Book Review: G. R. Indugopan, *Vilayath Buddha*

പണ്ട് വായിച്ച ഒരു കഥയാണ്. ബുദ്ധനെ പറ്റിയുള്ള ഒരു കഥ. ഒരിക്കൽ ഒരിടത്തൊരു ബുദ്ധസന്യാസിയുണ്ടായിരുന്നു. ഇദ്ദേഹം ബുദ്ധനെ ഒരു നോക്ക് കാണുവാനായി വളരെ നാൾ തപസ്സിരുന്നു. ഒരു വലിയ മലയുടെ മുകളിൽ, കാട്ടിന്റെ നടുവിൽ, ഒറ്റയ്ക്ക് കൊടും തപസ്സ്. പക്ഷെ ബുദ്ധനെ കാണാൻ സാധിച്ചില്ല. വളരെ വർഷങ്ങൾക്ക് ശേഷം ഇദ്ദേഹം നിരാശനായി, തപസ്സു നിർത്തി, മലയിറങ്ങി വരാൻ തീരുമാനിച്ചു. ബുദ്ധനെ കണ്ടില്ലല്ലോ. അങ്ങനെ സന്യാസി മലയിറങ്ങി ഇറങ്ങി വരുമ്പോൾ വഴിയിൽ ഒരു പട്ടി കിടക്കുന്നത് കണ്ടു. ഏതാണ്ട് മരണത്തിന്റെ അറ്റത്തിരിക്കുന്ന ഒരു പട്ടി. പട്ടിയുടെ മേല് മുഴുവൻ ചെള്ള് അരിക്കുന്നുണ്ടായിരുന്നു. അവിടവിടെ തൊലി പൊട്ടി രക്തവും, നിറമില്ലാത്ത ഒരു ദ്രാവകവും ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. മുറിവുകളിൽ പുഴുക്കൾ ഇഴഞ്ഞു നടക്കുന്നുണ്ടായിരുന്നു. വൃണങ്ങൾക്ക് ഭയങ്കര ദുർഗന്ധമായിരുന്നു. പട്ടിക്ക് കണ്ണ് തുറക്കാൻ കഴിയുമായിരുന്നില്ല. കാലുകൾ അനക്കാൻ കഴിയുമായിരുന്നില്ല.

സന്യാസി പെട്ടെന്ന് പട്ടിയുടെ അരികെ പടിഞ്ഞിരുന്നു. പട്ടിയുടെ തല സ്വന്തം മടിയിൽ കയറ്റി വെച്ചു. എന്നിട്ട് പട്ടിയുടെ മുറിവുകളിൽ നിന്നും പുഴുക്കളെ ഒന്നൊന്നായി എടുത്തു മാറ്റാൻ തുടങ്ങി. പിന്നീട് കടിച്ചു തൂങ്ങി കിടന്ന ചെള്ളുകളെയും പതുക്കെ പതുക്കെ പറിച്ചു മാറ്റി. സ്വന്തം കാഷായ വസ്ത്രം അഴിച്ചു മാറ്റി പട്ടിയുടെ മുറിവുകൾ തുടച്ചു. അടുത്തുള്ള ഒരു കാട്ടരുവിയിൽ നിന്നും വെള്ളം തുണിയിൽ മുക്കി ഇറ്റിറ്റായി പട്ടിയുടെ വായിൽ ഒഴിച്ചു കൊടുത്തു.

പെട്ടെന്ന് സന്യാസി നോക്കിയപ്പോൾ പട്ടി കിടന്നിരുന്ന സ്ഥലത്തു സാക്ഷാൽ ബുദ്ധൻ നിൽക്കുന്നു. ബോധിസത്വനായ, കരുണാമയനായ അവലോകിതേശ്വരന്റെ രൂപത്തിൽ. സന്യാസി കരഞ്ഞു കൊണ്ട് ബുദ്ധന്റെ കാൽക്കൽ വീണു. കുറെ നേരം കരഞ്ഞതിനു ശേഷം സന്യാസി ബുദ്ധനോട് ചോദിച്ചു — “എത്ര വർഷമായി ഞാൻ അങ്ങയെ ഒരു നോക്ക് കാണുവാൻ തപസ്സിരിക്കുന്നു! എന്നാലും ഇത്രയും നാൾ അവിടുന്ന് എന്റെ മുൻപിൽ പ്രത്യക്ഷപ്പെട്ടില്ലല്ലോ! ഞാൻ തപസ്സു നിർത്തിയപ്പോഴാണല്ലോ എനിക്കങ്ങയുടെ ദര്ശനമുണ്ടായത്, ഭഗവാൻ!” സന്യാസി കരഞ്ഞു കൊണ്ട് ബുദ്ധന്റെ കാൽക്കൽ കിടന്നു. ബുദ്ധൻ സന്യാസിയോട് പറഞ്ഞു: “കരുണ നിറഞ്ഞ മനസ്സുകൾക്ക് മാത്രമേ എന്നെ കാണാൻ സാധിക്കുകയുള്ളൂ എന്നറിഞ്ഞു കൂടെ? ഞാൻ ചാവാറായ ചെള്ളരിച്ച പട്ടിയായി വന്നപ്പോൾ മാത്രമാണ് നിന്റെ മനസ്സിൽ കരുണ നിറഞ്ഞത് . നിന്റെ ഹൃദയത്തിൽ ആർദ്രത നിറഞ്ഞത്. സ്നേഹം മാത്രം നുരഞ്ഞു പൊന്തിയത്. അത് കൊണ്ടാണ് നിനക്കിപ്പോൾ എന്നെ കാണാനായത്.” സന്യാസിക്ക് തപസ്സും ബുദ്ധനും തമ്മിലുള്ള വ്യത്യാസം മനസ്സിലായി.

ബുദ്ധനെ പറ്റിയുള്ള ഈ കഥ എനിക്കോർമ്മ വന്നു ജി. ആർ. ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന ചെറിയ നോവൽ വായിച്ചപ്പോൾ. പ്രത്യേകിച്ചും “സാൻഡൽ മോഹനൻ” എന്ന കാട്ടുകള്ളൻ വയറ്റിളക്കം പിടിച്ച് നശിച്ചു കിടക്കുന്ന “തീട്ടം ഭാസ്കരൻ” എന്ന ഭാസ്കരൻ സാറിനെ പൊക്കിയെടുത്തു കിണറ്റുംകരയിൽ കൊണ്ട് പോയി കഴുകി വൃത്തിയാക്കുന്ന രംഗം വായിച്ചപ്പോൾ:

“രണ്ടു വലികൂടി വലിച്ച് മോഹനൻ സിഗരറ്റ് വലിച്ചെറിഞ്ഞു. പിന്നെ ഇരുകൈകൊണ്ടും, സാറിനെ നടുവിനും തുടയ്ക്കും പിടിച്ച് പൊക്കിയെടുത്ത് നേരെ കിണറിന്റെ സമീപത്തു കൊണ്ട് വന്നു. പിന്നെ വിസർജ്യം പറ്റിയ ജുബ്ബ വലിച്ചു കീറിയെറിഞ്ഞു. അടിവസ്ത്രവും പറിച്ചുമാറ്റി. നഗ്നനായി കിടക്കുന്ന അയാളെ ചന്തി സ്വന്തം കൈകൊണ്ട് കഴുകി, അയയിൽ കിടന്ന മുണ്ടെടുത്തു തുടച്ചെടുത്തു. ഭാസ്കരൻ കണ്ണ് തുറന്നില്ല. മോഹനൻ വേറൊരു മുണ്ടെടുത്തു സാറിന്റെ അരയിൽ ചുറ്റി. പൊക്കിയെടുത്തപ്പോ, ആശ്രയത്തിനെന്നവിധം ഭാസ്കരൻ മോഹന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചു. മോഹനൻ സാറിനെ വണ്ടിയുടെ മുന്നിലെ സീറ്റിലിരുത്തി ബെൽറ്റിട്ടു സുരക്ഷിതനായി പാഞ്ഞു പോയി.” (p. 108)

കഥയുടെ അവസാനം ശത്രുക്കൾ മിത്രങ്ങൾ ആകുന്നത് കോമഡിയുടെ പ്രത്യേകതയാണല്ലോ. നോവലിന്റെ അവസാനം ഭാസ്കരനും മോഹനനും അങ്ങോട്ടുമിങ്ങോട്ടുമുള്ള അടിപിടി വാസ്തവത്തിൽ നിര്ത്തുന്നു. പക്ഷെ, അടിപിടി ഒരു പാട് ഒച്ച കൂട്ടി കൂട്ടി കൂട്ടി കേറ്റിയിട്ട് നോവലിൽ ഒന്നും പ്രത്യേകിച്ച് സംഭവിക്കാതിരിക്കുന്നതും നർമ്മത്തിന്റെ തട്ടകത്തിലുൾപ്പെടും. പല അറിപ്പെടുന്ന zen koans — സെൻ കടങ്കഥകളും — ഇത്തരത്തിൽ പ്രത്യേകിച്ച് ഒന്നും നടക്കാത്തതും നമ്മെ ചെറുതായിട്ട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നവയുമാണ്. പ്രസിദ്ധമായൊരു സെൻ കഥ ഇങ്ങനെ പോകുന്നു : “രണ്ടു സന്യാസിമാർ കാറ്റിൽ പറക്കുന്ന ഒരു കൊടി നോക്കി തർക്കിക്കുകയായിരുന്നു. കാറ്റടിക്കുമ്പോൾ, കാറ്റാണോ കൊടിയാണോ അനങ്ങുന്നത്? ഒരു സന്യാസി പറഞ്ഞു — കാറ്റാണ് അനങ്ങുന്നത്. മറ്റേ സന്യാസി പറഞ്ഞു — കൊടിയാണ് അനങ്ങുന്നത്. മൂന്നാമതൊരാൾ രണ്ട് പേരോടും പറഞ്ഞു — കാറ്റുമല്ല, കൊടിയുമല്ല അനങ്ങുന്നത്. മനസ്സാണ് അനങ്ങുന്നത്.”

ഇത് വേണ്ടവർ മാത്രം ചിന്തിക്കേണ്ടുന്ന പ്രശ്നമാണ്. അല്ലാത്തവർക്ക് ചിരിച്ചു കളയാം. സംസാരസാഗരത്തിൽ ഉഴലുന്ന ചൈതന്യം, മോഹനന്റെ പ്രിയതമ, ഭാസ്കരനോട് പറയുന്നുണ്ട് കഥയുടെ അവസാനത്തിൽ — “അങ്ങനെ ചുമ്മാതങ്ങു മാനസാന്തരം വരേണ്ട ഉരുപ്പടിയൊന്നുമല്ല മനുഷ്യൻ” (p .115) എന്ന്. എന്നാൽ വാസ്തവത്തിൽ പരിപ്രേക്ഷ്യത്തിലെ ഒരു ചെറിയ പരിവർത്തനം മതി പലപ്പോഴും മാനസാന്തരവും അതിൽ നിന്നും കിട്ടാവുന്ന സാന്ത്വനവും സ്വന്തമാക്കാൻ. ഇതറിയുന്നവനാണ് മോഹനൻ. ഒരു ചെറിയ പ്രബുദ്ധതയുടെ ഉടമ — ഇത് കൊണ്ടാണ് ഇന്ദുഗോപന്റെ ആഖ്യാതാവ് പറയുന്നത് — “ഭാസ്കരൻ ഇരുമ്പുകമ്പീന്ന് കൈയെടുക്കുന്നതും നോക്കി മോഹനൻ സീറ്റിൽ ക്ഷമയോടെയിരുന്നു” (p . 114) എന്ന്. ക്ഷമയില്ലാതെ ജീവിതത്തിൽ എങ്ങോട്ടു പോകാനാകും? മോഹനൻ ക്ഷമ അറിയുന്നവനാണ്. പണ്ട് ക്ഷമ ഭാസ്കരൻ സാറിന്റെ ചിതയ്ക്ക് വേണ്ടി വളർത്തിയ ചന്ദന മരം വളർന്നു വലുതാകുന്നത് വരെ കാത്തിരിക്കാൻ. അതിനെ വെട്ടി വിറ്റാൽ ഒരുപാട് കാശ് കിട്ടും. ഇപ്പോൾ ക്ഷമ ചന്ദന മരം വെട്ടാതിരിക്കാനുള്ള തീരുമാനവും അതിന്റെ “ധർമ്മസങ്കടം” നേരിടാനും.

ഈ നോവൽ വായിക്കുമ്പോൾ വേണമെന്ന് വെച്ചാലും ഇല്ലെങ്കിലും അറിയാതെ ബുദ്ധനെ പറ്റിയും, ബുദ്ധചരിത്രത്തെ പറ്റിയും, കഥകളെപ്പറ്റിയും, ബുദ്ധമതപ്രമാണങ്ങളെ പറ്റിയും ഓർത്തുപോകും. കാരണം, വിലായത്ത് ബുദ്ധ എന്ന ശീർഷകം പോലെ തന്നെ പ്രാധാന്യം അർഹിക്കുന്നതാണ് ഇതിലെ രണ്ടു സ്ത്രീ കഥാപാത്രങ്ങളുടെയും പേരുകൾ: ചോലയ്ക്കലെ ചെമ്പകവും, മകൾ ചൈതന്യവും. ബംഗാളിൽ ദുർഗ്ഗാ പൂജ സമയത്ത് ദുർഗ്ഗയുടെ പ്രതിമ ഉണ്ടാക്കാൻ പൂജാരിമാർ “നിഷിദ്ധോ പള്ളി” എന്ന് വിളിക്കുന്ന വേശ്യകൾ താമസിക്കുന്ന വീടുകളിൽ പോയി “പുണ്യ മാട്ടി” അഥവാ പവിത്രമായ മണ്ണ് അവിടുന്ന് ചോദിച്ചു വാങ്ങിക്കുന്ന ഒരാചാരമുണ്ട്. ഈ മണ്ണും ഉൾപ്പെടുത്തിക്കൊണ്ടു മാത്രമാണ് കാളിയുടെ പ്രതിമ ഉണ്ടാക്കുന്നത്. ചോലയിലെ ചെമ്പകം ഇത് പോലൊരു കഥാപാത്രമാണ്. സ്ഥലത്തെ പുരുഷന്മാരെ സന്തോഷിപ്പിക്കുന്ന അവരുടെ കുലത്തൊഴിൽ ശർക്കര ഉണ്ടാക്കുന്നതാണ്. എത്ര കേവലമായ ഉൾക്കാഴ്ചയാണ് ഇവർക്ക് ചെമ്പകം എന്ന പേര് ! ഏറ്റവും സൗരഭ്യം നിറഞ്ഞ ഒരു പൂവിന്റെ പേരാണിവർക്ക്. ഞങ്ങളുടെ നാട്ടിൽ, ആഫ്രിക്കൻ-അമേരിക്കൻ ബ്ലൂസ് മ്യുസിക്കിന്റെ റെജിസ്റ്ററിൽ, sexual pleasure – ന്റെ ഭാഷ മധുരത്തിന്റേതാണ്. ബ്ലൂസ് സംഗീതത്തിന്റെ രാജ്ഞിയായിരുന്ന ബെസ്സി സ്മിത്തിന്റെ I want a little sugar in my bowl / I want a little sweetness down in my soul (1931) എന്ന ബ്ലൂസ് ഗീതം ആണും പെണ്ണും ഒരുമിച്ചു കിടക്കുന്നതിന്റെ മാധുര്യത്തിന് വേണ്ടിയുള്ള അപേക്ഷയാണ്. ഇത്തരത്തിലുള്ള ഒരു ഗ്രാമവധുവായ ചെമ്പകത്തിന്റെ വീട്ടിലെ കക്കൂസിൽ ഭാസ്കരൻ സാർ ഇരുട്ടത്ത് വീഴുന്നത് സമൂഹം വേശ്യാവൃത്തിയെ തന്നെ കാണുന്നതെങ്ങിനെയാണുള്ളതിന്റെ മൂർത്തമായ വ്യാഖ്യാനമാണ്. സുഗന്ധവും ദുർഗ്ഗന്ധവും സംയോജിക്കപ്പെടുന്ന ഒരു അപകടമാണല്ലോ രാത്രികാലത്തെ ഇത്തരത്തിലുള്ള സഞ്ചാരവും സംസർഗ്ഗവും. എന്ന് മാത്രമല്ല, കഥയുടെ തുടക്കത്തിൽ ഭാസ്കരൻ സാർ വീഴാനായി ഇരിക്കുകയാണെന്ന് അയാൾ വായ തുറക്കുമ്പോൾ മനസ്സിലാകും. എതിരെ നടന്നു വരുന്ന ചെമ്പകത്തിനോടും ചൈതന്യത്തിനോടും പരമ പുച്ഛത്തിൽ ഇയാൾ സംസാരിക്കുന്നത് കേൾക്കുമ്പോൾ അറിയാം ഇയാൾ ഏതെങ്കിലും കുഴിയിൽ ചെന്ന് ചാടുമെന്ന്. ഇന്ദുഗോപന്റെ കഥപറച്ചിലിന്റെ ഒരു പ്രത്യേക ശക്തിയാണ് സർവ്വസാധാരണമായ ലൗകികജീവിതത്തിന്റെ വർണ്ണനകളിലൂടെ ഒരു ദൃഷ്ടാന്തത്തിന്റെ ഉണ്മ തെളിയിച്ചു തരുക എന്നത്. ഇത്തരം ആഖ്യാനരീതിക്ക് ഒരു ചെറിയ സിനിമാറ്റിക് ക്വാളിറ്റി ഉണ്ടെന്നും പറയാം. സിനിമയിലെ പോലെ ദൃഷ്ടാന്തകഥകളിലും പ്രസക്തിയുള്ള വിവരണങ്ങളെ ഉണ്ടാവാറുള്ളൂ. നമ്മൾ എവിടോട്ടു നോക്കിയാലും അതെങ്ങോട്ടെങ്ങിലും പോകുന്ന വഴിയാണ്.

ചന്ദനത്തിന്റെയും, മനുഷ്യവിസർജ്ജ്യത്തിന്റെയും, ഗന്ധത്തിന്റെയും ദുർഗന്ധത്തിന്റെയും ഭാഷ സമൂഹത്തിൽ ചേർത്ത് പിടിച്ചിരിക്കുന്നവരുടെയും പുറം തള്ളപ്പെട്ടിരിക്കുന്നവരുടെയും ജീവിതത്തിന്റെ ഭാഷയാണ്. കേരളത്തിൽ വരേണ്യമായ ഗന്ധങ്ങളുണ്ട്. ചന്ദനം വരേണ്യമായ ഗന്ധമാണ്. വെറും കാട്ടുതടിക്ക് വില കിട്ടുന്നത് അതിന്റെ സുഗന്ധം കൊണ്ടാണ്. ചന്ദനക്കള്ളൻ മോഹനൻ പറയുന്നത് പോലെ ഓരോ ചന്ദനത്തടിയിലും എത്ര ബുദ്ധന്മാരാണ് ഒളിഞ്ഞിരിക്കുന്നത്! എന്നാൽ ഈ ലോകത്തിൽ ഏറ്റവും ആവശ്യമില്ലാത്ത വസ്തുവായിരിക്കുമല്ലോ മനുഷ്യരുടെ വിസർജ്ജ്യവസ്തുക്കൾ. അതുകൊണ്ടു തന്നെയാണ് അത് കുറിക്ക് കൊള്ളുന്ന തെറി വാക്കാകുന്നതും. ഓ.വി. വിജയൻറെ ധർമ്മപുരാണം അശ്ലീലമായത് ഇത് കൊണ്ട് മാത്രമാണ്. രാഷ്ട്രപതിയുടെ വാക്കുകൾ വിസർജ്ജ്യവസ്തുക്കളായത് കൊണ്ടാണ്. എന്നാൽ ഇന്ദുഗോപന്റെ നോവലിൽ മലം ശരീരത്തിന്റേതായ ഒരു അടിസ്ഥാന വസ്തുതയും ചന്ദനം ഒരു ഉണ്ടാക്കിയെടുത്ത ഉപഭോഗവസ്തുവുമായി പരിണമിക്കുന്നു. ബുദ്ധന്റെ കഥകളിൽ ഉപഭോഗവസ്തുക്കൾ മലത്തിന് തുല്യമാണ്. ഇത് കൊണ്ടാണ് പണ്ട് അമ്രപാലി തന്റെ തഴച്ചു വളരുന്ന മാവിൻ തോട്ടം ബുദ്ധവിഹാരത്തിനായി സമർപ്പിച്ചത്. ഇത് കൊണ്ടാണ് പൂർണ്ണൻ സുനപരാന്തയിൽ — പാലി ഭാഷയിലെ സ്ഥലം ഇപ്പോഴത്തെ ഗോവയിലെവിടെയോ ആണ് — തന്റെ കൈവശമുള്ള ചന്ദനത്തടികൾ മുഴുവനും ഉപയോഗിച്ച് ബുദ്ധന് വേണ്ടി അവിടെ വിഹാരമുണ്ടാക്കിയത്. ചന്ദനക്കള്ളൻ മോഹനൻ ഈ പൂർണ്ണനെ പോലുള്ളൊരു കഥാപാത്രമാണ്. മാനസാന്തരത്തിന്റെ പ്രതീകം. ഭാസ്കരൻ സാർ തന്റെ ചന്ദനമരത്തിന്മേൽ പൂർണ്ണ അധികാരം കൽപ്പിച്ചു കിട്ടിയ കോടതി നോട്ടീസ് വായിച്ചു കേൾപ്പിക്കുമ്പോൾ, തന്റെ ചന്ദനം മോഷ്ടിക്കാൻ ശ്രമിക്കുന്നവനെ ഒറ്റ വെടിക്ക് കാച്ചിക്കളയും എന്ന് ഭീഷണിപ്പെടുത്തുമ്പോൾ, ചന്ദനക്കള്ളൻ മോഹനൻ തികച്ചും വിഷണ്ണനാകുന്നു:

“ഭഗവാനെ!” അവൻ ചന്ദനമരത്തെ നോക്കി തൊഴുത്തിട്ടു പറഞ്ഞു: “ചൈനയിലേക്ക് അങ്ങേയ്ക്ക് പോണ്ടെങ്കി വേണ്ട. പട്ടട മതിയെങ്കി അങ്ങനെ . . .പക്ഷെ ഇങ്ങനെ ഹിംസ പറയുന്ന ഒരാളുടെ വീട്ടില് നിൽക്കണോ? അഹിംസയുടെ പൊരുളല്ലേ നീ. അവിടുന്ന് തന്നെ ഒരു തീരുമാനമെട്. ഏതിനും മോഹനൻ മറയൂര് തന്നെയുണ്ട്.” (p. 74)

ചന്ദനച്ചിതയിൽ എരിയാതെ വയറ്റിളക്കം പിടിച്ച് ഇത്തവണ സ്വന്തം വിസർജ്ജ്യത്തിൽ കിടക്കുന്ന ഭാസ്കരൻ സാറിനെ കള്ളൻ മോഹനൻ കഴുകിക്കുമ്പോൾ മലമൂത്രവിസർജ്ജ്യങ്ങൾ, അതിന്റെ ദുർഗ്ഗന്ധങ്ങൾ, കേവല ശരീരത്തിന്റെ ശാശ്വത വസ്തുതകളാകുന്നു. സാക്ഷാൽ ദേവിയോട് ഉപമിക്കുന്ന (p .81) ചൈതന്യത്തിന് മോഹനന്റെ “കെയർ ഓഫ്” വേണോ എന്ന് നമ്മൾ സംശയിച്ചേക്കാം. പക്ഷെ ചൈതന്യം ചെയ്തതെനിക്കിഷ്ടമായി. മാധുര്യവും മാലിന്യവും ഒരുപോലെ കുഴഞ്ഞു കിടക്കുന്നതാണ് മനുഷ്യ ജീവിതം, കക്കൂസിന്റെ സ്ലാബും ചന്ദനത്തടിയും പോലെ.

നല്ലയൊരു നോവൽ വായിക്കാൻ സാധിച്ചതിൽ വളരെ സന്തോഷം. സിനിമ ഞാൻ കണ്ടില്ല. കാണണോ എന്ന് തീരുമാനിച്ചിട്ടില്ല. ശ്രീ ഇന്ദുഗോപന് നന്ദിയും അഭിനന്ദനങ്ങളും.