരക്ഷ ഉറപ്പാണോ, ഇല്ലെങ്കിൽ എന്താണ് ചെയ്യേണ്ടത് – ഇത്തരം ചോദ്യങ്ങൾ ഒന്നും ആരും ചോദിക്കുന്നില്ലെന്നാണ് ഞങ്ങൾക്കു തോന്നുന്നത്. ഒന്നുകിൽ ആരോപണങ്ങളുന്നയിച്ച സ്ത്രീകളെ പഴിക്കുക, അല്ലെങ്കിൽ മാങ്കൂട്ടത്തെയും കോൺഗ്രസിനെയും ആക്രമിക്കുക, അതല്ലെങ്കിൽ സിപിഎമ്മിൻറെ ഇരട്ടത്താപ്പ് ചൂണ്ടിക്കാണിക്കുക – ഇതു മാത്രമാണ് നമ്മുടെ പൊതുമണ്ഡലചർച്ചകളുടെ താത്പര്യം.

ഈ പിടിവലിയിൽ ഏറ്റവും നിസ്സഹായവും ശബ്ദരഹിതവുമായ നില, പുറത്തു വന്ന ശബ്ദസന്ദേശത്തിൽ പരോക്ഷമായി പരാമർശിക്കപ്പെട്ട കുഞ്ഞിൻറേതാണ്. ശരിയാണ്, സ്ത്രീശബ്ദം എടുത്തുപറയുന്ന ഗർഭം ഏതു ഘട്ടത്തിലാണെന്നോ, ഈ സംഭാഷണത്തിൻറെ ആത്യന്തികലക്ഷ്യം, അതിൻറെ ധാർമ്മികത, ഇതെല്ലാം ചോദ്യങ്ങൾ ഉയർത്തുന്നുണ്ടാകാം. പക്ഷേ അവയെല്ലാം തത്കാലത്തേയ്ക്കു മാറ്റിവച്ച്, ആ സംഭാഷണത്തിൻറെ കേന്ദ്രബിന്ദുവായ ആ ശിശു പിറന്നുവോ, പിറന്നെങ്കിൽ അത് സംരക്ഷിതമാണോ എന്നാണ് പൊതുബോധം അന്വേഷിക്കേണ്ടത്. ആ അന്വേഷണത്തിനു ശേഷം മാത്രമേ ഇപ്പോൾ കേൾക്കുന്ന കടിപിടികകൾക്ക് പ്രസക്തിയുള്ളൂ. അതാണ് കരുണാപൂർവവും മാന്യവുമായ പൊതുപ്രതികരണം. നമുക്കതിനു സാധിക്കുന്നില്ലെന്നു മാത്രമല്ല, ആ സ്ത്രീ ആരെന്ന് സ്വയം വെളിപെടാത്ത ഒറ്റക്കാരണം കൊണ്ട് അത് അപ്രസക്തമാണെന്നു വിധിക്കാനുള്ള സിനിസിസത്തെ പരസ്യമായി പുണരാൻ നമുക്ക് മടിയുമില്ല.

കരുണാപൂർവവും നീതിയുക്തവുമായ പൊതുപ്രതികരണത്തിനു മുന്നിലുള്ള രണ്ടാമത്തെ പരിഗണന തൻറെ ഗർഭാവസ്ഥയെപ്പറ്റി സംസാരിക്കുന്ന ആ സ്ത്രീയ്ക്കായിരിക്കണം. പ്രസവിച്ച കുട്ടിയെ ഒറ്റയ്ക്കു വളർത്തുമെന്നും മറ്റും പറയുന്നുണ്ടെങ്കിലും കേരളത്തിലെ സ്ത്രീകൾക്കിടയിൽ ഒരു കുഞ്ഞിനെ പങ്കാളിയുടെ യാതൊരു സഹായവുമില്ലാതെ പോറ്റിവളർത്താനുള്ള ശേഷി വളരെ ചുരുക്കം സ്ത്രീകൾക്കു മാത്രമേ ഉള്ളൂ. അവരധികവും വരേണ്യവിഭാഗക്കാരാണുതാനും. എന്നാൽ കേരളത്തിലിന്ന് സർവസാധാരണമായിക്കഴിഞ്ഞിരിക്കുന്ന നവലിബറൽ ഫെമിനിസ്റ്റ് ആദർശം – ജീവിതത്തിൽ ഒറ്റയ്ക്ക്, പരസഹായം ഏറ്റവും കുറച്ച്, പൊരുതി നേടുന്ന അവസ്ഥയാണ് സ്ത്രീവിമോചനം എന്നു നേരിട്ടോ അല്ലാതെയോ കരുതുന്ന നിലപാട് – വരേണ്യരല്ലാത്ത, എന്നാൽ ജീവിതത്തിൽ ഉയരാൻ ശ്രമിക്കുന്ന, സ്ത്രീകളും സ്വീകരിക്കുന്നുണ്ട്. താൻ കുട്ടിയെ ഒറ്റയ്ക്കു വളർത്തുമെന്ന് വെല്ലുവിളിശബ്ദത്തിൽ പറയുന്ന ആ സ്ത്രി ഒരുപക്ഷേ അതിനുള്ള സാമ്പത്തിക-സാമൂഹ്യശേഷിയുള്ളവരാകണമെന്നില്ല എന്നർത്ഥം. അതുകൊണ്ടുതന്നെ അവരുടെ സ്ഥിതി എന്താണെന്ന് അന്വേഷിച്ചറിയേണ്ടതും അത്യാവശ്യമാണ്. കുട്ടികളെ ജനിപ്പിക്കണോ വേണ്ടയോ എന്നത് പങ്കാളികൾക്കു മാത്രം ഉഭയസമ്മതപ്രകാരം മാത്രം എടുക്കാവുന്ന തീരുമാനമാണെങ്കിലും ജനിച്ചുകഴിഞ്ഞ കുഞ്ഞിന് ആവശ്യമായ ഭൌതികവിഭവങ്ങളും കരുതലും പരിചരണവും കൊടുക്കാൻ പ്രസവതീരുമാനമെടുത്ത മാതാവിന് കഴിവുണ്ടോ എന്ന് സമൂഹം അന്വേഷിക്കേണ്ടതുണ്ട്. മാത്രമല്ല, ഉഭയസമ്മതം സ്ത്രീയ്ക്ക് സ്വന്തം പ്രജനനശേഷിയുടെ മേലുള്ള സ്വയംനിർണയാധികാരത്തിനു മീതെയല്ല, ഒരു സാഹചര്യത്തിലും.

മൂന്നാമതായി, ലൈംഗിക അനീതിയെ അധികാരസ്ഥാനത്തിരിക്കുന്ന പുരുഷന്മാർ തങ്ങളുടെ സ്വകാര്യപെരുമാറ്റങ്ങളിൽ വളർത്തുന്ന രീതികളുടെ വേരറുക്കാൻ എന്തുചെയ്യാമെന്ന ചോദ്യമാണ്.രാഹുൽ മാങ്കൂട്ടത്തിലിൻറെ ലൈംഗികസദാചാരം പിതൃമേധാവിത്വപരമായിരിക്കാം – തികഞ്ഞ ആൺകോയ്മ ഇപ്പോഴും നിലനിൽക്കുന്ന ലോകത്ത് അത് പ്രതീക്ഷിതമാണ്. അതിനെ ചെറുക്കാൻ തുറന്നുപറച്ചിലുകൾ വേണമെന്നും തർക്കമില്ല. പക്ഷേ തുറന്നുപറച്ചിലുകൾ തുറന്നുപറച്ചിലുകളാകാതെ പാതിമറയത്ത് പലതും ഒളിപ്പിക്കുന്ന ഭാവത്തിൽ നടത്തുന്ന പരസ്യപ്രസ്താവനകൾ എത്ര തന്നെ ആത്മാർത്ഥതയുള്ളവയാണെങ്കിലും പരാതിക്കാരികൾക്ക് ഗുണത്തെക്കാളധികം ദോഷമാണ് വരുത്താനിട.

അതിക്രമം നേരിട്ട സ്ത്രീക്ക് എന്ത് കാരണമായാലും ശരി പരാതി ശരിയായ രീതിയിൽ പറയാൻ പോലും കഴിയുന്നില്ല എന്ന കേരളാവസ്ഥ വളരെ ദുഃഖകരമാണ്. എങ്കിലും നിയമവ്യവസ്ഥയുടെ പരിരക്ഷ മാത്രമല്ല, വലിയൊരളവുവരെ പൊതുജനസമ്മതവും ലൈംഗികപീഡനത്തിനെതിരെ നിലനിൽക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ, സ്ത്രീകൾ, വിശേഷിച്ചും വരേണ്യസാമൂഹ്യമെച്ചങ്ങൾ അനുഭവിക്കുന്നവരായ സ്ത്രീകൾ, പോലീസ് പരാതി നൽകാനോ, അതല്ലെങ്കിൽ നടന്ന സംഭവങ്ങളെ പേരുകൾ മറച്ചു വയ്ക്കാതെ തന്നെ പരസ്യമാക്കാനോ മടിക്കേണ്ടതില്ല എന്നു തന്നെ ഞങ്ങൾ പറയുന്നു. തങ്ങൾക്കുണ്ടായ അനുഭവങ്ങളെ അല്പം പോലും കൂട്ടാതെ, കുറയ്ക്കാതെ, ആരെക്കുറിച്ചാണോ പരാതിപറയുന്നത്, അവരുടെ എതിരാളികൾക്ക് ഗുണകരമാക്കാൻ വേണ്ടി എരിവും പുളിയും ചേർക്കാതെ, അവതരിപ്പിക്കാൻ പരാതിക്കാരികൾക്കു കഴിഞ്ഞാൽ അവർക്ക് യാതൊന്നിനെയും പേടിക്കേണ്ടിവരില്ല. ഇവിടെയാണ് കേരളത്തിലെ ഫെമിനിസ്റ്റ് കൂട്ടായ്മകൾക്ക് പരാതിക്കാരികളെ സഹായിക്കാൻ കഴിയുന്നത്.

നിയമത്തിൻറെ സങ്കീർണതകളിൽ കാലുടക്കി വീഴാതെയും, പരാതിക്കാരികളുടെ സങ്കടത്തെ മുതലെടുത്ത് സ്വന്തം കാര്യം നേടാൻ നോക്കുന്ന അവസരവാദികളായ മൂന്നാംകക്ഷികളുടെ കുതന്ത്രങ്ങളിൽ അകപ്പെടാതെയും, പരാതിക്കാരികളെ സഹായിക്കാൻ ഫെമിനിസ്റ്റ്സംഘങ്ങൾക്ക് കഴിയണം. ഇതു ചെയ്യാതെ കുറ്റാരോപിതനോടുള്ള രോഷം അയാളുടെ പൌരാവകാശങ്ങളെ ചവിട്ടിക്കൂട്ടുംവിധം പ്രകടിപ്പിക്കുന്നത് പലരുടെയും ഉൾതാപത്തെ ശമിപ്പിക്കുമായിരിക്കും. പക്ഷേ നിയമത്തിനു മുമ്പിലും ജനങ്ങൾക്കു മുമ്പിലും പരാതിക്കാരികളുടെ ജയസാദ്ധ്യത, പൊതുസമ്മതി, ഇവയെ കുറയ്ക്കാനെ അത് ഉതകൂ. പരാതിക്കാരികളുടെ മുറിവുണങ്ങലും അവർക്കു നീതിയുമാണ് വേണ്ടത്, അല്ലാതെ പ്രതികാരവും സിനിസിസം നിറഞ്ഞ മുതലെടുപ്പുമല്ല.

Adoor Gopalakrishnan’s Casteist Speech at the Kerala Film Policy Conclave Interrupted: Faces Backlash from Filmmakers

https://feminisminindia.com/2025/08/14/adoor-gopalakrishnans-casteist-speech-at-kerala-film-policy-conclave-interrupted-faces-backlash-from-dalit-filmmakers/