ഈയടുത്ത കാലത്തു കേരളത്തിലെ പെണ്ണുങ്ങൾ അവരെ ഉപദ്രവിക്കുന്ന ആണുങ്ങളെ എടുത്തിട്ട് ചവിട്ടുന്ന രണ്ടു സിനിമകൾ ഒന്നിന് പുറകെ ഒന്നായിട്ടു കാണാനിടയായി. ഒന്നിന്റെ പേര് *ദ റ്റീച്ചർ.* മറ്റേതിന്റെ പേര് *ജയ ജയ ജയ ജയ ഹേ.* രണ്ടു സിനിമയും കൊല്ലം നഗരത്തിന്റെയും പ്രാന്തപ്രദേശങ്ങളുടെയും അവിടുത്തെ ജനങ്ങളുടെ ജീവിതരീതികളുടെയും സംസ്കാരത്തിന്റെയും പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. *ദ റ്റീച്ചർ* എന്ന സിനിമയിലെ നായിക ക്വാറികളിൽ പാറ പൊട്ടിക്കുന്ന ഒരാളുടെ മകളാണ്. *ജയ ജയ ജയ ജയ ഹേ* യിലെ നായിക കൊല്ലത്തെ കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികളുടെ മകളാണ്. സമൂഹത്തിന്റെ താഴത്തെ പടിയിലുള്ള സ്ത്രീകൾ അവരെ ദ്രോഹിക്കുന്ന ആണുങ്ങളെ ഒറ്റയ്ക്ക് നേരിടുന്നതാണ് രണ്ടു സിനിമയുടെയും പ്രധാന ഇതിവൃത്തം.
റ്റീച്ചർ ആയതു കൊണ്ടായിരിക്കണം, *ദ റ്റീച്ചർ* എന്ന സിനിമ കണ്ടപ്പോൾ ഞാൻ അറിയാതെ “അയ്യോ എന്റമ്മച്ചീ” എന്ന് വിളിച്ചു പോയി. മയക്കു മരുന്ന് കൊടുത്തിട്ടു കുറെ വരത്തന്മാരായ വിദ്യാർത്ഥികളാൽ ശാരീരികമായിട്ടു ആക്രമിക്കപ്പെട്ട ഒരു ഫിസിക്കൽ എജുകേഷൻ റ്റീച്ചർ ആണ് ദേവിക (അമല പോൾ) എന്ന പ്രധാന കഥാപാത്രം. ഇവന്മാർ ഇവരെ ഉപദ്രവിക്കുന്നതിന്റെ വീഡിയോയും എടുത്തു വെച്ചിട്ടുണ്ട്. ഭാവിയിൽ എങ്ങാനും ഉപയോഗിക്കേണ്ടി വന്നാലോ? കേരളത്തിൽ ഒരു നടനും അയാളുടെ കൂട്ടുകാരന്മാരും ചേർന്ന് ഒരു നടിയെ ഇത്തരത്തിൽ ഉപദ്രവിച്ച വാർത്ത നമുക്കെല്ലാവർക്കും അറിയാവുന്നതാണല്ലോ. അത് കൊണ്ട് ഈ കഥാവസ്തുവിന് പ്രസക്തിയുണ്ടെന്ന് പറയാം.
എന്നാലും ഈ കഥ പറഞ്ഞിരിക്കുന്നത് കണ്ടാൽ നമ്മൾ ഞെട്ടി പോകും. ഈ ദേവികയുടെ ഭർത്താവ് സുജിത് (ഹക്കീം ഷാഹ്‌ജഹാൻ) — ഒരു നെഞ്ചുറപ്പില്ലാത്തവൻ — ഭാര്യയ്ക്ക് ഗർഭമുണ്ടോ എന്ന് മാത്രം അറിഞ്ഞാൽ മതി അയാൾക്ക്. പണ്ടൊക്കെ മലയാളം സിനിമയിൽ സ്ത്രീകളുടെ ഗർഭം സ്ത്രീകളുടെ മാത്രമായിരുന്നു. അവർ അടിവയറു താങ്ങി പിടിച്ചു ഛർദ്ദിക്കുകയും, പിന്നെ നാണിച്ചു ഭർത്താവുള്ളവർ ഭർത്താവിനെ നോക്കുകയും, ഭർത്താവില്ലാത്തവർ തെങ്ങിന്റെ ചോട്ടിൽ പോയിരുന്നു തല താങ്ങി കരയുകയും, പിന്നെ വിയർത്തു കുളിച്ചു കുഞ്ഞിനെ പ്രസവിക്കുകയും, കുഞ്ഞു ജീവിക്കുകയോ മരിക്കുകയോ ചെയ്യുന്നതുമായിരുന്നു സിനിമയുടെ ഒരു കീഴ്‌വഴക്കം. എന്നാലിപ്പോൾ അങ്ങനല്ല. ഈ സിനിമയിൽ ദേവികയെക്കാളും ദേവികയുടെ മെൻസ്ട്രുവൽ സൈക്കിൾ ഇയാൾക്കാണ് നിശ്ചയം. ഇതൊക്കെ കേരളസമൂഹത്തിൽ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും അവരുടെ ശാരീരിക ബന്ധങ്ങൾക്കും ഇടയിൽ വന്നിട്ടുള്ള പുരോഗമനത്തിനെയാണ് കാണിക്കുന്നത് എന്ന് വേണമെങ്കിൽ പറയാം. തീർച്ചയായും ഈ സിനിമയിൽ ഈ ജാതി ഡയലോഗിന്റെ പ്രസക്തി ഇത് തന്നെയാണ്. പക്ഷെ ഭാര്യയെ സ്‌കൂളിൽ പഠിക്കുന്ന കുറെ ഊളൻ ചെറുക്കൻമാർ ചേർന്ന് ആക്രമിച്ചു വീഡിയോ എടുത്തു എന്ന് കേൾക്കുമ്പോൾ ദാണ്ടെ കിടക്കുന്നു അയാളുടെ പുരോഗമനം. അയാൾക്ക് പിന്നെ കൊച്ചും വേണ്ട കുടുംബോം വേണ്ട. അത്രക്കത്രക്കൊള്ള തൊലിപ്പുറത്തെ പുരോഗമനമൊക്കെ ഉള്ളൂ സുജിത്തിന്. ദേവികയ്ക്ക് ഇയാളിൽ നിന്നൊരു സഹായവും പ്രതീക്ഷിക്കേണ്ട ആവശ്യമില്ല.
പക്ഷെ ഇയാളുടെ അമ്മ കല്യാണി (മഞ്ജു പിള്ള) ഇയാളെപ്പോലെയല്ല. പണ്ടത്തെ ശശികുമാറിന്റെ *ചട്ടമ്പി കല്യാണി* എന്ന സിനിമ ഓർമ്മയുണ്ടോ? “കോഴിക്കോടൻ കൈലി മുണ്ടു മടക്കി കുത്തി, കാർമേഘ പൂഞ്ചായൽ മടിച്ചു കെട്ടി, ഇല്ലാത്ത കൊമ്പൻ മീശ പിരിച്ചു കാട്ടി, കൊല്ലുന്ന നോട്ടമെയ്യും കോമളാങ്കി, തങ്കമണി പൊന്നുമണി ചട്ടമ്പി കല്യാണി” എന്ന് ശ്രീകുമാരൻ തമ്പി എഴുതിയത് ഓർമ്മയുണ്ടോ? പ്രേംനസീർ കുടയും കൊണ്ട് വാഴത്തോട്ടത്തിലൂടെ ലക്ഷീടെ പുറകെ പാട്ടും പാടി നടക്കുന്നത് ഓർമ്മയുണ്ടോ?
എന്നാലീ കല്യാണി അങ്ങനത്തെ കല്യാണി അല്ല. ഇവർ ശരിക്കും കണക്ഷൻസ് ഒക്കെ ഉള്ള ഒരു ശരിയായ ചട്ടമ്പി കല്യാണി ആണ് — സഖാവ് പാറ്റൺ കല്യാണി. സാധാരണ മമ്മൂട്ടിയും മോഹൻലാലുമൊക്കെ ഫ്രെയ്മിലോട്ടു വരുമ്പോൾ മലയാളം സിനിമയിൽ ഉള്ള സ്ലോ മോഷൻ ഷോട്ട് പോലെയുള്ള ഒരു ഷോട്ടിൽ അവര് താൻ വലിച്ചോണ്ടിരിക്കുന്ന ബീഡി ചുണ്ടിൽ നിന്നും തെറിപ്പിച്ചു ചെരിപ്പിടാത്ത കാലിന്റെ അടിയിൽ ഞെരിച്ചമർത്തിയിട്ടു മൺറോ തുരുത്തിനെ സംരക്ഷിക്കാനായിട്ടു എണീറ്റ് നിന്ന് പ്രസംഗിക്കുന്നു. സമൂഹത്തിന്റെ താഴെക്കിടയിലുള്ള സംഘടിതരുടെ ജനനേതാവാണിവർ. ഇവരുടെ നട്ടെല്ലില്ലാത്ത മകനാണ് സുജിത്. നട്ടെല്ലില്ലാത്ത ഭർത്താവിനേം തൂക്കി പിടിച്ചു ദേവിക പോലീസ് സ്റ്റേഷനിൽ വരുന്നുണ്ട് — കംപ്ലെയ്ന്റ് എഴുതി കൊടുക്കാൻ. പക്ഷെ സുജിത് കാലു പിടിച്ചു കെഞ്ചുന്നു അവരോടു — “പുറത്തു പറയല്ലേ പ്ളീസ്. ഇത് പുറത്തറിഞ്ഞാൽ പിന്നെ നിന്റെ അനിയത്തീടെ കല്യാണം നടക്കുമോ?” ന്യായമായ ചോദ്യം. സഖാവ് പാറ്റൺ കല്യാണിയും ദേവികയോട് പറയുന്നു — “നീതിയൊന്നും ഒരിടത്തും കിട്ടത്തില്ല കൊച്ചേ. ഞാനൊക്കെ എന്തോരം അനുഭവിച്ചതാ . . . ലാത്തിക്ക് ഗർഭമുണ്ടാക്കാൻ കഴിയുമായിരുന്നെങ്കിൽ കല്യാണിക്ക് കൊച്ചുങ്ങളേറെ ഉണ്ടായേനെ.” ഭയങ്കര ഡയലോഗ്.
ഈ ഡയലോഗ് കഴിഞ്ഞങ്ങോട്ട് പിന്നെ സിനിമ ആകെ കൊളമാകുന്നു. കല്യാണിയുടെ സപ്പോർട്ടോടെ ദേവിക പ്രതികാരം എന്ന നീതി സ്വയം നടപ്പിലാക്കാൻ ഇറങ്ങി പുറപ്പെടുന്നു. ഇതിന്റെയിടക്ക് സഖാവ് കല്യാണിയുടെ കണക്ഷൻ ആയ ഒരു പോലീസ് informant കഥാപാത്രം വരുന്നുണ്ട്, മണി ചേട്ടൻ (ചെമ്പൻ വിനോദ്). പ്രതികാരം പ്രൊജക്റ്റ് സെറ്റപ്പ് ചെയ്യാനായി ദേവിക കൊല്ലത്തു നിന്നും കൊച്ചിയിൽ വരുന്നു, ഇയാളെ കാണുന്നു. ഒരു ഹോട്ടൽ മുറിയിൽ വെച്ച് ഇയാൾ ദേവികയുടെ തോളിൽ കൈ വെയ്ക്കുന്നു. ദേവിക അയാളോട് പറയുന്നു–“കൈ എടുക്കടോ.” അയാളുടെ മറുപടി — “അയ്യോ സിസ്റ്ററെ ഞാൻ ആ ടൈപ്പ് അല്ല. വുമൺസ് എന്റെ ലിസ്റ്റിലെ ഇല്ല.” അതായത് സ്ത്രീകളെ കേറി പിടിക്കാത്ത ആണുങ്ങൾ queer ആയിരിക്കണം. വല്ലാത്ത twisted logic ഉള്ള ഡയലോഗുകൾ ആണിവ.
അതുവരെ പേടിച്ചു പേടിച്ചിരുന്ന ദേവിക പ്രതികാരം പ്രൊജക്റ്റ് തുടങ്ങുന്നു. കണ്ടാൽ അറയ്ക്കുന്ന ഒരു ഹോട്ടലിൽ തന്നെ ഉപദ്രവിച്ച ഒരു ഊളൻ ചെറുക്കനെ കാണാനും അവനോടു പ്രതികാരം ചെയ്യാനും അവർ പുറപ്പെടുന്നു. എന്തോന്നാണ് പ്രതികാരം എന്നൊന്നും നമുക്ക് പിടിയേ കിട്ടത്തില്ല ആദ്യമൊന്നും. അവിടെയാണ് സസ്പെൻസ്. ഊളൻ ചെറുക്കൻമാർ എല്ലാരുമുണ്ട് ഹോട്ടൽ മുറിയിൽ. അവർ ദേവികയെ വിരട്ടുന്നു. അപഹസിക്കുന്നു. പച്ചത്തെറി വിളിക്കുന്നു. ഇത്രയധികം ആസക്തിയോടെ ഊളന്മാർ സ്ത്രീകളെ പച്ച തെറി വിളിക്കുന്നത് ഈയടുത്ത കാലത്തു ഞാൻ ഫേസ്ബുക്കിൽ മാത്രമേ കേട്ടിട്ടുള്ളൂ. ഈ പച്ചത്തെറിയൊക്കെ ഇവന്മാർ മഹാ വൃത്തികെട്ടവന്മാരാണെന്നു കാണിക്കാൻ വേണ്ടിയാണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. ഒരുപാട് ചീത്ത ഒരു പാട് ഉച്ചത്തിൽ ഒരു പാട് നേരം പരത്തി പരത്തി പറഞ്ഞാലേ കേരളത്തിൽ അത് ഏൽക്കത്തൊള്ളൂ. Quantity over quality.
പക്ഷെ ഞാനും നിങ്ങളും ഒക്കെ ഒരേപോലെ ഞെട്ടുന്നതു പ്രതികാരത്തിന്റെ അവസാനം ദേവിക പെട്ടെന്ന് ബ്രൂസ് ലീ ആയി മാറി ഊളൻ ചെറുക്കൻമാരെ ചില കുങ്ഫു അടവുകൾ പയറ്റി ചവിട്ടി തെറിപ്പിക്കാൻ തുടങ്ങുമ്പോഴാണ്. പത്തു മിനിട്ടു മുൻപ് ആകെ ചിണുങ്ങി നിന്ന ദേവിക പ്രതികാര ദുർഗ്ഗയായിട്ടു ആയുധമില്ലാതെ കൈയ്യടവും കാലടവും വെച്ച് ഇവന്മാരെ അടിച്ചു തൊഴിച്ചു തെറിപ്പിക്കുന്നു. ഇതെവിടുന്നു വന്നു എന്ന് ചോദിക്കരുത്. കഥയിൽ ചോദ്യമില്ല. യാതൊരു മുന്നറിയിപ്പുമില്ലാതെ ദേവിക നാൻ ചാക്കു എടുത്തു ഊളന്മാരെ അടിച്ചു വാരി തോട്ടിലെറിയുന്നു. അതെ നാൻ ചാക്കു. പണ്ട് പാറ പൊട്ടിക്കുന്ന വേറെ ഒരു രക്തസാക്ഷി പഠിപ്പിച്ചതാണ് കുങ് ഫു. സത്യം പറഞ്ഞാൽ ഞാൻ ഞെട്ടി പോയി. വേറെ ഏതോ സിനിമ ഈ സിനിമയിലോട്ടു സ്‌പ്ലൈസ് ചെയ്തു കേറ്റിയതാണോ എന്ന് വരെ തോന്നി.
എന്നാൽ ഈ സിനിമയിലെ ഏറ്റവും നികൃഷ്ടമായ സീൻ പോലീസ് informant ആയ മണിച്ചേട്ടൻ എന്ന കഥാപാത്രം പ്രധാന ഊളൻ ചെറുക്കനെ റേപ്പ് ചെയ്യുന്നു എന്ന് സൂചിപ്പിക്കുന്ന രംഗങ്ങൾ ആണ്. താഴെ പോലീസിന്റെ കാവലോടു കൂടി. ആകെപ്പാടെ ഈ സിനിമയിലെ സ്ത്രീകൾക്ക് നേരെയുള്ള അലവലാതികളുടെ ആക്രമണം, സ്ത്രീകളോടുള്ള ഊളന്മാരുടെ പച്ച തെറികൾ, നിരനിരയായിട്ടു നിൽക്കുന്ന മനുഷ്യത്വമില്ലാത്ത കഥാപാത്രങ്ങൾ, ആശ്ചര്യകരമായ അന്തം വിടുന്ന പ്രതികാര പരിപാടികൾ, queer ആയ ഒരുത്തനെ ഒരു rapist ആയി കാണിക്കുന്നത്, അക്രമങ്ങൾ പരത്തി പരത്തി പറഞ്ഞും കാണിച്ചും കൊടുത്താലേ കാണുന്നവർക്കു മനസ്സിലാകൂ എന്ന തെറ്റിധാരണ — ഇതെല്ലാം കണ്ടപ്പോൾ പെട്ടെന്ന് മലയാളത്തിലെ ഇന്ദു മേനോൻ എന്ന എഴുത്തുകാരിയുടെ കഥകൾ ഓർമ്മ വന്നു.
നാൻ ചാക്കു കൊണ്ടുള്ള അടിപിടി കണ്ടിട്ട് ഈ സിനിമയിൽ രാഷ്ട്രീയം ഇല്ല എന്നൊന്നും വിചാരിക്കരുത്. ഈ സിനിമ സർക്കാരിനെ സൂത്രത്തിൽ അങ്ങ് വെറുതെ വിടുന്ന സിനിമയാണ്. കള്ളത്തരത്തിൽ കേരളത്തിലെ സ്ത്രീകൾക്ക് അവർക്കെതിരെയുള്ള തികഞ്ഞ അലവലാതിത്തരങ്ങൾ അവർക്കു തന്നെ നേരിടാൻ കഴിയും എന്ന് കാണിക്കലാണ് ഈ സിനിമയുടെ രാഷ്ട്രീയം. സ്ത്രീകൾ കുങ് ഫു പഠിച്ചു പ്രതികാരം ചെയ്‌താൽ മതി. സർക്കാരിനെ ജനങ്ങളുടെ സംരക്ഷണം എന്ന ചുമതലയിൽ നിന്ന്, ആ ഉത്തരവാദിത്വത്തിൽ നിന്ന് ഊരി വിടാൻ വേറെയെന്തോന്ന് വേണം? സഖാവ് കല്യാണി ഹോട്ടലിൽ ദേവികയെ വിളിച്ചു ചോദിക്കുന്നു–“തീർത്തോ?” പാറ പൊട്ടിക്കാനുപയോഗിക്കുന്ന അതെ dynamite വെച്ച് ഊളൻമാരേയും ഹോട്ടലിനെയും പൊട്ടിത്തെറിപ്പിക്കുന്നതായി സൂചിപ്പിക്കുന്നു. ബലേ ഭേഷ്. ഈ സിനിമയും സ്ത്രീ ശാക്തീകരണമാണെന്ന് വേണമെങ്കിൽ വാദിക്കാം.
ഈ സിനിമ കണ്ടതിന്റെ ചുവ വായിൽ കിടന്നിരുന്ന സമയത്താണ് *ജയ ജയ ജയ ജയ ഹേ* എന്ന സിനിമ കാണുന്നത്. 180 degree വ്യത്യാസമുള്ള ഒരു സിനിമ. ഇതിലെ ഇടിയും ചവിട്ടും തൊഴിയും വാസ്തവത്തിൽ കഥയുടെ ഭാഗമാണ്. കഥയുടെ കാതലായ ഭാഗമാണ് എന്ന് തന്നെ പറയാം. കശുവണ്ടി ഫാക്ടറികളിലും മറ്റും ജോലി ചെയ്യുന്ന കോഴി വില്പനക്കാരുടെയും മറ്റും ഭാര്യമാരായി കഴിയുന്ന സ്ത്രീകളെ എടുത്തിട്ട് തല്ലി ചതയ്ക്കുന്ന നശിച്ച ഭർത്താക്കന്മാരുടെയും അവരെ സംരക്ഷിക്കുന്ന കേരള സമൂഹത്തിന്റെയും അവരെ വേണ്ടി വന്നാൽ തൊഴിച്ചു വെളീലോട്ടു എറിയേണ്ടി വരുന്ന സ്ത്രീകളുടെയും കഥയാണിത്. ഇതിലെ പ്രധാന കഥാപാത്രം ജയ – ജയഭാരതി (ദർശന രാജേന്ദ്രന്റെ തകർപ്പൻ റോൾ) — ഭർത്താവിൽ നിന്നും സ്വയം രക്ഷിക്കാൻ ഫോണിൽ നോക്കി കരാട്ടെ പഠിക്കുന്ന സ്ത്രീയാണ്.
സിനിമ തുടങ്ങുന്നത് തന്നെ ഇതുപോലൊരു സ്ത്രീയുടെ ഒരു ദിവസത്തിന്റെ ഒരു montage – ഇൽ കൂടിയാണ്. മുഖം പോലും കാണിക്കാത്ത ഒരു സ്ത്രീ രാവിലെ എണീറ്റ് അടുപ്പത്തു വെള്ളം വെച്ച് അരിയിട്ട് ഇല വാട്ടി ചോറും കറിയും പൊതിഞ്ഞു കുളിച്ചു ജോലിക്കു പോകുന്നു. നടന്നു പോകുന്ന മുറിയിൽ കൂടി കാണാം കട്ടിലിൽ നീണ്ടു നിവർന്നു കിടന്ന് ഉറങ്ങുന്ന ഭർത്താവിന്റെ കാലുകൾ. അവരെപ്പോലെ വേറെയും സ്ത്രീകൾ ഒന്നിച്ചു ബസ്സിൽ കയറി കശുവണ്ടി ഫാക്ടറിയിൽ എത്തുന്നു. “എടീ പോടീ” എന്ന് ഇവരെ വിളിച്ചു വിരട്ടുന്ന സൂപ്പർവൈസർ ആണ് ജയയുടെ അച്ഛൻ. സിനിമയുടെ ആദ്യത്തെ ഡയലോഗ് മുതൽ തന്നെ നല്ല സുന്ദരമായിട്ട് ഈ ജാതി സൂപ്പർവൈസർ ആണുങ്ങളുടെ സംസ്കാരശൂന്യതക്കിട്ടു നല്ല ഗോളടിക്കുന്നുണ്ട്. സൂപ്പർവൈസർക്കു പെൺകുഞ്ഞു പിറന്നല്ലോ, കുഞ്ഞിന് പേരിട്ടോ എന്ന ചോദ്യത്തിന് കശുവണ്ടി തല്ലിക്കൊണ്ടിരിക്കുന്ന ഒരു വയസ്സായ അമ്മ പറയുന്നു — “വിജയനെന്തിനാ പേര്? എടീന്നും അവളെന്നും ഒക്കെ വിളിച്ചോളും.” ഈ ഡയലോഗിന്റെ അതെ വാർപ്പിലാണ് ഈ സിനിമയിലെ എല്ലാ സംഭാഷണങ്ങളും. പൊതുവെ മലയാളികൾക്ക് പെണ്ണുങ്ങളോടുള്ള പുച്ഛം, പ്രത്യേകിച്ചും ആണുങ്ങളോട് എന്തെങ്കിലും എതിർത്ത് പറയുന്ന പെണ്ണുങ്ങളോടുള്ള പുച്ഛം അത് പോലെ കേൾക്കാനും കാണാനും പറ്റും ഈ സിനിമയിൽ.
ഈ സിനിമയിൽ കാണുന്ന എല്ലാ കഥാപാത്രങ്ങളും നമ്മൾക്ക് പരിചിതരാണെങ്കിലും ഈ സിനിമയുടെ സംവിധായകൻ വിപിൻദാസ് ചില ജാതി അതിശയോക്തികൾ വളരെ രസകരമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ഉദാഹരണത്തിന്, ജയയുടെ ഭർത്താവ് രാജേഷിന്റെ (ബേസിൽ ജോസഫിന്റെ ഉഗ്രൻ റോൾ) ഇടിയപ്പത്തിനോടുള്ള അടിമത്തം. ഇതിയാൾ ചുമ്മാതെ പറയുന്നതല്ല. നമ്മൾ വിചാരിക്കും നമ്മളിൽ പലർക്കും ഉള്ളതുപോലുള്ള ഒരു ഇഷ്ടക്കൂടുതൽ ആണിതെന്ന്. അല്ലേ അല്ല. ഇയാളിത് മാത്രമേ കഴിക്കൂ. വേറെയെന്തെങ്കിലും വീട്ടിൽ ഉണ്ടാക്കി അയാളുടെ മുൻപിൽ കൊണ്ട് വെച്ചാൽ പിന്നെ flying saucers പോലെ പറക്കുന്നു പ്ളേറ്റുകൾ. ഇടിയപ്പമല്ലാത്ത ആഹാരം മേശപ്പുറത്തു വരുന്നു, ഇയാൾ ഭാര്യയുടെ കരണത്തടിക്കുന്നു, പിന്നെ സോറി പറയുന്നു, അടിച്ചവളേ സന്തോഷിപ്പിക്കാൻ സിനിമക്ക് കൊണ്ട് പോവുന്നു, പിന്നെ ഹോട്ടലിൽ കൊണ്ട് പോയി ആഹാരം വാങ്ങിച്ചു കൊടുക്കുന്നു എന്നിങ്ങനെ domestic violence -ന്റെ ഫുൾ സൈക്കിളും രാജേഷിന്റെ പ്രവർത്തികളിൽ കാണാൻ സാധിക്കും.
എന്ത് കാര്യവും ഒരു മാറ്റവുമില്ലാതെ നിർത്താതെ ആവർത്തിച്ചു കൊണ്ടിരുന്നാൽ അത് കോമഡി ആയി തീരും എന്ന് പണ്ട് നോർത്രോപ് ഫ്രൈ (Northrop Frye) എന്ന സാഹിത്യ വിമർശകൻ പറഞ്ഞിട്ടുണ്ട് (Anatomy of Criticism 1957). ഒരു മരണം, രണ്ടു മരണം, മൂന്നു മരണം വരെ ഒരു കഥയിൽ വായിച്ചാൽ നമ്മൾക്ക് സങ്കടം തോന്നുമായിരിക്കും. പക്ഷെ നാല് മരണം അഞ്ചു മരണം ആറു മരണം എന്നിങ്ങനെ കഥ മുന്നോട്ട് പോകുമ്പോൾ സങ്കടം ചിരിയായി മാറുന്നു എന്ന ഫ്രൈ പറഞ്ഞത് വാസ്തവത്തിൽ ശരിയാണ്. ഇത് പോലെയൊരു തത്വം ഈ സിനിമയിലുണ്ട്. അതുകൊണ്ടാണ് ആഹാരം-കരണത്തടി-സിനിമ-ഹോട്ടൽ എന്നിങ്ങനെയുള്ള രാജേഷിന്റെ ക്രൂരകൃത്യങ്ങൾ ഒരു quick montage – ഇൽ സിനിമ കാണിച്ചു തീർക്കുന്നത്. ഇതൊക്കെ തന്നെ ദാമ്പത്യം. ഭാര്യേടെ കരണത്തടിക്കുന്നതിലും അലറി വിളിക്കുന്നതിലും കൂടുതൽ കഴിവുകളൊന്നും ഇയാൾക്കില്ല. *ധപ്പട്* എന്ന സിനിമയിൽ കാണിച്ച പോലെ ഒരു തവണയൊന്നും അല്ല ഇയാൾ ജയയെ തല്ലുന്നത്. ജയയുടെ കണക്കു പ്രകാരം ആറു മാസത്തിലെ വിവാഹ ജീവിതത്തിൽ 21 തവണ അയാൾ ജയയെ അടിച്ചിട്ടുണ്ട്. 10 വർഷമാകുമ്പോൾ 420 അടി. 40 വർഷം — ദീർഘകാല ദാമ്പത്യജീവിതം — ആകുമ്പോൾ 1680 അടി. ഇത്രയും അടി കൊള്ളണമെന്നാണോ അണ്ണൻ പറയുന്നത്? ജയ രാജേഷിന്റെ അണ്ണനോട് ചോദിക്കുന്നു.
എന്നാലും പൊതുവെ ഒരുപാട് ചിരിക്കാനുണ്ടീ സിനിമയിൽ. കല്യാണം എന്ന കേരളത്തിലെ മഹാ സംഭവം പെട്ടെന്ന് fast forward ചെയ്താണ് കാണിക്കുന്നത്. fast forward gags, montage edit sequences ഇവ രണ്ടും സിനിമയുടെ പ്രധാന tone ഹാസ്യമാക്കി മാറ്റുന്നു. ഹാസ്യത്തിൽ നിന്നും ഗൗരവത്തിലോട്ടുള്ള സ്ഥിതിമാറ്റം വളരെ സ്വാഭാവികമായിട്ടാണ് മിക്കവാറും സംവിധായകൻ കാണിച്ചിരിക്കുന്നത്. നവ വധു ജയ രാജേഷിന്റെ വീട്ടിൽ ആദ്യമായി വന്നു കയറുന്ന സീനിൽ അവളുടെ കണ്ണുകൾ ആ വീട്ടിലെ എല്ലാ പൊട്ടിയതും പൊടിഞ്ഞതുമായ സാധനങ്ങളിൽ കൊളുത്തി നിൽക്കുന്നു–ഗ്ലാസ് പൊട്ടിയ മേശ, പൊട്ടിയ കണ്ണാടി, പൊട്ടിയ ഫോട്ടോ ഫ്രെയിം, ഒടിഞ്ഞ കസേര. ഇയാൾ ഇടിച്ചു പൊട്ടിച്ചതാണോ ഇതൊക്കെ? ചില സീനുകളിൽ — പ്രത്യേകിച്ചും ജയയുടെ അമ്മ ജയയെ തിരിച്ചു രാജേഷിന്റെ വീട്ടിൽ കൊണ്ടാക്കാൻ വരുന്ന സീനിൽ അവരുടെ വായിൽ നിന്നും വീഴുന്നതൊക്കെയും കേരള സമൂഹത്തിൽ ഭർത്താവിനെ ഉപേക്ഷിച്ചു ഇറങ്ങി പോകുന്ന ഭാര്യമാരോട് അവരുടെ വീട്ടുകാർ പറയുന്ന “കൾച്ചറൽ സ്ക്രിപ്റ്റ്” അതുപോലെ പറയുന്നതാണെന്ന് മനഃപൂർവം കാണിച്ചിട്ടുണ്ട്. ഇത്തരം രംഗങ്ങൾ സിനിമയെ പ്രധാനമായിട്ടും ഒരു satire ആക്കിതീർക്കുന്നു.
*ദ റ്റീച്ച*റും *ജയ ജയ ജയ ജയ ഹേ* യും തമ്മിലുള്ള പ്രധാന വ്യത്യാസം *റ്റീച്ചറി*ൽ ദേവിക നാൻ ചാക്കു പയറ്റുന്ന ബ്രൂസ് ലീ ആയി തീരുന്നത് സിനിമ തീരുമ്പോഴാണ്. സ്ത്രീകളെ തെറി വിളിക്കുകയും, ആക്രമിക്കുകയും ചെയ്യുന്ന ആഭാസന്മാരെ ശരിപ്പെടുത്തണമെങ്കിൽ സ്ത്രീകൾ കുങ് ഫു പഠിച്ചാൽ മതിയാകും. വേണെമെങ്കിൽ ഒരു queer police informant കൊണ്ട് ഊളൻ ചെറുക്കൻമാരെ റേപ്പ് -ഉം ചെയ്യിക്കാം. ഇങ്ങനെ പോകുന്നു ആ സിനിമയുടെ കണ്ടുപിടുത്തങ്ങൾ.
എന്നാൽ *ജയ ജയ ജയ ജയ ഹേ*-യിൽ ജയ രാജേഷിനെ ആദ്യത്തെ തവണ ചവിട്ടുന്നത് സിനിമ തുടങ്ങി 50 മിനിറ്റ് കഴിയുമ്പോഴാണ്. പിന്നെയും കിടക്കുന്നു ഏകദേശം രണ്ടു മണിക്കൂറോളം സിനിമ. ഇത് എടുത്തു പറയാൻ കാരണം പെണ്ണുങ്ങളെ ഉപദ്രവിക്കുന്ന ആണുങ്ങളെ എടുത്തിട്ട് ചവിട്ടിയാൽ മതി എന്നുള്ളതല്ല ഈ സിനിമയുടെ കണ്ടു പിടുത്തം എന്ന് ചൂണ്ടി കാണിക്കാനാണ്. ജയ ശരീരം കൊണ്ട് രാജേഷിനെ തടുക്കുമ്പോൾ അത് സമൂഹത്തിൽ, കുടുംബത്തിൽ സ്ത്രീകൾ കടന്നു മുറിക്കാൻ പാടില്ലാത്ത ഒരു വര കടക്കുന്നതായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. സിനിമയിൽ ജയ യൂട്യൂബ് വീഡിയോ നോക്കി self defense പഠിക്കുന്ന രംഗങ്ങൾ കശുവണ്ടി ഫാക്ടറിയിൽ തറയിൽ പടിഞ്ഞിരുന്നു കറുകറാന്ന് കറുത്ത കറ പുരണ്ട കൈകൾ കൊണ്ട് കശുവണ്ടി തല്ലുന്ന സ്ത്രീകളുടെ കൈകളുമായിട്ടു cross cut ചെയ്തിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. സങ്കടവും സന്തോഷവും തോന്നുന്ന രംഗങ്ങൾ. ഇത് പോലെ ആട്ടും തുപ്പും തല്ലും ചവിട്ടും സഹിച്ചു ജീവിക്കുന്ന എത്രയോ സ്ത്രീകൾ ഫാക്ടറികളിൽ പണിയെടുക്കുന്നുണ്ടാകും. അവരും പഠിക്കണം self defense.
കഥ മുന്നോട്ടു പോകുമ്പോൾ രാജേഷിനെ പോലുള്ളവർ എവിടുന്നു വരുന്നു, അവരെന്തു കൊണ്ട് സ്ത്രീകളോട് ഇത്ര പരമ പുച്ഛത്തിൽ പെരുമാറുന്നു എന്ന് വിസ്തരിച്ചു കാണിച്ചു തരുകയാണ് ചെയ്യുന്നത്. കഥ തീരുന്നതു dynamite-ഇലും റേപ്പിലും ഒന്നുമല്ല. കോടതിയിലാണ്. മഞ്ജു പിള്ളയുടെ ഒന്നാന്തരം ജഡ്ജി രാജേഷിനോട് ചോദിക്കുന്നു, “രാജേഷേ , ഒരു കുടുംബജീവിതത്തിൽ ഒരു സ്ത്രീക്ക് എന്തൊക്കെയാ വേണ്ടതെന്നറിയാമോ?”
രാജേഷ് കുറച്ചു നേരം ആലോചിക്കുന്നു. “അനുസരണ.”
“ആഹാ,” ജഡ്ജി പറയുന്നു, ഉത്സാഹത്തോടെ. “പിന്നെ?” അവർ ചോദിക്കുന്നു.
*ദ റ്റീച്ചറി*ലെ സഖാവ് പാറ്റൺ കല്യാണി എന്ന ബോറൻ കഥാപാത്രത്തിനേക്കാളുമൊക്കെ എന്തൊരു നല്ല റോൾ ആണ് ഒരു നല്ല സംവിധായകന്റെ കൂടെ ഒരു നല്ല സിനിമയിൽ മഞ്ജു പിള്ളയുടെ ജഡ്ജി കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത്.
“പാചകം,” രാജേഷിന്റെ മറുപടി.
“ഓ,” ജഡ്ജി സമ്മതിക്കുന്നു. “എന്നിട്ട്?” ജഡ്ജി വീണ്ടും ചോദിക്കുന്നു.
“കൈപ്പുണ്യം.” ബെഞ്ചിലിരിക്കുന്ന അണ്ണനോട് ചോദിച്ചിട്ടു രാജേഷ് പറയുന്നു.
ജഡ്ജി അണ്ണനോട് എണീറ്റ് നിൽക്കാൻ പറഞ്ഞിട്ട് ചോദിക്കുന്നു, അതെ ചോദ്യം: കുടുംബത്തിൽ ഒരു സ്ത്രീക്ക് വേണ്ട മൂന്നു കാര്യങ്ങൾ? അണ്ണന്റെ മറുപടി: “സംസ്കാരം, ഭക്തി, കുട്ടികൾ.”
രാജേഷിന്റെ മാമൻ പുറകിലിരുന്ന് പറയാൻ തുടങ്ങുന്നു, “കരുണ, ശാന്തം . . .”
ഈ സംസ്കാരത്തിൽ നിന്നാണ് ഭാര്യമാരെ തല്ലുന്ന രാജേഷ്‌കുമാരന്മാർ വരുന്നത്.
“ഇതൊന്നുമല്ല,” ജഡ്ജി ഉറക്കെ പ്രഖ്യാപിക്കുന്നു. “നീതി, സമത്വം, സ്വാതന്ത്ര്യം.”
നാൻ ചാക്കു, queer informant turned rapist, dynamite മുതലായവ ഒരു വശത്തു. മറു വശത്തു നീതി, സമത്വം, സ്വാതന്ത്ര്യം. ആ queer informant turned rapist ഇല്ലായിരുന്നെങ്കിൽ അപ്പുറത്തും സമത്വം ഉണ്ടായേനെ.

