*ദിലീപിന്റെ സിനിമകളും, ഗൂഢാലോചനയും, “കൊട്ടേഷൻ റേപ്പും,” റേപ്പ് കൾച്ചറും”

ദിലീപ് അഥവാ ഗോപാലകൃഷ്ണ പിള്ള എന്ന കേരള അരക്ഷിത – ആണത്തവാദികളുടെ ആരാധനാപാത്രത്തെ, തെളിവില്ലാത്തതുകൊണ്ട് വിട്ടയച്ച കോടതി വിധിയുടെ പശ്ചാത്തത്തിൽ ആൽത്തിയാ, മലയാളി ഫെമിനിസത്തിന് ഒഴിവാക്കാനാകാത്ത സാംസ്കാരിക ഉത്തരവാദിത്വം നിർവഹിക്കണമെന്ന് കരുതുന്നു.

ഇപ്പറഞ്ഞ വിധിന്യായത്തെ സൂക്ഷ്മമായി പരിശോധിക്കാനും മലയാളി അരക്ഷിത ആണത്ത അവബോധത്തെ വളർത്തുന്നതിൽ ദിലീപ് സിനിമകൾ വഹിച്ച പങ്കിനെ ഫെമിനിസ്റ്റ് വിമർശനത്തിൻ്റെ കണ്ണിലൂടെ വിലയിരുത്താനും ഞങ്ങൾ ശ്രമിക്കുന്നു.

മലയാളികൾക്കിടയിൽ സർവസാധാരണയായിമാറിക്കഴിഞ്ഞ, തികച്ചും നിരുപദ്രവകരം എന്ന് നമ്മൾ കരുതുന്ന, ദിലീപിൻ്റെ തമാശപ്പടങ്ങൾ വിഷമയമെങ്കിലും നിരുപദ്രവം, സാധാരണം, എന്ന പ്രതീതി ജനിപ്പിക്കുന്നതെങ്ങനെ എന്ന് തുറന്നുകാട്ടേണ്ടതുണ്ട്. പൊതു പ്രതിഷേധത്തിനും അതിജീവിതയോടുള്ള ഐക്യദാർഢ്യത്തിനും ഒപ്പം നിർവഹിക്കേണ്ട രാഷ്ട്രീയ ദൗത്യമാണിത്.

അൽത്തിയ അംഗമായ ഗായത്രീദേവി ആണ് ഈ എഴുത്തുകൾക്ക് തുടക്കം കുറിക്കുന്നത്.*ദിലീപിന്റെ സിനിമകളും, ഗൂഢാലോചനയും, “കൊട്ടേഷൻ റേപ്പും,” റേപ്പ് കൾച്ചറും”

*ദിലീപിന്റെ സിനിമകളും, ഗൂഢാലോചനയും, “കൊട്ടേഷൻ റേപ്പും,” റേപ്പ് കൾച്ചറും”

നടൻ ദിലീപിന്റെ സിനിമകൾ കണ്ടിട്ടില്ലാത്തവരിൽ പെടുന്നയാളാണ് ഞാൻ. എന്നാൽ മലയാളത്തിലെ ഒരു നടിയെ തന്റെ ജോലിക്കാവശ്യത്തിനായി യാത്ര ചെയ്യുന്നതിനിടയിൽ സ്റ്റുഡിയോ അയച്ച SUV – യിൽ വെച്ച് തന്നെ അവശതപ്പെടുത്തി, തട്ടിക്കൊണ്ടു പോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസിലെ എട്ടാം പ്രതി, അതിലെ ഗൂഢാലോചനയുടെ ഉറവിടം, എന്നിങ്ങനെയുള്ള കുപ്രസിദ്ധി ഇയാൾക്കുള്ളത് കൊണ്ട് ഇപ്പോൾ ഇയാളുടെ സിനിമകൾ കാണാമെന്ന് വിചാരിച്ചു. ഈ കഴിഞ്ഞ ഡിസംബർ 8 – ആം തീയതി എറണാകുളത്തെ പ്രിൻസിപ്പൽ സെഷൻസ് വിചാരണ കോടതി ഇയാളെ കുറ്റക്കാരനല്ല എന്ന് പ്രഖ്യാപിച്ചു താൽക്കാലികമായി കുറ്റവിമുക്തനാക്കി. കേരള സംസ്ഥാന സ്‌പെഷ്യൽ പ്രോസിക്യൂട്ടർ വിചാരണ കോടതിയുടെ വിധിക്കെതിരെ ഹൈ കോർട്ടിൽ അപ്പീൽ പോകുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ വാർത്ത വളരെ സ്വാഗതാർഹമാണ്.

സിനിമാ വാർത്തകൾ അനുസരിച്ച് മലയാളം സിനിമയിൽ പ്രവർത്തിക്കുന്നവരൊക്കെ തന്നെ ദിലീപിനെ സംരക്ഷിക്കുന്നതായി കാണാം. ഇയാളോട് ഇവർക്ക് അനുകമ്പയാണോ, കൂട്ടുകെട്ടാണോ, കടപ്പാടാണോ, സ്നേഹമാണോ, ബഹുമാനമാണോ, ഭയമാണോ എന്ന് മാധ്യമങ്ങൾ വായിച്ചാൽ തിരിച്ചറിയാൻ സാധിക്കുകയില്ല. (ഇയാളും മോഹൻലാലും കൂടി ഇപ്പോൾ “ഭ ഭ ബ” എന്നൊരു സിനിമ ഇറക്കുന്നുണ്ട്. ഭയം, ഭക്തി, ബഹുമാനം: ഇതാണ് “ഭ ഭ ബ”. ഇവരുടെയൊക്കെ ജീവിതത്തിനെ പറ്റി തന്നെയായിരിക്കണം ഈ സിനിമ.) ഇയാളോട് ഇടഞ്ഞവർ മലയാളം സിനിമയിൽ വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് പല വാർത്താ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തന്നെ 2008 – ഇലെ MACTA യുടെ പിളർപ്പിനെ പറ്റിയും, പിന്നീട് സിനിമയിലെ പല ടെക്‌നിഷ്യൻസിനും AMMA – യുടെ അടുത്ത് നിന്നും, FEFKA യുടെ അടുത്ത് നിന്നും നേരിടേണ്ടി വന്ന കഷ്ടതകൾ വിവരിക്കുന്നതിൽ, പേര് പറയാതെ നടൻ ദിലീപും, ഡയറക്ടർമാരായ തുളസിദാസ്‌, വിനയൻ എന്നിവരുടെയും സംഘർഷത്തെ പറ്റി എടുത്തു പറഞ്ഞിട്ടുണ്ട്. അത് കൊണ്ട് ആകെ മൊത്തം ഇയാൾ സഹപ്രവർത്തകാർക്കെതിരെ വാശിയും പ്രതികാരവും സ്വീകരിക്കുന്ന ഒരു വ്യക്തിത്വമായിട്ടാണ് ഇയാളെ പറ്റിയുള്ള വാർത്തകൾ വായിച്ചാൽ മനസ്സിലാകുക.

എന്നാൽ ഇയാളുടെ സിനിമകളിൽ ഇയാൾ ഒരു കൊമിഡിയൻ ആയിട്ടാണ് അറിയപ്പെടുന്നത്. പല പല ശബ്ദത്തിൽ സംസാരിക്കുക, പലരെയും അനുകരിച്ച് അഭിനയിക്കുക, പെൺവേഷം കെട്ടുക, തമാശ എന്നുള്ള ഭാവേന തെമ്മാടിത്തരം ഡയലോഗ് ആയി പറയുക മുതലായവയാണ് ഇയാളുടെ കോമഡി. സ്ത്രീകളെ അപഹസിക്കുന്ന അശ്ലീലച്ചുവയുള്ള സംഭാഷണങ്ങൾ നിറഞ്ഞതാണ് ഇയാളുടെ സിനിമകൾ എന്ന് പല വിമർശകരും ചൂണ്ടി കാണിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ഇയാളെ വലിയ നടനാക്കിയ 2002- ഇലെ മീശ മാധവൻ എന്ന സിനിമയിൽ ഉറങ്ങി കിടക്കുന്ന നായികയുടെ അടുത്ത് വന്നു നിന്ന് ഇയാൾ പറയുന്ന “റേപ്പ് തമാശ” എല്ലാവര്ക്കും അറിയാവുന്നതാണ്: “കെടക്കുന്ന കെടപ്പിലൊരു റേപ്പ് അങ്ങോട്ട് വെച്ച് തന്നാലോണ്ടല്ലാ!!!” ഈ ഡയലോഗ് പറഞ്ഞിട്ട് അയാൾ ഒരു പൂർണ്ണ ഗർഭിണി നടക്കുന്നത് അനുകരിച്ചു വയറു മുൻപോട്ടു തള്ളി പിടിച്ചു നടന്നു കൊണ്ട് പറയുന്നു: “പത്ത് മാസം വയറും തള്ളി അമ്മേ അമ്മേ-ന്ന് …” ഈ വയറു തള്ളി നടക്കലാണ് ഇവിടുത്തെ കോമഡി. സിനിമാ തീയറ്ററിൽ ഇത് 2002 – ഇൽ പ്രദർശിപ്പിച്ചപ്പോൾ കൂവി വിളിച്ച്, അട്ടഹസിച്ച്, കൈയ്യടിച്ച് ആനന്ദിച്ചാണ് നമ്മുടെ നാട്ടുകാർ ഈ രംഗം ആസ്വദിച്ചത് എന്നാണ് അറിയാൻ സാധിക്കുന്നത്. 2002 – ഇലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റ് പടമായിരുന്നു മീശ മാധവൻ. നമ്മുടെ നാട്ടുകാർക്ക് റേപ്പ് തമാശകൾ ഇഷ്ടമാണ്. Rape Culture എന്ന് ഇംഗ്ലീഷിൽ പറയുന്നതാണ് കേരളത്തിലെ പൊതു സംസ്കാരം എന്ന് ഈ റേപ്പ് തമാശയും അതുളവാക്കിയ കൂട്ടച്ചിരിയും വ്യക്തമാക്കുന്നുമുണ്ട്. എന്നാലും, ഇയാൾ ഒരു പൈശാചികമായ കൂട്ട ബലാത്സംഗത്തിൽ എട്ടാം പ്രതിയായിട്ട് കുറ്റവിമുക്തനായെങ്കിലും, 2025 – ഇൽ ഇയാളുടെ ഈ റേപ്പ് തമാശ ഇത്രയും കൈയ്യടി വാങ്ങിക്കുമോ എന്നൊരു സംശയം ഇല്ലാതില്ല.

പക്ഷെ ഇയാളുടെ കച്ചവട സിനിമകൾ കാണുന്നതിന് മുൻപ് അങ്ങ് മുകളിൽ തുടങ്ങാമെന്ന് വിചാരിച്ചു അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത പിന്നെയും (2016) എന്ന സിനിമയിലാണ് ഞാൻ ദിലീപിന്റെ ഫിലിമോഗ്രഫി കാണാൻ തുടങ്ങിയത്. കേരളത്തിൽ എല്ലാവര്ക്കും അറിയാവുന്ന കഥയാണ് സുകുമാര കുറുപ്പിന്റേത്. 50 ലക്ഷം രൂപ ഇൻഷുറൻസ് payout അടിച്ചു മാറ്റാൻ വേണ്ടി സ്വന്തം മരണം സ്വന്തം ആൾക്കാരുടെ കൂടെ ആസൂത്രണം ചെയ്ത ക്രിമിനൽ ആണ് സുകുമാര കുറുപ്പ്. 1984 – ഇൽ കരുവാറ്റയ്ക്കടുത്ത് വെറുതെ വഴിയിൽ ഒരു ലിഫ്റ്റ് ചോദിച്ച ചാക്കോ എന്ന ഒരു പാവം മനുഷ്യനെ കഴുത്തു ഞെരിച്ചു കൊന്ന് പിന്നീട് അയാളുടെ മൃതശരീരം സ്വന്തം കാറിൽ വെച്ച് കത്തിച്ച് സ്വയം മരിച്ചുവെന്ന് വരുത്തി തീർക്കാൻ ശ്രമിച്ച ഒരു ഭീകരനായ കുറ്റവാളി. ഈ സാമൂഹികദ്രോഹിയുടെ, കൊടും കള്ളന്റെ കഥയാണ് അടൂർ ഗോപാലകൃഷ്ണൻ ഒരു ഭയങ്കര പ്രേമ കഥയായി ഈ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. അടൂർ ഗോപാലകൃഷ്ണന്റെ സിനിമകൾ വെച്ച് നോക്കുമ്പോൾ കണ്ടു കൊണ്ടിരിക്കാൻ കഴിയാത്ത ഭയങ്കര ചീത്ത സിനിമയാണ് പിന്നെയും. ഇതിലെ ഡയലോഗ് കേട്ടാൽ ഇത്രയും ചീത്തയായിട്ട് ഒരു തിരക്കഥ, കേട്ടാൽ തൊലിയുരിയുന്ന പോലെയുള്ള ഡയലോഗുകൾ, അടൂർ ഗോപാലകൃഷ്ണന് എഴുതാൻ കഴിയുമോ എന്ന് വാസ്തവത്തിൽ അതിശയിച്ചു പോകും. സാധാരണ ഇയാളുടെ സിനിമകളിൽ കാണുന്നത് പോലെ സ്ത്രീകൾ വെച്ച് വിളമ്പുകയും വകയ്ക്ക് കൊള്ളരുതാത്ത ആണുങ്ങൾ ഇരുന്നു ഉണ്ണുന്നതും മിനിറ്റുകളോളം കാണുന്നത് പിന്നെയും ഭേദം എന്ന് തോന്നിപോകും. ഇങ്ങനെ പറയുമ്പോൾ, അടൂർ ഗോപാലകൃഷ്ണൻ എന്റെ നേരെ “ഈ സ്ത്രീ ആര്? വഴിയേ പോകുന്ന സ്ത്രീകൾക്ക് വലിഞ്ഞു കേറി സംസാരിക്കാനുള്ള ചന്തയൊന്നുമല്ല ഫിലിം കോൺക്ലേവ്” എന്ന് ഈ വർഷമാദ്യം നടന്ന ഫിലിം കോൺക്ലേവിൽ സംഗീതജ്ഞയും കേരള സംഗീത നാടക അക്കാദമിയുടെ വൈസ് ചെയർ പേഴ്സണുമായ പുഷ്പവതി പൊയ്‌പാടത്തിനോട് അലറിയതു പോലെ എന്നോടും അലറുമോ എന്നൊരു സംശയം എനിക്കുണ്ട്. പക്ഷെ ഭാഗ്യം കൊണ്ട് ഞാൻ അഡ്രസ്സില്ലാത്ത ഒരു “വെറും സ്ത്രീ” ആയത് കൊണ്ട് അടൂർ ഗോപാലകൃഷ്ണന്റെ രോഷത്തിന് പാത്രമാകാൻ വഴിയില്ല.

അടൂർ ഗോപാലകൃഷ്ണന് ചന്തകളെ പറ്റി വലിയ അഭിപ്രായമൊന്നുമില്ലെങ്കിലും, അദ്ദേഹം മലയാളത്തിലെ കച്ചവട സിനിമയുടെ ചുക്കാൻ വലിക്കുന്ന ദിലീപിന്റെ പക്ഷക്കാരനാണ്. സിനിമയുടെ ലോകം മനുഷ്യരെ തന്നെ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ഒരു വലിയ കൂടിയ ചന്ത തന്നെയാണല്ലോ. 2017 – ഇൽ ദിലീപിനെതിരെ ഗൂഢാലോചന കേസ് വന്നപ്പോൾ ദിലീപ് നിരപരാധിയാണെന്ന് താൻ വിശ്വസിക്കുന്നു എന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു അടൂർ ഗോപാലകൃഷ്ണൻ. ഇതിന് തൊട്ടു മുൻപത്തെ വർഷമാണ് ഇദ്ദേഹം പിന്നെയും ഡയറക്റ്റ് ചെയ്തത് , അതായത് 2016 – ഇൽ. ഈ സിനിമയിൽ സുകുമാര കുറുപ്പായിട്ട് അഭിനയിക്കുന്നത് ദിലീപാണ്. സുകുമാര കുറുപ്പിന്റെ ശരിക്കുള്ള പേര് ഗോപാലകൃഷ്ണ കുറുപ്പെന്നും, ദിലീപിന്റെ പേര് ഗോപാലകൃഷ്ണ പിള്ളയെന്നും ആണെന്നുള്ളത് തികച്ചും യാദൃശ്ചികം. മൂന്നു ഗോപാലകൃഷ്ണന്മാരുടെ സിനിമ. ഭാര്യ ദേവിയായിട്ട് അഭിനയിക്കുന്നത് ഇയാളുടെ ഇപ്പോഴത്തെ ഭാര്യ കാവ്യാ മാധവൻ. ഇതാണ് കാവ്യാ മാധവന്റെ അവസാനത്തെ സിനിമ. ഇതിനു ശേഷം നവംബറിൽ കാവ്യാ മാധവൻ ദിലീപിനെ കല്യാണം കഴിക്കുന്നു, സിനിമയിൽ നിന്നും വിരമിക്കുന്നു. ഈ സിനിമയും ഇവരുടെ കല്യാണവും കഴിഞ്ഞു അടുത്ത വർഷമാണ്, 2017 ഫെബ്രുവരിയിലാണ് നടിയെ ജോലിയ്ക്കുള്ള യാത്രക്കിടയിൽ പൾസർ സുനിയും ബാക്കി ആഭാസന്മാരും ചേർന്ന് ആക്രമിച്ചത്. അതായത് കാവ്യാ മാധവന്റെ അവസാനത്തെ സിനിമാ റോൾ സുകുമാര കുറുപ്പെന്ന ക്രിമിനലിന്റെ ഭാര്യ ആയിട്ടാണ്. വെറും മാസങ്ങൾക്കുള്ളിൽ ഇവരുടെ ഭർത്താവ് ദിലീപിന്റെ പേരിൽ ഒരു കൂട്ട ബലാത്സംഗക്കേസിൽ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തപ്പെടുന്നു. എത്ര യാദൃശ്ചികം. അല്ലെങ്കിൽ തലേലെഴുത്തായിരിക്കും.

ദിലീപിനെതിരെയുള്ള കേസിൽ പറഞ്ഞിരിക്കുന്ന ഗൂഢാലോചന കുറ്റം കോടതി തള്ളിക്കളഞ്ഞെങ്കിലും ഗൂഢാലോചനയും ദിലീപും തമ്മിൽ ഈ സിനിമയിൽ അടുത്ത ബന്ധമുണ്ട്. സുകുമാര കുറുപ്പും ഭാര്യ ദേവിയും, അതായത് ദിലീപും ഭാര്യ കാവ്യാ മാധവനും, പിന്നെ അവരുടെ സ്വന്ത ബന്ധുക്കളും ഒത്തു കൂടിയിരുന്ന് ഏതെങ്കിലുമൊരു ശവശരീരം കണ്ടു പിടിച്ച് കാറിലിട്ടു കത്തിക്കാൻ ആസൂത്രണം ചെയ്യുന്ന ദൃശ്യങ്ങൾ ഇനിയങ്ങോട്ട് ആര് കണ്ടാലും ദിലീപിന്റെ 2017 – ലെ ഗൂഢാലോചന കുറ്റം ഓർക്കും. ഈ സിനിമയിൽ ചാക്കോയുടെ കഥാപാത്രത്തെ ഇവർ കാറിലിട്ടു കഴുത്തു ഞെരിച്ചു കൊല്ലുന്നതും മൃതശരീരം കച്ചി കൂട്ടി തീ കത്തിച്ചു കൊല്ലുന്നതുമായ ദൃശ്യങ്ങൾ കാണുമ്പോൾ നടിയെ അവരുടെ കാറിലിട്ട് ആറ് ആഭാസന്മാർ ബലാത്സംഗം ചെയ്തത് ഇനി മുതൽ ഓർക്കും. ദിലീപിന്റെ പേര് ഇനി മുതൽ ഓർക്കും. [പലരും മലയാളത്തിലെ നടിയുടെ കേസ് ഡൽഹിയിൽ നടന്ന 2012 – ലെ “നിർഭയ” കേസുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് — ചലിക്കുന്ന വാഹനത്തിൽ വെച്ച് നടന്ന ക്രൈം ആയതു കൊണ്ട്. പക്ഷെ നടിയുടെ കേസ് വളരെ വ്യത്യാസമുള്ളതാണ് “നിർഭയ”യുടെ കേസിൽ നിന്ന്. ആ പാവം പെൺകുട്ടി DTC ബസ്സാണെന്ന് തെറ്റിദ്ധരിച്ച് ഒരു ഓഫ്‌ – ഡ്യുട്ടി പ്രൈവറ്റ് ബസ്സിൽ കേറുകയാണുണ്ടായത്. മലയാളത്തിലെ നടിയാകട്ടെ ഒരു പ്രൊഡക്ഷൻ സ്റ്റുഡിയോ അവർക്ക് ഒരു റിക്കോർഡിങ്ങിന് വരാനായി അയച്ചു കൊടുത്ത കാറിലാണ് യാത്ര ചെയ്തത്. രണ്ടും തികച്ചും വ്യത്യസ്തമായ ക്രൈമുകളാണ്. നടിയെ ജോലിയ്ക്ക് പോകുന്ന വഴിയിലാണ് അതിക്രമിച്ചത്. It is a workplace crime.] മരിച്ചു പോയ സംവിധായകൻ ബാലചന്ദ്രകുമാർ മൊഴി കൊടുത്ത ദിലീപിന്റെ വീട്ടിലെ സദസ്സിൽ നടിയുടെ ബലാത്സംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ — “പൾസർ സുനിയുടെ ക്രൂരകൃത്യങ്ങൾ” എന്ന് ദിലീപ് വിശേഷിപ്പിച്ചുവെന്ന് ബാലചന്ദ്ര കുമാർ മൊഴി കൊടുത്ത ദൃശ്യങ്ങൾ — കുടുംബസമേതം അവരിരുന്ന് കണ്ടത് ഇനി മുതൽ എല്ലാവരും ഓർക്കും. ദിലീപിന്റെ കുടുംബ ചിത്രങ്ങൾക്ക് പുതിയൊരു അർത്ഥം ഇനി മുതൽ അങ്ങോട്ടുണ്ടാകും.

അല്ലെങ്കിലും ഇയാളുടെ “കുടുംബ ചിത്രങ്ങൾ” എന്ന് വിശേഷിപ്പിക്കുന്ന സിനിമകൾ വാസ്തവത്തിൽ കുടുംബത്തിൽ കാണിക്കാൻ കൊള്ളാവുന്ന സിനിമകൾ ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുകളിൽ പറഞ്ഞ റേപ്പ് തമാശകളും അശ്ലീലച്ചുവയുള്ള ഡയലോഗുകളും മാത്രമല്ല ഇയാളുടെ സിനിമകളിൽ കണ്ടു വരുന്നത്. ഇയാൾ വാസ്തവത്തിൽ ബാധ കേറിയത് പോലെ റേപ്പിനെ പറ്റി തുടരെ ചിന്തിക്കുന്നയാളാണ് എന്ന് തോന്നും ഇയാളുടെ സിനിമകൾ കണ്ടാൽ. അടൂർ ഗോപാലകൃഷ്ണന്റെ പിന്നെയും കണ്ടതിന് ശേഷം ഞാൻ ഇയാളുടെ മിസ്റ്റർ മരുമകൻ എന്ന സിനിമയും കൂടി കണ്ടു. “നിർഭയ” കേസ് നടന്ന അതെ വര്ഷം – 2012 – റിലീസ് ചെയ്ത സിനിമയാണിത്.

ഈ സിനിമയിൽ ദിലീപിന്റെ കഥാപാത്രത്തിനോടുള്ള വൈരാഗ്യം തീർക്കാൻ ഇതിലെ വില്ലൻ (ബാബുരാജ്) ഒരു ഗുണ്ടയെ (സുരാജ് വെഞ്ഞാറമ്മൂട്) വിലക്കെടുക്കുന്നു — ദിലീപിന്റെ കഥാപാത്രത്തിന്റെ സഹോദരിയെ ബലാത്സംഗം ചെയ്യാൻ. “കൊട്ടേഷൻ റേപ്പ്” എന്നാണ് ഈ സിനിമയിൽ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ബാബുരാജിന്റെ കൈയ്യിൽ നിന്നും കണ്ണ് തൊട്ടു തൊഴുതാണ് സുരാജ് വെഞ്ഞാറമ്മൂടിന്റെ “ചന്ത ഹംസ” എന്ന ഗുണ്ട കഥാപാത്രം നോട്ടുകൾ എണ്ണി വാങ്ങിക്കുന്നത്. “ഇത് വരെ പൈസ അങ്ങോട്ട് കൊടുത്തേ ഇത് ചെയ്തിട്ടുള്ളൂ ഇതാദ്യമായിട്ടാണ് പൈസ വാങ്ങിച്ചിട്ടു ചെയ്യുന്നത്” മുതലായ തറ ഡയലോഗുകൾ ഈ സീനുകളിൽ നിറഞ്ഞു നിൽക്കുന്നു. ഇവരുടെ പ്ലാൻ ദിലീപിന്റെ സഹോദരിയെ എന്തെങ്കിലും തരത്തിൽ ഒരു ലോഡ്ജിൽ വിളിച്ചു വരുത്തി അവിടെ വെച്ച് ബലാത്സംഗം ചെയ്യാനാണ്. എന്നിട്ട് അത് പോലീസ് സ്റ്റേഷനിൽ വിളിച്ചു അനാശാസ്യ ബന്ധം നടക്കുന്നുവെന്ന് പറഞ്ഞു പത്രക്കാരെ വിളിച്ചു കൂട്ടി ദിലീപിന്റെയും കുടുംബത്തിന്റെയും പേര് നശിപ്പിക്കാനാണ് ഇവരുടെ പ്ലാൻ.

ഇതിന് വേണ്ടി വില്ലന്റെ സഹോദരി ദിലീപിന്റെ കഥാപാത്രത്തിന്റെ പെങ്ങളെ അച്ഛനമ്മമാരെ പരിചയപ്പെടുത്താൻ എന്ന വ്യാജേന ലോഡ്ജിൽ കൊണ്ട് വരുന്നു. മുറിയിൽ ഇട്ടടയ്ക്കാൻ തുടങ്ങുന്നു. എന്നാൽ തക്ക സമയത്ത് ദിലീപിന്റെ കഥാപാത്രം ലോഡ്ജിൽ എത്തി സ്വന്തം അനിയത്തിയെ ബലാത്സംഗത്തിൽ നിന്നും രക്ഷിക്കുന്നു. എന്നിട്ടു പ്രതികാരത്തിനായി വില്ലൻ ബാബുരാജിന്റെ കഥാപാത്രത്തിന്റെ പെങ്ങളെ — ഈ പെങ്ങളാണ് ദിലീപിന്റെ കഥാപാത്രത്തിന്റെ പെങ്ങളെ അവിടെ വിളിച്ചോണ്ട് വരുന്നത് — ആ ലോഡ്ജിലെ മുറിയിൽ റേപ്പിസ്റ്റ് ചന്ത ഹംസ വരുമ്പോൾ ബലാത്സംഗത്തിനായി അടച്ചിടുന്നു. മുറി പൂട്ടി ഇറങ്ങി പോകുന്നതിന് മുൻപ് സ്വന്തം പെങ്ങളോട് വില്ലന്റെ പെങ്ങളുടെ മുഖത്ത് ശക്തമായിട്ടു ആഞ്ഞടിക്കാൻ പറയുന്നു. ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ വളരെ വികൃതമായ രീതിയിൽ ഉപദ്രവിക്കുന്നത് നോക്കി ദിലീപിന്റെ കഥാപാത്രം പുഞ്ചിരിക്കുന്നു. എന്നിട്ട് ദിലീപിന്റെ “ഹീറോ” ബാബുരാജ് എന്ന വില്ലനെയും പോലീസിനെയും മഞ്ഞപത്രക്കാരെയും ലോഡ്ജ് മുറിയിൽ കൊണ്ട് പോകുന്നു അവിഹിതം നടക്കുന്നത് കാണിച്ചു കൊടുക്കാൻ. ദിലീപിന്റെ പെങ്ങളുടെ അവിഹിത വേഴ്ച കാണാൻ തിടുക്കപ്പെട്ടു വരുന്ന വില്ലൻ, ചന്ത ഹംസയും സ്വന്തം പെങ്ങളും കട്ടിലിൽ പുതപ്പിനടിയിൽ ഒളിക്കാൻ ശ്രമിക്കുന്നത് കണ്ടു ഞെട്ടുന്നു. ആകപ്പാടെ കോമഡി. കുറേപ്പേർ ഒളിക്കുന്നു. കുറേപ്പേർ പടം പിടിക്കുന്നു. ഒരു പെൺകുട്ടി കരഞ്ഞും കൊണ്ട് മാറ് മറയ്ക്കുന്നു .

എങ്ങനൊണ്ട് കുടുംബ ചിത്രം? ഈയടുത്ത കാലത്തു കേരളത്തിൽ നടന്ന വേറെ ഏതെങ്കിലും “കൊട്ടേഷൻ റേപ്പ്” നിങ്ങൾക്കോർമ്മ വരുന്നുണ്ടോ?

സിനിമയിൽ അപ്പിടി ചിരിയാണ് റേപിസ്റ്റ് സുരാജ് വെഞ്ഞാറമ്മൂട് വരുമ്പോൾ. റേപ്പിസ്റ്റുകൾ തമാശക്കാരാണല്ലോ, പൊതുവെ. മിസ്റ്റർ മരുമകൻ ബംപർ സിനിമയായിരുന്നു കേരളത്തിൽ 2012- ഇൽ. “നിർഭയ”യുടെ കുടൽമാല വരെ വലിച്ചു കീറിയ റേപ്പിസ്റ്റുകളും ദിലീപിന്റെ മിസ്റ്റർ മരുമകൻ സിനിമയും തമ്മിൽ വളരെ പ്രകടമായ ഒരു ബന്ധമുണ്ട്. ഇതാണ് Rape Culture എന്ന് പറയുന്ന പ്രതിഭാസം. കഥകളിലൂടെയും, കഥാപാത്രങ്ങളിലൂടെയും , ആഖ്യാനശൈലികളിലൂടെയും ലൈംഗിക അതിക്രമങ്ങളെ സമൂഹത്തിന്റെ കണ്ണിൽ സാധാരണവൽക്കരിക്കുകയും, നിസ്സാരവൽക്കരിക്കുകയും, സംവേദനക്ഷമമാക്കുകയും ചെയ്യുന്നതിനെയാണ് Rape Culture എന്ന് പറയുന്നത്. ഇതിന്റെ വക്താവാണ് ഈ നടന്റെ സിനിമകൾ.

എന്തായാലം ഈ രണ്ടു സിനിമകളും കണ്ടു കഴിഞ്ഞപ്പോൾ ദിലീപിന്റെ സിനിമ എന്താണെന്ന് ഒരു വിധം മനസ്സിലായി തുടങ്ങി. ഇയാൾ എത്തരത്തിലുള്ള നടനാണെന്ന് മനസ്സിലാകുന്നുണ്ട്. ദിലീപിന്റെ സിനിമകളും, ഗൂഢാലോചനയും, “കൊട്ടേഷൻ റേപ്പും” ഒരേ ശ്വാസത്തിൽ പറയാവുന്ന വാക്കുകളാണ്. ഇയാൾക്ക് നല്ല പരിചയമുള്ള കാര്യങ്ങളാണ് ഇവയെല്ലാം, ഇയാളുടെ സിനിമയിൽ. ഇജ്‌ജാതി “കോമഡികൾ” ചെയ്താണ് ഇയാൾ കാശുണ്ടാക്കിയിരിക്കുന്നത്, പേരുണ്ടാക്കിയിരിക്കുന്നത്. ഇനിയും ബാക്കി സിനിമകൾ കാണുന്നത് രണ്ടു ദിവസം കഴിഞ്ഞാകാം എന്ന് കരുതുന്നു. ഇതിന്റെ ദുസ്വാദ് മാറട്ടെ.

Review: Darshana Sreedhar Mini, Rated A: Soft-Porn Cinema and Mediations of Desire in India, Asian Journal of Women’s Studies

https://www.tandfonline.com/doi/full/10.1080/12259276.2025.2551847

My review of Darshana’s fantastic book in the Asian Journal of Women’s Studies. Congratulations, Darshana!

മറ്റൊരു ‘പെണ്ണുകേസ്’ ആകാതിരിക്കാൻ — രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള പരാതികളെ സംബന്ധിച്ച പൊതുചർചയെക്കുറിച്ച് ആൽത്തിയാ സഹോദരീസംഘത്തിൻറെ പ്രസ്താവന

മറ്റൊരു ‘പെണ്ണുകേസ്’ ആകാതിരിക്കാൻ — രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള പരാതികളെ സംബന്ധിച്ച പൊതുചർചയെക്കുറിച്ച് ആൽത്തിയാ സഹോദരീസംഘത്തിൻറെ പ്രസ്താവന

പി ഇ ഉഷ, ഗായത്രീദേവി, മാഗ്ലിൻ ഫിലോമെന, അനാമികാ അജയ്, അനു ജോയ്, ജെ ദേവിക, മുംതാസ് ബീഗം ടി എൽ, ദിവ്യ ജി എസ്, എസ് മിനി, മിനി മോഹൻ

രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ടുണ്ടായിരിക്കുന്ന പരാതികളെ കേരളത്തിലെ രാഷ്ട്രീയകക്ഷികളും മുഖ്യധാരാമാദ്ധ്യമങ്ങളും കൈകാര്യം ചെയ്യുന്ന രീതി സ്ത്രീകളെ തുല്യാവകാശങ്ങളും തുല്യ അന്തസ്സുമുള്ള പൌരജനങ്ങളായി കാണാൻ ആഗ്രഹിക്കുന്നവരെയും, കുട്ടികളുടെ നൽവാഴ്വിനോട് പ്രതിബദ്ധതയുള്ളവരെയും ശരിക്കും ഞെട്ടിക്കുന്നു.

സ്ത്രീസംരക്ഷണനിയമങ്ങൾ തെരെഞ്ഞെടുപ്പ് ആസന്നമായ വേളയിൽ രാഷ്ട്രീയകക്ഷികൾ തമ്മിലുള്ള മത്സരത്തിൽ ആയുധങ്ങളായി പ്രയോഗിക്കപ്പെടുന്ന ഈ കാഴ്ച വാസ്തവത്തിൽ ആ നിയമങ്ങൾക്കുള്ള പൊതുസമ്മതത്തെ മൊത്തത്തിൽ ഇല്ലാതാക്കുന്നതിനെ ആശങ്കയോടു കൂടി മാത്രമേ ഞങ്ങൾക്ക് കാണാനാകുന്നുള്ളൂ. ഇപ്പോൾത്തന്നെ ചാനലുകളിൽ നടക്കുന്ന തീർത്തും നിരുത്തരവാദപരമായ റിപ്പോർട്ടിങിനും ചർച്ചകൾക്കും താഴെ പ്രത്യക്ഷപ്പെടുന്ന കമൻറുകളിൽ സ്ത്രീകളോടുള്ള കടുത്ത അവജ്ഞയും അവിശ്വാസവും കുമിഞ്ഞുകൂടുന്നത് കാണാം. പരാതിക്കാരിയായ ട്രാൻസ് വനിതയുടെ രാഷ്ട്രീയകക്ഷിൽ പെട്ട ഒരു ചാനൽചർച്ചക്കാരൻ തന്നെ ട്രാൻസ് സ്ത്രീകളോട് ലൈംഗികാഭിലാഷമുണ്ടാകുന്നതുപോലും എന്തോ ലൈംഗികവൈകൃതമാണെന്ന മട്ടിൽ പറഞ്ഞുചിരിക്കുന്നു. ഗർഭത്തെപ്പറ്റിയുള്ള ചർച്ചയുടെ ഭാഷയിൽ കടുത്ത വലതുപക്ഷ അബോർഷൻവിരുദ്ധ നിലപാടുകൾ കയറിപ്പറ്റുന്നത് അങ്ങേയറ്റം ആശങ്കയോടുകൂടി മാത്രമേ കാണാൻ കഴിയുന്നുള്ളൂ. ഉദാഹണത്തിന് ‘ഭ്രൂണഹത്യ’ എന്ന് വാക്ക് ഭ്രൂണത്തിന് മനുഷ്യക്കുഞ്ഞിൻറെയത്ര ജീവൻ കല്പിക്കുന്നു. ‘ഗർഭഛിദ്രം’ എന്ന വാക്ക് ഭയങ്കരഹിംസയെയാണ് മനസ്സിലുയർത്തുന്നത്.

ആ ശബ്ദസന്ദേശത്തിൽ കേൾക്കുന്ന പുരുഷശബ്ദം നേരിട്ട് നിഷേധിക്കുന്നത് ആ സ്ത്രീയുടെ പ്രജനനസ്വയംനിർണയാവകാശത്തെയാണ്. ആ അവകാശത്തിൽ പ്രസവിക്കാനുള്ള അവകാശം മാത്രമല്ല, ഗർഭം അവസാനിപ്പിക്കാനുള്ള അവകാശവും ഉണ്ട്. ഗർഭം അവസാനിപ്പിക്കാനായിരുന്നു അവർ തീരുമാനിച്ചതെങ്കിൽ അവരെ ‘ഭ്രൂണഹത്യക്കാരി’യെന്നോ ‘ഛിദ്രക്കാരി’യെന്നോ നാം വിശേഷിപ്പിക്കുമോ?? ഈ കേസിലെ നില എന്തുതന്നെയായാലും ലോകത്തിൽ പൊതുവെ ഗർഭം അവസാനിപ്പിക്കാനുള്ള അവകാശം സ്ത്രീകൾ സമരം ചെയ്തു നേടിയതാണെന്നും, ‘ഭ്രൂണഹത്യ’ അല്ല, ഗർഭം അവസാനിപ്പിക്കൽ മാത്രമാണെന്നും ഉറപ്പിച്ചു പറഞ്ഞത് ഫെമിനിസ്റ്റുകളാണെന്നും മറക്കാനാവില്ല.
കേരള ഫെമിനിസ്റ്റ് ഫോറം തങ്ങളുടെ പ്രസ്താവനയിൽ ഉപയോഗിച്ച ഭാഷയും, ഈ പ്രശ്നത്തിലുയർന്നു വരുന്ന പിതൃമേധാവിത്വധ്വനികളെപ്പറ്റിയുള്ള അവരുടെ ശുഷ്കധാരണകളും ഞങ്ങളെ ശരിക്കും നിരാശപ്പെടുത്തുന്നു. പരാതിക്കാരികളായ സ്ത്രീകളോടോ പൊതുജീവിതത്തിനെ ജനാധിപത്യവത്ക്കരിക്കുന്ന മൂല്യങ്ങളോടോ അല്പം പോലും നീതിപുലർത്താത്ത മാദ്ധ്യമങ്ങളും, ലിംഗനീതിയെ തങ്ങളുടെ കടിപിടികളിൽ തട്ടുപന്താക്കാൻ മാത്രം ഉത്സാഹിക്കുന്ന രാഷ്ട്രീയക്കാരും നിർണയിക്കുന്ന ചർചാവ്യവസ്ഥകൾക്കുള്ളിൽ, അവരുടെ ഭാഷ പങ്കുവച്ചുകൊണ്ടുള്ള ഈ പ്രതികരണം മുഖ്യധാരാഫെമിനിസത്തിന് ചേർന്നതല്ലെന്നു പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

മേൽപ്പറഞ്ഞ വാക്കുകൾ മാദ്ധ്യമപ്രവർത്തകരായ സ്ത്രീകൾ തന്നെ മുദ്രാവാക്യങ്ങൾ പോലെ വിളിച്ചുപറയുമ്പോഴുണ്ടാകുന്ന സാംസ്കാരിക വലതുപക്ഷവത്ക്കരണം ചില്ലറയല്ല. കേരളത്തിലെ ദൃശ്യമാദ്ധ്യമങ്ങളിൽ ധാരാളം സ്ത്രീകളുണ്ടെങ്കിലും, കേരളത്തിൽ ഒരു ഫെമിനിസ്റ്റ് മുഖ്യധാരയുണ്ടെങ്കിലും അത് ഫെമിനിസ്റ്റ് മാദ്ധ്യമസംസ്കാരമായി എളുപ്പം പരിഭാഷപ്പെടില്ലെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. എന്നാൽ മാങ്കൂട്ടത്തിനെതിരെ ഉയർന്ന പരാതികളെ നിസ്സാരമായി തള്ളിക്കളയാൻ വിസമ്മതിക്കാത്ത കോൺഗ്രസ് വനിതാനേതാക്കളെയും കെ കെ രമയെയും ഞങ്ങൾ ഹൃദയപൂർവം അഭിനന്ദിക്കുന്നു.
ഇത്തരത്തിൽ കുറ്റാരോപിതനായ ഒരാൾ അധികാരത്തിൽ തുടരണമോ എന്ന ചോദ്യം ഉയരുന്നുണ്ട്. പരാതിക്കാരികൾ പ്രത്യക്ഷപ്പെട്ടിട്ടില്ല എന്ന ഏകകാരണത്താൽ ചർച അവസാനിപ്പിക്കണമെന്ന ആവശ്യത്തോട് യോജിക്കാനാവുന്നില്ല – ഭരണകൂടത്തോടു പരാതിപ്പെട്ടാൽ മാത്രമേ പരാതിയാകൂ എന്നു ഞങ്ങൾ വിചാരിക്കുന്നില്ല. അതുകൊണ്ട് അദൃശ്യരായതുകൊണ്ടുമാത്രം പരാതിക്കാരികളിൽ നിന്ന് പൊതുശ്രദ്ധ തിരിയുകയും, അത് ഒറ്റയടിക്ക് കുറ്റാരോപിതനിലേക്കും രാഷ്ട്രീയകക്ഷികളുടെ പിടിവലിയിലേക്കും നീങ്ങുകയും ചെയ്യുന്നതിനെ അനുകൂലിക്കാനാകുന്നില്ല.

ഗുരുതരമായ കുറ്റങ്ങൾ — അതായത്, ഭരണഘടനാപരമായ തുല്യമാന്യതയെ ഹനിക്കുന്ന കുറ്റങ്ങൾ — സംബന്ധിച്ച ആരോപണങ്ങളെ നേരിടുന്നവരായ പുരുഷന്മാർ (അതായത്, സ്ത്രീപീഡനം കൂടാതെ ജാതിപീഡനം, ആദിവാസിപീഡനം, മുതലായ കുറ്റങ്ങൾ ആരോപിക്കപ്പെട്ടവർ) അധികാരസ്ഥാനത്ത് തുടർന്നുകൂടാ എന്നുതന്നെയാണ് ഞങ്ങളുടെയും അഭിപ്രായം. അതാണ് പിതൃമേധാവിത്വത്തോടൊപ്പം ജാതിയേയും വർഗത്തെയും സുപ്രധാന അധികാര-അച്ചുതണ്ടുകളായി കണക്കാക്കുന്ന ഫെമിനിസ്റ്റ് ധാർമ്മികത ആവശ്യപ്പെടുന്നതും. സ്വാഭാവികമായും, ഈ വിഷയത്തിലും ഇതു പ്രയോഗിക്കേണ്ടതാണ്. പക്ഷേ ഈ മാനദണ്ഡം എല്ലാ രാഷ്ട്രീയകക്ഷികളിലും ഒരുപോലെ പ്രാവർത്തികമാണമെന്നും, അങ്ങനെയല്ലാത്തപക്ഷം സ്ത്രീസുരക്ഷാനിയമങ്ങൾ അധികാരത്തിലിരിക്കുന്ന കക്ഷിക്കാർക്ക് തങ്ങളുടെ എതിരാളികളെ വീഴ്ത്താനുള്ള കല്ലുകൾ മാത്രമായി അധഃപതിക്കും. കേരളത്തിൽ ഇത്തരത്തിലുള്ള ആരോപണങ്ങൾ നേരിട്ടിട്ടുള്ള എല്ലാ അധികാരിപുരുഷന്മാർക്കെതിരെയും പ്രതിഷേധമുയർത്തുന്ന വലിയൊരു സമരപരിപാടിയായി ഇത് ഉയരുകയാണ് വേണ്ടത്. അങ്ങനെയെങ്കിൽ പൊതുവെ രാഷ്ട്രീയരംഗത്തെ പ്രബലർ തമ്മിൽ സ്ത്രീകളുടെ രണ്ടാംനിലയെപ്പറ്റി ഇന്നു നിലനിൽക്കുന്ന രഹസ്യസമ്മതം പരസ്യമാകും, അതിനെ തകർക്കാൻ നമുക്കു കഴിയും.

ഈ ബഹളത്തിനിടയിൽ ഞങ്ങൾക്ക് ഏറ്റവും ആശങ്കയുണ്ടാക്കുന്നത്, ഇനിയും പുറത്തുവരാത്ത ഒരു സ്ത്രീ മാങ്കൂട്ടവുമായി തനിക്കുണ്ടായ ഗർഭാവസ്ഥയെപ്പറ്റി സംസാരിക്കുന്ന ശബ്ദസന്ദേശമാണ്. ഏതു സാഹചര്യത്തിലുണ്ടായതെന്ന സൂചന തീരെയില്ലാത്തതും, എന്നാൽ ഗുരുതരവുമായ വിഷയമാണ് അതിൽ ഉന്നയിക്കപ്പെടുന്നത്. ആ കുഞ്ഞ് ജനിച്ചോ, എങ്കിൽ അതിപ്പോൾ എവിടെയുണ്ട്, ആരുടെ സംരക്ഷണത്തിൽ, ആരാണ് അതിൻറെ രക്ഷകർ, അതിൻറെ നില എന്ത്, അതിൻറെ സുരക്ഷ ഉറപ്പാണോ, ഇല്ലെങ്കിൽ എന്താണ് ചെയ്യേണ്ടത് – ഇത്തരം ചോദ്യങ്ങൾ ഒന്നും ആരും ചോദിക്കുന്നില്ലെന്നാണ് ഞങ്ങൾക്കു തോന്നുന്നത്. ഒന്നുകിൽ ആരോപണങ്ങളുന്നയിച്ച സ്ത്രീകളെ പഴിക്കുക, അല്ലെങ്കിൽ മാങ്കൂട്ടത്തെയും കോൺഗ്രസിനെയും ആക്രമിക്കുക, അതല്ലെങ്കിൽ സിപിഎമ്മിൻറെ ഇരട്ടത്താപ്പ് ചൂണ്ടിക്കാണിക്കുക – ഇതു മാത്രമാണ് നമ്മുടെ പൊതുമണ്ഡലചർച്ചകളുടെ താത്പര്യം.

ഈ പിടിവലിയിൽ ഏറ്റവും നിസ്സഹായവും ശബ്ദരഹിതവുമായ നില, പുറത്തു വന്ന ശബ്ദസന്ദേശത്തിൽ പരോക്ഷമായി പരാമർശിക്കപ്പെട്ട കുഞ്ഞിൻറേതാണ്. ശരിയാണ്, സ്ത്രീശബ്ദം എടുത്തുപറയുന്ന ഗർഭം ഏതു ഘട്ടത്തിലാണെന്നോ, ഈ സംഭാഷണത്തിൻറെ ആത്യന്തികലക്ഷ്യം, അതിൻറെ ധാർമ്മികത, ഇതെല്ലാം ചോദ്യങ്ങൾ ഉയർത്തുന്നുണ്ടാകാം. പക്ഷേ അവയെല്ലാം തത്കാലത്തേയ്ക്കു മാറ്റിവച്ച്, ആ സംഭാഷണത്തിൻറെ കേന്ദ്രബിന്ദുവായ ആ ശിശു പിറന്നുവോ, പിറന്നെങ്കിൽ അത് സംരക്ഷിതമാണോ എന്നാണ് പൊതുബോധം അന്വേഷിക്കേണ്ടത്. ആ അന്വേഷണത്തിനു ശേഷം മാത്രമേ ഇപ്പോൾ കേൾക്കുന്ന കടിപിടികകൾക്ക് പ്രസക്തിയുള്ളൂ. അതാണ് കരുണാപൂർവവും മാന്യവുമായ പൊതുപ്രതികരണം. നമുക്കതിനു സാധിക്കുന്നില്ലെന്നു മാത്രമല്ല, ആ സ്ത്രീ ആരെന്ന് സ്വയം വെളിപെടാത്ത ഒറ്റക്കാരണം കൊണ്ട് അത് അപ്രസക്തമാണെന്നു വിധിക്കാനുള്ള സിനിസിസത്തെ പരസ്യമായി പുണരാൻ നമുക്ക് മടിയുമില്ല.

കരുണാപൂർവവും നീതിയുക്തവുമായ പൊതുപ്രതികരണത്തിനു മുന്നിലുള്ള രണ്ടാമത്തെ പരിഗണന തൻറെ ഗർഭാവസ്ഥയെപ്പറ്റി സംസാരിക്കുന്ന ആ സ്ത്രീയ്ക്കായിരിക്കണം. പ്രസവിച്ച കുട്ടിയെ ഒറ്റയ്ക്കു വളർത്തുമെന്നും മറ്റും പറയുന്നുണ്ടെങ്കിലും കേരളത്തിലെ സ്ത്രീകൾക്കിടയിൽ ഒരു കുഞ്ഞിനെ പങ്കാളിയുടെ യാതൊരു സഹായവുമില്ലാതെ പോറ്റിവളർത്താനുള്ള ശേഷി വളരെ ചുരുക്കം സ്ത്രീകൾക്കു മാത്രമേ ഉള്ളൂ. അവരധികവും വരേണ്യവിഭാഗക്കാരാണുതാനും. എന്നാൽ കേരളത്തിലിന്ന് സർവസാധാരണമായിക്കഴിഞ്ഞിരിക്കുന്ന നവലിബറൽ ഫെമിനിസ്റ്റ് ആദർശം – ജീവിതത്തിൽ ഒറ്റയ്ക്ക്, പരസഹായം ഏറ്റവും കുറച്ച്, പൊരുതി നേടുന്ന അവസ്ഥയാണ് സ്ത്രീവിമോചനം എന്നു നേരിട്ടോ അല്ലാതെയോ കരുതുന്ന നിലപാട് – വരേണ്യരല്ലാത്ത, എന്നാൽ ജീവിതത്തിൽ ഉയരാൻ ശ്രമിക്കുന്ന, സ്ത്രീകളും സ്വീകരിക്കുന്നുണ്ട്. താൻ കുട്ടിയെ ഒറ്റയ്ക്കു വളർത്തുമെന്ന് വെല്ലുവിളിശബ്ദത്തിൽ പറയുന്ന ആ സ്ത്രി ഒരുപക്ഷേ അതിനുള്ള സാമ്പത്തിക-സാമൂഹ്യശേഷിയുള്ളവരാകണമെന്നില്ല എന്നർത്ഥം. അതുകൊണ്ടുതന്നെ അവരുടെ സ്ഥിതി എന്താണെന്ന് അന്വേഷിച്ചറിയേണ്ടതും അത്യാവശ്യമാണ്. കുട്ടികളെ ജനിപ്പിക്കണോ വേണ്ടയോ എന്നത് പങ്കാളികൾക്കു മാത്രം ഉഭയസമ്മതപ്രകാരം മാത്രം എടുക്കാവുന്ന തീരുമാനമാണെങ്കിലും ജനിച്ചുകഴിഞ്ഞ കുഞ്ഞിന് ആവശ്യമായ ഭൌതികവിഭവങ്ങളും കരുതലും പരിചരണവും കൊടുക്കാൻ പ്രസവതീരുമാനമെടുത്ത മാതാവിന് കഴിവുണ്ടോ എന്ന് സമൂഹം അന്വേഷിക്കേണ്ടതുണ്ട്. മാത്രമല്ല, ഉഭയസമ്മതം സ്ത്രീയ്ക്ക് സ്വന്തം പ്രജനനശേഷിയുടെ മേലുള്ള സ്വയംനിർണയാധികാരത്തിനു മീതെയല്ല, ഒരു സാഹചര്യത്തിലും.

മൂന്നാമതായി, ലൈംഗിക അനീതിയെ അധികാരസ്ഥാനത്തിരിക്കുന്ന പുരുഷന്മാർ തങ്ങളുടെ സ്വകാര്യപെരുമാറ്റങ്ങളിൽ വളർത്തുന്ന രീതികളുടെ വേരറുക്കാൻ എന്തുചെയ്യാമെന്ന ചോദ്യമാണ്.രാഹുൽ മാങ്കൂട്ടത്തിലിൻറെ ലൈംഗികസദാചാരം പിതൃമേധാവിത്വപരമായിരിക്കാം – തികഞ്ഞ ആൺകോയ്മ ഇപ്പോഴും നിലനിൽക്കുന്ന ലോകത്ത് അത് പ്രതീക്ഷിതമാണ്. അതിനെ ചെറുക്കാൻ തുറന്നുപറച്ചിലുകൾ വേണമെന്നും തർക്കമില്ല. പക്ഷേ തുറന്നുപറച്ചിലുകൾ തുറന്നുപറച്ചിലുകളാകാതെ പാതിമറയത്ത് പലതും ഒളിപ്പിക്കുന്ന ഭാവത്തിൽ നടത്തുന്ന പരസ്യപ്രസ്താവനകൾ എത്ര തന്നെ ആത്മാർത്ഥതയുള്ളവയാണെങ്കിലും പരാതിക്കാരികൾക്ക് ഗുണത്തെക്കാളധികം ദോഷമാണ് വരുത്താനിട.

അതിക്രമം നേരിട്ട സ്ത്രീക്ക് എന്ത് കാരണമായാലും ശരി പരാതി ശരിയായ രീതിയിൽ പറയാൻ പോലും കഴിയുന്നില്ല എന്ന കേരളാവസ്ഥ വളരെ ദുഃഖകരമാണ്. എങ്കിലും നിയമവ്യവസ്ഥയുടെ പരിരക്ഷ മാത്രമല്ല, വലിയൊരളവുവരെ പൊതുജനസമ്മതവും ലൈംഗികപീഡനത്തിനെതിരെ നിലനിൽക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ, സ്ത്രീകൾ, വിശേഷിച്ചും വരേണ്യസാമൂഹ്യമെച്ചങ്ങൾ അനുഭവിക്കുന്നവരായ സ്ത്രീകൾ, പോലീസ് പരാതി നൽകാനോ, അതല്ലെങ്കിൽ നടന്ന സംഭവങ്ങളെ പേരുകൾ മറച്ചു വയ്ക്കാതെ തന്നെ പരസ്യമാക്കാനോ മടിക്കേണ്ടതില്ല എന്നു തന്നെ ഞങ്ങൾ പറയുന്നു. തങ്ങൾക്കുണ്ടായ അനുഭവങ്ങളെ അല്പം പോലും കൂട്ടാതെ, കുറയ്ക്കാതെ, ആരെക്കുറിച്ചാണോ പരാതിപറയുന്നത്, അവരുടെ എതിരാളികൾക്ക് ഗുണകരമാക്കാൻ വേണ്ടി എരിവും പുളിയും ചേർക്കാതെ, അവതരിപ്പിക്കാൻ പരാതിക്കാരികൾക്കു കഴിഞ്ഞാൽ അവർക്ക് യാതൊന്നിനെയും പേടിക്കേണ്ടിവരില്ല. ഇവിടെയാണ് കേരളത്തിലെ ഫെമിനിസ്റ്റ് കൂട്ടായ്മകൾക്ക് പരാതിക്കാരികളെ സഹായിക്കാൻ കഴിയുന്നത്.

നിയമത്തിൻറെ സങ്കീർണതകളിൽ കാലുടക്കി വീഴാതെയും, പരാതിക്കാരികളുടെ സങ്കടത്തെ മുതലെടുത്ത് സ്വന്തം കാര്യം നേടാൻ നോക്കുന്ന അവസരവാദികളായ മൂന്നാംകക്ഷികളുടെ കുതന്ത്രങ്ങളിൽ അകപ്പെടാതെയും, പരാതിക്കാരികളെ സഹായിക്കാൻ ഫെമിനിസ്റ്റ്സംഘങ്ങൾക്ക് കഴിയണം. ഇതു ചെയ്യാതെ കുറ്റാരോപിതനോടുള്ള രോഷം അയാളുടെ പൌരാവകാശങ്ങളെ ചവിട്ടിക്കൂട്ടുംവിധം പ്രകടിപ്പിക്കുന്നത് പലരുടെയും ഉൾതാപത്തെ ശമിപ്പിക്കുമായിരിക്കും. പക്ഷേ നിയമത്തിനു മുമ്പിലും ജനങ്ങൾക്കു മുമ്പിലും പരാതിക്കാരികളുടെ ജയസാദ്ധ്യത, പൊതുസമ്മതി, ഇവയെ കുറയ്ക്കാനെ അത് ഉതകൂ. പരാതിക്കാരികളുടെ മുറിവുണങ്ങലും അവർക്കു നീതിയുമാണ് വേണ്ടത്, അല്ലാതെ പ്രതികാരവും സിനിസിസം നിറഞ്ഞ മുതലെടുപ്പുമല്ല.

Adoor Gopalakrishnan’s Casteist Speech at the Kerala Film Policy Conclave Interrupted: Faces Backlash from Filmmakers

https://feminisminindia.com/2025/08/14/adoor-gopalakrishnans-casteist-speech-at-kerala-film-policy-conclave-interrupted-faces-backlash-from-dalit-filmmakers/

Review of When the Bird Became a Wave . . . (Dir. M. R. Rajan, 2014)

When the Bird Became a Wave . . . A Journey with Kumar Shahani

Dir. M. R. Rajan. Cinematograph Kerala. 2014.

Reviewed by Gayatri Devi (2015)

In a deep and tenebrous unity

Vast as the dark of night and as the light of day

Perfumes, sounds, and colors correspond. (Charles Baudelaire, Correspondences)

In a wave or cloud, these leading lines show the run of the tide and of the wind, and the sort of change which the water or vapor is at any moment enduring in its form, as it meets shore, or counter-wave, or melting sunshine. Now remember, nothing distinguishes great men from inferior men more than their always, whether in life or in art, knowing the way things are going. Your dunce thinks they are standing still, and draws them all fixed; your wise man sees the change or changing in them, and draws them so,— the animal in its motion, the tree in its growth, the cloud in its course, the mountain in its wearing away. Try always, whenever you look at a form, to see the lines in it which have had power over its past fate and will have power over its futurity. Those are its awful lines; see that you seize on those, whatever else you miss. (John Ruskin, Elements of Drawing)

When children, unschooled in drawing, draw the archetypal landscape with sky, mountains, land and sea, it is not uncommon to see them use the sine wave as a symbol to represent both flying birds and flowing water. The energies of the sky and the sea–their invisible content–what makes it possible for things to live in them–are both represented by the wave form. Tribal art uses the sine wave as well to represent birds and waves. Indeed, the simplest wave form in which energy moves is the birdcall.

M. R. Rajan’s When the Bird Became a Wave opens with a resounding rendition of a hymn to the tribal god of rightful war, Murugan, supremely strong in his ascetic solitude in the guise of a beggar (we hear this song from a distance in G. Aravindan’s film Chidambaram as well). The song in real time captures Kumar Shahani’s gentle and rapt attention to its human art, but as the credits wind down over the song, Shahani, the subject of the film, walks out onto a misty green forest road somewhere in Kerala, and asks us to listen to a birdcall sounding from high up in a tree, invisible except for its sound, nature’s analog to the human song. Both the human song as well as the birdcall are part of nature. This opening confluence–hymn to Murugan, nature, and birdcall–charts the form and pattern of this beautiful film, much like the sine wave itself: a measured exposition into the world of archetypal–Kant would say allegorical–correspondences that speak of an underlying unity amongst forms — Baudelaire’s “deep and tenebrous unity,” where “perfumes, sounds and colors correspond.”

In another deeply engaging scene, Shahani speaks of the time he visited the great Surbahar/Sitar virtuoso musician Annapurna Devi, Ustad Allaudin Khan’s daughter, at her home. Annapurna Devi’s flat had a calling bell on which was taped a message: Do not ring the bell. Shahani waited outside Annapurna Devi’s flat until Devi came outside and let him in. Annapurna Devi was quite elderly then, and Shahani speaks of how the musician brought out her instrument and taught him how to play it with her hands, but with never once actually playing the instrument. Shahani says that he told Annapurna Devi that he would like to make a film of just her hands and feet. The anecdote is followed by another brief vignette of a visit to a metal smithy in Calicut, where Shahani and the film crew try out many different types of bells. Bells that do not ring; bells that ring; instruments that do not sound; hands that play and teach–these are the correspondences that only art can see and an artist can articulate. Rajan’s film reveals Shahani’s vision beautifully and accurately. It is an intentional way to look at nature, to look at life, to look at art, and the role of art in life and nature.

Once we become aware of this thread of correspondences, transformations, and patterns of mobility and growth, then we also become adept at identifying the dead weight, the nodes that do not grow, the directions that are just not there. The military-industrial complex, in Kumar Shahani’s words. I have described only two of the many beautiful anecdotes, vignettes or mini essays that make up this film. I must mention one more: towards the end of the film, Shahani speaks about the “invisible ideology” that permeates the lifeless consumerist culture that cannot create anything. This sequence is bookended by a truly marvelous bit of enigmatic reference to a poem by Kamala Das–we are not shown or told what this poem is; only that it is very beautiful and filled with little things about life–one must leave something for the imagination–and two beautiful portraits of a young Kamala and an older Kamala.

I absolutely loved this moment in the film; in many ways, it is only art that can birth this type of adjacency and nearness–a meaning that is entirely new. This sequence is once again followed by a walk along the beach where Shahani lovingly engages with children at play building sand forts and castles.While narrating the death of his dear friends, Shahani discusses yet another idea to create an artist’s center in Kerala. “Creative Play,” as with children playing on the beach is antithetical to death by commerce.

The full title of the film is When the Bird Became a Wave. . .: A Journey with Kumar Shahani. So how does one end a film where one is traveling with Kumar Shahani? When the Bird Became a Wave. . . squarely pins down our attention on yet another correspondence, this time between between film and the world. The film transitions from a shot of Shahani as he travels in a train from within the diegetic space of the film to Shahani’s reflection on the window of the speeding train merging with the “outside world.” It is a perceptual awareness that salutes both the film form and two filmmakers.

When the Bird Became a Wave . . . is a memorable tribute to a great director by a fellow filmmaker who has interpreted Shahani’s work and words with great sensitivity and high imagination and the gravity of an essay or an argument. Rajan’s film impressed me much like reading the potent aphorisms of Walter Benjamin. And befitting the ellipsis in the title after the word “wave,” the film ends with shots of running water, lot of water, high water flowing out to the right side of the edge of the screen, pushing past what has been and moving on to what will be, as Ruskin reminds us, since all waves contain within them the lines of mutable fate that sustain life.

*James Bunn’s Waveforms: A Natural History of Rhythmic Language (Stanford University Press, 2002) discusses the dominance of the sine wave as a symbolic analog of representation

“വരാലുകളുടെ ദൈവം – അയ്മനം ജോണിന്റെ “ഒരു മീൻപിടുത്തക്കാരന്റെ പുണ്യപാപവിചാരങ്ങൾ” എന്ന കഥയുടെ ഒരു ചെറിയ പഠനം **”

“**വരാലുകളുടെ ദൈവം** – അയ്മനം ജോണിന്റെ “ഒരു മീൻപിടുത്തക്കാരന്റെ പുണ്യപാപവിചാരങ്ങൾ” എന്ന കഥയുടെ ഒരു ചെറിയ പഠനം **”

ഈയടുത്ത കാലത്തായി കേരളത്തിലെ എഴുത്തുകാരുൾപ്പടെയുള്ള ജനങ്ങൾ, മീൻ തിന്നുക മാത്രമല്ല, മീനുകളെയും, മീൻപിടിത്തത്തിനെയും ആസ്പദമാക്കി കഥകളും കവിതകളും എഴുതുന്നത് ഞാൻ വളരെ സന്തോഷത്തോടെ വായിച്ചിരുന്നു. ഇറച്ചി വർഗ്ഗങ്ങളോട് യാതൊരു ഇഷ്ടവുമില്ലാത്ത എനിക്ക് മീൻ വളരെ ഇഷ്ടമുള്ള ഒരു ഭക്ഷണ പദാർത്ഥമാണ്. മീനും ഇറച്ചിയും മുട്ടയും യാതൊന്നും കഴിക്കാത്ത സസ്യഭുക്കായ എന്റെ അമ്മ വെച്ചു തരുന്ന ചെറിയ മത്തി അല്ലെങ്കിൽ അയല വറുത്തത്, കുറെ പപ്പടം കാച്ചിയത്, എന്തെങ്കിലും മൊരിഞ്ഞ മെഴുക്കുവരട്ടി — എനിക്ക് ഏറ്റവും ഇഷ്ടമുള്ള ആഹാരം ഇതാണ്. ഇത് പറയാൻ കാരണം, സാധാരണയായി മീൻ, സാഹിത്യത്തിൽ കയറുമ്പോഴും, ആഹാരമായിട്ടാണ് അവതരിക്കുന്നത് എന്നുള്ളത് കൊണ്ടാണ്. മീനിനെ പിടിച്ചു തിന്നാനായി ബാക്കി കഥാപാത്രങ്ങൾ ചൂണ്ടയുമിട്ടോണ്ട് കാത്തിരിക്കും കഥകളിലും കവിതകളിലും. കഥാപാത്രങ്ങൾക്ക് കഥയിൽ വേറെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ആത്യന്തികമായി അവർക്ക് മീനിനെ തിന്നണം. മീൻ മനുഷ്യരുടെ ഭക്ഷണമാണ് ജീവിതത്തിലും സാഹിത്യത്തിലും. ഇത് മീനായി പിറക്കുന്ന ജീവികളുടെ അസ്തിത്വദുഃഖം ആണ് എന്ന് തന്നെ വേണമെങ്കിൽ പറയാം. എവിടെ നോക്കിയാലും സീഫുഡ് ഫെസ്റ്റ്! യഥാർത്ഥ മലയാളിയാകൂ! മീൻ കഴിക്കൂ! ഇപ്പോഴത്തെ കേരളത്തിലെ മീൻ ഭ്രമത്തിൽ, മീനുകൾക്ക്, ഒരു വർഗ്ഗമായി, ദൈവവിശ്വാസം തീരെ ഉണ്ടാകുമെന്നു തോന്നുന്നില്ല. എങ്ങനെ ദൈവത്തിൽ വിശ്വസിക്കും? ജനിച്ചാലുടനെ തന്നെ വല്ല വലയിലും ചൂണ്ടയിലും ചെന്ന് കൊത്തി വീണ് ചാകണം. ഇത്തരമൊരു വ്യവസ്ഥയിൽ മീനുകൾക്ക് ദൈവ വിശ്വാസം വിഷമമാണ്.

അത് കൊണ്ടാണെന്ന് തോന്നുന്നു അയ്മനം ജോണിന്റെ “ഒരു മീൻ പിടുത്തക്കാരന്റെ പുണ്യപാപവിചാരങ്ങൾ* എന്ന കഥ എനിക്ക് വളരെ ഇഷ്ടമായത്. 2019 – ഇൽ ഏഷ്യാനെറ്റ് മാഗസിനിൽ പബ്ലിഷ് ചെയ്ത കഥയാണ് (linked below). ഈയടുത്ത കാലത്തു വായിക്കാനിടയായി. ഈ കഥയിലും ഒന്ന് രണ്ടു മീനുകൾ ചാവുന്നുണ്ടെങ്കിലും ഇതിലെ പ്രധാന കഥാപാത്രങ്ങളായ മൂന്നു മുഴുത്ത വരാലുകൾ കഥയുടെ അവസാനം ആറ്റിലെ ഒഴുക്കിൽ അങ്ങ് നീന്തി പോകുന്നു. എലിസബത്ത് ബിഷപ്പിന്റെ (Elizabeth Bishop, “The Fish”) പല യുദ്ധങ്ങൾ കണ്ട ആ വയസ്സൻ മീനിനെ പോലെ. കഥയിലെ പ്രധാന മനുഷ്യ കഥാപാത്രം, “ജോണി” എന്ന ഒൻപതാം ക്‌ളാസ്സുകാരൻ, അവരെ സ്വതന്ത്രരാക്കുന്നു. തൽക്കാലം കൊന്നു തിന്നുന്നില്ല.

മീൻപിടുത്തം ധ്യാനാത്മകമായ രീതിയിൽ സമയം പോക്കാനുള്ള ഒരുപാധിയാണെന്ന് പതിനേഴാം നൂറ്റാണ്ടിൽ *The Compleat Angler* (1653) എന്ന മനോഹരമായ പ്രബന്ധം എഴുതിയ ഐസക് വോൾട്ടൺ (Izaak Walton) എന്ന ബ്രിട്ടീഷ് എഴുത്തുകാരൻ പറഞ്ഞിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു ധ്യാനാത്മകത ഇവിടെ അമേരിക്കയിൽ deep sea fishing ചെയ്യുന്ന മീൻപിടുത്തക്കാരും (പ്രധാനമായിട്ടും കാശുള്ള വെളുത്ത വർഗ്ഗക്കാരാണ് ഈ പണി ചെയ്യുന്നത് ഇവിടെ ) ഗ്രാമപ്രദേശങ്ങളിൽ വീടിന്ടെ പുറകിൽ ആറ്റിലും, തോട്ടിലും, കുളത്തിലും മീൻപിടിക്കുന്നവരും (പ്രധാനമായിട്ടും കറുത്ത വർഗ്ഗക്കാരുടെ സംസ്കാരമാണിത്) തമ്മിലുള്ള വ്യത്യാസത്തിൽ കാണാം. ഇതുകൊണ്ടാണ് fishing blues എന്ന വളരെ മനോഹരമായ ഒരു സംഗീതരൂപം, അടിമത്വത്തിന്റെ അടിച്ചമർത്തലിലും ക്രൂരതയിലും, കറുത്ത വർഗ്ഗക്കാർക്ക് അമേരിക്കയിൽ സൃഷ്ടിക്കാൻ കഴിഞ്ഞത്. അച്ഛന്റെയും, അമ്മയുടെയും, അനിയന്റെയും ചേച്ചിയുടെയും, അപ്പുപ്പന്റെയും കൂടെ മീൻ പിടിക്കാൻ പോകുന്ന കഥ പറയുന്ന പാട്ടുകൾ. മുഴുത്ത മീനുകൾ മുഴുവൻ സുന്ദരി ഭാര്യ പിടിച്ചു എന്ന് സമ്മതിക്കുന്ന ഭർത്താവിന്റെ പാട്ടുകൾ. വയസ്സ് കാലത്ത് മിണ്ടാതെ ഒരുമിച്ചിരുന്നു മീൻ പിടിക്കുന്ന വൃദ്ധദമ്പതികൾ, കൂട്ടുകാർ. കൊച്ചു കുട്ടികൾ. പ്രായമേറിയവർ. കാമുകർ. എല്ലാവരും മീൻ പിടിക്കുമ്പോൾ ഒരു പോലെ. എത്രയെത്ര മികച്ച ആഫ്രിക്കൻ അമേരിക്കൻ ബ്ലൂസ് പാട്ടുകളാണ് മീൻ പിടിത്തത്തിലെ കലയെപ്പറ്റിയും, കളിയെപ്പറ്റിയും, തമാശയെപ്പറ്റിയും, സൗന്ദര്യത്തെപ്പറ്റിയും, പ്രശാന്തതയെപ്പറ്റിയും, ചിന്തയെപ്പറ്റിയും പാടിയിരിക്കുന്നത്! കടലിൽ പോകുന്നവരുടെ പാട്ട് വേറെയാണ്. ധ്യാനത്തിന്റെ പാട്ടുകളല്ല കടൽ ഗീതങ്ങൾ. പരിശ്രമത്തിന്റെ, പോരാട്ടത്തിന്റെ, കച്ചവടത്തിന്റെ പാട്ടുകളാണ് കടൽ ഗീതങ്ങൾ എവിടെയും.

കറുത്ത വർഗ്ഗക്കാരുടെ ഗ്രാമീണമായ, ധ്യാനാത്മകമായ ബ്ലൂസ് പാട്ടുകൾ പോലുള്ള ഒരു ലോകമാണ് ജോണിന്റെ “ഒരു മീൻ പിടുത്തക്കാരന്റെ പുണ്യപാപവിചാരങ്ങൾ* എന്ന കഥയിലും. കഥയിലെ ജോണി എന്ന ഒൻപതാം ക്‌ളാസ്സുകാരനും കൂട്ടുകാരൻ പരമേശ്വരനും മീൻപിടുത്തം “ഭ്രാന്താണ്,” “ജ്വരമാണ്.” പക്ഷെ രണ്ടു പേരും മീൻ പിടിക്കാൻ പോകുന്നത് പലപ്പോഴും പട്ടി ചന്തയ്ക്ക് പോകുന്നത് പോലെയാണ്; ജോണിന്റെ വാക്കുകളിൽ “പക്ഷെ അങ്ങനെ പറയാന്‍മാത്രം മീനുകളെയൊന്നും ഞങ്ങള്‍ക്ക് പിടിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നുള്ളതാണ് യാഥാര്‍ഥ്യം. ഞങ്ങള്‍ ഇരയായി കോര്‍ത്തിട്ടിരുന്ന ഞാഞ്ഞൂല്‍ കഷണങ്ങള്‍ ഒട്ടു മിക്ക മീനുകള്‍ക്കും ഇഷ്ടമല്ലാഞ്ഞതാണ് പ്രധാന കാരണം.” ജോണിന്റെ വീട്ടിൽ നല്ല മീൻ തീറ്റ ജോണിന്റെ അമ്മ കുട്ടികൾക്ക് കൊടുത്തിരുന്നില്ല. മീൻ കിട്ടാത്ത ഈ മീൻ പിടിത്തക്കാർക്ക് വല്ലപ്പോഴും “പള്ളത്തിയോ പരലോ അറഞ്ഞിലോ കല്ലടമുട്ടിയോ” കിട്ടും. കരുവേലിക്കടവ് എന്ന ആറ്റിറമ്പാണ് ഇവരുടെ പ്രധാന ധ്യാനസ്ഥലം. ജോണിന്റെ കഥകളിൽ പ്രകൃതിയിലെ നിവാസികൾ തമ്മിലുള്ള ആന്തരിക ബന്ധങ്ങളും, മനുഷ്യൻ പ്രകൃതിയുടെ ഭാഗമാകുമ്പോൾ ഉള്ള സഹവർത്തിത്വത്തിന്റെ രൂപവും അർത്ഥവും പലപ്പോഴും കഥയുടെ കാതലായ ഭാഗമാണെന്ന് കാണാം. കരുവേലിക്കടവിനു ഒരു ആവാസവ്യവസ്ഥിതിയുണ്ട്. മീൻ പിടിച്ചാലും ഇല്ലെങ്കിലും ജോണിയും പരമേശ്വരനും ഈ വ്യവസ്ഥിതിയുടെ ഭാഗമാണ്:

“കൊഞ്ചുകള്‍, വരാലുകള്‍, കൂരികള്‍ തുടങ്ങിയ വമ്പന്‍ മീനുകളുടെ ഒളിത്താവളമായിരുന്ന കരുവേലിക്കടവിലെ പരുത്തിക്കാട്ടിലായിരുന്നു ഒട്ടു മിക്കപ്പോഴും ഞങ്ങളുടെ മീന്‍പിടുത്തയജ്ഞങ്ങള്‍. അവിടെ ആറ്റിലേക്ക് ചാഞ്ഞ് വീണ് കിടന്ന പരുത്തിമരങ്ങളുടെയും ഒപ്പത്തിനൊപ്പം ചേര്‍ന്ന് വളര്‍ന്ന ഒരു പൂവരശിന്റെയും ബലമുള്ള കൊമ്പുകള്‍ക്ക് മുകളില്‍ പുഴയുടെ പുറത്ത് കയറിയെന്നപോലെ ഇരിക്കുവാനുള്ള അപൂര്‍വ്വ സൗകര്യവുമുണ്ടായിരുന്നു. വെള്ളത്തിലേക്ക് ചാഞ്ഞടിഞ്ഞു വീണ് കിടന്ന ഇലച്ചാര്‍ത്തുകള്‍ തട്ടി മാറ്റി പുഴയങ്ങനെ പാട്ട് പാടി ഒഴുകിപ്പോകുന്നത് കണ്ടും കേട്ടുമിരിക്കുന്നതും നല്ല രസമായിരുന്നു. ആ മരക്കൂട്ടങ്ങളുടെ ഇടയിലൂടെ ആറ് അല്‍പ്പം കരയിലേക്ക് തള്ളിക്കയറിക്കിടന്നിടം ഒഴുക്കില്ലാതെ നിശ്ചലമായും കിടന്നു. അടിത്തട്ടോളം തെളിഞ്ഞു കാണാമായിരുന്ന ഒരു സ്വസ്ഥ നിശ്ചലജലമേഖല. അതായിരുന്നു വന്‍മത്സ്യങ്ങളുടെ വിശ്രമസ്ഥാനം. അവിടെ വനത്തില്‍ സിംഹങ്ങളെന്ന പോലെ കൊഞ്ചുകള്‍ വലിയ ഗര്‍വോടെ ചുറ്റും കണ്ണോടിച്ച് പതിയെപ്പതിയെ തുഴഞ്ഞു നടന്നു. മുഴുത്ത വരാലുകളാകട്ടെ കാട്ടാനക്കൂട്ടത്തിന്റെ മട്ടില്‍ ,ചുവന്ന കുഞ്ഞു പാര്‍പ്പുകളെ എപ്പോഴു കൂടെക്കൂട്ടി സംരക്ഷിച്ചു കൊണ്ടും നടന്നു. സാധുക്കളായ പരലുകളും പള്ളത്തികളുമാകട്ടെ അവര്‍ക്കിടയിലൂടെ നിത്യജീവിതവെപ്രാളങ്ങളോടെ പാഞ്ഞോടി നടന്നു. മറ്റ് കടവുകളിലേതില്‍ നിന്ന് വ്യത്യസ്തമായി മീനുകള്‍ ഓടി നടക്കുന്നതും ചൂണ്ടയ്ക്കടുത്തേക്ക് വരുന്നതുംചൂണ്ടയില്‍ കോര്‍ത്ത ഇരയെ കൊത്തിയോ തട്ടിയോ പരിശോധിക്കുന്നതും പിന്നെന വായിലാക്കുന്നതുമൊക്കെ ഒരക്വേറിയത്തിലെന്ന പോലെ നല്ല വണ്ണം കണ്ടു കൊണ്ടുള്ള മീന്‍പിടുത്തമായിരുന്നു കരുവേലിക്കടവിലേത് .”

ഒരു നല്ല മീന്പിടുത്തക്കാരൻ മീനുകളെ ശ്രദ്ധിച്ചു പഠിക്കുന്നവനാണ്. ജോണിന്റെ മീൻപിടുത്തക്കാർ മീനുകളെയും അവരുടെ ആവാസവ്യവസ്ഥിതിയെയും അടുത്തറിയുന്നവരാണ്.

അങ്ങനെ മീൻ പിടിച്ചും, മുക്കാലും പിടിക്കാതെയും, മീനുകളെ നോക്കിക്കൊതിച്ചും ജോണിയും പരമേശ്വരനും പത്താം ക്‌ളാസ്സിലോട്ടുള്ള അവധിക്കാലത്തിലേക്കെത്തുന്നു. മീൻപിടുത്തം, പിന്നീട് ജീവിതത്തിൽ നാമേവരും അറിയാൻ പോകുന്ന അന്തമില്ലാത്ത മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും വസ്തുനിഷ്ഠമായ പാരസ്പര്യത്തിന്റെ മുന്നറിയിപ്പാണ്, എന്ന് ജോണിയെ മനസ്സിലാക്കാൻ സഹായിക്കുന്നു. “വേണം-കിട്ടും-കിട്ടിയില്ല” എന്ന ശൃംഖല. അഥവാ, മീൻപിടുത്തം ജോണിയെ ആഗ്രഹങ്ങളുടെയും ഒന്നുമില്ലായ്മകളുടെയും വളരെ സാധാരണമായിട്ടുള്ള വൈരുദ്ധ്യാത്മകത പഠിപ്പിക്കുന്നു.

“അത്തരം തിരിച്ചടികള്‍ ഒത്തിരി സംഭവിച്ചിട്ടും മീനുകള്‍ വെള്ളത്തിന്മേല്‍ സദാ വിരിച്ചിട്ടിട്ടുള്ള ആ മോഹവലയില്‍ കുരുങ്ങിക്കിടന്ന ഞങ്ങളുടെ ബാല്യകാല ജീവിതം. ഒട്ടു മിക്ക വൈകുന്നേരങ്ങളിലും അവധിദിവസങ്ങളുടെ നല്ലൊരു ഭാഗവും കരുവേലിക്കടവിലെ ആ പരുത്തിക്കാട്ടിലായിരുന്നു. മീന്‍പിടുത്തത്തിലേര്‍പ്പെടുമ്പോള്‍ നമ്മള്‍ മീനുകളെ ഇരയിട്ട് കൊടുത്ത് ആശിപ്പിക്കുന്നത് പോലെ തന്നെ നമ്മുടെ ഇരകളായ മീനുകള്‍ നമ്മളെയും ആശിപ്പിച്ചു പിടിച്ചു വലിച്ച് കൊണ്ട് പോകുകയാണെന്നും സമയത്തെ ഒരു പുഴയായിക്കണ്ടാല്‍ ആ പുഴയുടെ ആഴങ്ങളിലേക്കുള്ള ആ മുങ്ങാന്‍കുഴി ഇടീലാണ് മീന്‍പിടുത്തത്തെ ലോകോത്തരനേരമ്പോക്കാക്കുന്നതെന്നുമൊക്കെ ഇന്നെനിക്ക് പറയാന്‍ കഴിയുന്നത് കരുവേലിക്കടവുമായുണ്ടായിരുന്ന ആ നിത്യസമ്പര്‍ക്കം കൊണ്ടാണ് .”

ജോണി കുഞ്ഞായിരിക്കുമ്പോൾ ജോണിയുടെ വല്യപ്പച്ചൻ പെരുമഴക്കാലത്ത് ആറ് കവിഞ്ഞൊഴുകുമ്പോൾ ആറ്റുകരയിൽ വന്നു പെടുന്ന മീനുകളുടെ കൂട്ടത്തിൽ നിന്നും വലിപ്പം കുറഞ്ഞ മീനുകളെ തറവാട്ടിന്റെ പിന്ഭാഗത്തുള്ള മീൻകുളത്തിലേക്ക് മാറ്റിയിടുമായിരുന്നു. “കൊറെക്കാലം കൂടെ ജീവിച്ചോട്ടെന്ന് വച്ചാഴ . . . അല്ലേലും വല്ലപ്പഴുമൊക്കെ ഒരു പുണ്യപ്രവര്‍ത്തി ചെയ്യുകേം വേണ്ടേടാ’ എന്നാണ് വല്യപ്പച്ചന്റെ വിശദീകരണം. പക്ഷെ ജോണി ബുദ്ധിമാനാണ്. വല്യപ്പച്ചൻ കുറച്ചു നേരത്തേക്കെങ്കിലും വരാലുകളുടെ ദൈവമായി അവതരിക്കുന്നത് പിന്നീട് വലിപ്പം വെച്ച് കുറേക്കൂടി മുഴുത്ത മീനുകളാവുമ്പോൾ കറി വെച്ച് തിന്നാനാണെന്ന് ജോണിക്കറിയാം.

ഷേക്‌സ്‌പെയറിന്റെ കിംഗ് ലിയർ (King Lear, 1606) എന്ന വിഖ്യാതമായ നാടകത്തിൽ ലിയർ തോൽപ്പിക്കപ്പെട്ടു എന്നറിയുമ്പോൾ, ലിയറിന്റെ ഉറ്റ സുഹൃത്തായ ഗ്ലസ്‌റ്റർ സ്വയം മരിക്കാനായി തുടങ്ങുന്നു. ഗ്‌ളസ്റ്ററിന്റെ മകൻ എഡ്ഗർ — (ഗ്‌ളസ്റ്ററിന് അറിയില്ല മകനാണെന്ന്) — അച്ഛനെ മരണത്തിൽ നിന്നും വിലക്കുന്നു. എഡ്ഗർ അച്ഛനോട് പറയുന്ന വാക്കുകൾ വിശ്വപ്രസിദ്ധമാണ്:

“Men must endure

Their going hence, even as their coming hither;

Ripeness is all: come on.” (Act 5 , Sc. 2)

പെറ്റു വീണ, വളർച്ചയില്ലാത്ത മീനുകളെ കൊല്ലരുത്. മുഴുപ്പ് വന്നതിന് ശേഷം വരുന്ന മരണം ജീവിതത്തിന്റെ അനിവാര്യമായ അവസാനത്തെ വിരുന്നാണ്. ജോണിന്റെ കഥയിൽ വല്യപ്പച്ചൻ മരിക്കാനായി കിടക്കുമ്പോൾ, ജോണി പെട്ടെന്ന് പണ്ട് വല്യപ്പച്ചൻ ആറ്റിൽ നിന്നും പിടിച്ച് വീട്ടിലെ കുളത്തിലോട്ട് എറിഞ്ഞ വരാലുകളെ ഓർക്കുന്നു. വളർന്ന് , വലുപ്പം വെച്ച്, തടിച്ചു കൊഴുത്തു സുഖമായിട്ടു കുളത്തിൽ കളിക്കുന്ന മൂന്ന് “ഭീമന്മാരായ” മീനുകൾ. ‘ഞാന്‍ പിടിച്ചോണ്ട് വരട്ടെ, അപ്പച്ചന് കറി വച്ച് തരാന്‍?’എന്ന് ജോണി വല്യപ്പച്ചനോട് ചോദിക്കുന്നു. വല്യപ്പച്ചൻ ക്ലേശിച്ച് ചിരിക്കുന്നു, സമ്മതം, സന്തോഷം. ജോണിക്കും.

ജോണിന്റെ കഥയിൽ മരണമടുക്കുന്നത് ഭൂമിയിലെ വരൾച്ച പോലെയാണ്. അമൂർത്തമായ വരൾച്ച അല്ല. കുളത്തിലെ വെള്ളം വറ്റുന്നപോലത്തെ വരൾച്ച. തനിക്ക് പിടി തരാതെ താൻ കൊളുത്തിയ തീറ്റ തിരിഞ്ഞു നോക്കാതെ നീന്തിയിരുന്ന ഭീമൻ വരാലുകൾ ഇപ്പോൾ വെള്ളം വറ്റിയ കുളത്തിൽ കിടന്ന് പിടയുന്നത് ജോണി നോക്കിക്കാണുന്നു.

“കുളത്തിന്റെ വക്കിലെത്തിയതും ,അദ്ഭുതം, കുളത്തിലെ വെള്ളം തീര്‍ത്തും വറ്റിയിട്ട് മേല്‍പ്പരപ്പിലെ നനവ് മാത്രം അവശേഷിച്ചിരുന്നതായി കണ്ടു. അതിനടിയില്‍ ചേറില്‍ പുതഞ്ഞ് കിടന്ന് കൊണ്ട് ആ മൂന്ന് വരാലുകളും ശ്വാസം കിട്ടാതെ പിടയുകയുമായിരുന്നു. ഇടയ്ക്കിടെ പിടയ്ക്കല്‍ നിര്‍ത്തി അനക്കമറ്റ് കിടന്ന് വയര്‍ വലുതായി വീര്‍പ്പിക്കുകയും ചുരുക്കുകയും ചെയ്തു കൊണ്ടിരുന്നു. വല്യപ്പച്ചന്‍ ചെയ്തിരുന്നത് പോലെ തന്നെ!”

നമ്മൾക്കാർക്കു വേണമെങ്കിലും എപ്പോൾ വേണമെങ്കിലും വരാലുകളുടെ, ചെറിയ മീനുകളുടെ ദൈവമാകാൻ സാധിക്കും. ജോണി ചെളിയിൽ കിടന്നു പിടയ്ക്കുന്ന ആ മൂന്നു ഭീമന്മാരെ സൂക്ഷിച്ചു പിടിച്ചെടുത്ത്‌ കൂടയിൽ കിടത്തി ആറ്റിൽ കൊണ്ട് പോയി വിട്ടയ്ക്കുന്നു, *പഥേർ പാഞ്ചാലി*യിൽ അപ്പു ദുർഗ്ഗ മോഷ്ടിച്ച മാല കുളത്തിൽ എറിഞ്ഞു കളയുന്നത് പോലെ. മരണത്തിന് ശേഷം വേറെയെന്തു സത്യം?

“അവിടെ നിന്ന് കൈതക്കാട് കടവിലേക്ക് പാഞ്ഞോടിപ്പോയി ആറ്റുതിട്ടയില്‍ ആയമെടുത്ത് നിന്ന് കൊണ്ട് കൂടയില്‍ നിന്ന് വരാലുകള്‍ ഓരോന്നിനെയായി, പൊക്കിയെടുത്ത് പിടി വിട്ട് പോകാതെ കഴുത്തില്‍ മുറുകെപ്പിടിച്ചിട്ട് നീരൊഴുക്കിലേക്ക് നീട്ടിയെറിഞ്ഞു . . . അതിന് ശേഷം ഒരൊറ്റയോട്ടമോടി തറവാട്ടു മുറ്റത്ത് തിരിച്ചെത്തിയ ഞാന്‍ അത്യന്തം മന:സമാധാനത്തോടെ നടക്കല്ല് നടന്ന് കയറിയിട്ട് വല്യപ്പച്ചനെ ചുറ്റി നിന്നവര്‍ക്കിടയിലൂടെ അപ്പച്ചന്റെയടുത്തേക്ക് ഒരു വിധം നൂണ്ട് കയറിച്ചെല്ലുമ്പോള്‍- അപ്പനും അനിയന്മാര്‍ രണ്ട് പേരും അപ്പന്‍പെങ്ങളും ഊഴം വച്ച്, ഒരു കൊച്ചു കോപ്പയില്‍ നിന്ന് വിരല്‍ മുക്കിയെടുത്ത് തുള്ളികളായി നാവില്‍ തൊട്ട് തൊട്ട് കൊടുത്തു കൊണ്ടിരുന്ന വെള്ളം മെല്ലെ മെല്ലെ നുണഞ്ഞ്, വല്യപ്പച്ചന്‍ സാവകാശം മരിച്ചു കൊണ്ടിരിക്കുകയായിരുന്നു.”

ആയുസ്സിന്റെ അനക്കം മന്ദഗതിയിൽ ആകുമ്പോൾ പൊട്ടക്കുളത്തിലായാലും, അതിവേഗം ഒഴുകുന്ന നദിയിലായാലും, ചക്രവാളം തൊടുന്ന കടലിലായാലും ഒന്നുമില്ലായ്മയുടെ നിശ്ചലത എന്നെന്നേയ്ക്കുമായി മീനിനെയും മനുഷ്യനെയും പിടി കൂടും. മീൻ പിടുത്തം മരണത്തിന്റെ മറ്റൊരു വാക്കാണെങ്കിലും, ജോണിന്റെ ഈ കൊച്ചു കഥയിൽ, ചെറിയ മീനുകളുടെ ദൈവങ്ങൾ, അസമയത്ത് കയറി വരുന്നവർക്കെതിരെ വല വിലക്കുമെന്നതും സത്യമത്രെ.

Thank you, John, for your lovely story. 🙏❤🙏