“**വരാലുകളുടെ ദൈവം** – അയ്മനം ജോണിന്റെ “ഒരു മീൻപിടുത്തക്കാരന്റെ പുണ്യപാപവിചാരങ്ങൾ” എന്ന കഥയുടെ ഒരു ചെറിയ പഠനം **”
ഈയടുത്ത കാലത്തായി കേരളത്തിലെ എഴുത്തുകാരുൾപ്പടെയുള്ള ജനങ്ങൾ, മീൻ തിന്നുക മാത്രമല്ല, മീനുകളെയും, മീൻപിടിത്തത്തിനെയും ആസ്പദമാക്കി കഥകളും കവിതകളും എഴുതുന്നത് ഞാൻ വളരെ സന്തോഷത്തോടെ വായിച്ചിരുന്നു. ഇറച്ചി വർഗ്ഗങ്ങളോട് യാതൊരു ഇഷ്ടവുമില്ലാത്ത എനിക്ക് മീൻ വളരെ ഇഷ്ടമുള്ള ഒരു ഭക്ഷണ പദാർത്ഥമാണ്. മീനും ഇറച്ചിയും മുട്ടയും യാതൊന്നും കഴിക്കാത്ത സസ്യഭുക്കായ എന്റെ അമ്മ വെച്ചു തരുന്ന ചെറിയ മത്തി അല്ലെങ്കിൽ അയല വറുത്തത്, കുറെ പപ്പടം കാച്ചിയത്, എന്തെങ്കിലും മൊരിഞ്ഞ മെഴുക്കുവരട്ടി — എനിക്ക് ഏറ്റവും ഇഷ്ടമുള്ള ആഹാരം ഇതാണ്. ഇത് പറയാൻ കാരണം, സാധാരണയായി മീൻ, സാഹിത്യത്തിൽ കയറുമ്പോഴും, ആഹാരമായിട്ടാണ് അവതരിക്കുന്നത് എന്നുള്ളത് കൊണ്ടാണ്. മീനിനെ പിടിച്ചു തിന്നാനായി ബാക്കി കഥാപാത്രങ്ങൾ ചൂണ്ടയുമിട്ടോണ്ട് കാത്തിരിക്കും കഥകളിലും കവിതകളിലും. കഥാപാത്രങ്ങൾക്ക് കഥയിൽ വേറെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ആത്യന്തികമായി അവർക്ക് മീനിനെ തിന്നണം. മീൻ മനുഷ്യരുടെ ഭക്ഷണമാണ് ജീവിതത്തിലും സാഹിത്യത്തിലും. ഇത് മീനായി പിറക്കുന്ന ജീവികളുടെ അസ്തിത്വദുഃഖം ആണ് എന്ന് തന്നെ വേണമെങ്കിൽ പറയാം. എവിടെ നോക്കിയാലും സീഫുഡ് ഫെസ്റ്റ്! യഥാർത്ഥ മലയാളിയാകൂ! മീൻ കഴിക്കൂ! ഇപ്പോഴത്തെ കേരളത്തിലെ മീൻ ഭ്രമത്തിൽ, മീനുകൾക്ക്, ഒരു വർഗ്ഗമായി, ദൈവവിശ്വാസം തീരെ ഉണ്ടാകുമെന്നു തോന്നുന്നില്ല. എങ്ങനെ ദൈവത്തിൽ വിശ്വസിക്കും? ജനിച്ചാലുടനെ തന്നെ വല്ല വലയിലും ചൂണ്ടയിലും ചെന്ന് കൊത്തി വീണ് ചാകണം. ഇത്തരമൊരു വ്യവസ്ഥയിൽ മീനുകൾക്ക് ദൈവ വിശ്വാസം വിഷമമാണ്.
അത് കൊണ്ടാണെന്ന് തോന്നുന്നു അയ്മനം ജോണിന്റെ “ഒരു മീൻ പിടുത്തക്കാരന്റെ പുണ്യപാപവിചാരങ്ങൾ* എന്ന കഥ എനിക്ക് വളരെ ഇഷ്ടമായത്. 2019 – ഇൽ ഏഷ്യാനെറ്റ് മാഗസിനിൽ പബ്ലിഷ് ചെയ്ത കഥയാണ് (linked below). ഈയടുത്ത കാലത്തു വായിക്കാനിടയായി. ഈ കഥയിലും ഒന്ന് രണ്ടു മീനുകൾ ചാവുന്നുണ്ടെങ്കിലും ഇതിലെ പ്രധാന കഥാപാത്രങ്ങളായ മൂന്നു മുഴുത്ത വരാലുകൾ കഥയുടെ അവസാനം ആറ്റിലെ ഒഴുക്കിൽ അങ്ങ് നീന്തി പോകുന്നു. എലിസബത്ത് ബിഷപ്പിന്റെ (Elizabeth Bishop, “The Fish”) പല യുദ്ധങ്ങൾ കണ്ട ആ വയസ്സൻ മീനിനെ പോലെ. കഥയിലെ പ്രധാന മനുഷ്യ കഥാപാത്രം, “ജോണി” എന്ന ഒൻപതാം ക്‌ളാസ്സുകാരൻ, അവരെ സ്വതന്ത്രരാക്കുന്നു. തൽക്കാലം കൊന്നു തിന്നുന്നില്ല.
മീൻപിടുത്തം ധ്യാനാത്മകമായ രീതിയിൽ സമയം പോക്കാനുള്ള ഒരുപാധിയാണെന്ന് പതിനേഴാം നൂറ്റാണ്ടിൽ *The Compleat Angler* (1653) എന്ന മനോഹരമായ പ്രബന്ധം എഴുതിയ ഐസക് വോൾട്ടൺ (Izaak Walton) എന്ന ബ്രിട്ടീഷ് എഴുത്തുകാരൻ പറഞ്ഞിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു ധ്യാനാത്മകത ഇവിടെ അമേരിക്കയിൽ deep sea fishing ചെയ്യുന്ന മീൻപിടുത്തക്കാരും (പ്രധാനമായിട്ടും കാശുള്ള വെളുത്ത വർഗ്ഗക്കാരാണ് ഈ പണി ചെയ്യുന്നത് ഇവിടെ ) ഗ്രാമപ്രദേശങ്ങളിൽ വീടിന്ടെ പുറകിൽ ആറ്റിലും, തോട്ടിലും, കുളത്തിലും മീൻപിടിക്കുന്നവരും (പ്രധാനമായിട്ടും കറുത്ത വർഗ്ഗക്കാരുടെ സംസ്കാരമാണിത്) തമ്മിലുള്ള വ്യത്യാസത്തിൽ കാണാം. ഇതുകൊണ്ടാണ് fishing blues എന്ന വളരെ മനോഹരമായ ഒരു സംഗീതരൂപം, അടിമത്വത്തിന്റെ അടിച്ചമർത്തലിലും ക്രൂരതയിലും, കറുത്ത വർഗ്ഗക്കാർക്ക് അമേരിക്കയിൽ സൃഷ്ടിക്കാൻ കഴിഞ്ഞത്. അച്ഛന്റെയും, അമ്മയുടെയും, അനിയന്റെയും ചേച്ചിയുടെയും, അപ്പുപ്പന്റെയും കൂടെ മീൻ പിടിക്കാൻ പോകുന്ന കഥ പറയുന്ന പാട്ടുകൾ. മുഴുത്ത മീനുകൾ മുഴുവൻ സുന്ദരി ഭാര്യ പിടിച്ചു എന്ന് സമ്മതിക്കുന്ന ഭർത്താവിന്റെ പാട്ടുകൾ. വയസ്സ് കാലത്ത് മിണ്ടാതെ ഒരുമിച്ചിരുന്നു മീൻ പിടിക്കുന്ന വൃദ്ധദമ്പതികൾ, കൂട്ടുകാർ. കൊച്ചു കുട്ടികൾ. പ്രായമേറിയവർ. കാമുകർ. എല്ലാവരും മീൻ പിടിക്കുമ്പോൾ ഒരു പോലെ. എത്രയെത്ര മികച്ച ആഫ്രിക്കൻ അമേരിക്കൻ ബ്ലൂസ് പാട്ടുകളാണ് മീൻ പിടിത്തത്തിലെ കലയെപ്പറ്റിയും, കളിയെപ്പറ്റിയും, തമാശയെപ്പറ്റിയും, സൗന്ദര്യത്തെപ്പറ്റിയും, പ്രശാന്തതയെപ്പറ്റിയും, ചിന്തയെപ്പറ്റിയും പാടിയിരിക്കുന്നത്! കടലിൽ പോകുന്നവരുടെ പാട്ട് വേറെയാണ്. ധ്യാനത്തിന്റെ പാട്ടുകളല്ല കടൽ ഗീതങ്ങൾ. പരിശ്രമത്തിന്റെ, പോരാട്ടത്തിന്റെ, കച്ചവടത്തിന്റെ പാട്ടുകളാണ് കടൽ ഗീതങ്ങൾ എവിടെയും.
കറുത്ത വർഗ്ഗക്കാരുടെ ഗ്രാമീണമായ, ധ്യാനാത്മകമായ ബ്ലൂസ് പാട്ടുകൾ പോലുള്ള ഒരു ലോകമാണ് ജോണിന്റെ “ഒരു മീൻ പിടുത്തക്കാരന്റെ പുണ്യപാപവിചാരങ്ങൾ* എന്ന കഥയിലും. കഥയിലെ ജോണി എന്ന ഒൻപതാം ക്‌ളാസ്സുകാരനും കൂട്ടുകാരൻ പരമേശ്വരനും മീൻപിടുത്തം “ഭ്രാന്താണ്,” “ജ്വരമാണ്.” പക്ഷെ രണ്ടു പേരും മീൻ പിടിക്കാൻ പോകുന്നത് പലപ്പോഴും പട്ടി ചന്തയ്ക്ക് പോകുന്നത് പോലെയാണ്; ജോണിന്റെ വാക്കുകളിൽ “പക്ഷെ അങ്ങനെ പറയാന്‍മാത്രം മീനുകളെയൊന്നും ഞങ്ങള്‍ക്ക് പിടിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നുള്ളതാണ് യാഥാര്‍ഥ്യം. ഞങ്ങള്‍ ഇരയായി കോര്‍ത്തിട്ടിരുന്ന ഞാഞ്ഞൂല്‍ കഷണങ്ങള്‍ ഒട്ടു മിക്ക മീനുകള്‍ക്കും ഇഷ്ടമല്ലാഞ്ഞതാണ് പ്രധാന കാരണം.” ജോണിന്റെ വീട്ടിൽ നല്ല മീൻ തീറ്റ ജോണിന്റെ അമ്മ കുട്ടികൾക്ക് കൊടുത്തിരുന്നില്ല. മീൻ കിട്ടാത്ത ഈ മീൻ പിടിത്തക്കാർക്ക് വല്ലപ്പോഴും “പള്ളത്തിയോ പരലോ അറഞ്ഞിലോ കല്ലടമുട്ടിയോ” കിട്ടും. കരുവേലിക്കടവ് എന്ന ആറ്റിറമ്പാണ് ഇവരുടെ പ്രധാന ധ്യാനസ്ഥലം. ജോണിന്റെ കഥകളിൽ പ്രകൃതിയിലെ നിവാസികൾ തമ്മിലുള്ള ആന്തരിക ബന്ധങ്ങളും, മനുഷ്യൻ പ്രകൃതിയുടെ ഭാഗമാകുമ്പോൾ ഉള്ള സഹവർത്തിത്വത്തിന്റെ രൂപവും അർത്ഥവും പലപ്പോഴും കഥയുടെ കാതലായ ഭാഗമാണെന്ന് കാണാം. കരുവേലിക്കടവിനു ഒരു ആവാസവ്യവസ്ഥിതിയുണ്ട്. മീൻ പിടിച്ചാലും ഇല്ലെങ്കിലും ജോണിയും പരമേശ്വരനും ഈ വ്യവസ്ഥിതിയുടെ ഭാഗമാണ്:
“കൊഞ്ചുകള്‍, വരാലുകള്‍, കൂരികള്‍ തുടങ്ങിയ വമ്പന്‍ മീനുകളുടെ ഒളിത്താവളമായിരുന്ന കരുവേലിക്കടവിലെ പരുത്തിക്കാട്ടിലായിരുന്നു ഒട്ടു മിക്കപ്പോഴും ഞങ്ങളുടെ മീന്‍പിടുത്തയജ്ഞങ്ങള്‍. അവിടെ ആറ്റിലേക്ക് ചാഞ്ഞ് വീണ് കിടന്ന പരുത്തിമരങ്ങളുടെയും ഒപ്പത്തിനൊപ്പം ചേര്‍ന്ന് വളര്‍ന്ന ഒരു പൂവരശിന്റെയും ബലമുള്ള കൊമ്പുകള്‍ക്ക് മുകളില്‍ പുഴയുടെ പുറത്ത് കയറിയെന്നപോലെ ഇരിക്കുവാനുള്ള അപൂര്‍വ്വ സൗകര്യവുമുണ്ടായിരുന്നു. വെള്ളത്തിലേക്ക് ചാഞ്ഞടിഞ്ഞു വീണ് കിടന്ന ഇലച്ചാര്‍ത്തുകള്‍ തട്ടി മാറ്റി പുഴയങ്ങനെ പാട്ട് പാടി ഒഴുകിപ്പോകുന്നത് കണ്ടും കേട്ടുമിരിക്കുന്നതും നല്ല രസമായിരുന്നു. ആ മരക്കൂട്ടങ്ങളുടെ ഇടയിലൂടെ ആറ് അല്‍പ്പം കരയിലേക്ക് തള്ളിക്കയറിക്കിടന്നിടം ഒഴുക്കില്ലാതെ നിശ്ചലമായും കിടന്നു. അടിത്തട്ടോളം തെളിഞ്ഞു കാണാമായിരുന്ന ഒരു സ്വസ്ഥ നിശ്ചലജലമേഖല. അതായിരുന്നു വന്‍മത്സ്യങ്ങളുടെ വിശ്രമസ്ഥാനം. അവിടെ വനത്തില്‍ സിംഹങ്ങളെന്ന പോലെ കൊഞ്ചുകള്‍ വലിയ ഗര്‍വോടെ ചുറ്റും കണ്ണോടിച്ച് പതിയെപ്പതിയെ തുഴഞ്ഞു നടന്നു. മുഴുത്ത വരാലുകളാകട്ടെ കാട്ടാനക്കൂട്ടത്തിന്റെ മട്ടില്‍ ,ചുവന്ന കുഞ്ഞു പാര്‍പ്പുകളെ എപ്പോഴു കൂടെക്കൂട്ടി സംരക്ഷിച്ചു കൊണ്ടും നടന്നു. സാധുക്കളായ പരലുകളും പള്ളത്തികളുമാകട്ടെ അവര്‍ക്കിടയിലൂടെ നിത്യജീവിതവെപ്രാളങ്ങളോടെ പാഞ്ഞോടി നടന്നു. മറ്റ് കടവുകളിലേതില്‍ നിന്ന് വ്യത്യസ്തമായി മീനുകള്‍ ഓടി നടക്കുന്നതും ചൂണ്ടയ്ക്കടുത്തേക്ക് വരുന്നതുംചൂണ്ടയില്‍ കോര്‍ത്ത ഇരയെ കൊത്തിയോ തട്ടിയോ പരിശോധിക്കുന്നതും പിന്നെന വായിലാക്കുന്നതുമൊക്കെ ഒരക്വേറിയത്തിലെന്ന പോലെ നല്ല വണ്ണം കണ്ടു കൊണ്ടുള്ള മീന്‍പിടുത്തമായിരുന്നു കരുവേലിക്കടവിലേത് .”
ഒരു നല്ല മീന്പിടുത്തക്കാരൻ മീനുകളെ ശ്രദ്ധിച്ചു പഠിക്കുന്നവനാണ്. ജോണിന്റെ മീൻപിടുത്തക്കാർ മീനുകളെയും അവരുടെ ആവാസവ്യവസ്ഥിതിയെയും അടുത്തറിയുന്നവരാണ്.
അങ്ങനെ മീൻ പിടിച്ചും, മുക്കാലും പിടിക്കാതെയും, മീനുകളെ നോക്കിക്കൊതിച്ചും ജോണിയും പരമേശ്വരനും പത്താം ക്‌ളാസ്സിലോട്ടുള്ള അവധിക്കാലത്തിലേക്കെത്തുന്നു. മീൻപിടുത്തം, പിന്നീട് ജീവിതത്തിൽ നാമേവരും അറിയാൻ പോകുന്ന അന്തമില്ലാത്ത മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും വസ്തുനിഷ്ഠമായ പാരസ്പര്യത്തിന്റെ മുന്നറിയിപ്പാണ്, എന്ന് ജോണിയെ മനസ്സിലാക്കാൻ സഹായിക്കുന്നു. “വേണം-കിട്ടും-കിട്ടിയില്ല” എന്ന ശൃംഖല. അഥവാ, മീൻപിടുത്തം ജോണിയെ ആഗ്രഹങ്ങളുടെയും ഒന്നുമില്ലായ്മകളുടെയും വളരെ സാധാരണമായിട്ടുള്ള വൈരുദ്ധ്യാത്മകത പഠിപ്പിക്കുന്നു.
“അത്തരം തിരിച്ചടികള്‍ ഒത്തിരി സംഭവിച്ചിട്ടും മീനുകള്‍ വെള്ളത്തിന്മേല്‍ സദാ വിരിച്ചിട്ടിട്ടുള്ള ആ മോഹവലയില്‍ കുരുങ്ങിക്കിടന്ന ഞങ്ങളുടെ ബാല്യകാല ജീവിതം. ഒട്ടു മിക്ക വൈകുന്നേരങ്ങളിലും അവധിദിവസങ്ങളുടെ നല്ലൊരു ഭാഗവും കരുവേലിക്കടവിലെ ആ പരുത്തിക്കാട്ടിലായിരുന്നു. മീന്‍പിടുത്തത്തിലേര്‍പ്പെടുമ്പോള്‍ നമ്മള്‍ മീനുകളെ ഇരയിട്ട് കൊടുത്ത് ആശിപ്പിക്കുന്നത് പോലെ തന്നെ നമ്മുടെ ഇരകളായ മീനുകള്‍ നമ്മളെയും ആശിപ്പിച്ചു പിടിച്ചു വലിച്ച് കൊണ്ട് പോകുകയാണെന്നും സമയത്തെ ഒരു പുഴയായിക്കണ്ടാല്‍ ആ പുഴയുടെ ആഴങ്ങളിലേക്കുള്ള ആ മുങ്ങാന്‍കുഴി ഇടീലാണ് മീന്‍പിടുത്തത്തെ ലോകോത്തരനേരമ്പോക്കാക്കുന്നതെന്നുമൊക്കെ ഇന്നെനിക്ക് പറയാന്‍ കഴിയുന്നത് കരുവേലിക്കടവുമായുണ്ടായിരുന്ന ആ നിത്യസമ്പര്‍ക്കം കൊണ്ടാണ് .”
ജോണി കുഞ്ഞായിരിക്കുമ്പോൾ ജോണിയുടെ വല്യപ്പച്ചൻ പെരുമഴക്കാലത്ത് ആറ് കവിഞ്ഞൊഴുകുമ്പോൾ ആറ്റുകരയിൽ വന്നു പെടുന്ന മീനുകളുടെ കൂട്ടത്തിൽ നിന്നും വലിപ്പം കുറഞ്ഞ മീനുകളെ തറവാട്ടിന്റെ പിന്ഭാഗത്തുള്ള മീൻകുളത്തിലേക്ക് മാറ്റിയിടുമായിരുന്നു. “കൊറെക്കാലം കൂടെ ജീവിച്ചോട്ടെന്ന് വച്ചാഴ . . . അല്ലേലും വല്ലപ്പഴുമൊക്കെ ഒരു പുണ്യപ്രവര്‍ത്തി ചെയ്യുകേം വേണ്ടേടാ’ എന്നാണ് വല്യപ്പച്ചന്റെ വിശദീകരണം. പക്ഷെ ജോണി ബുദ്ധിമാനാണ്. വല്യപ്പച്ചൻ കുറച്ചു നേരത്തേക്കെങ്കിലും വരാലുകളുടെ ദൈവമായി അവതരിക്കുന്നത് പിന്നീട് വലിപ്പം വെച്ച് കുറേക്കൂടി മുഴുത്ത മീനുകളാവുമ്പോൾ കറി വെച്ച് തിന്നാനാണെന്ന് ജോണിക്കറിയാം.
ഷേക്‌സ്‌പെയറിന്റെ കിംഗ് ലിയർ (King Lear, 1606) എന്ന വിഖ്യാതമായ നാടകത്തിൽ ലിയർ തോൽപ്പിക്കപ്പെട്ടു എന്നറിയുമ്പോൾ, ലിയറിന്റെ ഉറ്റ സുഹൃത്തായ ഗ്ലസ്‌റ്റർ സ്വയം മരിക്കാനായി തുടങ്ങുന്നു. ഗ്‌ളസ്റ്ററിന്റെ മകൻ എഡ്ഗർ — (ഗ്‌ളസ്റ്ററിന് അറിയില്ല മകനാണെന്ന്) — അച്ഛനെ മരണത്തിൽ നിന്നും വിലക്കുന്നു. എഡ്ഗർ അച്ഛനോട് പറയുന്ന വാക്കുകൾ വിശ്വപ്രസിദ്ധമാണ്:
“Men must endure
Their going hence, even as their coming hither;
Ripeness is all: come on.” (Act 5 , Sc. 2)
പെറ്റു വീണ, വളർച്ചയില്ലാത്ത മീനുകളെ കൊല്ലരുത്. മുഴുപ്പ് വന്നതിന് ശേഷം വരുന്ന മരണം ജീവിതത്തിന്റെ അനിവാര്യമായ അവസാനത്തെ വിരുന്നാണ്. ജോണിന്റെ കഥയിൽ വല്യപ്പച്ചൻ മരിക്കാനായി കിടക്കുമ്പോൾ, ജോണി പെട്ടെന്ന് പണ്ട് വല്യപ്പച്ചൻ ആറ്റിൽ നിന്നും പിടിച്ച് വീട്ടിലെ കുളത്തിലോട്ട് എറിഞ്ഞ വരാലുകളെ ഓർക്കുന്നു. വളർന്ന് , വലുപ്പം വെച്ച്, തടിച്ചു കൊഴുത്തു സുഖമായിട്ടു കുളത്തിൽ കളിക്കുന്ന മൂന്ന് “ഭീമന്മാരായ” മീനുകൾ. ‘ഞാന്‍ പിടിച്ചോണ്ട് വരട്ടെ, അപ്പച്ചന് കറി വച്ച് തരാന്‍?’എന്ന് ജോണി വല്യപ്പച്ചനോട് ചോദിക്കുന്നു. വല്യപ്പച്ചൻ ക്ലേശിച്ച് ചിരിക്കുന്നു, സമ്മതം, സന്തോഷം. ജോണിക്കും.
ജോണിന്റെ കഥയിൽ മരണമടുക്കുന്നത് ഭൂമിയിലെ വരൾച്ച പോലെയാണ്. അമൂർത്തമായ വരൾച്ച അല്ല. കുളത്തിലെ വെള്ളം വറ്റുന്നപോലത്തെ വരൾച്ച. തനിക്ക് പിടി തരാതെ താൻ കൊളുത്തിയ തീറ്റ തിരിഞ്ഞു നോക്കാതെ നീന്തിയിരുന്ന ഭീമൻ വരാലുകൾ ഇപ്പോൾ വെള്ളം വറ്റിയ കുളത്തിൽ കിടന്ന് പിടയുന്നത് ജോണി നോക്കിക്കാണുന്നു.
“കുളത്തിന്റെ വക്കിലെത്തിയതും ,അദ്ഭുതം, കുളത്തിലെ വെള്ളം തീര്‍ത്തും വറ്റിയിട്ട് മേല്‍പ്പരപ്പിലെ നനവ് മാത്രം അവശേഷിച്ചിരുന്നതായി കണ്ടു. അതിനടിയില്‍ ചേറില്‍ പുതഞ്ഞ് കിടന്ന് കൊണ്ട് ആ മൂന്ന് വരാലുകളും ശ്വാസം കിട്ടാതെ പിടയുകയുമായിരുന്നു. ഇടയ്ക്കിടെ പിടയ്ക്കല്‍ നിര്‍ത്തി അനക്കമറ്റ് കിടന്ന് വയര്‍ വലുതായി വീര്‍പ്പിക്കുകയും ചുരുക്കുകയും ചെയ്തു കൊണ്ടിരുന്നു. വല്യപ്പച്ചന്‍ ചെയ്തിരുന്നത് പോലെ തന്നെ!”
നമ്മൾക്കാർക്കു വേണമെങ്കിലും എപ്പോൾ വേണമെങ്കിലും വരാലുകളുടെ, ചെറിയ മീനുകളുടെ ദൈവമാകാൻ സാധിക്കും. ജോണി ചെളിയിൽ കിടന്നു പിടയ്ക്കുന്ന ആ മൂന്നു ഭീമന്മാരെ സൂക്ഷിച്ചു പിടിച്ചെടുത്ത് കൂടയിൽ കിടത്തി ആറ്റിൽ കൊണ്ട് പോയി വിട്ടയ്ക്കുന്നു, *പഥേർ പാഞ്ചാലി*യിൽ അപ്പു ദുർഗ്ഗ മോഷ്ടിച്ച മാല കുളത്തിൽ എറിഞ്ഞു കളയുന്നത് പോലെ. മരണത്തിന് ശേഷം വേറെയെന്തു സത്യം?
“അവിടെ നിന്ന് കൈതക്കാട് കടവിലേക്ക് പാഞ്ഞോടിപ്പോയി ആറ്റുതിട്ടയില്‍ ആയമെടുത്ത് നിന്ന് കൊണ്ട് കൂടയില്‍ നിന്ന് വരാലുകള്‍ ഓരോന്നിനെയായി, പൊക്കിയെടുത്ത് പിടി വിട്ട് പോകാതെ കഴുത്തില്‍ മുറുകെപ്പിടിച്ചിട്ട് നീരൊഴുക്കിലേക്ക് നീട്ടിയെറിഞ്ഞു . . . അതിന് ശേഷം ഒരൊറ്റയോട്ടമോടി തറവാട്ടു മുറ്റത്ത് തിരിച്ചെത്തിയ ഞാന്‍ അത്യന്തം മന:സമാധാനത്തോടെ നടക്കല്ല് നടന്ന് കയറിയിട്ട് വല്യപ്പച്ചനെ ചുറ്റി നിന്നവര്‍ക്കിടയിലൂടെ അപ്പച്ചന്റെയടുത്തേക്ക് ഒരു വിധം നൂണ്ട് കയറിച്ചെല്ലുമ്പോള്‍- അപ്പനും അനിയന്മാര്‍ രണ്ട് പേരും അപ്പന്‍പെങ്ങളും ഊഴം വച്ച്, ഒരു കൊച്ചു കോപ്പയില്‍ നിന്ന് വിരല്‍ മുക്കിയെടുത്ത് തുള്ളികളായി നാവില്‍ തൊട്ട് തൊട്ട് കൊടുത്തു കൊണ്ടിരുന്ന വെള്ളം മെല്ലെ മെല്ലെ നുണഞ്ഞ്, വല്യപ്പച്ചന്‍ സാവകാശം മരിച്ചു കൊണ്ടിരിക്കുകയായിരുന്നു.”
ആയുസ്സിന്റെ അനക്കം മന്ദഗതിയിൽ ആകുമ്പോൾ പൊട്ടക്കുളത്തിലായാലും, അതിവേഗം ഒഴുകുന്ന നദിയിലായാലും, ചക്രവാളം തൊടുന്ന കടലിലായാലും ഒന്നുമില്ലായ്മയുടെ നിശ്ചലത എന്നെന്നേയ്ക്കുമായി മീനിനെയും മനുഷ്യനെയും പിടി കൂടും. മീൻ പിടുത്തം മരണത്തിന്റെ മറ്റൊരു വാക്കാണെങ്കിലും, ജോണിന്റെ ഈ കൊച്ചു കഥയിൽ, ചെറിയ മീനുകളുടെ ദൈവങ്ങൾ, അസമയത്ത് കയറി വരുന്നവർക്കെതിരെ വല വിലക്കുമെന്നതും സത്യമത്രെ.
Thank you, John, for your lovely story. ![]()
![]()
![]()