ആട്ടിൻകൂട്ടിലൂടെ നിയാണ്ടർതാൽതാഴ്‌വരയിൽ

*ആട്ടിൻകൂട്ടിലൂടെ നിയാണ്ടർതാൽതാഴ്‌വരയിൽ*
ഗായത്രി ദേവി, 5 ജൂൺ 2020

എനിക്കേറ്റവും ഇഷ്ടപ്പെട്ട അയ്മനം ജോണിന്റെ കഥകളിൽ ഒന്നാണ് *ഇതര ചരാചരങ്ങളുടെ ചരിത്രപുസ്തകം* എന്ന ചെറുകഥ. കൊറോണ വൈറസ്സിനൊക്കെ മുൻപ് നടക്കുന്ന കഥയാണ്. അന്ന് നമ്മൾ വലിയ ആൾക്കാരായിരുന്നു. കഥ തുടങ്ങുമ്പോൾ കഥ പറയുന്നയാൾ വീടിന്റെ ഉമ്മറത്തിരുന്നുകൊണ്ടു മനുഷ്യരുടെ ഭയങ്കര വീരപരാക്രമങ്ങളുടെ ചരിത്രം വായിക്കുകയാണ്. നമ്മളെന്തൊക്കെ ചെയ്തിരിക്കുന്നു! എവിടെയെല്ലാം പോയിരിക്കുന്നു! ആകാശത്തും ബഹിരാകാശത്തും ഭൂമിയിലും സമുദ്രാഗാധതലത്തിലും നമ്മൾ കാണാത്ത ഒന്നും തന്നെയില്ല. നമ്മളറിയാത്ത ഏതെങ്കിലും രഹസ്യം ഈ പ്രപഞ്ചത്തിൽ തന്നെയുണ്ടോ എന്ന് സംശയിച്ചാൽ അതിൽ വലിയ തെറ്റൊന്നുമില്ല. അത്രത്തോളം പോന്നിരിക്കുന്നു നമ്മൾക്ക് നമ്മളെപ്പറ്റി തന്നെയുള്ള ഒരു മതിപ്പ്. ഈ സമയത്താണ് പുറന്നാളാഘോഷത്തിന്റെ ഇടയിൽ ബോംബ് പൊട്ടിക്കുന്നത് പോലെ ഇതര ചരാചരങ്ങളുടെ ചരിത്രപുസ്തകം ആഖ്യാതാവിന്റെ “മനസ്സിന്റെ മറുപുറത്തു” (256) പ്രത്യക്ഷപ്പെടുന്നത്.

നമ്മളിൽ ചിലരെങ്കിലും ഇത്തരത്തിലുള്ള മറുപുറങ്ങൾ വായിക്കുന്നവരാണ്. മരം വെട്ടരുത്, പുഴകളടച്ചു ഡാമുകൾ പണിയരുത് , വയലുകൾ നികത്തി ഫ്ലാറ്റുകൾ കെട്ടിപ്പടുക്കരുത്, ആനകളെ പീഡിപ്പിക്കരുത്, പട്ടിയേയും പൂച്ചയേയും തല്ലിക്കൊല്ലരുത്, പാമ്പിനെ കൊല്ലരുത് എന്നൊക്കെ പറഞ്ഞു ജോളിയായിട്ടിരിക്കുന്നവരെ ബോറടിപ്പിക്കുന്നവരും സ്വൈരം കെടുത്തുന്നവരുമാണ് ഈ മറുപുറം വായിക്കുന്നവർ. ഇതര ചരാചരങ്ങളുടെ ചരിത്രപുസ്തകം ഇത്തരത്തിലൊരു ഉപദ്രവിയാണ്. പുരോഗതിയുടെ പേരിൽ ചെറുതും വലുതുമായ ഭൂമിയിലെ ജീവജാലങ്ങളോട് മനുഷ്യവർഗ്ഗം കാണിച്ചുകൂട്ടിയ ഭീകരമായ വിനാശങ്ങളുടെ പരിണതഫലങ്ങൾ ഒരു ഡോക്യൂമെന്ററിയിലെന്ന പോലെ ആഖ്യാതാവിന്റെ മുന്നിലവതരിപ്പിക്കുന്നു ഇതര ചരാചരങ്ങളുടെ ചരിത്രപുസ്തകം:

“ഇടയന്മാരാൽ ഉപേക്ഷിക്കപ്പെടുകയും മേച്ചിൽസ്ഥലങ്ങൾ നഷ്ടമാകുകയും ചെയ്തപ്പോൾ ഭൂമി വിട്ടുപോയ കോടാനുകോടി ആട്ടിൻപറ്റങ്ങൾ ഭൂമിയിലേക്ക് സങ്കടത്തോടെ തിരിഞ്ഞു നോക്കിനിൽക്കുന്നത്, വരൾച്ച ബാധിച്ച വനങ്ങളിൽ കൊടുംദാഹത്താൽ ഉഴറി നടക്കുന്ന ആനക്കൂട്ടങ്ങൾ അടിത്തട്ട് വിണ്ടു കീറി കിടക്കുന്ന നീർച്ചാലുകളിൽ തുമ്പിക്കൈ ഇട്ടടിച്ചു അരിശം തീർക്കുന്നത്, ഭൂമിയിലേക്ക് പാതിവഴി വന്നിട്ട് പിറക്കാൻ കാടുകളിലെന്നു കണ്ടപ്പോൾ മടങ്ങിപ്പോകുന്ന കടുവാക്കുഞ്ഞുങ്ങൾ, അതിശൈത്യത്തിൽനിന്ന് രക്ഷപ്പെടാൻ ജന്മദേശം വിട്ടു ലക്ഷ്യമില്ലാതെ പറന്ന് പറന്ന് തളർന്ന പക്ഷിക്കൂട്ടങ്ങളുടെ കടൽപ്പരപ്പുകൾക്കു മുകളിലെ കൂട്ടക്കരച്ചിലുകൾ, മനുഷ്യർ വിരിക്കുന്ന ചതിവലകളിൽ കുടുങ്ങാൻ മാത്രമെന്നോണം കടലുകളിൽ കൂട്ടത്തോടെ പിറക്കുന്ന മൽസ്യക്കുഞ്ഞുങ്ങളുടെ വലകൾക്കുള്ളിലെ കൂട്ടപിടച്ചിലുകൾ . . . എന്നിങ്ങനെ കല്പനാവൈഭവം കലർന്ന ചില അമൂർത്തചിത്രങ്ങളും കണ്ടു — ഇ. ച . ച പുസ്തകത്തിൽ.” (257 -8 ).

ചരിത്രമെഴുതുന്നത് വിജയികളാണെന്നൊരു തെറ്റിദ്ധാരണ പൊതുവെ സാമാന്യജനങ്ങളിലും ബുദ്ധിജീവികളും ഉള്ളതായി കാണാം. എന്നാൽ മൊത്തം നമ്മുടെ ഭൂമിയുടെ ചരിത്രമെടുത്തു നോക്കിയാൽ “തോറ്റ യുദ്ധങ്ങളുടെ കഥകൾ മാത്രമാണ് നമ്മുടെ ചരിത്രം എന്നൊരു അടിക്കുറിപ്പാണ് ” (257) ഇതര ചരാചരങ്ങളുടെ ചരിത്രപുസ്തകം മനുഷ്യന്റെ ചരിത്രത്തിന് സംഭാവന ചെയ്തിരിക്കുന്നത്. ഇത് സത്യമാണ്. ജയിച്ചവരിലായാലും തോറ്റവരിലായാലും മനുഷ്യന്റെ കരുണയുടേ ഗുണഭോക്താവ് മനുഷ്യൻ മാത്രമാണ്. ഇതര ചരാചരങ്ങളുടെ വംശനാശം മനുഷ്യവർഗ്ഗത്തിന് ഒരു പ്രശ്നമായിട്ടുള്ളതായി കാണുന്നില്ല. ഇത് കൊണ്ടാണ് ഇതര ചരാചരങ്ങളുടെ ചരിത്രപുസ്തകം മനുഷ്യചരിത്രപുസ്തകത്തിലെ “ഹിരോഷിമ നാഗസാക്കി ചിത്രങ്ങളിലേക്ക്” നോക്കി പരിഹാസത്തോടെ ചിരിക്കുന്നത് (258).

ഇതര ചരാചരങ്ങളുടെ ചരിത്രപുസ്തകം വായിച്ചു അസ്വസ്ഥനായ ആഖ്യാതാവ് മുറ്റത്തു മുരിങ്ങച്ചോട്ടിൽ ഒട്ടിയ വയറോടെ പതുങ്ങിക്കിടന്നിരുന്ന പൂച്ചയെ എടുത്തു വീട്ടിൽ കൊണ്ട് വന്നു കുറച്ചു പാല് കൊടുത്താലോ എന്ന് ചിന്തിക്കുന്നു. പണ്ട് കുഞ്ഞായിരുന്നപ്പോൾ കൂടെ കളിച്ചിരുന്ന പശുക്കുട്ടിയെയും ആട്ടിൻകുട്ടിയെയും കോഴിക്കുഞ്ഞുങ്ങളെയും വളർത്തുനായ്ക്കളെയുമൊക്കെ ഓർത്തുപോകുന്നു അയാൾ. പശുത്തൊഴുത്തിന്റെയും ആട്ടിൻക്കൂട്ടിന്റെയും മണങ്ങൾ അയാൾക്കോർമ്മ വരുന്നു. “ഓർമ്മകൾ ഉറയ്ക്കുംമുമ്പ് ഞാൻ ഉറുമ്പുകൾക്കു തീറ്റകൊടുക്കാൻ ശ്രമിച്ചിരുന്ന ഒരു കുട്ടിയായിരുന്നുവെന്നു അമ്മ പറയാറുണ്ടായിരുന്നതും ഞാനോർത്തു” (259).

ഇത്തരത്തിലുള്ള ഭൂതഭോജനത്തിന്റെയും മറ്റും സുഖമുള്ള ഓർമ്മകളുടെ സദുദ്ദേശ്യമായ പ്രേരണയാൽ അയാൾ പതുക്കെ എണീറ്റ് പൂച്ചയുടെ അടുത്തേക്ക് നടക്കുന്നു. അയാളെഴുന്നേൽക്കുന്ന നിഴൽ കണ്ട വാഴക്കൈയിലിരുന്ന ഒറ്റക്കാക്ക “ഒന്നു നടുങ്ങിയിട്ട് ചിറകടിച്ചു പറന്നു” (260). അയാൾ വരുന്നതും കണ്ടു പൂച്ച “പെട്ടെന്ന് ചാടിയെണീറ്റ് ജാഗ്രതയോടെ നിന്നു. ഞാൻ അടുത്തെത്തിയതും അത് ഒറ്റത്തിരിയലിൽ പറമ്പിലേക്ക് എടുത്തുചാടിയിട്ട് പാഞ്ഞോടി” (260).

ബാക്കി എല്ലാ ജന്തുജീവികളെയും പിടിച്ചു തിന്നുന്ന മൃഗമാണ് മനുഷ്യൻ. ആഗ്ര വേട്ടക്കാരൻ. ഇതുകൊണ്ടാണ് സകലമാന ജന്തുജീവികളും നമ്മളെ കണ്ടാൽ പേടിച്ചോടുന്നത്. പേടിച്ചോടാത്തതിനെ നമ്മൾ വെടി വെച്ചോ, തല്ലിയോ, കുത്തിയോ, ഇടിച്ചോ, അടിച്ചോ, ബോംബ് പൊട്ടിച്ചോ കൊല്ലാൻ നോക്കുന്നു.

ഒരു fable പോലെ വായിക്കാവുന്ന ജോണിന്റെ *നിയാണ്ടർതാൽ താഴ്‌വരയിൽ* എന്ന കഥയിൽ ചരിത്രാതീതകാലത്തിനുമപ്പുറമുള്ള ഒരു യുഗത്തിൽ മനുഷ്യരും മൃഗങ്ങളും പരസ്പരധാരണയുള്ള കൂട്ടുകാരായിരുന്നുവെന്നു പരാമർശിക്കുന്നുണ്ട്. പലയിനം പക്ഷികൾ, കുറുനരികൾ, ചെന്നായ്ക്കൾ, നായ്ക്കൾ, ആടുകൾ എന്നിങ്ങനെ നിയാണ്ടർതാൽ മനുഷ്യരോട് അടുത്തിടപഴകി ജീവിച്ചിരുന്നു പലയിനം മൃഗങ്ങളും പക്ഷികളും. ഇവർ നിയാണ്ടർത്താലുകളുടെ കൂടെ മരുപ്രദേശങ്ങളിലൂടെയും, മലമ്പ്രദേശങ്ങളിലൂടെയും, വൃക്ഷരഹിതമായ പാഴ്‍ഭൂമികളിലൂടെയും ദീർഘസഞ്ചാരങ്ങൾക്കു കൂട്ടുപോയിരുന്നു.

“കൂട്ടുകാരായ ആ അന്യജീവജാലങ്ങളെ നിയാണ്ടർതാലിലെ മനുഷ്യർ തങ്ങളെപ്പോലെ തന്നെ കരുതിയും പൊന്നു. അതിശൈത്യത്തിന്റെ കാലങ്ങളിൽ അന്യോന്യം ചൂടുപകർന്നു അടുത്തടുത്തിരിക്കുകയും ആഹാരം പങ്കു വെച്ച് ഗുഹകളിൽ ഒത്തൊരുമയോടെ രാപാർക്കുകയും ചെയ്തിരുന്നു. സഹജീവജാലങ്ങളുടെ ദയ നിറഞ്ഞ കണ്ണുകളിൽ തന്നെയായിരുന്നു നിയാണ്ടർതാൽ താഴ്‌വരയിലെ ദൈവദർശനങ്ങൾ” (263).

പറക്കുന്നതിന്റെയും, ഇഴയുന്നതിന്റെയും, നീന്തുന്നതിന്റെയും കൂടെ ജീവിച്ച നിയാണ്ടർതാലുകൾക്കു “സ്വപ്നങ്ങളിലൂടെ ഇതര ജീവജാലങ്ങളായി രൂപാന്തരം പ്രാപിച്ചു അവയുടെ പ്രപഞ്ചാനുഭവം എന്താണെന്നറിയുവാനുള്ള സിദ്ധിയുമുണ്ടായിരുന്നുവെന്നു” ആഖ്യാതാവ് പറയുന്നു (263).

സ്വപ്നത്തിലെന്നപോലെ സാഹിത്യകലയ്ക്കും മറ്റൊരു ജന്തുവിന്റെ പ്രപഞ്ചാനുഭവം തിരിച്ചറിയാൻ സാധിക്കും. മലയാളവും, ഇംഗ്ലീഷും, തമിഴും, ഹിന്ദിയും ഒന്നും സംസാരിക്കാത്ത ആനയ്ക്കും, പോത്തിനും, പട്ടിക്കും, പൂച്ചക്കും, പാമ്പിനും അവരുടെ ചരിത്രപുസ്തകം എഴുതാൻ അയ്മനം ജോണിനെപ്പോലെ മറുപുറം വായിക്കുന്ന എഴുത്തുകാരുള്ളത് മനുഷ്യവർഗ്ഗത്തിന്റെ ഒരു മഹാഭാഗ്യമാണ്. അങ്ങനെയെങ്കിലും വേട്ടയുടെ ഉന്മാദത്താൽ തിമിരം ബാധിച്ച കണ്ണുകളിൽ കുറച്ചു വെളിച്ചം കയറട്ടെ. രക്തത്തിൽ കുളിച്ചു കിടക്കുന്ന ഇതര ചരാചരങ്ങളുടെ ചരിത്രം വായിക്കാൻ സാധിക്കട്ടെ.