
പ്രത്യേകിച്ച് ഒരു ചായ്‌വും ചെരിവും ഇല്ലാതെയാണ് ഞാൻ ദീദി ദാമോദരനും എച്ച്മുക്കുട്ടിയും ചേർന്ന് എഴുതിയ എംറ്റി സ്പെയ്സ് ബാഷ്‌പീകൃതയുടെ ആറാം വിരൽ എന്ന പുസ്തകം വായിക്കാൻ തുടങ്ങിയത്. അത് മുഴുവനും ശരിയല്ല. ഒരു ചെറിയ ചായ്‌വുണ്ടായിരുന്നു എന്ന് പറയട്ടെ: ഈ പുസ്തകം ആദ്യം പുറത്തു വന്നപ്പോൾ ഉണ്ടായ വിവാദങ്ങൾ വായിച്ചറിഞ്ഞപ്പോൾ, ഇതുപോലെയൊരു പുസ്തകം പ്രസിദ്ധീകരിക്കുന്നത് നന്നായിരിക്കും എന്നായിരുന്നു എന്റെ നിലപാട്. അത് പ്രധാനമായിട്ടും പണ്ഡിറ്റ് രവിശങ്കർ അന്നപൂർണ ദേവിയെ ഇരുട്ടിലടച്ച ചരിത്രം അറിയാവുന്നത് കൊണ്ടാണ്. പ്രഗത്ഭന്മാരായ ഭർത്താക്കന്മാർ, കാമുകന്മാർ എന്നിവർ അവരെ സഹായിച്ച സ്ത്രീകളുടെ വായടച്ചു മൂടിക്കെട്ടി വെയ്ക്കുന്ന ചരിത്രം നല്ലവണ്ണം അറിയാവുന്നത് കൊണ്ട് ഇത്തരമൊരു പുസ്തകം എനിക്ക് സ്വാഗതാർഹമായിട്ടാണ് തോന്നിയത്.
ഇപ്പോഴും ഈ പുസ്തകം പ്രസിദ്ധീകരിച്ചത് നന്നായി എന്ന് തന്നെയാണ് എന്റെ നിലപാട്. എന്നാൽ പുസ്തകം മുഴുവനും വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക് പ്രമീളനായരെ പറ്റി കൂടുതലൊന്നും തന്നെ അറിയാൻ കഴിഞ്ഞിട്ടില്ല എന്ന തോന്നൽ ബാക്കി നിൽക്കുന്നു. “എഡിറ്റിംഗ്” എന്ന പ്രക്രിയയെ പറ്റി ദീദി ദാമോദരൻ വളരെയധികം സൂക്ഷ്മമായി ഈ പുസ്തകത്തിൽ ചർച്ച ചെയ്തിട്ടുണ്ട്. എന്ത്, എങ്ങനെ, എവിടെ, എപ്പോൾ ഉൾപ്പെടുത്തണം എന്ത്, എങ്ങനെ etc. തള്ളിക്കളയണം എന്നുള്ളതിന്റെ പേരാണ് എഡിറ്റിംഗ്. ഈ പുസ്തകത്തിനും എഡിറ്റിംഗിന്റെ സ്വാധീനശക്തിയുടെ പ്രശ്നമുണ്ട്. എം. ടി. വാസുദേവൻ നായരെ പറ്റിയും, കേരളസമൂഹത്തിലെ പിതൃഭക്തിയെ പറ്റിയും, ആണ്കോയ്മയെ പറ്റിയും, പ്രത്യേകിച്ചും, മലയാള സാഹിത്യ-സിനിമ-സാംസ്കാരിക രംഗങ്ങളിലെ തലതൊട്ടപ്പന്മാരെ ചുറ്റിപ്പറ്റിയുള്ള ഭക്തിപ്രസ്ഥാനത്തെ പറ്റിയും, നന്നായിട്ട് ഈ പുസ്തകത്തിലൂടെ എനിക്ക് മനസ്സിലായിട്ടുണ്ട്. ദീദി ദാമോദരനെ പറ്റിയും, അവരുടെ കുട്ടിക്കാലത്തെ പറ്റിയും, അച്ഛനെ പറ്റിയും, അമ്മയെ പറ്റിയും, എച്ച്മുക്കുട്ടിയെ പറ്റിയും, സംഘടിതയെ പറ്റിയും, പിന്നെ മലയാള സാഹിത്യത്തിലേയും പ്രസിദ്ധീകരണരംഗത്തിലെയും കുറെയേറെ നായന്മാരെയും അല്ലാത്തവരെയും പറ്റിയും ഒക്കെ മനസ്സിലാക്കാൻ കഴിഞ്ഞു.
പക്ഷെ പ്രമീള നായരെ പറ്റി വലുതായിട്ടൊന്നും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. “എം . ടി. വാസുദേവൻ നായരുടെ ആദ്യത്തെ ഭാര്യ” എന്നതിലപ്പുറം അവർക്ക് തീർച്ചയായും ഒരു ജീവിതമുണ്ടായിരുന്നുവെന്നുള്ളത് വ്യക്തമാണ്. അവരുടെ ഉള്ള ഫോട്ടോകളിൽ കാണാൻ കഴിയുന്ന തിളങ്ങുന്ന ചിരിച്ച മുഖം, അവരുടെ ദീർഘകാല സൗഹൃദങ്ങൾ, അവരുടെ ശിഷ്യർ, അവരുടെ കൂടെ ജോലി ചെയ്തവർ, അവരുടെ സഹോദരങ്ങൾ, അവരുടെ മകൾ, പേരക്കുട്ടി എന്നിവരെയൊക്കെ ഉൾപ്പെടുത്തിയുള്ള ഒരു പുസ്തകമായിരുന്നുവെങ്കിൽ പ്രമീള നായർ ബഹുമുഖിയായ, വൈവിധ്യമുള്ള ഒരു വ്യക്തിത്വമായിട്ട് നമുക്ക് മനസ്സിലായേനെ എന്ന് തോന്നിപോയി.
“എം. ടി വാസുദേവൻ നായരുടെ ആദ്യ ഭാര്യ” എന്ന മുറിയിൽ അവരെ പൂട്ടിയിട്ട പോലെയുള്ള ഒരു വീർപ്പുമുട്ട് എനിക്കനുഭവപ്പെട്ടു എന്ന് ആദ്യം തന്നെ പറഞ്ഞു കൊള്ളട്ടെ. പ്രത്യേകിച്ചും ദീദി ദാമോദരൻ “ഇലെയ്‌ൻ ഷൊവോൾട്ടർ” “ഗൈനോക്രിട്ടിസിസം” മുതലായ ഫെമിനിസ്റ്റ് ചിന്തകരെയും, ഫെമിനിസ്റ്റ് പ്രത്യയശാസ്ത്രത്തെയും പലപ്പോഴും പരാമർശിക്കുന്നുണ്ട് താനും. ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വലിയ സംഭവം അവരുടെ കല്യാണമാണെന്ന് താൽക്കാലികമായിട്ട് അംഗീകരിക്കുന്നുവെന്ന് തന്നെ വെയ്ക്കട്ടെ. പക്ഷെ അത്തരമൊരു സമീപനം വിമര്ശനയുക്തിയോടെ എടുക്കേണ്ട ഒന്നാണെന്ന് തോന്നുന്നു. വിവാഹമാണോ ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വലിയ സംഭവം? പ്രമീളനായർ അവരാൽ കഴിയുന്ന രീതിയിൽ ഒരു നല്ല ജീവിതം ജീവിച്ച വ്യക്തിയാണെന്നാണ് ഈ പുസ്തകം വായിച്ചാൽ തോന്നുക.
മുൻപിൽ നിന്നും പുറകിൽ നിന്നും വായിക്കാവുന്ന ഒരു പുസ്തകമാണിത്. ഒരു വശം ദീദി ദാമോദരന്റെ ലേഖനങ്ങൾ. മറു വശത്ത് എച്ച്മുകുട്ടിയുടെയും. ബാഷ്‌പീകൃതയുടെ ആറാം വിരൽ എന്ന തലക്കെട്ടിനെക്കാൾ എനിക്കിഷ്ടപ്പെട്ടത് എംറ്റി സ്പെയ്സ് എന്നുള്ള ശീർഷകമാണ്. എന്ത് കൊണ്ടെന്നാൽ പണ്ട് മുതൽക്കേ തന്നെ എന്റെ ഒരമ്മാവൻ എം. ടി. വാസുദേവൻ നായരെ “എംപ്റ്റി വാസുദേവൻ നായർ” എന്ന് ചുമ്മാ ഒരു തമാശയ്ക്ക് വിശേഷിപ്പിച്ചിരുന്നു. തകർന്ന നായർ തറവാടുകളും സദാ സമയം കണ്ണ് തുടയ്ക്കുന്ന അമ്മമാരും മറ്റും കൊണ്ട് നിറഞ്ഞിരിക്കുന്ന എം. ടി വാസുദേവൻ നായരുടെ കഥകളുമായി, ആ ലോകവുമായി, ഒരല്പം പോലും താദാത്മ്യം ഒരിക്കലും തോന്നിയിട്ടില്ലാത്ത വായനക്കാരിയാണ് ഞാൻ. അത് കൊണ്ടായിരിക്കണം “ബാഷ്‌പീകൃത” എന്ന പ്രയോഗം എനിക്ക് ഒട്ടും സ്വാഭാവികമായി തോന്നിയില്ല. സുതാര്യമല്ലാത്ത, ദുർഗ്രഹമായ ഒരു ഭാവാവിഷ്കാരമായി തോന്നി എനിക്കീ വാക്ക്. പുരാണങ്ങളിലും മറ്റുമുള്ള മഹർഷിമാർ അവരുടെ തികച്ചും യുക്തിഹീനമായ കോപത്തിന് വശമായവരെ ശപിച്ച് കത്തി ചാമ്പലാക്കുന്ന പ്രക്രിയയാണിത് എന്ന് ദീദി ദാമോദരൻ വ്യക്തമാക്കുന്നു:
“അനിഷ്ടം തോന്നിയതിനെ ഭസ്മമാക്കൽ മുനിവര്യന്മാരിൽ നിന്നും തുടങ്ങിയതാണ്. അതാണ് ബാഷ്പീകരണം. ജീവിച്ചിരിക്കെത്തന്നെ ആരെയും അങ്ങിനെ ഇല്ലാതാക്കുന്ന വിദ്യയാണിത്. പൊതു ഇടത്തിൽ നിന്നും ഇല്ലാതാക്കി അദൃശ്യതയുടെ ഇരുട്ടിൽ കുഴിച്ചു മൂടൽ. ഇഷ്ടവിഗ്രഹത്തിന്റെ ആരാധകർ കൂട്ടമായി ചേർന്ന് നടത്തുന്ന ഒരു തരാം ആഭിചാരപ്രയോഗമാണിത്. അത്തരമൊരു നിശ്ശബ്ദഹിംസയ്ക്ക് വിധേയമാക്കപ്പെട്ട് നമ്മുടെയൊക്കെ ഓർമ്മയിൽ നിന്നും മാഞ്ഞുപോയ അസംഖ്യം സ്ത്രീകളിൽ ഒരാളുടെ പേരാണ് പ്രമീളാ നായർ. “(“ആമുഖം,എംറ്റി സ്പെയ്സ് ബാഷ്‌പീകൃതയുടെ ആറാം വിരൽ)
ഇവിടെ ദീദി ദാമോദരൻ പറഞ്ഞിരിക്കുന്നത് പോലെ “നമ്മുടെയൊക്കെ ഓർമ്മയിൽ നിന്നും മാഞ്ഞുപോയ അസംഖ്യം സ്ത്രീകളിൽ ഒരാളുടെ പേരാണ് പ്രമീളാ നായർ” എന്നതിനോട് യോജിക്കാൻ വിഷമം തോന്നുന്നു. തീർച്ചയായും പ്രമീളാ നായർ എന്ന “സ്ത്രീയെ” അവരുടെ മകൾ തൊട്ട് ബാക്കി അനേകം മനുഷ്യർ തീർച്ചയായും ഓർക്കുന്നുണ്ട്. അതിന്റെ തെളിവ് ഈ പുസ്തകത്തിൽ തന്നെയുണ്ട്. പ്രമീളാ നായരെ മറന്നിരിക്കുന്നത് മലയാളികൾ വിധേയാസക്തിയോടെ പൂജിക്കുന്ന “സാഹിത്യ-സിനിമ-സാംസ്കാരിക” ലോകത്തിൽ മാത്രമാണ്. ഒരു മനുഷ്യജീവിതത്തിന്റെ നിറവ് കൽപ്പിക്കുന്നത് എഴുത്തുകാരും എഡിറ്റർമാരും പ്രസിദ്ധീകരണശാലകളും മാത്രമല്ലല്ലോ. കുടുംബവും, മക്കളും, കൂട്ടുകാരും, ശിഷ്യരും ഒക്കെയാണ്. ഭർത്താവോ എഡിറ്ററോ മാത്രമല്ല. എന്ത് കൊണ്ടോ എനിക്ക് പ്രമീളാ നായരുടെ മകളെ ഓർക്കുമ്പോൾ അവർ ഒരിക്കലും ഒരു “ബാഷ്‌പീകൃത” ആണെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല.
ദീദി ദാമോദരന്റെ ഭാഗം പത്ത് അദ്ധ്യായങ്ങളിലാണ്. (പുസ്തകത്തിന് അദ്ധ്യായസൂചിക ഇല്ല. അടുത്ത പതിപ്പിൽ അതും കൂടെ ഉൾപ്പെടുത്തണം.)
1.ആമുഖം: തിരസ്കൃതമായ ആറാം വിരൽ
2.ചരിത്രത്തിൽ ഇല്ലാത്ത കാലം
3.തല കുനിക്കാത്ത സൗന്ദര്യം
4.ആത്മഹത്യ രാജലക്ഷ്മിയിലും പ്രമീളയിലും
5.തന്റേടിയായ ഭാര്യയ്ക്കുള്ള സിനിമാമറുപടികൾ
6.അന്ത്യനിമിഷം കരുതിവെച്ചത്
7.ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും
8.മരണാനന്തരനീതി
9.ദേശാടനക്കിളി കരയാറുണ്ട്
10.ഉപസംഹാരം
ദീദി ദാമോദരൻ ഇവിടെ പറയുന്ന കഥ നമ്മളിൽ പലർക്കും പരിചിതമായ കഥയാണ്. ഒരു കുടുംബം — ഭാര്യ, ഭർത്താവ്, കുഞ്ഞുങ്ങൾ– നമ്മുടെ സുഹൃദ്‌വലയത്തിന്റെ ഉറച്ച ഭാഗമായി തീരുന്നു. കുറച്ചു നാൾ കഴിയുമ്പോൾ അവർ വിവാഹബന്ധം വേർപെടുത്തുന്നു. നമ്മൾക്കും അപ്പോൾ ഒരു തീരുമാനം എടുക്കേണ്ടതുണ്ട് : നമ്മൾ ആരുടെ കൂടെയാണ് നിൽക്കാൻ പോകുന്നത്? ഭാര്യയുടെ കൂടെയോ? ഭർത്താവിന്റെ കൂടെയോ? (എനിക്കിപ്പോഴും ഓർമ്മയുണ്ട് — എന്റെ കല്യാണസമയത്ത് എന്നെ വളരെ വർഷങ്ങളായി അറിയാമായിരുന്ന, എന്റെ ഭർത്താവിനെ ഒന്നോ രണ്ടോ ദിവസം മാത്രം പരിചയമുണ്ടായിരുന്ന, എന്റെ ഒരു ഗുരുനാഥ എന്നോട് പറഞ്ഞത് — “Gayatri, if you get divorced, I am taking Krish’s side.” സൗമ്യശീലനായ എന്റെ ഭർത്താവും ഞാനും ഇപ്പോഴും ഒരുമിച്ചാണ്. പക്ഷെ വിക്റ്റോറിയ പറഞ്ഞതിന്റെ സത്യം എനിക്ക് നല്ലവണ്ണം ബോധ്യമുണ്ട്.)
ഈ നിർണ്ണായകമായ തീരുമാനം ദീദി ദാമോദരൻ ഇങ്ങനെയാണ് വിശദീകരിക്കുന്നത്:
“പ്രമീള ടീച്ചറുമായുള്ള പിരിയലിൽ അച്ഛൻ എംടിയോടൊപ്പമാണ് നിന്നിരുന്നത്. എന്നാൽ അമ്മയും വല്യാന്റിയും ടീച്ചർക്കൊപ്പം ഉറച്ചുനിന്നതോടെ പിന്നീട് എംടിയ്ക്ക് ഞങ്ങളുടെ വീട്ടിലേയ്ക്ക് പഴയതുപോലെ വരാനാവില്ലായിരുന്നു. വീട്ടിൽ ഏറ്റവും അസ്വീകാര്യനായ മനുഷ്യനായി എംടി മാറി. അദ്ദേഹം വീട്ടിൽ വരുന്നത് അമ്മയ്ക്ക് പ്രയാസമായിരുന്നു. അതിന്റെ ഭാഷ മഹാസാഹിത്യകാരനായ എംടിയ്ക്ക് മനസ്സിലായിട്ടുമുണ്ടാകും. അതിനദ്ദേഹം അമ്മയോട് ഒരിക്കലും പൊറുത്തിട്ടില്ല. അച്ഛൻ പക്ഷെ ആ സൗഹൃദം തുടർന്നും നിലനിർത്തിയിരുന്നു.” (49)
പ്രശസ്ത മലയാള തിരക്കഥാകൃത്തായിരുന്ന ടി. ദാമോദരന്റെ മകളായ ദീദി ദാമോദരനും കുടുംബവും ഒരു തലമുറയിലെ കേരളത്തിലെ സാഹിത്യ-സാംസ്കാരിക-സിനിമാ രംഗത്തെ “first family” എന്ന് തന്നെ വിശേഷിപ്പിക്കാവുന്നവർ ആണ് . അത് കൊണ്ട് തന്നെ കേരളത്തിലെ പല പ്രഗത്ഭന്മാരും ഈ അദ്ധ്യായങ്ങളിൽ കൂടി കടന്ന് പോകുന്നുണ്ട്. ഇവരിൽ എല്ലാവരും തന്നെ ദീദി ദാമോദരന്റെ അച്ഛൻ എംടിയുടെ കൂടെ നിന്നത് പോലെ എംടി – പ്രമീളാ നായർ വിവാഹമോചനത്തിൽ എംടിയുടെ വശത്ത് നിന്നവരാണ്. പിരിഞ്ഞ ഭാര്യയും ഭർത്താവും രണ്ടു പേരും എഴുത്തു മേഖലയിൽ പ്രവർത്തിക്കുന്നവർ ആയിരുന്നപ്പോൾ ഇവരിൽ പലരും എംടിയെ പിണക്കാതിരിക്കാൻ പ്രമീളാ നായരുടെ എഴുത്തുജീവിതം അവരാൽ കഴിയുന്ന രീതിയിൽ അടച്ചു പൂട്ടിയവരുമാണ്.
ഇവരുടെ ഭീരുത്വം വിളിച്ചു പറയുന്ന പ്രവർത്തികൾ ദീദി ദാമോദരൻ വ്യക്തമായി വിശദീകരിക്കുന്നുണ്ട്. ഇവയിൽ പലതും നമ്മൾ കേട്ടിട്ടുണ്ട്. മലയാളനാടിൽ പ്രസിദ്ധീകരണം ചെയ്തിരുന്ന പ്രമീള നായരുടെ നോവലിന്റെ പകുതിവെച്ചുള്ള നിർത്തിവെയ്ക്കാൻ. എംടി എഡിറ്റർക്കയച്ച പ്രസ്തുത കത്ത്, എംടി മകൾക്ക് വേണ്ടിയെഴുതാത്ത കത്ത്, പ്രമീളാ നായരുടെ മരണസമയത്ത് എംടി പോകാതിരുന്നത് — ഇവയാണ് ഈ ശൃംഖലയിലെ പ്രധാന കണ്ണികൾ. ദീദി ദാമോദരൻ വേറെയും ചില ഗൂഡാലോചന എന്ന് തോന്നിപ്പിക്കുമാറുള്ള വസ്തുതകൾ ചർച്ച ചെയ്യുന്നുണ്ട്, ആദ്യത്തെ അദ്ധ്യായങ്ങളിൽ : പ്രമീളാ നായരുടെയും എംടിയുടെയും വിവാഹ തീയതി, വിവാഹമോചനത്തിന്റെ വര്ഷം, മകൾ സിതാരയുടെ ജനനത്തീയതി, ആ കുട്ടി SSLC പാസ്സായ വർഷം എന്നിങ്ങനെ — സ്വന്തം കളക്ഷനിലുള്ളവയും ബന്ധുക്കളുടെയും കൂട്ടുകാരുടെയും മറ്റും ശേഖരത്തിൽ നിന്നും എടുത്തവയും ആയിട്ടുള്ള ഫോട്ടോകളുടെയും മറ്റ് ആന്തരിക തെളിവുകളുടെയും ബലത്തിൽ ഡോ. കെ. ശ്രീകുമാർ രചിച്ച എംടിയുടെ സമഗ്ര ജീവിതചരിത്രത്തിലും വിക്കിപീഡിയയിലും ഉള്ള വസ്തുതകൾ തെറ്റെന്ന് തോന്നിപ്പിക്കുമാറുള്ള ചില വിശദാംശങ്ങൾ ഈ അദ്ധ്യായങ്ങളിൽ കാണപ്പെടുന്നുണ്ട്. ഇതിൽ ചില വ്യതിയാനങ്ങൾ ഗൗരവാർഹമാണെന്ന് തോന്നുന്നു. പ്രത്യേകിച്ചും മകൾ സിതാരയുടെ ജനനത്തീയതിയും SSLC പാസ്സായ തീയതിയും ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ. പക്ഷെ അലക്ഷ്യമായ ഗവേഷണത്തിന്റെ പരിണതഫലം എന്നതിലുപരി ഇവയ്ക്ക് വേറെ പ്രസക്തിയുണ്ടോ എന്ന് സംശയമുണ്ട്.
ഇത് പോലെ വേറെയും ചില ചർച്ചകൾ പൊതുവെ ഗൗരവമുള്ള ഒരു വിഷയത്തിന് — പ്രമീളാ നായരുടെ സാംസ്കാരികവേദിയിലെ അടിച്ചേല്പിക്കപ്പെട്ട തിരോധാനം എന്ന വിഷയം — അല്പം മങ്ങൽ ഏൽപ്പിക്കുന്നുണ്ട്. അതിൽ ഏറ്റവും എടുത്തു പറയണമെന്ന് തോന്നുന്നത് സ്ത്രീകൾ സ്ത്രീകളെ അവമതിയോടെ പരാമര്ശിക്കുന്നതാണ്. കേരളത്തിലെ മുഖ്യധാരാ ഫെമിനിസ്റ്റുകൾ — സംഘടിതയിലെ അജിതയും സാറ ജോസെഫും ഉൾപ്പടെ — പ്രമീളാ നായരേ തിരസ്കരിച്ചതായി ദീദി ദാമോദരൻ വിവരിച്ചിട്ടുണ്ട്. എന്നാൽ ആദ്യ ഭാര്യയുടെ കൂട്ടുകാർക്ക് രണ്ടാമത്തെ ഭാര്യയോടുള്ള അതൃപ്തി ദീദി ദാമോദരന്റെ ഭാഷയിലും ഉണ്ട്. ഈ പുസ്തകത്തിൽ എം ടി വാസുദേവൻ നായരുടെ രണ്ടാമത്തെ ഭാര്യയായ കലാമണ്ഡലം സരസ്വതിയെ പരാമര്ശിക്കുമ്പോഴൊക്കെ അവരെ “സിതാരയെ നൃത്തം പഠിപ്പിക്കാൻ വീട്ടിൽ വന്നിരുന്ന ഡാൻസ് ടീച്ചർ” എന്നാണ് എടുത്തു പറഞ്ഞിരിക്കുന്നത്. അവരിപ്പോഴും ജീവിച്ചിരിപ്പുണ്ടല്ലോ. കുറഞ്ഞത് ഇപ്പോൾ എഴുപതോ എഴുപത്തഞ്ചോ വയസ്സും ഉണ്ടായിരിക്കേണ്ടതാണ്. മാത്രമല്ല അവർ പൊതു വ്യക്തിത്വം ഉള്ള സ്ത്രീയുമാണ്. എംടി വാസുദേവൻ നായരുടെ ഭാര്യ മാത്രമല്ല. പ്രമീളാ നായർ അവരെ എങ്ങിനെയാണ് കണ്ടിരുന്നത് എന്ന് ഈ പുസ്തകത്തിൽ ചർച്ച ചെയ്തിട്ടില്ല. പക്ഷെ മകൾ സിതാരയുടെ വാക്കുകൾ ഉദ്ധരിച്ചിട്ടുമുണ്ട്; തന്റെ “അച്ഛനും അവരും തമ്മിലുള്ള ബന്ധം ഞെട്ടലോടെയാണ് ഞങ്ങളറിഞ്ഞത്” (31) എന്ന് സിതാരയുടെ ഇമെയിൽ പരാമർശം സമഗ്ര ജീവചരിത്രത്തിൽ നിന്നും ദീദി ദാമോദരൻ ഉദ്ധരിച്ചിട്ടുണ്ട്. ഒരു ഭാര്യക്കോ, മക്കൾക്കോ ഉള്ള അനുഭവമല്ലല്ലോ നമ്മൾ എഴുത്തുകാരിൽ നിന്നും പ്രതീക്ഷിക്കുന്നത്. തന്റെ വിഷയവുമായി — പ്രമീളാ നായരുമായി — ദീദി ദാമോദരൻ വൈകാരികമായി കുഴഞ്ഞു മറിഞ്ഞു പോകുന്നതായി തോന്നി ഈ പ്രസ്തുത ഭാഗങ്ങൾ വായിച്ചപ്പോൾ.
“എംടിയാകട്ടെ, സിതാരയെ നൃത്തം പഠിപ്പിക്കാൻ വീട്ടിൽ വന്നിരുന്ന ഡാൻസ് ടീച്ചറെ വിവാഹം കഴിച്ച് അതിലൊരു കുഞ്ഞും പിറന്നിരുന്നു.” (73)
“1976 – ഇൽ എംടി വാസുദേവൻ നായർ വിവാഹമോചിതനായി എന്നും മകൾ സിതാരയുടെ നൃത്താധ്യാപികയെ തൊട്ടടുത്ത വര്ഷം അദ്ദേഹം ജീവിതപങ്കാളിയാക്കി എന്നുമാണ് ജീവചരിത്രത്തിൽ ആഖ്യാനം. 1977 ഒക്ടോബർ 30 ഞായറാഴ്ച, മലയാളമാസം തുലാം പതിനാലിന് കുടുംബദേവതയായ കൊടിക്കുന്നത്തമ്മയുടെ സന്നിധിയിൽ വെച്ച് താലികെട്ടി എന്നും. പ്രമീളാ നായരേ ജീവിതപങ്കാളിയാക്കിയ കാലത്ത് അമ്പലത്തിനും പള്ളിക്കും കൊടുക്കാത്ത വിശുദ്ധി രജിസ്ട്രാർക്ക് കൊടുക്കാൻ തനിക്ക് താത്പര്യമുണ്ടായിരുന്നില്ല. അത് കൊണ്ട് രജിസ്റ്റർ കച്ചേരിയിൽ പോയില്ല എന്നായിരുന്നു എംടിയുടെ മതം. എന്നാൽ 1977 – ഇൽ വീണ്ടും വിവാഹം കഴിക്കുന്ന വേളയിൽ ആ മതം മാറി എന്ന് മാത്രം. അമ്പലവും താലികെട്ടും ഒക്കെ സ്വീകാര്യമായി.” (91)
എനിക്കും നിങ്ങൾക്കും ഉള്ളത് പോലെ തന്നെ, എംടി വാസുദേവൻ നായർക്കും തന്റെ മതം മാറ്റാൻ സ്വാതന്ത്ര്യമുണ്ട്. അതിവിടെ ഇങ്ങനെ പറഞ്ഞത് വായിച്ചപ്പോൾ അത് വേണ്ടിയിരുന്നില്ല എന്ന് തോന്നി പോയി.
മുൻപ് സൂചിപ്പിച്ചതു പോലെ, “എഡിറ്റിംഗ്” എന്ന സർഗ്ഗ ക്രിയ ഈ പുസ്തകത്തിന്റെ സുപ്രധാനമായ ഒരു ചട്ടക്കൂടാണ്. പ്രമീളാ നായരുടെ ജീവിതത്തിലെ പ്രധാന വില്ലന്മാർ ഒരു പിടി എഡിറ്റർമാരാണ് എന്ന് ദീദി ദാമോദരൻ സൂചിപ്പിക്കുന്നുണ്ട്: “ഏതൊക്കെ ദൃശ്യങ്ങൾ കൂട്ടിച്ചേർക്കുമ്പോഴും ഏതൊക്കെ ഒഴിവാക്കുമ്പോഴുമാണ് സിനിമയിലെ ഒരു ദൃശ്യത്തിന് ആവശ്യമായ ഉദ്ദേശിച്ച അർത്ഥങ്ങൾ കിട്ടുക എന്നതിന്റെ പല സാധ്യതകൾ പരീക്ഷിച്ചാണ് എഡിറ്ററും സംവിധായകനും അവസാനം ഒരു തീരുമാനത്തിലേക്ക് എത്തുന്നത്, എഴുത്തിന്റെ ചിട്ടപ്പെടുത്താലും അങ്ങിനെത്തന്നെയാണ് . . . അതാണ് എഴുത്തിലെ അധികാരത്തിന്റെ മുഖം. രചനയുടെ വേളയിൽ അറിഞ്ഞും അറിയാതെയും അത് സംഭവിക്കുന്നു: ഉൾപ്പെടുത്തലും ഒഴിവാക്കലും” (54). “ഒരു എഴുത്തുകാരി എന്ന നിലയിൽ പ്രമീളാനായരെ ഒരിക്കൽ പോലും എംടി പരിഗണിച്ചിട്ടേ ഇല്ല” എന്ന് ദീദി ദാമോദരൻ പറയുന്നുണ്ട് (55). മാതൃഭൂമിയുടെ എഡിറ്റർ ആയിരുന്ന എംടി വാസുദേവൻ നായരും ബാക്കി പല പല പ്രസിദ്ധീകരണങ്ങളുടെ എഡിറ്റര്മാരും പത്രാധിപരും ഒത്തു ചേർന്ന് പ്രമീളാ നായരേ മലയാളസാഹിത്യത്തിൽ ഉയർന്നു വരാൻ അനുവദിച്ചില്ല എന്നതിന് ധാരാളം തെളിവുകൾ ദീദി ദാമോദരൻ സമർത്ഥിച്ചിട്ടുണ്ട്. ഇതൊക്കെ തികച്ചും അതിദുഷ്ടകരമായ പ്രവർത്തികളുമാണ്.
എന്നാൽ, ഇവരുടെ കുൽസിത പ്രവർത്തികളുടെ കെണിയിൽ വീഴാതെ അന്നത്തെ കാലത്ത്, 1981 – ഇൽ, മലയാളനാട് നഷ്ടബോധം എന്ന നോവലിന്റെ പ്രസിദ്ധീകരണം നിർത്തി വെച്ചപ്പോൾ — എംടി വാസുദേവൻ നായരുടെ നിർദ്ദേശത്തിൽ എന്ന് പൊതുസമ്മതം — പ്രമീളാ നായർ “സ്വന്തം കൈയ്യിൽ നിന്നും കാശെടുത്ത്” അച്ചടിപ്പിച്ച് ഈ നോവൽ പ്രസിദ്ധീകരിച്ചു. അത് പോലെ 1992 – ഇൽ ഗൗതമി എന്ന പെൺകുട്ടി യും കോഴിക്കോട്ടെ പൂർണ്ണ പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ചു (“ആമുഖം”). ഈ കാര്യങ്ങളും നല്ലവണ്ണം ഊന്നിപ്പറയേണ്ട കാര്യങ്ങളാണ്. മാതൃഭൂമിയിൽ പ്രമീളാ നായരേ പ്രസിദ്ധീകരിച്ചില്ല എന്ന് പലവട്ടം ദീദി ദാമോദരൻ പറയുന്നുണ്ട്. അത് ശരിയുമാണ്. പക്ഷെ പ്രമീളാ നായരെന്ന എഴുത്തുകാരിക്ക് ഇങ്ങനെയും ഒരു മുഖമുണ്ടായിരുന്നു എന്നത് വളരെ പ്രാധാന്യമുള്ള വസ്തുതയാണ് എന്നാണെനിക്ക് തോന്നുന്നത്. പ്രമീളാ നായരുടെ ഈ മുഖത്തിനെ കുറിച്ച് ഈ പുസ്തകത്തിൽ കുറച്ചു കൂടി വസ്തുതകൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോകുന്നു. എഡിറ്റിംഗ് ഉൾപ്പെടുത്താലും ഒഴിവാക്കലും മാത്രമല്ല; എന്ത് ഊന്നി പറയണം എന്ത് തെന്നി നീങ്ങണം എന്നുള്ളതും കൂടി ചേർന്നതാണ്.
വാസ്തവത്തിൽ ഈ പുസ്തകത്തിന് കുറച്ചും കൂടി ശക്തി കിട്ടിയേനെ ഇതിലെ ചില ഭാഗങ്ങൾ മുഴുവനോടെ എടുത്ത് മാറ്റിയിരുന്നെങ്കിൽ. അതായത് പ്രമീളാ നായരേ കുറച്ചും കൂടി അടുത്തറിയാൻ സഹായകമായേനെ. 1922 – ഇൽ റ്റി എസ് എലിയറ്റ് തന്റെ കവിത The Wasteland തന്റെ കൂട്ടുകാരനായ എസ്ര പൗണ്ടിനാണ് സമർപ്പണം ചെയ്തത് — “Il miglior fabbro” (“To the Better Craftsman”) എന്ന വാക്യത്തോടെ. പൗണ്ട് 800 വരികളിൽ നിന്നും 433 വരികളായിട്ട് എലിയറ്റിന്റെ കവിത വെട്ടിച്ചുരുക്കി. ആരെന്ത് പറഞ്ഞാലും പൗണ്ടിന്റെ എഡിറ്റിംഗ് എലിയറ്റിന്റെ കവിതയെ വായിക്കാൻ സുഖമുള്ളതായി മാറ്റി. ദീദി ദാമോദരന്റെ പുസ്തക ഭാഗത്തിൽ നിന്നും ഇതിലെ “ആത്മഹത്യ രാജലക്ഷ്മിയിലും പ്രമീളയിലും” എന്ന അദ്ധ്യായവും, “തന്റേടിയായ ഭാര്യയ്ക്കുള്ള സിനിമാമറുപടികൾ” എന്ന അദ്ധ്യായവും വാസ്തവത്തിൽ ഈ പുസ്തകത്തിന് ആവശ്യമുണ്ടോ എന്നെനിക്ക് തീർച്ചയില്ല.
“ആത്മഹത്യ രാജലക്ഷ്മിയിലും പ്രമീളയിലും” വളരെ ഊഹാപോഹപരമായ അദ്ധ്യായമാണ്. 34 – മത്തെ വയസ്സിൽ ആത്മഹത്യ ചെയ്ത എഴുത്തുകാരി രാജലക്ഷ്മിയുടെ ജീവിത-മരണ തീരുമാനങ്ങളും പ്രമീളാ നായരുടെ ജീവിതവും തമ്മിൽ വളരെയധികം സാമ്യങ്ങൾ ഉണ്ടെന്ന് ദീദി ദാമോദരൻ വാദിക്കുന്നു. പരോക്ഷമായി എൻ വി കൃഷ്ണവാര്യരും എം ടി വാസുദേവൻ നായരും മറ്റും രാജലക്ഷ്മിയുടെ ആത്മഹത്യയെപ്പറ്റി പറഞ്ഞത് “”പ്രമീളാനായരുടെ ജീവിതത്തിനും ബാധകമല്ലേ”? (59) എന്ന് ദീദി ദാമോദരൻ ചോദിക്കുന്നു. “ഒരു പെൺകുട്ടിയെ പ്രസവിച്ചുപോയത് കൊണ്ട് മാത്രമാണ് പ്രമീളാ നായർ ആത്മഹത്യ ചെയ്യാതിരുന്നത്” (60) എന്നും ദീദി ദാമോദരൻ പ്രസ്താവിക്കുന്നുണ്ട്. എന്താണ് ഇതിന്റെ തെളിവ്? പ്രമീളാനായരുടെ നോവലായ നഷ്ടബോധത്തിലെ നായിക മൂന്നിടത്തെങ്കിലും ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നുണ്ട് എന്നുള്ളതാണ്. “മൂന്നും മകൾ ഉണ്ടായത് കൊണ്ട് മാത്രം തട്ടി നീക്കിയ മരണങ്ങളാണ്” (60).
ഇതൊരു തെളിവാണോ?
ഇത് ഗൈനോക്രിട്ടിസിസം അല്ല. ബയോഗ്രഫിക്കൽ ക്രിട്ടിസിസം ആണ് എന്നാണ് എനിക്ക് തോന്നുന്നത്. അല്ലെങ്കിൽ ജീവചരിത്ര നിരൂപണം. ഒരു എഴുത്തുകാരിയുടെ ജീവിതം, അനുഭവങ്ങൾ, വ്യക്തിപരമായ ചരിത്രം, ബന്ധങ്ങൾ, വിശ്വാസങ്ങൾ, ശാശ്വതവും ആഘാതകരവുമായ സംഭവങ്ങൾ — ഇവയൊക്കെ അവരുടെ കൃതികളെ അതുപോലെ തന്നെ രൂപപ്പെടുത്തുന്നു എന്ന് വാദിക്കുന്നതാണ് ഇത്തരത്തിലുള്ള നിരൂപണം. ഈ സമീപനം ഊഹാപോഹമല്ലാത്ത ഒരു തലത്തിലേക്ക് വായനയെ ഉയർത്തുന്നുണ്ടോ എന്ന് സംശയമുണ്ട്. ഒരു തരത്തിൽ കഥ പറയുന്നവരൊക്കെ സ്വന്തം ജീവിതത്തിൽ നിന്നും എന്തെങ്കിലുമൊക്കെ എടുക്കുന്നവരാണ്. പക്ഷെ അത് ജീവിതം തന്നെയാണ് എന്ന് വായിക്കുന്നത് ഒരു തരം circular argument ആണെന്ന് തോന്നുന്നു. ഒരു എഴുത്തുകാരിയുടെ എഴുത്തുപയോഗിച്ച് അവരുടെ ജീവിതം വിശദീകരിക്കുക. എന്നിട്ട് അവരുടെ ജീവിതം ഉപയോഗിച്ച് അവരുടെ എഴുത്തിനെ വിശദീകരിക്കുക. വസ്തുനിഷ്ഠമായതും, കാല്പനികമായതും, സർഗാത്മകമായതുമായ ഒരു വായനയല്ല ഇതെന്ന് തോന്നുന്നു. ഈ അദ്ധ്യായം എനിക്ക് വളരെ അപര്യാപ്തമായി തോന്നി.
അത് പോലെ തന്നെ ആവശ്യമില്ലാത്ത ഒരു ചർച്ചയായി തോന്നി “തന്റേടിയായ ഭാര്യയ്ക്കുള്ള സിനിമാമറുപടികൾ” എന്ന അദ്ധ്യായവും. ഞാൻ ഈ പുസ്തകം വായിച്ചു കൊണ്ടിരുന്നപ്പോൾ മുഴുവനും ആഗ്രഹിച്ചത്, പ്രതീക്ഷിച്ചത്, പ്രമീളാനായർ എന്ന എഴുത്തുകാരിയുടെ, തമസ്കരിക്കപ്പെട്ട എഴുത്തുകാരിയുടെ, എഴുത്തിന്റെ ഉയർത്തെഴുന്നേൽപ്പാണ്. ഒരു വായനയാണ്. അവരുടെ നോവലിന്റെ, അവരുടെ കഥകളുടെ. പക്ഷെ അതിവിടെ ഇല്ല. അതിന് പകരം എനിക്ക് വലിയ അങ്കലാപ്പുണ്ടാക്കുന്നത് പോലെ എം ടിയുടെ സിനിമാക്കഥകളെ പറ്റി ഒരു ലേഖനം ദീദി ദാമോദരൻ ചേർത്തിട്ടുണ്ട്. പ്രമീളാനായരേ പറ്റിയുള്ള ഈ പുസ്തകത്തിൽ ഈ മനുഷ്യനെ വീണ്ടും ആവാഹിക്കുന്നതെന്തിനാണ് എന്ന് മനസ്സിലാകുന്നില്ല. ദീദി ദാമോദരൻ ആമുഖത്തിൽ പറയുന്നുണ്ട് അവർ നഷ്ടബോധം എന്ന നോവലും ഗൗതമി എന്ന പെൺകുട്ടി എന്ന ചെറുകഥാസമാഹാരവും അടുത്തടുത്ത് വായിച്ചുവെന്ന്. ഈ രണ്ട് പുസ്തകങ്ങളുടെയും ഒരു വായന പ്രമീളാനായരെ പറ്റിയുള്ള ഈ പുസ്തകത്തിൽ തീർച്ചയായും ഞാൻ പ്രതീക്ഷിച്ചിരുന്നു. അല്ലാതെ വീണ്ടും എം ടി വാസുദേവൻ നായരുടെ സിനിമകളെ പറ്റി വായിക്കാൻ എനിക്ക് ഒരു താല്പര്യവുമില്ലായിരുന്നു. ആ തലമുറ മാറിക്കൊണ്ടിരിക്കുന്നു. മാറിക്കഴിഞ്ഞിരിക്കുന്നു. ദീദി ദാമോദരന്റെ 7.”ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും,” 8. “മരണാനന്തരനീതി,” 9.”ദേശാടനക്കിളി കരയാറുണ്ട്,” 10.”ഉപസംഹാരം” എന്നീ അദ്ധ്യായങ്ങൾ പ്രമീളാനായരെക്കാളുപരി ദീദി ദാമോദരനെ കേരളത്തിലെ അധികാരിഗണങ്ങൾ — പുരുഷന്മാരും സ്ത്രീകളും — തള്ളിക്കളഞ്ഞതിന്റെ സാക്ഷിപത്രമാണ്.
ദീദി ദാമോദരൻ 142 പേജും എച്ച്മുകുട്ടി 47 പേജുമാണ് ഈ പുസ്തകത്തിന് സംഭാവന ചെയ്തിരിക്കുന്നത്. എച്ച്മുക്കുട്ടിയുടെ ഭാഗത്തിൽ നഷ്ടബോധം എന്ന നോവലിന്റെ ഒരു കഥാസംഗ്രഹം ഉണ്ട്. നിരൂപണം അല്ല. വായനയും അല്ല. വിമർശനം അല്ല. നോവലിന്റെ ഒരു plot summary പോലെയുള്ള എഴുത്താണ് . ദീദി ദാമോദരന്റെ ഭാഗത്തിൽ ഉള്ളത് പോലെയുള്ള ഒരു ജീവചരിത്ര നിരൂപണത്തിനുള്ള പരിശ്രമം ഇവിടെയും കാണാം. ദീദി ദാമോദരനുള്ളത് പോലെ എച്ച്മുകുട്ടിയ്ക്ക് പ്രമീളാനായരെ നേരിട്ടറിയുമായിരുന്നില്ല എന്നാണ് ഞാൻ മനസ്സിലാക്കിയത്. എച്ച്മുകുട്ടിയുടെ ഭാഗത്തിൽ അത് കൊണ്ട് നഷ്ടബോധത്തിന്റെ സംക്ഷിപ്ത രൂപത്തിന് പുറമെ, സ്വന്തം ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളെ പറ്റിയും, ചരിത്രത്തിൽ ഉള്ള ചില സ്ത്രീവിദ്വേഷികൾ അവരുടെ ഭാര്യമാരെ തമസ്കരിച്ചതിനെ പറ്റിയുള്ള ചർച്ചയും ഉൾപ്പെടുത്തിയിട്ടുണ്ട്. ടോൾസ്റ്റോയ്, ചാൾസ് ഡിക്കെൻസ്, എന്നിവർ. വായനക്കാർക്ക് അസ്വസ്ഥത ഉളവാക്കുന്നത് പോലെ എച്ച്മുകുട്ടി തന്റെ മനനം ഉപസംഹരിക്കുന്നത് ഇപ്രകാരമാണ്:
“എത്രതന്നെ അടുത്ത ബന്ധം മക്കൾ തമ്മിലുണ്ടെന്നും മറ്റും സ്തുതിപാഠകരെല്ലാം ഒന്നിച്ചുചേർന്നു ഉച്ചത്തിൽ പറഞ്ഞാലും സിതാരയ്ക്ക് എംടിയുടേതായി യാതൊന്നുമില്ല. സിതാര എല്ലാറ്റിൽ നിന്നും വളരെ അകലെയാണ്.” (47)
ഇത് സിതാര മാത്രം പറയേണ്ടതല്ലേ?
ഇത് പറയാൻ നമ്മൾക്കാർക്കെങ്കിലും അധികാരമുണ്ടോ?
ഈ പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ പൊതുവായി എനിക്ക് തോന്നിയ ഒരു കാര്യം കൂടി പറഞ്ഞു കൊണ്ട് ഈ റിവ്യൂ അവസാനിപ്പിക്കാം.
പ്രമീളാനായരുടെ പുസ്തകങ്ങൾ വായിച്ചിട്ടുള്ളവർ അവയുടെ നല്ല സാഹിത്യ നിരൂപണങ്ങൾ എഴുതിയാൽ നന്നായിരുന്നു.
അത് മലയാളത്തിലെ ഈ പേര് കേട്ട മാസികകളിൽ പ്രസിദ്ധീകരിക്കണമെന്ന് ഒരു നിർബന്ധവുമില്ല. നല്ലയൊരു website പ്രമീളാനായർക്ക് വേണ്ടി design ചെയ്ത് അവിടെ പ്രസിദ്ധീകരിക്കുക. മാതൃഭൂമിയും, ഭാഷാപോഷിണിയും, സംഘടിതയും ഒന്നുമില്ലെങ്കിലും വായനക്കാർക്ക് പ്രമീളാനായരുടെ എഴുത്തറിയാൻ ഇപ്പോൾ വേറെ പല ഉപാധികളുമുണ്ട്. അവ ആത്മാർത്ഥമായും പരിശോധിക്കണം എന്ന് ദീദി ദാമോദരനോടും എച്ച്മുകുട്ടിയോടും അഭ്യർത്ഥിക്കുന്നു.