ടി. ജി. മോഹൻദാസ് എന്ന വലതു പക്ഷവാദി കാരണവർ ക്യാമറയും, മൈക്കും സംഘടിപ്പിച്ച്, നല്ല കുട്ടപ്പനായി ഡ്രസ്സ് ചെയ്ത്, യുട്യൂബിൽ വന്ന്–പത്രിക എന്ന ചാനലിന് വേണ്ടി — കൊച്ചുമക്കൾടെ പ്രായമുള്ള വിദ്യാർത്ഥികളെ വെടി വെച്ച് കൊല്ലണമെന്നും, സമരം ചെയ്യുന്ന പെൺകുട്ടികൾക്ക് “ബലാത്സംഗം ഇഷ്ടമുള്ളത് “കൊണ്ട് അവരെ ബലാത്സംഗം ചെയ്താലും വലിയ തരക്കേടില്ല എന്നും മറ്റും പറയുന്നത് കേട്ടിട്ട് ശരിക്കും പുച്ഛം തോന്നി. എന്തുവാ കാരണവരെ, ബലാത്സംഗം സ്വപ്നം കാണുന്നതല്ലാതെ വേറെ പണിയൊന്നും ഇല്ലേ?
തിരുവനന്തപുരത്തു മാനവീയം വീഥിയിൽ നടന്ന പ്രതിഷേധപ്രകടനം ഞാനും കണ്ടിരുന്നു. തിരുവനന്തപുരത്തെ കുട്ടികൾ, വിദ്യാർഥികൾ അണിയണിയായി വന്നു ചേർന്ന് ഡൽഹിയിലെ പ്രകടനത്തിന് പിന്തുണ പ്രസ്താവിച്ചും, അവരുടെ തന്നെ ഭാവിയെ സുരക്ഷിതമാക്കാൻ വിദ്യാഭ്യാസ നയങ്ങളുടെ പുനഃപരിഷ്കരണവും, സർക്കാരിന്റെ ഉത്തരവാദിത്വവും സമാധാനപരമായ പ്രകടനമുറകളിലൂടെ ആഹ്വാനം ചെയ്യുന്നത് ഞാനും കേട്ടിരുന്നു.
എന്റെ പ്രായത്തിലുള്ളവർ, അതായത് അറുപതു വയസ്സിന് മുകളിലുള്ളവർ, ഈ കുട്ടികളുടെ അച്ഛനമ്മമാരുടെ തലമുറയിലുള്ളവർ, വെറുതെ മാറി നിന്ന് നോക്കുകയായിരുന്നു കുട്ടികളുടെ ഊർജ്ജസ്സ്. പാട്ട് പാടി, കവിത ചൊല്ലി, നർമ്മബോധമുള്ളതും, പരിഹാസാത്മകവും, വിമർശനാത്മകവും, ചിന്തോദ്ദീപകവും ആയ പോസ്റ്ററുകൾ പ്രദർശിപ്പിച്ച്, ഇൻക്വിലാബ് സിന്ദാബാദ് വിളിച്ച്, ആസാദിയെ –സ്വാതന്ത്ര്യത്തെ — സ്മരിച്ച്, വിദ്യാർത്ഥികൾ അവരുടെ ഭാവിയെ ചൊല്ലിയുള്ള ആശങ്കകൾ പ്രകടിപ്പിച്ചു. ഞങ്ങൾക്കൊന്നും തന്നെ ചെയ്യേണ്ടതുണ്ടായിരുന്നില്ല; കുട്ടികളാണ് സംഘടിപ്പിച്ചതും സംഘടിച്ചതും.
എന്റെ തലമുറയ്ക്കിപ്പോഴില്ലാത്ത ധൈര്യം ഈ കുട്ടികളിൽ കണ്ടതിൽ എനിക്കഭിമാനം തോന്നി. അവരുടെ ഭാവി അവരുടെ കൈയിലാണ് എന്ന് നമുക്ക് നല്ലവണ്ണം മനസ്സിലാക്കി തരുന്ന തരത്തിലുള്ള ഒരു വെളിപ്പെടുത്തലായിരുന്നു മാനവീയം വീഥിയിലെ പ്രകടനം. ഡൽഹിയിലെ ജന്തർ മന്തറിൽ നിന്നുള്ള പോലീസിന്റെ വിദ്യാർത്ഥികളുടെ നേരെയുള്ള അതിക്രൂരമായ ഉപദ്രവങ്ങളുടെ ദൃശ്യങ്ങളോട് ചേർത്ത് നോക്കുമ്പോൾ ആരും ആരെയും കൊലപ്പെടുത്തിയില്ല മാനവീയം വീഥിയിൽ. കേരള പോലീസും കേരള ജനതയും അവരവരുടെ ജോലി നോക്കി നിന്നു. ആരും ആരെയും ബലാത്സംഗം ചെയ്തില്ല. കാർന്നോർ സമയമെടുത്ത് രസിച്ചു യു ട്യൂബിൽ വിവരിച്ച പോലത്തെ ബട്ടനിടാത്ത ഷർട്ടും അതിനടിയിൽ കഴുത്തു താഴ്ന്ന ടീഷർട്ടും ഇട്ട ഒരുപാട് പെൺകുട്ടികളുണ്ടായിരുന്നു അവിടെ (“പിള്ളേരെ തല്ലിക്കൂടെ?” എന്ന പത്രിക വീഡിയോ). കാർന്നോർ രസിച്ചു പ്രവചിച്ച പോലെ ഇവരെ ആരും ബലാത്സംഗം ചെയ്തില്ല. കാർന്നോർക്ക് നിരാശയായി കാണും. കൊച്ചുമക്കളുടെ പ്രായമുള്ള പിള്ളാരുടെ നെഞ്ചത്ത് നോക്കുന്നത് നിർത്ത്, കാർന്നോരെ. പണ്ട് 1959 – ഇൽ കാർന്നോര് സ്വന്തം അമ്മയുടെ കൂടെ ഇ. എം. എസിന്റെ ഭരണസഭയെ ഇറക്കാൻ സമരത്തിന് പോയ കഥ കാർന്നോരു തന്നെ പറഞ്ഞിട്ടൊണ്ടല്ലോ യു ട്യൂബിൽ. കാർന്നോരുടെ ആദ്യത്തെ “വിക്കറ്റ്” എന്ന് വിശേഷിപ്പിച്ച കലാപം (“അമിത് ഷാ മിണ്ടിയില്ല” എന്ന പത്രിക വീഡിയോ). അത് വല്ലോം ഓർക്കുന്നതായിരിക്കും നല്ലത്.
“അമിത് ഷാ മിണ്ടിയില്ല” എന്ന പത്രിക വീഡിയോയിലാണ് ടി ജി മോഹൻദാസ് കാരണവർ പ്രതിഷേധ പ്രകടനത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികളെ കൊല്ലണം എന്ന് പ്രസ്താവിക്കുന്നത്. പ്രധാന മന്ത്രി നരേന്ദ്ര മോദി ഇവരെ കൊന്നേക്കാൻ ഓർഡർ കൊടുക്കാത്തതിന് മോഹൻദാസ് കാരണവർക്ക് ഇച്ചിരെ കെറുവുണ്ട്. പ്രത്യേകിച്ചും മോദിക്ക് കലാപമൊക്കെ നിർത്താൻ അറിയാവുന്ന സ്ഥിതിക്ക്–ഇതാണ് കാരണവരെ കുഴക്കുന്ന വസ്തുത. മോദിക്ക് കലാപം നിർത്താൻ അറിയാം എന്ന് സമർത്ഥിക്കാൻ മോഹൻദാസ് കാരണവർ ഉപയോഗിക്കുന്നത് 2002 – ഇലെ ഗുജറാത്ത് കലാപത്തിന്റെ “ഗിനെ ചുനെ” ചരിത്രമാണ്. ഹോ, ഗുജറാത്തിൽ മോദി കലാപം തീർപ്പിച്ചത് വിവരിക്കുമ്പോൾ കാരണവർക്ക് അങ്ങ് കോരിത്തരിക്കുകയാണ്. അടൽ ബിഹാരി ബാജ്‌പേയി മോദിയെയും അമിത് ഷായെയും അന്ന് കൈവെടിഞ്ഞ കാര്യം പറയുമ്പോൾ കാരണവരുടെ നെഞ്ച് പൊട്ടുന്നത് ബട്ടനിട്ടു പൂട്ടിയ സിംപ്ലൻ ഷർട്ടിനകത്തൂടെ കേൾക്കാം. എന്നിട്ട് മോഹൻദാസ് നല്ല ആണത്തമുള്ള വിങ്ങലോടെ പറയുന്നു — ഗുജറാത്തിലെ കലാപ കൊലപാതകങ്ങളുടെ പേരിൽ മോദിയുടെയും അമിത് ഷായുടെയും പേരിലുള്ള ക്രിമിനൽ കേസ് തീർന്നത് 2022 – ഇൽ മാത്രമാണ്. “ഇരുപത് വര്ഷം ഈ തീ ചൂളയിൽ വെന്തുരുകിയ രണ്ടു സ്വർണ്ണങ്ങൾ ആണ് മോദിയും അമിത് ഷായും” മോഹൻദാസിന്റെ വായിൽ നിന്നും കവിതയങ്ങനെ ഒഴുകുകയാണ് ഗുജറാത്തിലെ കലാപം മോദിജി നിർത്തിയത് വർണ്ണിക്കുമ്പോൾ.
എല്ലാർക്കും ഓർമ്മയുണ്ടല്ലോ അല്ലെ 2002 – ലെ ഗുജറാത്തിലെ കലാപം?
സ്വർണ്ണ വിഗ്രഹങ്ങൾ.
അങ്ങനിരിക്കും.
മോഹൻദാസ് കാർന്നോർക്ക് ഒരു ചെറിയ “ക്രഷ് “അമിത് ഷായോട് ഉണ്ടോ എന്നൊരു സംശയം. അമിത് ഷാ ഇത് വരെ മിണ്ടാത്തത് ഇദ്ദേഹത്തിന് വലിയ പ്രശ്നമാണ്. പിന്നെ അമിത് ഷായെ പാർലിമെന്റിൽ കാണാത്തതും പ്രശ്നം. വാസ്തവത്തിൽ ഇദ്ദേഹം അമിത് ഷായെ ടിവിയിൽ കാണുന്നില്ല, കാണുന്നില്ല എന്ന് പറഞ്ഞപ്പോഴൊക്കെ “അഞ്ജനക്കണ്ണെഴുതി ആലിലത്താലി ചാർത്തി അറപ്പുര വാതിലിൽ ഞാൻ കാത്തിരുന്നു” എന്ന ഭാസ്കരൻ മാഷിന്റെ പാട്ടാണ് ഓർമ്മ വന്നത്. “കള്ളനവാൻ വന്നില്ല തോഴിമാരേ” പോലത്തെ ഒരു വിഷാദം ഇദ്ദേഹത്തിന്റെ വാക്കുകളിലും ഇല്ലേ എന്ന് തോന്നിപ്പോയി. പിന്നെ അമിത് ഷാ മീറ്റിംഗിന് വന്നപ്പോൾ ഇട്ടിരുന്ന ഉത്തരേന്ത്യക്കാരുടെ മുണ്ടും ജുബ്ബയും– വേഷ്ടി — എന്നിദ്ദേഹം എടുത്തു പറയുന്ന വേഷം — വർണ്ണിക്കുന്നത് കേട്ടപ്പോൾ, ഒരു വയോധികൻ മറ്റൊരു വയോധികന്റെ ഉടുപ്പും തൊപ്പിയും ഇത്ര ശ്രദ്ധിച്ചു നോക്കിപ്പഠിച്ചു വെച്ചിരിക്കുന്നത് എന്തിനാണ് എന്ന സംശയവും തോന്നിപ്പോയി.
മലയാളത്തിന്റെയൊപ്പം ഇംഗ്ലീഷിലും ഹിന്ദിയിലുമെല്ലാം ഇദ്ദേഹം ആളുകളെ വിരട്ടുമെങ്കിലും, മോദിജി എന്ന പൊന്നു തമ്പുരാന്റെ പ്രജയാണെങ്കിലും, ഉള്ളിന്റെയുള്ളിൽ ഇദ്ദേഹം ഒരു ഡോണൾഡ് ട്രംപ് സ്റ്റൈലിൽ ഉള്ള അമേരിക്കൻ ഫാഷിസ്റ്റും കൂടിയാണ്. അമേരിക്കയിലെ റേപിസ്റ്റ് പ്രസിഡണ്ട് ഡോണാൾഡ് ട്രംപ് പറയുന്ന ചില വാക്കുകൾ ഇദ്ദേഹം അതുപോലെ അനുകരിക്കുന്നുണ്ട്. ട്രംപിന് “വോക്ക്” മനുഷ്യരെ കണ്ണിന് നേരെ കാണാൻ പാടില്ലാത്തത് പോലെ മോഹൻദാസ് കാരണവർക്കും “വോക്ക്” മനുഷ്യരെ കണ്ണെടുത്താൽ കണ്ടൂടാ. “വോക്ക്” മനുഷ്യരെ എളുപ്പം ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കാം എന്ന് കാരണവർ പറയുന്നുണ്ട്. അവർക്ക് മരണം പേടിയില്ല, കാരണവർ പറയുന്നു. മാതൃകാപരമായിട്ടു രാജ്യത്ത് അവിടെയും ഇവിടെയുമൊക്കെ കുറച്ചു “വോക്ക്” മനുഷ്യർ അവരുടെ തലയിൽ മണ്ണെണ്ണയോ പെട്രോളോ ഒഴിച്ച് കത്തിച്ചു ചത്താൽ നന്നായിരിക്കുമെന്ന് കാരണവർ പറയുന്നുണ്ട് “അമിത് ഷാ മിണ്ടിയില്ല” എന്ന വീഡിയോയിൽ. അതായത് “self-immolation.” പത്തെഴുപതു വർഷമെങ്കിലും ഈ ഭൂമിയിൽ ഇയാൾക്കിഷ്ടമുള്ളതു പോലെ ജീവിച്ചിട്ട്, ഒരു പിടി ചെറുപ്പക്കാരെ, വിദ്യാർത്ഥികളെ ഏതൊക്കെ തരത്തിൽ കൊല്ലാമെന്ന് വീഡിയോ ഉണ്ടാക്കുന്ന ഇയാളെ എന്ത് വിളിക്കണം?
“പിള്ളേരെ തല്ലിക്കൂടെ?” എന്ന വീഡിയോയിൽ പ്രതിഷേധ പ്രകടനത്തിന് വന്ന പെൺകുട്ടികളുടെ നെഞ്ചത്തോട്ട് നോക്കി കണ്ണ് പൊട്ടിയ മോഹൻദാസ് കാരണവർ പറയുന്നുണ്ട് അവരുടെ “കരണക്കുറ്റിയ്ക്ക് ഒറ്റ അടി കൊടുത്ത് കേറി പോടീ അകത്ത്” എന്ന് പറയണമെന്ന്. ഇങ്ങനെയായിരിക്കും കാരണവന്മാർ വീട്ടിലെ പെണ്ണുങ്ങളെ കുലസ്ത്രീകൾ ആക്കുന്നത്. ഒന്നെങ്കിൽ പെണ്ണുങ്ങളെ അടിച്ചു വീട്ടിൽ ഇടുക. അല്ലെങ്കിൽ അവർ ഭാവിയിൽ ബലാത്സംഗം ചെയ്യപ്പെടുന്നത് ഭാവനയിൽ കണ്ടു സന്തോഷിക്കുക; അവർക്ക് ബലാത്സംഗം ഇഷ്ടമാണല്ലോ ഇയാളുടെ വിഷം നിറഞ്ഞ വാക്കുകളിൽ. എവിടുന്നെങ്കിലും എന്തെങ്കിലും എടുത്തോണ്ട് വന്ന് — പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ കഥ! — ജോലിക്കും കൂലിക്കും ഭാവിക്കും വേണ്ടി പൊരുതുന്ന പിള്ളാരെ വാക്കുകളിലൂടെ ബലാത്സംഗത്തിനിരയാക്കുക. വെറുതെയല്ല അമേരിക്കയിലെ ബലാത്സംഗ പ്രസിഡണ്ട് ട്രംപിനെ പോലെ ഇയാൾ “വോക്ക്” “വോക്ക്” എന്നും പറഞ്ഞു ഒച്ചയിടുന്നത്. നല്ല ചേർച്ച.
അത് പോലെ അമേരിക്കയിലെ കോർപറേറ്റ് മാനേജർ കശ്മലന്മാർ മാത്രം ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ് “looking at X from 30000 feet” എന്ന പ്രയോഗം. ഉദാഹരണത്തിന്, ഏറ്റവും കണ്ണിൽ ചോരയില്ലാത്ത മാനേജർമാർ ഏറ്റവും താഴെക്കിടയിലുള്ള തൂപ്പുകാരെ ജോലിയിൽ നിന്നും പിരിച്ചു വിടാൻ ഉപയോഗിക്കുന്ന തന്ത്രമാണിത് — “നിങ്ങൾ കാണുന്ന പോലല്ല കാര്യങ്ങൾ. ഞങ്ങൾ മാനേജർ കശ്മലന്മാർ അങ്ങ് മുകളിൽ നിന്ന് നോക്കുമ്പോൾ നിങ്ങളുടെ തുച്ഛ ശമ്പളമാണ് പ്രശ്നം. അത് കൊണ്ട് നിങ്ങൾ നാളെ മുതൽ ജോലിക്ക് വരണ്ട.” മോഹൻദാസ് കാരണവർ ഇതിനെ “നിലപാടും കാഴ്ചപ്പാടും” എന്നാണ് വിശേഷിപ്പിക്കുന്നത്. അതായത് നമ്മളൊക്കെ ഇങ്ങു താഴെ നിൽക്കുന്നവർ. നമുക്ക് ഒന്നും അറിഞ്ഞൂടാ. മോദിജി അങ്ങ് നൂറാമത്തെ നിലയിൽ നിന്നും ഭൂമി നോക്കിക്കാണുന്ന പരമപുരുഷൻ. മിണ്ടാതെ പറയുന്നത് കേട്ടോണ്ട് വീട്ടിൽ പൊയ്ക്കോണം (“അമിത് ഷാ മിണ്ടിയില്ല” എന്ന വീഡിയോ).
“പിള്ളേരെ തല്ലിക്കൂടെ?” എന്ന വീഡിയോയിൽ ഡൽഹിയിലെ ഒരു പെൺകുട്ടി പ്രതിഷേധത്തിന്റെയിടയിൽ “മോദി കോ ഗോലി മാർ ദോ” എന്ന് പറഞ്ഞത് കൊണ്ട് ആ പെൺകുട്ടിയെ അറസ്റ്റു ചെയ്ത് ജയിലിൽ അടയ്ക്കണം എന്ന് മോഹൻദാസ് കാരണവർ പറയുന്നുണ്ട്. ഇത് “കൊലപാതകത്തിനുള്ള ആഹ്വാനം” ആണ്. “കൊലപാതകത്തിനുള്ള ഇന്റെൻഷൻ” ആണ് എന്നൊക്കെ കാർന്നോരു പറയുന്നുണ്ട്. “That is the law of the land” എന്ന് ഇംഗ്ലീഷിലും കൂടി പറയുന്നുണ്ട്, മലയാളം മനസ്സിലാകാത്തവർക്ക് വേണ്ടി.
ശരിയാണ്, കാർന്നോരെ. ആരെയെങ്കിലും വെടി വെയ്ക്കണം, കൊല്ലണം, ബലാത്സംഗം ചെയ്യണം എന്നൊക്കെ പറയുന്നത് ശിക്ഷാർഹം തന്നെയാണ്. അപ്പൊ പിന്നെ എല്ലാം പറഞ്ഞത് പോലെ തന്നെ അങ്ങ് നടക്കട്ടെ.