സോപ്പും ചീപ്പും സവർണ്ണരുടെ വൃത്തിയും

സാധാരണയായിട്ട് നമ്മൾ സ്വയം നമ്മൾ ചെയ്ത തെറ്റുകൾ, കുറ്റങ്ങൾ, പോക്രിത്തരങ്ങൾ എന്നിവ ഒരു വള്ളിപുള്ളി പോലും വിടാതെ, ചിലപ്പോൾ കുറച്ചു കൂടുതൽ പൊലിപ്പിച്ചു പറയുന്നത് അത് കേൾക്കുന്നവരുടെ ക്ഷമയും, കരുണയും, ചിലപ്പോൾ അല്പസ്വല്പം പ്രശംസയും കൈപ്പറ്റാനാണ്. വെളിയിൽ പറയാൻ വിഷമമുള്ള കാര്യങ്ങൾ, അവയിലെ ഒരൊറ്റ നീചമായ, ഭയാനകമായ, വായിക്കുന്നവർക്ക് ആഖാതം തോന്നിപ്പിക്കുന്ന ഒരൊറ്റ ഡീറ്റേയിൽ പോലും മാറ്റി നിർത്തുന്നില്ല എന്ന് തോന്നിപ്പിക്കുമാറ് ഏറ്റു പറയുന്നതിനും വേണമല്ലോ ധൈര്യം. പണ്ട് *അഭിമാനം* എന്ന സിനിമയിൽ പ്രേം നസീർ ശാരദയോട് പാടിയ പാട്ട് പോലെ — “പൊട്ടിക്കരഞ്ഞു കൊണ്ടോമനെ ഞാൻ എന്റെ കുറ്റങ്ങൾ സമ്മതിക്കാം, മനസ്സിനെ താമരയാക്കിയ ലക്ഷ്മീ മാപ്പു തരൂ, എനിക്ക് നീ മാപ്പു തരൂ . . . ” അല്ലെങ്കിൽ *അടിമകൾ* എന്ന സിനിമയിൽ സത്യൻ ഷീലാമ്മയോട് പാടിയ പോലെ “മാനസേശ്വരീ മാപ്പു തരൂ . . . ,മറക്കാൻ നിനക്ക് മടിയാണെങ്കിൽ മാപ്പു തരൂ മാപ്പു തരൂ . . .” മറക്കണ്ട വയ്യെങ്കിൽ, പക്ഷെ നിങ്ങൾ എനിക്ക് മാപ്പു തരണം. കൃത്യമായി പറഞ്ഞാൽ ഇത്തരം എഴുത്തിന്റെ പൊരുൾ ഇതാണ്.

Confessional writing, പ്രത്യേകിച്ച് confessional memoirs പഠിക്കുന്നവരുടെ ഇടയിൽ ഈ പ്രതിഭാസത്തിനൊരു പേര് പോലുമുണ്ട്. Dostoyevskian Confession എന്നാണ് ഇത്തരത്തിലുള്ള കുറ്റസമ്മതങ്ങളെ വിവരിക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടിലെ റഷ്യൻ നോവലിസ്റ്റായ ഫ്യോദോർ ഡോസ്റ്റോയെവ്സ്കിയുടെ *The Possessed* എന്ന നോവലിലെ നിക്കോളായ് സ്റ്റാവ്‌റോഗിൻ (Nikolai Stavrogin) എന്ന കഥാപാത്രത്തിലൂടെയാണ് ഡോസ്റ്റോയെവ്സ്കി confession as a narrative mode, perhaps even a genre വ്യക്തമായി പരിചയപ്പെടുത്തി തരുന്നത്. ഈ നോവലിൽ ആര് , എന്തിന് , എവിടെ , ആരോട് കുറ്റകൃത്യങ്ങൾ ഏറ്റു പറയുന്നു, കുറ്റം ഏറ്റതിനു ശേഷം എന്ത് സംഭവിക്കുന്നു, എന്ന് അതി വിദഗ്ധമായി ഡോസ്റ്റോയെവ്സ്കി വിശകലനം ചെയ്തിട്ടുണ്ട്.

ഇവിടെ കുറ്റമേറ്റ് പറയുന്നതിൽ അവയുടെ ആഖ്യാനങ്ങൾക്ക് ഒരു വലിയ പങ്കുള്ളതായി കാണാം. പ്രത്യേകിച്ചും കുറ്റസമ്മതത്തിന്റെ ഭാഷയ്ക്ക്. സ്റ്റാവ്‌റോഗിൻ താൻ ജീവിതത്തിൽ ചെയ്തു കൂട്ടിയ ഒരുപാട് പോക്രിത്തരങ്ങളുടെ കൂട്ടത്തിൽ പതിനൊന്നു വയസ്സുള്ള ഒരു പെൺകുഞ്ഞിനെ ബലാത്സംഗം ചെയ്യുന്നതും പിന്നീട് ആ കുട്ടിയുടെ മരണത്തിന് കാരണക്കാരനാകുന്നതും അതിശൂക്ഷ്മമായി, ഭയപ്പെടുത്തുന്ന, അല്ലെങ്കിൽ അറപ്പും വെറുപ്പും തോന്നിപ്പിക്കുന്ന രീതിയിൽ, ഒരു വിശദാംശം പോലും അവശേഷിപ്പിക്കാതെ, വെട്ടി മാറ്റാതെ, സെൻസർ ചെയ്യാതെ, പള്ളിയിലെ റ്റിഖോൺ എന്ന ബിഷപ്പിന് എഴുതി കൊടുക്കുന്നു. സ്റ്റാവ്‌റോഗിനിന്റെ കുറ്റമേറ്റ് പറച്ചിൽ നോവലിന്റെ ഒരു കാതലായ ഭാഗമാണ്.

മനസ്സിന്റെ അടിത്തട്ടിൽ കല്ലുപോലെ കിടക്കുന്ന കാര്യങ്ങൾ അപ്പടി എഴുതി ബിഷപ്പിന് കൊടുക്കുന്നത് സ്റ്റാവ്‌റോഗിനിന് തന്നോട് തന്നെയുള്ള ബന്ധം ശരിയാക്കാനാണ്. അല്ലാതെ തനിക്ക് വെളിയിൽ ഉള്ള കാര്യങ്ങൾ ശരിയാക്കാനല്ല. ബിഷപ്പ് റ്റിഖോൺ ഇത് തിരിച്ചറിയുകയും സ്റ്റാവ്‌റോഗിനിനെ വളരെയധികം കരുതലോടും കരുണയോടും ചേർത്ത് പിടിക്കുകയും ചെയ്യുന്നു.

കുറ്റസമ്മതങ്ങളുടെ ഏറ്റു പറച്ചിൽ പലപ്പോഴും ഇതിനു വേണ്ടിയാണ്–സ്വയം ഭേദപ്പെടുത്താൻ. ഒരു first person narrative എഴുതുമ്പോൾ എത്ര നീചമായ കാര്യങ്ങൾ എഴുതിയാലും വായിക്കുന്നവർക്ക് എഴുതിയ ആളോട് കുറച്ചു മമത തോന്നും. സെൽഫി എടുക്കുന്നത് പോലെയാണ് ഇത്തരത്തിലുള്ള confessional writing. മുടി ചീകിയിട്ടില്ല, പൊട്ടിട്ടില്ല, പല്ലു തേച്ചിട്ടില്ല, കണ്ണ് പോലും തുറക്കാൻ പറ്റുന്നില്ല — എന്നാലും ഇങ്ങനൊരു സെൽഫി കാണുമ്പോൾ നാല് പേര് അത് നോക്കും. തരക്കേടില്ല എന്ന് പറയും. മാന്യമഹാജനങ്ങളുടെ മുൻപിൽ മേക്കപ്പ് ഇല്ലാതെ വരാനും വേണ്ടേ ധൈര്യം.

ഇത്രയും പറഞ്ഞതെന്തിനാണെന്ന് വെച്ചാൽ എഴുത്തുകാരി വി.കെ.ദീപ എഴുതിയ “ഒരു പേന്‍ചീര്‍പ്പ്, ചന്ദ്രികാ സോപ്പ്, ടവ്വല്‍…സ്‌കൂളിലെ മിനിക്ക് കൊടുക്കാന്‍ അമ്മ തന്നുവിട്ടു……” (മാതൃഭൂമി 16 നവംബർ) എന്ന ലേഖനം വായിച്ചപ്പോൾ confessional writing, selfie – ഇവ രണ്ടും ഓർമ്മ വന്നു. ഇതിൽ പറഞ്ഞിരിക്കുന്ന മിനി എന്ന പെൺകുട്ടി/ സ്ത്രീ എഴുത്തുകാരിയുടെ സങ്കൽപ്പത്തിൽ നിന്നും ഉരുത്തിരിഞ്ഞ കഥാപാത്രമല്ലല്ലോ. വാസ്തവത്തിൽ എഴുത്തുകാരിയുടെ കൂടെ ഒരേ സ്‌കൂളിൽ ഒരേ ബഞ്ചിൽ ഇരുന്ന് പഠിച്ച കുട്ടിയാണ്. സ്ത്രീയാണ്. ഇപ്പോൾ ലേഖിക താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള ആശുപത്രിയിൽ നേഴ്സ് ആണ്. ലേഖികയുടെ മകളെ ശുശ്രൂഷിച്ച സ്ത്രീയാണ്.

അങ്ങനെയുള്ള തികച്ചും ഒരു നല്ല നഴ്സും മനുഷ്യസ്ത്രീയുമായ മിനിയെ വീണ്ടും കണ്ടുമുട്ടിയപ്പോൾ ലേഖിക അവരെ വീണ്ടും എത്രയോ നാൾ മുൻപ് നടന്ന ഒരു സംഭവവും, അവിടുത്തെ ഒരു സ്‌കൂളും അവിടുത്തെ സംസ്കാരമില്ലാത്ത ഒരു റ്റീച്ചറും ആയിട്ട് വീണ്ടും കൊളുത്തി പിടിപ്പിച്ചത് ഒരു തരത്തിൽ മിനി എന്ന സഹപാഠിയെ, മിനി എന്ന നേഴ്‌സിനെ പണ്ടത്തെ ആ സമയക്കൂട്ടിനുള്ളിൽ അടച്ചിടാൻ വേണ്ടിയാണ് എന്ന് തോന്നുന്നു. ഇപ്പോഴത്തെ മിനി എന്ന നേഴ്‌സിനെ കുട്ടിക്കാലത്തു “അച്ഛനമ്മമാർ നോക്കി വളർത്താത്ത” ഒരു കൊച്ചുകുട്ടിയായി ചിത്രീകരിച്ചത് ഒരു തരത്തിൽ ലേഖികയുടെ കണ്ണിൽ മിനിയെ വളരാൻ സമ്മതിക്കാത്തതിന്റെ പ്രതിച്ഛായയാണ്. മിനി കൊച്ചു കുട്ടിയല്ല. മുതിർന്ന സ്ത്രീയാണ്. അവരെ എന്തിനാണ് അവർക്കോ ലേഖികയ്ക്കോ ഒരു തരത്തിലും ഇനി കൈവശമാക്കാൻ പറ്റാത്ത ഒരു ഭൂതകാലത്തിലേക്ക് തിരിച്ചു കൊണ്ട് പോകുന്നത്? മിനിയുടെയോ, ലേഖികയുടെയോ തൊലിപ്പുറത്തെ ഒരൊറ്റ സെൽ പോലും പണ്ടത്തെ സെൽ അല്ല ഇപ്പോൾ. പിന്നെന്തിന് അവരെ വർഷങ്ങൾക്ക് പിന്നിലേക്ക് കൊണ്ട് പോകുന്നു?

ഈ ലേഖനം മിനിയെയോ, “മിനിയെ പോലുള്ള കുട്ടികളെയോ” പറ്റിയുള്ളതല്ല എന്ന് വ്യക്തമായി അറിയാൻ സാധിക്കുന്നത് ഈ ലേഖനത്തിൽ കാണുന്നില്ലാത്ത കാര്യങ്ങൾ തിരയുമ്പോൾ ആണ്. ഉദാഹരണത്തിന്, സാധാരണ നമ്മൾ കൂടെ പഠിച്ചവരെ കാണുമ്പോൾ അവരുടെ ജാതിയല്ലല്ലോ ആദ്യം ഓർക്കുക. ഇപ്പോഴെന്തു ചെയ്യുന്നു? എത്ര നാളായി ഇവിടെയായിട്ടു? കുടുംബം? വീട്ടുക്കാർ? ഇതൊക്കെ അറിയാൻ നമുക്ക് ജിജ്ഞാസ തോന്നും. പക്ഷെ ലേഖിക ജാതിയാണ് ഓർക്കുന്നത്.

മിനിയെ നമ്മൾ പരിചയപ്പെടുന്നത് ഇപ്രകാരമാണ്: “മിനി ദളിത് ആയിരുന്നു.” അവിടുന്ന് പിന്നങ്ങോട്ട് വർഷങ്ങൾക്ക് മുൻപ് മിനി എന്ന ഒരൊറ്റ സഹപാഠിയിൽ കൂടി “ദളിത് കുട്ടികൾ” എങ്ങനെയാണ് സ്‌കൂളിൽ പൊയ്ക്കൊണ്ടിരുന്നത് എന്ന് ലേഖിക വിശദീകരിക്കുന്നു. നമ്മളിങ്ങനെ, അവരങ്ങനെ എന്ന് വിശദീകരണങ്ങൾ ഒന്നിന് പുറമെ ഒന്നായി വന്നു കൊണ്ടേയിരിക്കുന്നു.

എന്നാൽ ആ ഭീകര സ്‌കൂൾ വാസ്തവത്തിൽ ജീവിതത്തിലെ ഒരേട് മാത്രമായിരുന്നു എന്ന് നമുക്ക് മനസ്സിലാക്കി തരുന്നതാണ് മിനിയുടെ വളരെ ലളിതമായ വാക്കുകൾ:

“ന്റെ അമ്മയ്ക്ക് പ്രാന്താന്ന് ഞാന്‍ മനസ്സിലാക്കിയതന്നെ വല്യ ക്ലാസില്‍ എത്തീട്ടാ. എല്ലാര്‌ടെ അമ്മേം ഇങ്ങനെ ഒക്കെയാവുംന്നാ കരുത്യേത്. കള്ള് കുടിച്ച് കച്ചറ ഉണ്ടാക്കി നടക്കുന്ന അച്ഛയ്ക്ക് ഞാന്‍ സ്‌കൂളില്‍ പോണത് തന്നെ അറിയില്ല. സ്‌കൂളിയ്ക്ക് വൃത്തിയായി പോവണം എന്ന് ആര് പറഞ്ഞ് തരാന്‍? അതൊക്കെ ഒരു കാലം.”

ഇതാണ് വാസ്തവത്തിൽ ഉണ്ടായത്. മിനി ദളിത് കുട്ടിയായതു കൊണ്ടല്ല തലയിൽ പേനരിച്ചത്. അമ്മയ്ക്ക് ഭ്രാന്തും അച്ഛന് കള്ളുകുടിയുമാണെങ്കിൽ ഏതു ജാതിയിലെ കുഞ്ഞും അതിന്റെ ആഘാതം അനുഭവിക്കും. ഇത് ദളിതർക്ക് മാത്രം പറഞ്ഞിട്ടുള്ള വിധിയല്ല.

പക്ഷെ ഈ ലേഖനത്തിൽ മിനിയെ ലേഖിക ജാതിയുടെ പരിവേഷത്തിൽ മാത്രമാണ് ഇപ്പോഴും കാണുന്നത് എന്ന് ലേഖനത്തിന്റെ അവസാന ഭാഗത്തിൽ നിന്നും മനസ്സിലാകും. വർഷങ്ങൾക്ക് ശേഷമുള്ള ഈ കണ്ടുമുട്ടൽ തുല്യരുടെ സമാഗമമല്ല. കുട്ടിക്കാലത്തെ ലേഖികയുടെ ജാതിവിവേചനം മിനി ഓർക്കുന്നുണ്ട്.

“എന്റെ മോളെ അവളുടെ മോളായി അവള്‍ അങ്ങ് ഏറ്റടുത്തു. ഒക്കെ കഴിഞ്ഞ് തിരിച്ചു മടങ്ങുംനേരം മിനി മോളോട് തമാശ പറഞ്ഞു. ‘കുട്ടിക്കാലത്ത് എന്റടുത്തിരിക്കാന്‍ മടിച്ച് നിന്റെ അമ്മ ഒരു ടവ്വല്‍ ഒക്കെ അതിര് വച്ചാ ഇരുന്നിരുന്നത്.”

ഇവിടെ വാസ്തവത്തിൽ തെറ്റ് ചെയ്തത് ലേഖികയാണ്. മാപ്പ് ചോദിക്കേണ്ടത് ലേഖികയാണ്. പക്ഷെ അങ്ങനെയല്ല ഈ സഹപാഠികളുടെ സമാഗമം. ലേഖിക പൊടുന്നനെ കരയുന്നു. മിനി ലേഖികയെ സമാധാനിപ്പിക്കുന്നു.

“എനിക്ക് അവളെ കണ്ടപ്പോള്‍ തൊട്ട് കുറ്റബോധത്തിന്റെ കരച്ചില്‍ ഉള്ളില്‍ ചുറ്റിത്തിരിയുന്നത് അങ്ങ് പൊട്ടിപ്പോയി: ‘കുട്ടികളാവുമ്പോള്‍ നമുക്കറിയില്ലല്ലോ മിനീ. അങ്ങനെ ഒന്നും പറയാനും ചെയ്യാനും പാടില്ല എന്ന് ‘ ഞാന്‍ ഏങ്ങി.

‘യ്യ് എന്താ ഇബളേ ഇങ്ങനെയൊരു നോള..’ എന്നു പറഞ്ഞ് അവള്‍ ചിരിച്ചോണ്ടെന്നെ കെട്ടിപ്പിടിച്ചു.”

ഇങ്ങനത്തെ മനുഷ്യരെ നിങ്ങൾക്കും പരിചയം കാണും. അവർ എന്തെങ്കിലും ചെയ്യാൻ പാടില്ലാത്തതു നമ്മളോട് ചെയ്യുന്നു. നമ്മൾ അത് ചൂണ്ടി കാണിക്കുമ്പോൾ അവർ കരയുന്നു. കഷ്ടപ്പെടുന്നു. അപ്പോഴേക്കും നമ്മൾ നമ്മളോട് അവർ ചെയ്ത അനീതി മറന്നു അവരെ സമാശ്വസിപ്പിക്കുന്നു. കടിച്ച പാമ്പിനെ കൊണ്ട് അവർ വിഷമെടുപ്പിക്കുന്നു.

ഇത്തരത്തിൽ ഉള്ള ഒരു ബന്ധം ആണിവിടെ ലേഖികയും മിനിയും തമ്മിൽ. ലേഖിക മിനിയോട് മാപ്പു പറയേണ്ടതിനു പകരം, ലേഖികയെ വേദനിപ്പിച്ചതിനു — പണ്ട് ലേഖിക ചെയ്ത കാര്യം ലേഖികയുടെ മകളോട് പറഞ്ഞതിന് — മിനി ലേഖികയെ സമാശ്വസിപ്പിക്കുന്നു. ഇതാണ് “പ്രിവിലേജ് ” – ന്റെ ഉദാഹരണം. അമേരിക്കയിൽ കറുത്ത വർഗ്ഗക്കാർ വെളുത്ത വർഗ്ഗക്കാരെ വേദനിപ്പിച്ചു കൂടാ. പലസ്തീൻകാർ ഇസ്രേലികളെ വേദനിപ്പിച്ചു കൂടാ. അവർണ്ണർ സവർണ്ണരേ വേദനിപ്പിച്ചൂടാ. അതൊക്കെ പണ്ട് നടന്ന കാര്യങ്ങൾ. ഇതൊക്കെ ഇനീം പറഞ്ഞു എന്തിന് ഈ മേൽക്കോയ്മയുള്ള നല്ലവരെ വേദനിപ്പിക്കുന്നു?

ലേഖിക കഥ അവസാനിപ്പിക്കുന്നത് മിനിയുടെ ചിരിയെ പരാമർശിച്ചു കൊണ്ടാണ്.

“കണ്ടപ്പോള്‍ തൊട്ട് പിരിയും വരേയും ഇങ്ങനെയുള്ള പല അനുഭവങ്ങളും പറഞ്ഞിരിക്കുമ്പോള്‍ അവള്‍ക്ക് ചിരി തന്നെ ആയിരുന്നു.

മിനിയുടെ അടുത്തിരിക്കാനുള്ള ശിക്ഷ വിധിക്കുമ്പോള്‍ മറ്റു കുട്ടികള്‍ക്ക് ഒപ്പം അവളും ചിരിച്ചിരുന്ന അതേ ചിരി.

അവളെ ഓര്‍ക്കുമ്പോഴെല്ലാം ഉള്ളിലൂറുന്ന എന്റെ കുറ്റബോധത്തെ എക്കാലവും ആളിക്കത്തിക്കും ഇനിയാ ചിരി.”

അതേ, സാമൂഹിക മൂലധനവും സാമൂഹിക ശക്തിയും തലമുറകളായിട്ട് വെട്ടിപിടിക്കേണ്ടി വരുന്ന ജനസമൂഹങ്ങൾക്ക് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും സ്വതന്ത്രമായി വരുന്ന ചിരി ഒരു ശക്തിയാണ്. അത്ര നല്ല വെളിച്ചത്തിൽ അല്ലാതെ എടുത്ത സെൽഫി പോലത്തെ ഈ ലേഖനം ഒരു പാട് പേര് വായിക്കുകയും ചർച്ച ചെയ്യുകയും ചെയ്‌തെങ്കിലും, ലേഖികയുടെ അസ്വസ്ഥത, മേൽക്കോയ്മയുള്ളവർക്ക് അടിസ്ഥാനവർഗ്ഗക്കാരുടെ ചിരി കേൾക്കുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥത ഓർമ്മപ്പെടുത്തുന്നു.